Skip to main content

രാജ്യത്ത് സാമ്പത്തിക പ്രതിസന്ധി രൂക്ഷമാകുമ്പോൾ ജനങ്ങളുടെ എതിർപ്പിന് തടയിടാൻ കേന്ദ്രസർക്കാർ വർഗീയത ആയുധമാക്കുന്നു

കോവിഡുകാലത്ത് ലോക ഉൽപ്പാദനം കേവലമായി കുറഞ്ഞു. ഈ സാമ്പത്തിക തകർച്ചയിൽനിന്ന് ആഗോള സമ്പദ്‌വ്യവസ്ഥ വീണ്ടെടുപ്പിലാണ്. അടുത്ത വർഷം വളർച്ചയുടെ ഉച്ചിയിലെത്തുമെന്നാണ് കരുതിയിരുന്നത്. എന്നാൽ, ഇപ്പോൾ കാര്യങ്ങൾ കീഴ്‌മേൽ മറിഞ്ഞിരിക്കുന്നു. വീണ്ടുമൊരു മാന്ദ്യത്തിന്റെ കേളികൊട്ട് തുടങ്ങിയിരിക്കുന്നു. അടുത്തവർഷം ലോകം തകർച്ചയുടെ നെല്ലിപ്പടിയിൽ എത്തുമെന്നാണ് ഇപ്പോഴത്തെ പ്രവചനങ്ങൾ. ഐഎംഎഫിന്റെ ഏറ്റവും പുതിയ ഇക്കണോമിക് ഔട്ട്‌ലുക്ക് ആഗോള സാമ്പത്തികവളർച്ച 2021-ൽ ആറ്‌ ശതമാനം ആയിരുന്നത് 2022-ൽ 3.2 ശതമാനവും 2023-ൽ 2.7 ശതമാനവുമായി കുറയുമെന്ന് പ്രവചിച്ചിരിക്കുകയാണ്. സാമ്പത്തിക ഇടിവ് ഇവിടെയൊന്നും നിൽക്കുമെന്ന്‌ തോന്നുന്നില്ല. ഈ റിപ്പോർട്ടിലെ ഏറ്റവും പ്രസിദ്ധി നേടിയ വാചകം ഇതായിരുന്നു: “ഏറ്റവും മോശമായത് കേൾക്കാൻ ഇരിക്കുന്നതേയുള്ളൂ”.

ആസൂത്രിത മാന്ദ്യം

എങ്ങനെയാണ് പൊടുന്നനെ അഭിവൃദ്ധി മാന്ദ്യം ആയത്? ആയതല്ല, ആക്കിയതാണ്. ധനമൂലധനം (ഫിനാൻസ് കാപ്പിറ്റൽ) ആസൂത്രിതമായി സൃഷ്ടിക്കുന്ന മാന്ദ്യമാണ് 2023-ലേത്. നിയോലിബറൽ കാലത്തെ ഏറ്റവും രൂക്ഷമായ മാന്ദ്യമായിരുന്നു 2008–09 -ലേത്. അതിൽനിന്ന്‌ തികച്ചും വ്യത്യസ്തമായ അനുഭവമാണ് ഇപ്പോഴത്തേത്. അന്നത്തെ മാന്ദ്യം ഊഹക്കച്ചവടം സൃഷ്ടിച്ചതാണ്. ബാങ്കുകൾ വലിയ തോതിൽ ഊഹക്കച്ചവടക്കാർക്ക് വാരിക്കോരി വായ്പ നൽകി. ഊഹക്കച്ചവട കുമിള തകർന്നതോടെ ബാങ്കുകളുടെ തകർച്ചയുടെ മാലപ്പടക്കവും പൊട്ടി. ബാങ്കുകളെ രക്ഷിക്കാൻ വലിയ പാക്കേജുകൾ വികസിത രാജ്യങ്ങളിലെ സർക്കാരുകൾക്ക്‌ പ്രഖ്യാപിക്കേണ്ടി വന്നു. ഇതിനു നേർവിപരീതമാണ് ഇപ്പോഴത്തെ സ്ഥിതി. വികസിത രാജ്യങ്ങളിലെ സർക്കാരുകൾ ഇന്നത്തെ സാഹചര്യത്തിൽ നല്ലൊരു മാന്ദ്യം ഉണ്ടാകുന്നതാണ് നന്നെന്ന നിഗമനത്തിൽ എത്തിയിരിക്കുകയാണ്.

