Skip to main content

മതവും ജാതിയും വര്‍ഗവും വര്‍ണവും പറഞ്ഞ് ജനങ്ങളെ ഭിന്നിപ്പിക്കുകയും അവരുടെ ജീവിതത്തെ ഇല്ലാതാക്കുകയും ചെയ്യുന്ന ബിജെപിയുടെ രാഷ്ട്രീയം അപകടകരവും ജനവിരുദ്ധവുമാണ്

രാഷ്ട്രീയ പ്രവർത്തനം എന്നത് രാജ്യത്തെ ജനങ്ങളുടെ ജീവിതം കൂടുതൽ മെച്ചപ്പെടുത്തുന്നതിനുള്ളതാവണം. മതവും ജാതിയും വർഗവും വർണവും പറഞ്ഞ് ജനങ്ങളെ ഭിന്നിപ്പിക്കുകയും അവരുടെ ജീവിതത്തെ ഇല്ലാതാക്കുകയും ചെയ്യുന്ന രാഷ്ട്രീയം അപകടകരവും ജനവിരുദ്ധവുമാണ്. തങ്ങൾ മുന്നോട്ടുവെക്കുന്നത് ഈ രീതിയിലുള്ള രാഷ്ട്രീയമാണെന്നത് ബിജെപി നിരന്തരം തെളിയിച്ചുകൊണ്ടിരിക്കുന്നു. ലോകത്തിന് മുന്നിൽ നമ്മുടെ രാജ്യം നാണംകെട്ടുനിൽക്കേണ്ട ഗതികേടാണ് ഇപ്പോൾ ഇക്കൂട്ടർ ഉണ്ടാക്കിയിരിക്കുന്നത്. കേന്ദ്രം ഭരിക്കുന്ന ബിജെപിയുടെ ദേശീയ വക്താവ് നൂപുർ ശർമയും ഡൽഹിയിലെ മീഡിയാ വിഭാഗത്തിന്റെ തലവനായ നവീൻകുമാർ ജിൻഡലും പ്രവാചകനെ നിന്ദിച്ചതിലൂടെ, ലോകത്തിന് മുന്നിൽ നമ്മുടെ രാജ്യത്തിന്റെ മഹനീയതയ്ക്കാണ് കോട്ടം തട്ടിയിരിക്കുന്നത്. 
ഇസ്ലാമിക രാജ്യങ്ങളിൽനിന്ന് ഈ വിഷയം ചൂണ്ടിക്കാട്ടി പ്രതിഷേധം ഉയർന്നപ്പോൾ പ്രവാചകനെ നിന്ദിച്ചവരെ തൽക്കാലികമായി സസ്‌പെൻഡ് ചെയ്ത് മുഖം രക്ഷിക്കാനാണ് ബിജെപി ശ്രമിച്ചത്. ആ പാർടിയുടെ  ജനറൽ സെക്രട്ടറി, എല്ലാ മതത്തെയും ആദരിക്കുന്നുവെന്നും ഏതെങ്കിലും മതത്തെയോ മത വ്യക്തിത്വങ്ങളെയോ അവഹേളിക്കുന്നതിന് പാർടി എതിരാണെന്നുമുള്ള ഒരു പ്രസ്താവനയും പുറപ്പെടുവിച്ചു. ആ പ്രസ്താവന തയ്യാറാക്കുമ്പോൾ പോലും സംഘപരിവാരത്തിന്റെ നേതാക്കളും അണികളും മുസ്ലിങ്ങൾക്കെതിരായുള്ള വിദ്വേഷ പ്രസ്താവനകളും കുടിലനീക്കങ്ങളും നടത്തിക്കൊണ്ടിരിക്കയാണ്. 
