Skip to main content

സംസ്ഥാനങ്ങളുടെ അധികാരങ്ങൾ ഗവർണറെ ഇടപെടുവിച്ച് കവർന്നെടുക്കുന്ന നയം രാജ്യത്തിന്റെ ഐക്യത്തെ ബാധിക്കുന്നത്; സംഘപരിവാറിന്റെ ഇത്തരം നയങ്ങൾക്കെതിരെ രാജ്യസ്നേഹികളുടെ വിപുലമായ ഐക്യനിര ഉയർന്നുവരണം

വിദ്യാഭ്യാസരംഗത്തെ കൈപ്പിടിയിലാക്കി അതിനെ വർഗീയവൽക്കരിക്കുക എന്നത് ആർഎസ്എസിന്റെ എക്കാലത്തെയും അജൻഡയാണ്. വിദ്യാഭ്യാസരംഗത്തെ കാവിവൽക്കരിക്കുന്നതിനുള്ള പദ്ധതികൾ അതുകൊണ്ടുതന്നെ അധികാരത്തിൽ എത്തുന്ന ഇടങ്ങളിലെല്ലാം അവർ നടപ്പാക്കാറുണ്ട്. വിദ്യാഭ്യാസരംഗം വർഗീയവൽക്കരിച്ചാൽ സമൂഹത്തെയാകെ വർഗീയവൽക്കരിക്കാനാകുമെന്ന കാഴ്ചപ്പാടാണ് ഇതിനു പിന്നിലുള്ളത്. വർഗീയവൽക്കരിക്കപ്പെട്ട സമൂഹത്തെ ഉപയോഗപ്പെടുത്തി രാഷ്ട്രീയാധികാരം പിടിച്ചെടുക്കാനും നിലനിർത്താനാകുമെന്നും ഇവർ കണക്കുകൂട്ടുന്നു.

രാജ്യത്ത് അധികാരമേറ്റയുടനെ തന്നെ ഇന്ത്യയിലെ മതനിരപേക്ഷ ചിന്തയുടെ ശക്തികേന്ദ്രങ്ങളായ സർവകലാശാലകളെ കൈപ്പിടിയിലാക്കാനാണ് ആർഎസ്എസ് ശ്രമിച്ചത്. ശക്തമായ ചെറുത്തുനിൽപ്പ്‌ ഉയർത്തിക്കൊണ്ടാണ് ഇത്തരം ക്യാമ്പസുകൾ പലതും ഇതിനെ പ്രതിരോധിച്ചത്. ജെഎൻയുവിനെ ഇത്തരത്തിൽ മാറ്റാൻ ശ്രമിച്ച പ്രൊഫ. ജഗദേഷ്‌ കുമാർ ഇപ്പോൾ യുജിസി ചെയർമാനായി മാറിയെന്നതും ഓർക്കേണ്ടതുണ്ട്. മതനിരപേക്ഷതയെ തകർക്കാൻ ശ്രമിക്കുന്നവർക്ക് ഉന്നതസ്ഥാനങ്ങൾ പാരിതോഷികമായി ലഭിക്കുമെന്ന പ്രഖ്യാപനംകൂടിയായിരുന്നു ഇത്. ബിജെപി ഇതര സർക്കാരുകൾ ഭരിക്കുന്ന സംസ്ഥാനങ്ങളിൽ ഇത്തരം അജൻഡകൾ ഗവർണർമാരിലൂടെ നടപ്പാക്കാനാണ് ബിജെപി ശ്രമിച്ചത്. ഇത് രാജ്യത്തെ വിവിധ സംസ്ഥാനങ്ങളിൽ ഗവർണർമാരും ബിജെപി ഇതര സംസ്ഥാന സർക്കാരുകളും തമ്മിലുള്ള വലിയ സംഘർഷങ്ങളിലേക്ക് നയിച്ചു. തമിഴ്നാട്, പശ്ചിമബംഗാൾ, രാജസ്ഥാൻ, തെലങ്കാന, പഞ്ചാബ് തുടങ്ങിയ ഇടങ്ങളിലെല്ലാം ഇത് രൂക്ഷമായിരുന്നു. മഹാരാഷ്ട്രയിൽ ബിജെപി ഇതര സർക്കാർ നിലനിന്നിരുന്നപ്പോഴും സമാന സംഭവമാണ് ഉണ്ടായത്. പശ്ചിമബംഗാളിൽ ഇതിനു നേതൃത്വം നൽകിയ ഗവർണർ ജഗ്‌ദീഷ് ധൻഖറിന് ഉപരാഷ്‌ട്രപതി സ്ഥാനമാണ് ലഭിച്ചത്. കേരള ഗവർണറുടെ മനസ്സിൽ ഇത്തരമെന്തെങ്കിലും ഉണ്ടോയെന്ന് ഇപ്പോൾ പറയാനാകില്ല.