രൂക്ഷമായ വിലക്കയറ്റം

എല്ലാ രാജ്യങ്ങളിലും വിലകൾ ഉയരുകയാണ്. ഇതിനു കാരണം ജനങ്ങളുടെ ഇടയിൽ വലിയതോതിൽ പണം ഉള്ളതുകൊണ്ടല്ല. കോവിഡുകാലത്ത് ലാഭം കുത്തനെ ഉയർന്നു. ഉക്രയ്ൻ യുദ്ധംമൂലം എണ്ണയുടെയും ഭക്ഷ്യസാധനങ്ങളുടെയും വില ഉയർന്നു. ഇക്കണോമിക് പോളിസി ഇൻസ്റ്റിറ്റ്യൂട്ടിലെ ജോഷ് ബിവൻസ് എന്ന സാമ്പത്തിക വിദഗ്ധൻ ഇപ്പോഴത്തെ വിലവർധനയ്‌ക്കു പിന്നിലെ ഘടകങ്ങളെക്കുറിച്ച് വിശദമായ ഒരു പഠനം പ്രസിദ്ധീകരിക്കുകയുണ്ടായി. അതുപ്രകാരം കോവിഡിനുശേഷമുള്ള വിലക്കയറ്റത്തിന്റെ 54 ശതമാനം കാരണം കമ്പനികളുടെ ലാഭത്തിലുണ്ടായ വർധനയാണ്. കൂലി വർധന എട്ട്‌ ശതമാനം വിലക്കയറ്റത്തിനു മാത്രമേ കാരണമായിട്ടുള്ളൂ. മറ്റു ഘടകങ്ങളാണ് 38 ശതമാനം. ഇതിലാണ് എണ്ണവിലയും മറ്റും വരിക. ഇന്ന്‌ സൃഷ്ടിക്കപ്പെട്ടിരിക്കുന്ന പൊതുബോധ്യമാകട്ടെ ആവശ്യത്തിലധികം പണം ജനങ്ങളുടെ കൈയിൽ ഉള്ളതുകൊണ്ടാണ് വിലകൾ ഉയരുന്നതെന്നാണ്. തൊഴിലാളികളുടെ വിലപേശൽ കഴിവ് കൂടിയതുമൂലം കൂലിയും വർധിച്ചിരിക്കുന്നു.

ധനമൂലധന ആവശ്യം

ഇന്ന്‌ ലോകത്ത് ആധിപത്യം പുലർത്തുന്നത് ധനമൂലധനമാണല്ലോ. അവർക്ക്‌ വിലക്കയറ്റം തടഞ്ഞേതീരൂ. കാരണം ലളിതമാണ്. ധനമൂലധനം പണത്തിന്റെ രൂപത്തിലാണ് സൂക്ഷിക്കപ്പെടുന്നത്. വിലക്കയറ്റം ഉണ്ടാകുമ്പോൾ പണത്തിന്റെ മൂല്യം കുറയും. അതുകൊണ്ട്, ധനമൂലധനത്തെ സംബന്ധിച്ചിടത്തോളം വിലക്കയറ്റത്തിന്‌ കടിഞ്ഞാണിട്ടു നിർത്തുക എന്നതാണ് ധനമേഖലയിലെ ഏറ്റവും പ്രധാനമായ ലക്ഷ്യങ്ങളിലൊന്ന്. അതിന് അവർ കണ്ടിരിക്കുന്ന മാർഗം മാന്ദ്യം സൃഷ്ടിക്കലാണ്. വിലക്കയറ്റത്തിനെതിരായ അമേമേരിക്കൻ ഫെഡറൽ റിസർവ് (ബാങ്ക് ) ചെയർമാൻ ജെറോം പവ്വലിന്റെ യുദ്ധപ്രഖ്യാപനം നോക്കൂ: “വിലക്കയറ്റം തടയാൻ സമ്പദ്ഘടനയിലെ ഡിമാൻഡ്‌ ഇടിക്കണം. അത് കൂലി കുറയ്ക്കാൻ അവസരം സൃഷ്ടിക്കും.”