ഖത്തർ, കുവൈത്ത് തുടങ്ങിയ അറബ് രാജ്യങ്ങളും ഇറാനും ഇന്ത്യൻ സ്ഥാനപതിമാരെ വിളിച്ചുവരുത്തി തങ്ങളുടെ പ്രതിഷേധം അറിയിക്കുകയുണ്ടായി. ഖത്തറിൽ പര്യടനം നടത്തുന്ന ഉപരാഷ്ട്രപതി എം വെങ്കയ്യ നായിഡുവിന് നൽകാനിരുന്ന വിരുന്ന് ആ രാജ്യം റദ്ദാക്കി. മറ്റ് നിരവധി രാജ്യങ്ങൾ അനൗപചാരികമായി തങ്ങളുടെ പ്രതിഷേധം ഇന്ത്യയെ അറിയിക്കുന്നുണ്ട്. ഇന്ത്യൻ ഉൽപ്പന്നങ്ങൾ പല രാഷ്ട്രങ്ങളും ബഹിഷ്‌കരിക്കാൻ സാധ്യതയുണ്ടെന്ന വാർത്തകൾ പുറത്തുവരുന്നു. ഗുരുതരമായ സ്ഥിതിവിശേഷമാണ് ഉരുത്തിരിഞ്ഞുവരുന്നത്. 2020ലെ കണക്കനുസരിച്ച് 86 ലക്ഷത്തോളം ഇന്ത്യക്കാരാണ് ഗൾഫ് രാജ്യങ്ങളിൽ തൊഴിൽതേടിയിട്ടുള്ളത്. അതിൽ 19 ലക്ഷത്തോളം പേർ മലയാളികളാണ്. കോവിഡ് പ്രതിസന്ധിക്കാലത്ത് ലക്ഷക്കണക്കിനാളുകൾക്ക് തൊഴിൽ നഷ്ടപ്പെട്ടെങ്കിലും ഗൾഫിലെ തൊഴിൽമേഖല തിരിച്ചുവരവിന്റെ പാതയിലാണുള്ളത്. നമുക്കത് ഏറെ ആശ്വാസം പകരുന്നുമുണ്ട്. അപ്പോഴാണ് അറബ് രാജ്യങ്ങളിലും മറ്റും തൊഴിലെടുക്കുന്ന ഇന്ത്യക്കാരുടെ ജീവിതത്തിന് ആർഎസ്എസ് - ബിജെപി സംഘപരിവാരം പ്രതിസന്ധി സൃഷ്ടിക്കുന്നത്. 
ബിജെപി, 2024ലെ തെരഞ്ഞെടുപ്പിനെ ലക്ഷ്യമിട്ടാണ് വർഗീയതയിലൂന്നിയുള്ള ഭിന്നിപ്പിക്കലിന്റെ രാഷ്ട്രീയം ശക്തിപ്പെടുത്തുന്നത്. ഇതിനെതിരെ രാജ്യത്തിനകത്ത് നിന്ന് ഉയരുന്ന പ്രതിഷേധങ്ങളെ കണ്ടില്ലെന്ന് നടിക്കുകയും വിദ്വേഷ പ്രവർത്തനങ്ങൾ ശക്തിപ്പെടുത്തുകയും ചെയ്യുന്ന ബിജെപി നേതൃത്വം, രാജ്യത്തിന് പുറത്തുനിന്ന് പ്രതിഷേധം ഉയർന്നപ്പോൾ നടപടികളെടുക്കാൻ തയ്യാറായിരിക്കുന്നു! ഈ പ്രവൃത്തിയിലെ ആത്മാർത്ഥതയില്ലായ്മ ഇതിൽ നിന്നും മനസ്സിലാക്കാൻ പറ്റും. ഈ തീക്കളി രാജ്യത്തിന് ആപത്താണ്.