കേരളത്തിലെ ഗവർണറുടെ പ്രവർത്തനങ്ങളെ ഈ പശ്ചാത്തലത്തിലാണ് കാണേണ്ടത്. സംസ്ഥാന സർക്കാരിന്റെ എല്ലാ വികസനപ്രവർത്തനങ്ങളെയും തടസ്സപ്പെടുത്തുന്ന കേന്ദ്ര സർക്കാർ അതിന്റെ ഭാഗമായി ഉന്നതവിദ്യാഭ്യാസ മേഖലയിലെ മുന്നേറ്റത്തെയും തകർക്കാൻ തയ്യാറാകുകയാണ്. കേരളത്തിന്റെ ഉന്നതവിദ്യാഭ്യാസ മേഖലയിൽ ആർഎസ്എസിന്റെ ചട്ടുകമായി ചാൻസലർ നടത്തുന്ന പ്രവർത്തനത്തെ ഈ പശ്ചാത്തലത്തിൽ വേണം കാണാൻ.

രണ്ടാം പിണറായി സർക്കാരിന്റെ പ്രകടനപത്രികയിലെ സുപ്രധാന നിർദേശമാണ് വൈജ്ഞാനിക സമൂഹസൃഷ്ടി എന്നുള്ളത്. പുതിയ അറിവുകളെ സൃഷ്ടിച്ചെടുക്കാനും ലോകത്തുള്ള അറിവുകളെ സ്വാംശീകരിച്ചുകൊണ്ട് സമൂഹത്തെ വൈജ്ഞാനിക ഔന്നത്യത്തിലേക്ക് നയിക്കുകയുമാണ് ഇതിലൂടെ ലക്ഷ്യംവയ്‌ക്കുന്നത്. അറിവിന്റെ കേന്ദ്രങ്ങളും ഒപ്പം വിഭാവനം ചെയ്യുന്നു. നമ്മുടെ പരമ്പരാഗതമായ അറിവുകളെ ശാസ്ത്രീയമായി വികസിപ്പിച്ചെടുക്കുകയെന്നതും ഇതിന്റെ ഭാഗംതന്നെയാണ്. ഇത്തരം അറിവുകളെ ഉൽപ്പാദനരംഗത്ത് പ്രയോഗിച്ച് ഉൽപ്പാദനവും ഉൽപ്പാദനക്ഷമതയും വർധിപ്പിക്കുകയെന്നതും അതിന്റെ ഭാഗമാണ്. അവ നീതിയുക്തമായി വിതരണംചെയ്ത് ജനജീവിതത്തെയും കാഴ്ചപ്പാടുകളെയും കൂടുതൽ ഉയരങ്ങളിലേക്ക് നയിക്കുകയെന്നതാണ് ഇതുകൊണ്ട് വിഭാവനം ചെയ്യപ്പെടുന്നത്.