പലിശനിരക്കെന്ന വജ്രായുധം

ഇതിന് അവരുടെ കൈയിലുള്ള ആയുധമാണ് പലിശനിരക്ക്. കോവിഡ്കാലത്ത് അമേരിക്കൻ പലിശനിരക്ക് ഏതാണ്ട് പൂജ്യം ആയിരുന്നു. 2022 മാർച്ച് മുതൽ നാല് ഘട്ടമായി പലിശനിരക്ക് 3.00 - 3.25 ശതമാനംവരെ ഉയർത്തിക്കഴിഞ്ഞു. ഇനിയും ഇത് കുത്തനെ ഉയർത്തുമെന്നാണ് പവ്വൽ ഭീഷണിപ്പെടുത്തിയിരിക്കുന്നത്. പലിശനിരക്ക് ഉയരുമ്പോൾ സംരംഭകർ കടം വാങ്ങി നിക്ഷേപം നടത്തുന്നത്‌ കുറയ്ക്കും. ഉപയോക്താക്കൾ ഹയർ പർച്ചേസ്‌ വഴിയും മറ്റും കടത്തിൽ സാധനങ്ങൾ വാങ്ങുന്നത്‌ കുറയ്ക്കും. ബാങ്ക് റിസർവ്‌ ബാങ്കിൽനിന്ന് കടമെടുക്കുന്നത്‌ കുറയ്ക്കും. അങ്ങനെ പണലഭ്യതയും കുറയും. അങ്ങനെയാണ് വിലക്കയറ്റത്തെ പിടിച്ചുകെട്ടുക.

വോൾക്കർ ഷോക്ക്

ഇതുപോലെ മാന്ദ്യം സൃഷ്ടിച്ച് വിലക്കയറ്റത്തെ പിടിച്ചുനിർത്തിയ മറ്റൊരു അനുഭവമുണ്ട്. 1970-കളിൽ അമേരിക്കയിലും മറ്റു വികസിത രാജ്യങ്ങളിലും വിലക്കയറ്റം രൂക്ഷമായി. അമേരിക്കയിലെ ഫെഡറൽ റിസർവ്‌ (ബാങ്കിന്റെ) ചെയർമാൻ പോൾ വോൾക്കറാണ് ഇതിന്‌ പ്രതിവിധി കണ്ടെത്തിയത്. അക്കാലത്ത് സാധാരണനിലയിൽ അമേരിക്കയിലെ പലിശനിരക്ക് അഞ്ച്‌ ശതമാനമായിരുന്നു. അദ്ദേഹം അതിനെ 10 ശതമാനമായി ഉയർത്തി. 1981 തുടക്കത്തിൽ അമേരിക്കയിലെ പലിശനിരക്ക് 17 ശതമാനമായി. ഇതിനെയാണ് വോൾക്കർ ഷോക്ക് എന്നു വിളിക്കുന്നത്. 17 ശതമാനം പലിശയ്ക്ക് വായ്പയെടുത്ത് ഒരു വ്യവസായവും നടത്താനാകില്ല. പല കമ്പനികളും അടച്ചുപൂട്ടേണ്ടി വന്നു. അമേരിക്കയിലെ തൊഴിലില്ലായ്മ 11 ശതമാനമായി. കൂലി കുറയ്ക്കുന്നതിനുള്ള നീക്കങ്ങളെ ചെറുക്കാൻ ട്രേഡ് യൂണിയനുകൾക്ക്‌ കഴിയാതായി. അമേരിക്കയിലെ ഏറ്റവും ശക്തമായ ട്രേഡ് യൂണിയനുകളിൽ പലതിനെയും റീഗൺ തകർത്തു. ഇംഗ്ലണ്ടിൽ താച്ചറും ഇതുതന്നെ ചെയ്തു. 1981-ലെ അതിരൂക്ഷമായ മാന്ദ്യമാണ് നിയോലിബറലിസത്തിന്റെ കാലഘട്ടത്തിന് ആഗോളമായി തുടക്കംകുറിച്ചത്.