സമീപകാല പോസ്റ്റുകൾ

വാർത്താക്കുറിപ്പുകൾ

ലേഖനങ്ങൾ

കണ്ണൂർ ജില്ലാ കമ്മിറ്റി ഓഫീസായ അഴീക്കോടൻ സ്‌മാരക മന്ദിരം സ. പിണറായി വിജയൻ നാടിന്‌ സമർപ്പിച്ചു

സ. എം വി ഗോവിന്ദൻ മാസ്റ്റർ

സിപിഐ എം കണ്ണൂർ ജില്ലാ കമ്മിറ്റി ഓഫീസായ അഴീക്കോടൻ സ്‌മാരക മന്ദിരം പൊളിറ്റ്‌ ബ്യൂറോ അംഗവും മുഖ്യമന്ത്രിയുമായ പിണറായി വിജയൻ നാടിന്‌ സമർപ്പിച്ചു. പോരാട്ടങ്ങളുടെ നാൾവഴികളിൽ കരുത്തായ അഴീക്കോടൻ സ്‌മാരക മന്ദിരത്തിന്റെ പുതിയ കെട്ടിടം പാർടി പ്രവർത്തനങ്ങൾക്ക്‌ കൂടുതൽ കരുത്തേകും.

മുൻ എംഎൽഎയും സിപിഐ എം നേതാവുമായ സഖാവ് ബാബു എം പാലിശ്ശേരിയുടെ നിര്യാണത്തിൽ അനുശോചനം രേഖപ്പെടുത്തുന്നു

സ. എം വി ഗോവിന്ദൻ മാസ്റ്റർ

മുൻ എംഎൽഎയും സിപിഐ എം നേതാവുമായ സഖാവ് ബാബു എം പാലിശ്ശേരിയുടെ നിര്യാണത്തിൽ അനുശോചനം രേഖപ്പെടുത്തുന്നു. യുവജന സംഘടനാ പ്രവർത്തനത്തിലൂടെ പൊതുരംഗത്തേക്ക് കടന്നുവന്ന അദ്ദേഹം തൃശൂർ ജില്ലയിൽ പാർടിയുടെ കരുത്തുറ്റ മുഖമായിരുന്നു.

കുന്നംകുളം മുൻ എംഎൽഎയും സിപിഐ എം നേതാവുമായ സ. ബാബു എം പാലിശ്ശേരിയുടെ വേർപാടിൽ അനുശോചനം രേഖപ്പെടുത്തുന്നു

സ. പിണറായി വിജയൻ

കുന്നംകുളം മുൻ എംഎൽഎയും സിപിഐ എം നേതാവുമായ സ. ബാബു എം പാലിശ്ശേരിയുടെ വേർപാടിൽ അനുശോചനം രേഖപ്പെടുത്തുന്നു. സിപിഐ എം തൃശൂർ ജില്ലാ സെക്രട്ടറിയേറ്റ് അംഗമായും കുന്നംകുളം ഏരിയ സെക്രട്ടറിയായും ദീർഘകാലം പ്രവർത്തിച്ച സ. ബാബു എം പാലിശ്ശേരി തൃശ്ശൂർ ജില്ലയിലെ പാർടിയുടെ വളർച്ചയിൽ നൽകിയ സംഭാവന വിലപ്പെട്ടതാണ്.

തളിപ്പറമ്പിലെ വ്യാപാര സമുച്ചയത്തിലുണ്ടായ തീപിടുത്തത്തിൽ നാശനഷ്ടം സംഭവിച്ച വ്യാപാരികൾക്കും തൊഴിലാളികൾക്കും സംസ്ഥാനത്തുണ്ടായ സമാന ദുരന്തങ്ങൾക്ക് തുല്യമായ പാക്കേജ് അനുവദിക്കുന്നത് സംസ്ഥാന സർക്കാർ പരിഗണിക്കും

സ. എം വി ഗോവിന്ദൻ മാസ്റ്റർ

തളിപ്പറമ്പിലെ വ്യാപാര സമുച്ചയത്തിലുണ്ടായ തീപിടുത്തത്തിൽ നാശനഷ്ടം സംഭവിച്ച വ്യാപാരികൾക്കും തൊഴിലാളികൾക്കും സംസ്ഥാനത്തുണ്ടായ സമാന ദുരന്തങ്ങൾക്ക് തുല്യമായ പാക്കേജ് അനുവദിക്കുന്നത് സംസ്ഥാന സർക്കാർ പരിഗണിക്കും. ഇക്കാര്യം മുഖ്യമന്ത്രി പിണറായി വിജയൻ ഉറപ്പ് നൽകിയിട്ടുണ്ട്.