സമൂഹത്തിന്റെ വൈജ്ഞാനിക നിലവാരം മുന്നോട്ടുകൊണ്ടുപോകുന്നതിന് ഉന്നതവിദ്യാഭ്യാസരംഗം വികസിക്കുകയെന്നത് ഏറെ പ്രധാനമാണ്. അതിന്റെ അടിസ്ഥാനത്തിലാണ് ഉന്നതവിദ്യാഭ്യാസ മേഖലയിൽ കൂടുതൽ ഫണ്ട് വിനിയോഗിക്കുന്നതിന് സംസ്ഥാന സർക്കാർ തീരുമാനിച്ചത്. ഉന്നതവിദ്യാഭ്യാസത്തിന്റെ നിലവാരം ഉയർത്തുന്നതിനായി മൂന്ന് വിദ്യാഭ്യാസ കമീഷനുകളെ നിയോഗിച്ചതും ഈ പശ്ചാത്തലത്തിലാണ്. അതിന്റെ ശുപാർശകൾ നടപ്പാക്കുന്നതിനുള്ള നടപടികളിലേക്ക് സംസ്ഥാന സർക്കാർ കടക്കുന്ന ഘട്ടംകൂടിയാണ്‌ ഇത്. സർക്കാർ കോളേജുകളെ ശാക്തീകരിച്ചും സർവകലാശാലകൾക്ക് സ്വയംഭരണം നൽകിയും വിവിധ കാലങ്ങളിലെ ശ്രദ്ധേയമായ ചുവടുവയ്‌പുകളുടെ തുടർച്ചയെന്ന നിലയിലാണ് ഇത്തരമൊരു പദ്ധതിക്ക് സംസ്ഥാന സർക്കാർ രൂപംനൽകിയിട്ടുള്ളത്. ഗവേഷണ പ്രവർത്തനങ്ങൾ മെച്ചപ്പെടുത്തുന്നതിനായി ഇതിന്റെ ഭാഗമായി 500 പോസ്റ്റ് ഡോക്ടറേറ്റ് ഫെലോഷിപ്പും ഇന്ത്യയിൽ ആദ്യമായി പ്രഖ്യാപിച്ചുകഴിഞ്ഞു. പാവപ്പെട്ട വിദ്യാർഥിക്ക് ഒരു ലക്ഷം രൂപ വീതം നൽകുന്ന പദ്ധതിയും നടപ്പാക്കിക്കഴിഞ്ഞു.

സർക്കാരിന്റെ തുടർച്ചയായ ഇടപെടൽ ഉന്നതവിദ്യാഭ്യാസരംഗത്ത് വലിയ മാറ്റം സൃഷ്ടിച്ചിരിക്കുകയാണ്. കേരള സർവകലാശാലയ്‌ക്ക് നാകിന്റെ എ പ്ലസ് പ്ലസും ലഭിച്ചിട്ടുണ്ട്. മാത്രമല്ല, സംസ്കൃത സർവകലാശാല, കൊച്ചി, കലിക്കറ്റ്‌ സർവകലാശാലകളും എ പ്ലസ് ഗ്രേഡോടെ ദേശീയ തലത്തിൽ ശ്രദ്ധ നേടുകയും ചെയ്തു. മഹാത്മ ഗാന്ധി സർവകലാശാലയാകട്ടെ നാക് റീ അക്രെഡിറ്റേഷന് തയ്യാറെടുക്കുകയാണ്. സർക്കാർ – എയ്ഡഡ് കോളേജുകൾ ഇക്കാര്യത്തിൽ വലിയ കുതിപ്പ് നടത്തിയിട്ടുണ്ട്.

സംസ്ഥാന സർക്കാരിന്റെയും വിസിമാർ നേതൃത്വം നൽകുന്ന സർവകലാശാലകളുടെയും ഇത്തരമൊരു നേട്ടത്തിലേക്ക് ഉന്നതവിദ്യാഭ്യാസ മേഖല നയിക്കുമ്പോൾ ചാൻസലറുടെ സംഭാവന എന്താണെന്ന് പരിശോധിക്കേണ്ടതുണ്ട്. വിവിധ സർവകലാശാലകൾ അതിന്റെ മുന്നേറ്റത്തിനായി സമർപ്പിച്ചിട്ടുള്ള ഫയലുകൾ തീരുമാനമെടുക്കാതെ അതിൽ അടയിരിക്കുകയാണ് ചാൻസലർ. കണ്ണൂർ സർവകലാശാലയുമായി ബന്ധപ്പെട്ട 26 ഫയലും കലിക്കറ്റിന്റെ 14 ഫയലും എംജിയുടെ അഞ്ച്‌ ഫയലും കേരള സർവകലാശാലയുടെ 25 ഫയലും സംസ്കൃത സർവകലാശാലയുടെ ഒരു ഫയലിനും ഇതേ ഗതിയാണുള്ളത്.