മൂന്നാംലോകത്തെ പ്രത്യാഘാതങ്ങൾ

പലിശനിരക്കിൽ ഉണ്ടാകുന്ന വർധന കുടുക്കിലാക്കാൻ പോകുന്ന ഒട്ടേറെ മൂന്നാംലോക രാജ്യങ്ങളുണ്ട്. പലിശനിരക്ക് ഗണ്യമായി ഉയരുമ്പോൾ കടം സർവീസ് ചെയ്യുന്നതിനുള്ള ചെലവ് കൂടും. കയറ്റുമതി കുറയുന്നതുമൂലം വിദേശവിനിമയ വരുമാനവും കുറയും. ശ്രീലങ്കയിലെപ്പോലെ വിദേശവിനിമയ പ്രതിസന്ധി ഒട്ടേറെ രാജ്യങ്ങളിൽ ഉണ്ടാകാം. ഇന്ത്യക്കുപോലും അമേരിക്കയിലെ പലിശനിരക്ക് ഉയർന്നത് തലവേദന ആയിട്ടുണ്ടല്ലോ. 2022-ൽ 10,000 കോടി ഡോളറാണ് ഇന്ത്യയുടെ വിദേശവിനിമയ ശേഖരത്തിൽ കുറഞ്ഞത്. എന്നിട്ടുപോലും രൂപയുടെ മൂല്യം ഏതാണ്ട് 10 ശതമാനം ഇടിഞ്ഞ് 82 രൂപ കടന്നിരിക്കുകയാണ്. മാന്ദ്യം നമ്മുടെ വ്യാപാരകമ്മി വർധിപ്പിക്കാൻ പോകുകയാണ്. ഇന്ത്യൻ സമ്പദ്ഘടന എട്ട്‌ ശതമാനം വളരുമെന്നൊക്കെ മോദി സർക്കാർ വമ്പ് പറഞ്ഞിരുന്നതാണ്. ഇപ്പോൾ പ്രതീക്ഷിക്കുന്ന വളർച്ച 6.2 ശതമാനത്തിലേക്കു താഴ്ന്നിട്ടുണ്ട്. അത് അവിടെയും നിൽക്കുന്നമട്ടില്ല. സാമ്പത്തികപ്രതിസന്ധി രൂക്ഷമാകുമ്പോൾ ജനങ്ങളുടെ എതിർപ്പിനു തടയിടാൻ വർഗീയതയാണ് ഇന്ത്യയിൽ ആയുധമാക്കുന്നത്. ഇത് ഒറ്റപ്പെട്ട പ്രതിഭാസമല്ല. യൂറോപ്പിലെമ്പാടും വലതുപക്ഷ വംശീയവാദക്കാർ കരുത്താർജിച്ചുകൊണ്ടിരിക്കുകയാണ്. അമേരിക്കയിൽ ട്രംപ് ഒരു തിരിച്ചുവരവിനു ശ്രമിക്കുകയാണ്. ആഗോള സാമ്പത്തികവും രാഷ്ട്രീയവും സങ്കീർണമായ ഒരു ഘട്ടത്തിലേക്ക്‌ പ്രവേശിക്കുകയാണ്.

ബദൽ നടപടികൾ

റിസർവ്‌ ബാങ്കുകളും അധികാരികളും പലിശനിരക്ക് ഉയർത്തുകയല്ലാതെ വിലക്കയറ്റത്തെ പിടിച്ചുനിർത്താൻ മറ്റു മാർഗമില്ലായെന്ന മട്ടിലാണ് കാര്യങ്ങൾ അവതരിപ്പിക്കുക. മറ്റൊരു മാർഗം ഇല്ലായെന്നാണ് അവർ പറയുക. നൊബേൽ ജേതാക്കളായ പോൾ ക്രൂഗ്മാനെയും ജോസഫ് സ്റ്റിഗ്ലിസിനെയും പോലുള്ളവർ പലിശനിരക്ക് ഉയർത്തുന്നത് കൂടുതൽ അവധാനതയോടെ വേണമെന്ന പക്ഷക്കാരാണ്.

എന്താണ് ബദൽ മാർഗം? കുത്തക കമ്പനികളുടെ അധികലാഭത്തിനുമേൽ നികുതി ചുമത്താം. ഇത് എല്ലാ രാജ്യങ്ങളിലും ചെയ്യുകയാണെങ്കിൽ നികുതി കുറഞ്ഞ രാജ്യത്തേക്ക് മൂലധനം ഓടുമെന്ന്‌ പേടിക്കുകയും വേണ്ട. നാറ്റോയുടെ ഏകപക്ഷീയമായ വിപുലീകരണം ഉപേക്ഷിച്ച് ഉക്രയ്ൻ യുദ്ധം ഒത്തുതീർപ്പിൽ എത്തിക്കുക. എണ്ണ, ധാന്യ വിലകൾ ഇതുവഴി കുറയ്ക്കാം. വിലനിയന്ത്രണ നടപടികളും സ്വീകരിക്കാം. എന്നാൽ, ഇതൊന്നും നിയോ ലിബറലുകാർക്ക് സ്വീകാര്യമല്ലാത്തതിൽ അത്ഭുതപ്പെടാനില്ല. അതുകൊണ്ട് ആഗോളമാന്ദ്യം അനിവാര്യമാണ്.