കേരളത്തിലെ സർവകലാശാലകളുടെ അക്കാദമികവും ഗവേഷണാത്മകവുമായ മികവ് പ്രോത്സാഹിപ്പിക്കുന്നതിനുവേണ്ടി 2015 മുതൽ അന്നത്തെ ഗവർണർ ഏർപ്പെടുത്തിയതാണ് ചാൻസലേഴ്സ് അവാർഡ്. സാധാരണ സർവകലാശാലയ്‌ക്ക് അഞ്ചു കോടിയും സ്പെഷ്യലൈസ്ഡ് സർവകലാശാലയ്‌ക്ക് ഒരു കോടിയുമാണ് അവാർഡ് തുക. ഇതിന്റെ അർഹരെ കണ്ടെത്തി ലോക പ്രശസ്ത ശാസ്ത്രജ്ഞൻ സി എൻ ആർ റാവുവിന്റെ റിപ്പോർട്ട് ഗവർണർക്ക് മുമ്പിലെത്തിയിരുന്നു. എന്നാൽ, ആ തുക നൽകാതെ ആറു കോടി രൂപ ലാപ്‌സാക്കുകയായിരുന്നു ചാൻസലർ ചെയ്തത്.

ആർഎസ്എസ് തലവൻ മോഹൻ ഭാഗവതിനെ അങ്ങോട്ടുപോയി കണ്ട് മതനിരപേക്ഷ കേരളത്തെ അപമാനിക്കുകയാണ് ചാൻസലർ ചെയ്തത്. അവരുടെ തീട്ടൂരപ്രകാരം കേരളത്തിന്റെ ഉന്നതവിദ്യാഭ്യാസ രംഗത്ത് സർക്കാരും സർവകലാശാലകളും ഉണ്ടാക്കിയ നേട്ടം തകർക്കാൻ പുതിയ കൂട്ടാളികളെ തേടുകയാണ് ഇപ്പോൾ. എ പ്ലസ് പ്ലസ് നേടിയ കേരള സർവകലാശാലയെ തകർക്കാൻ പാകത്തിൽ ഒരു വൈസ് ചാൻസലറെ കണ്ടെത്താനുള്ള പിടച്ചിലുകളാണ് ഇപ്പോൾ ചാൻസലർ നടത്തിക്കൊണ്ടിരിക്കുന്ന ജൽപ്പനങ്ങൾ. തന്റെ ഇംഗിതം നടപ്പാക്കുന്നതിന് തടസ്സം നിന്നതിന്റെ പേരിൽ 15 സെനറ്റ് അംഗങ്ങളെ സസ്‌പെൻഡ്‌ ചെയ്തത് ഇതിന്റെ ഭാഗമാണ്. പുതിയ അംഗങ്ങളെ കൊണ്ടുവരാനുള്ള നീക്കം കോടതി ഇടപെട്ട് തടയുകയാണ് ചെയ്തത്.

ഒമ്പത്‌ വൈസ് ചാൻസലർമാരെ പുറത്താക്കാനുള്ള നീക്കവും നിയമവിരുദ്ധമാണെന്നതിന്റെ പേരിൽ കോടതി തടഞ്ഞിരിക്കുകയാണ്. സാധാരണനിലയിൽ ഒരു വൈസ് ചാൻസലറെ നീക്കണമെന്നുണ്ടെങ്കിൽ അവർ സാമ്പത്തിക അഴിമതി കാണിച്ചുവെന്നോ, സ്വഭാവദൂഷ്യം പോലുള്ളവ ഉണ്ടായി എന്നോ കണ്ടെത്തണം. ഇക്കാര്യത്തിൽ സുപ്രീംകോടതിയിലോ, ഹൈക്കോടതിയിലോ ജഡ്ജി ആയിരിക്കുന്നയാളോ, ആയിരുന്നയാളോ അന്വേഷിക്കുകയും വൈസ് ചാൻസലറുടെ ഭാഗം കേൾക്കുകയും വേണം. ഇത്തരം നിയമപരമായ ബാധ്യതകൾ നിലനിൽക്കവെയാണ് ആർഎസ്എസിന്റെ താൽപ്പര്യത്തിനായി സാങ്കേതിക സർവകലാശാലയ്‌ക്കുമാത്രം ഉണ്ടായ വിധിയുടെ പേരുപറഞ്ഞ് ചാൻസലർ രംഗത്തിറങ്ങിയിരിക്കുന്നത്. കേരളത്തിന്റെ ഉന്നതവിദ്യാഭ്യാസത്തെ സംഘപരിവാറിന്റെ കാൽക്കീഴിലെത്തിക്കാനുള്ള ഇത്തരം നീക്കങ്ങളെ മതനിരപേക്ഷ ശക്തികൾക്ക് അംഗീകരിക്കാനാകുന്നതല്ല. സംഘപരിവാർ നേതാവിനെ എല്ലാ കീഴ്‌വഴക്കങ്ങളെയും ലംഘിച്ച്‌ ചാൻസലറുടെ ഓഫീസിൽ ഇരുത്തിക്കൊണ്ടാണ് വിദ്യാഭ്യാസത്തിന്റെ രാഷ്ട്രീയവൽക്കരണത്തെക്കുറിച്ച് കേരളീയരെ ബോധവൽക്കരിച്ചുകൊണ്ടിരിക്കുന്നത്.

കേരളത്തിലെ സർവകലാശാലകളെ തകർക്കാനുള്ള ആർഎസ്എസ് അജൻഡയ്‌ക്ക് പിണിയാളുകളായി സേവ് യൂണിവേഴ്സിറ്റി ഫോറം എന്ന പേരിലുള്ള ഒരു കടലാസ് സംഘടനയും ഉപദേശകരായും മാധ്യമങ്ങളിൽ വാർത്ത എത്തിക്കുന്നവരായും രംഗപ്രവേശം ചെയ്തിട്ടുണ്ട്. പത്രപ്രവർത്തകരെ കേഡർമാരെന്നു പറഞ്ഞ് മാറ്റിനിർത്തുന്നിടത്താണ് ഇത്തരം കേഡർമാർക്ക് പരവതാനി ഒരുക്കുന്നത്. സർവകലാശാലയുടെ കാര്യങ്ങളിൽ കോൺഗ്രസിനും ആർഎസ്എസിനും ഇടയിലുള്ള പാലംകൂടിയായി പ്രവർത്തിക്കുകയെന്ന ദൗത്യവും ഈ കേഡർമാർക്കുണ്ട്. കേരളത്തിൽ പൊതുവിൽ രൂപപ്പെട്ടുവരുന്ന കോൺഗ്രസ്‌ – ബിജെപി - സ്വയംപ്രഖ്യാപിത വിപ്ലവകാരികളെന്ന അച്ചുതണ്ടിന്റെ ഉന്നതവിദ്യാഭ്യാസ രംഗത്തെ സൃഷ്ടിയാണ് സർവകലാശാലയ്‌ക്ക്‌ എതിരെയുള്ള സമര കോലാഹലങ്ങളുടെ പൊരുളെന്ന് തിരിച്ചറിയണം. കേരളത്തെയും കേരളത്തിന്റെ ഉന്നതവിദ്യാഭ്യാസത്തെയും സ്നേഹിക്കുന്നവർ ഈ അച്ചുതണ്ടിനെ തിരിച്ചറിഞ്ഞ് പ്രതിരോധം ഒരുക്കേണ്ടതുണ്ട്. ഇത് കേരളത്തിലെ പുതുതലമുറയുടെ വിദ്യാഭ്യാസ സ്വപ്നങ്ങളെ സാക്ഷാൽക്കരിക്കുന്നതിന് അനിവാര്യമാണെന്ന് മനസ്സിലാക്കണം.

സംസ്ഥാനങ്ങളുടെ അധികാരങ്ങളെ ഗവർണറെ കൊണ്ട് ഇടപെടുവിച്ച് കവർന്നെടുക്കുന്ന നയം രാജ്യത്തിന്റെ ഐക്യത്തെത്തന്നെ ബാധിക്കുന്നതാണെന്ന് കാണണം. ഇതിന്റെ തുടർച്ചയായി വേണം പ്രാദേശികഭാഷകളെ അംഗീകരിക്കാതെ ഹിന്ദി അടിച്ചേൽപ്പിക്കാനുള്ള നീക്കത്തെയും കാണാൻ. ഇത്തരം നയങ്ങളാണ് ബംഗ്ലാദേശിന്റെ രൂപീകരണത്തിലേക്കും ശ്രീലങ്കയിലെ നിലയ്‌ക്കാത്ത ചോരപ്രളയത്തിലേക്കും നയിച്ചതെന്നും തിരിച്ചറിയണം. അതുകൊണ്ട് സംഘപരിവാറിന്റെ ഇത്തരം നയങ്ങൾക്കെതിരെ രാജ്യത്തെ സ്നേഹിക്കുന്നവരുടെ വിപുലമായ ഐക്യനിര ഉയർന്നുവരണം.