 

കൂടുതൽ ലേഖനങ്ങൾ

പതിനാറാം ധനകമീഷൻ: സംസ്ഥാനത്തിന് അർഹമായ പരിഗണന കിട്ടണം

സ. കെ എൻ ബാലഗോപാൽ

നിതി ആയോഗ്‌ മുൻ വൈസ്‌ ചെയർമാൻ ഡോ. അരവിന്ദ്‌ പനഗാരിയ ചെയർമാനായ പതിനാറാം ധനകമീഷൻ റിപ്പോർട്ട്‌ തയ്യാറാക്കുന്നതിന്‌ മുന്നോടിയായുള്ള ചർച്ചകൾക്കായി കേരളത്തിലെത്തി മടങ്ങി. സംസ്ഥാനങ്ങൾക്കുള്ള ധനവിഹിതം സംബന്ധിച്ച ധന കമീഷന്റെ റിപ്പോർട്ടിനും തീർപ്പുകൾക്കും (അവാർഡുകൾ) വലിയ പ്രധാന്യമാണുള്ളത്‌.

സംസ്ഥാനങ്ങളുടെ ധനപരമായ ഫെഡറലിസം ശക്തിപ്പെടുത്തണം, ധനകമീഷന്‌ സിപിഐ എം നിവേദനം നൽകി

സംസ്ഥാനങ്ങളുടെ ധനപരമായ ഫെഡറലിസവും സാമ്പത്തിക സ്വയംഭരണവും ശക്തിപ്പെടുത്തുന്ന നിർദേശങ്ങൾ ഉണ്ടാകണമെന്ന്‌ പതിനാറാം ധനകമീഷനോട്‌ സിപിഐ എം ആവശ്യപ്പെട്ടു. നികുതി വരുമാനം വിഭജിക്കുന്നതിലെ മാനദണ്ഡങ്ങളിലും മാറ്റം വരുത്തണം. ഇതുൾപ്പെടെയുള്ള സിപിഐ എം സംസ്ഥാന കമ്മിറ്റിയുടെ നിർദേശങ്ങൾ മുൻ ധനമന്ത്രി സ.

ഇന്ത്യയിലെ ബാങ്കുകളുടെ കിട്ടാക്കടം 4,50,670 കോടി രൂപയെന്ന് കേന്ദ്രധനമന്ത്രാലയം

ഇന്ത്യയിലെ ബാങ്കുകളുടെ കിട്ടാക്കടം 4,50,670 കോടി രൂപയെന്ന് കേന്ദ്രധനമന്ത്രാലയം. സ. ജോൺ ബ്രിട്ടാസ് എംപി രാജ്യസഭയിൽ ഉന്നയിച്ച ചോദ്യത്തിന് മറുപടിയായാണ് കേന്ദ്ര ധനസഹമന്ത്രി പങ്കജ് ചൗധരി കിട്ടാക്കടത്തിന്റെയും എഴുതി തള്ളിയ വായ്പകളുടെയും വിശദാംശങ്ങൾ നൽകിയത്.

ജില്ലാ സമ്മേളനങ്ങൾക്ക് തുടക്കം

കൊടിയ വർഗീയതയും തീവ്രവലതുപക്ഷവൽകരണവുമടക്കം പുതിയകാല വെല്ലുവിളികൾക്കുനേരെ പോരാടാൻ കൂടുതൽ കരുത്തോടെ സിപിഐ എം ഇനി ജില്ലാ സമ്മേളനങ്ങളിലേക്ക്‌. ഇന്ന് കൊല്ലത്ത്‌ പതാക ഉയർന്നതോടെ ആരംഭിച്ച സംസ്ഥാനത്തെ ജില്ലാ സമ്മേളനങ്ങൾക്ക്‌ 2025 ഫെബ്രുവരി 9 മുതൽ 11 വരെ നടക്കുന്ന തൃശൂർ സമ്മേളനത്തോടെ പരിസമാപ്തിയാകും.