 

കൂടുതൽ ലേഖനങ്ങൾ

പതിനാറാം ധനകമീഷൻ: സംസ്ഥാനത്തിന് അർഹമായ പരിഗണന കിട്ടണം

സ. കെ എൻ ബാലഗോപാൽ

നിതി ആയോഗ്‌ മുൻ വൈസ്‌ ചെയർമാൻ ഡോ. അരവിന്ദ്‌ പനഗാരിയ ചെയർമാനായ പതിനാറാം ധനകമീഷൻ റിപ്പോർട്ട്‌ തയ്യാറാക്കുന്നതിന്‌ മുന്നോടിയായുള്ള ചർച്ചകൾക്കായി കേരളത്തിലെത്തി മടങ്ങി. സംസ്ഥാനങ്ങൾക്കുള്ള ധനവിഹിതം സംബന്ധിച്ച ധന കമീഷന്റെ റിപ്പോർട്ടിനും തീർപ്പുകൾക്കും (അവാർഡുകൾ) വലിയ പ്രധാന്യമാണുള്ളത്‌.

സംസ്ഥാനങ്ങളുടെ ധനപരമായ ഫെഡറലിസം ശക്തിപ്പെടുത്തണം, ധനകമീഷന്‌ സിപിഐ എം നിവേദനം നൽകി

സംസ്ഥാനങ്ങളുടെ ധനപരമായ ഫെഡറലിസവും സാമ്പത്തിക സ്വയംഭരണവും ശക്തിപ്പെടുത്തുന്ന നിർദേശങ്ങൾ ഉണ്ടാകണമെന്ന്‌ പതിനാറാം ധനകമീഷനോട്‌ സിപിഐ എം ആവശ്യപ്പെട്ടു. നികുതി വരുമാനം വിഭജിക്കുന്നതിലെ മാനദണ്ഡങ്ങളിലും മാറ്റം വരുത്തണം. ഇതുൾപ്പെടെയുള്ള സിപിഐ എം സംസ്ഥാന കമ്മിറ്റിയുടെ നിർദേശങ്ങൾ മുൻ ധനമന്ത്രി സ.

ഇന്ത്യയിലെ ബാങ്കുകളുടെ കിട്ടാക്കടം 4,50,670 കോടി രൂപയെന്ന് കേന്ദ്രധനമന്ത്രാലയം

ഇന്ത്യയിലെ ബാങ്കുകളുടെ കിട്ടാക്കടം 4,50,670 കോടി രൂപയെന്ന് കേന്ദ്രധനമന്ത്രാലയം. സ. ജോൺ ബ്രിട്ടാസ് എംപി രാജ്യസഭയിൽ ഉന്നയിച്ച ചോദ്യത്തിന് മറുപടിയായാണ് കേന്ദ്ര ധനസഹമന്ത്രി പങ്കജ് ചൗധരി കിട്ടാക്കടത്തിന്റെയും എഴുതി തള്ളിയ വായ്പകളുടെയും വിശദാംശങ്ങൾ നൽകിയത്.

ജില്ലാ സമ്മേളനങ്ങൾക്ക് തുടക്കം

കൊടിയ വർഗീയതയും തീവ്രവലതുപക്ഷവൽകരണവുമടക്കം പുതിയകാല വെല്ലുവിളികൾക്കുനേരെ പോരാടാൻ കൂടുതൽ കരുത്തോടെ സിപിഐ എം ഇനി ജില്ലാ സമ്മേളനങ്ങളിലേക്ക്‌. ഇന്ന് കൊല്ലത്ത്‌ പതാക ഉയർന്നതോടെ ആരംഭിച്ച സംസ്ഥാനത്തെ ജില്ലാ സമ്മേളനങ്ങൾക്ക്‌ 2025 ഫെബ്രുവരി 9 മുതൽ 11 വരെ നടക്കുന്ന തൃശൂർ സമ്മേളനത്തോടെ പരിസമാപ്തിയാകും.