Skip to main content

പുന്നപ്ര വയലാർ 76-ാം വാർഷികം

ഇന്ത്യൻ സ്വാതന്ത്ര്യസമര ചരിത്രത്തിൽ ഐതിഹാസികമായ അദ്ധ്യായം എഴുതിച്ചേർത്ത പുന്നപ്ര-വയലാർ ജനകീയമുന്നേറ്റത്തിന്‌ 76 വർഷം. ആധുനിക കേരളത്തിന്റെ രാഷ്ട്രീയ അജൻഡയ്‌ക്കു രൂപംനൽകിയ ജനകീയവിപ്ലവങ്ങളിൽ എന്തുകൊണ്ടും പ്രഥമസ്ഥാനമാണ്‌ പുന്നപ്ര-വയലാറിന്റേത്‌. 76-ാം വാർഷിക വാരാചരണത്തിന്‌ സമാപനംകുറിച്ച്‌ ഇന്ന് അമരന്മാരായ വയലാർ രക്തസാക്ഷികൾക്ക്‌ നാട്‌ പ്രണാമം അർപ്പിക്കും. സഖാവ് സി എച്ച്‌ കണാരൻ ദിനമായ ഒക്‌ടോബർ 20ന്‌ തുടങ്ങിയ വാരാചരണം വയലാർ രക്തസാക്ഷി ദിനത്തോടെയാണ്‌ സമാപിക്കുക. അടിച്ചമർത്തലുകൾക്കും അവകാശ നിഷേധങ്ങൾക്കുമെതിരെ, സ്വാതന്ത്ര്യ കുതുകികളായ അമ്പലപ്പുഴ, ചേർത്തല താലൂക്കുകളിലെ കയർ തൊഴിലാളികളുടെ മനസ്സിൽ ഉടലെടുത്ത തീപ്പൊരി ആളിപ്പടർന്നാണ്‌, കേരളചരിത്രത്തെ ചുവപ്പിച്ച ഈ ജനകീയമുന്നറ്റം സാധ്യമായത്‌. സമരത്തെ രാഷ്‌ട്രീയമായി ശ്രദ്ധേയമാക്കിയ മറ്റൊരു ഘടകം അതിന്റെ സാമ്രാജ്യത്വ വിരുദ്ധതയാണ്‌.

രാവന്തിയോളം പണിയെടുത്താലും കൂലി നൽകാത്ത കയർഫാക്‌ടറി ഉടമകൾ. കൂലി ചോദിച്ചാൽ ക്രൂരമർദനവും പിരിച്ചുവിടലും. ഒടുവിൽ സംഘടിതമായി പോരാടാൻതന്നെ തൊഴിലാളികൾ നിശ്ചയിച്ചു. 1922ൽ ആലപ്പുഴയിലെ കയർ ഫാക്‌ടറി തൊഴിലാളികൾ രഹസ്യയോഗം ചേർന്ന് "തിരുവിതാംകൂർ ലേബർ അസോസിയേഷൻ" എന്ന സംഘടനയ്‌ക്ക്‌ രൂപം നൽകി. ഇതറിഞ്ഞ മുതലാളിമാർ സംഘടന ഇല്ലാതാക്കാൻ ശ്രമമാരംഭിച്ചു. നിരവധി പേരെ മർദിച്ച് ജീവച്ഛവങ്ങളാക്കി. നിരവധി പേരെ തുറുങ്കിലടച്ചു. ചെറുത്തുനിൽപ്പിന് തയ്യാറായ തൊഴിലാളികൾക്ക് സംഘടന കരുത്തേകി. ഈ സംഘടന ക്രമേണ തൊഴിലാളികളുടെ വർഗസംഘടനയായി മാറുകയും അവകാശപ്പോരാട്ടങ്ങൾക്ക് നടുനായകത്വം വഹിക്കുകയും ചെയ്‌തു.

നിരവധി പോരാട്ടങ്ങളുടെ അഗ്നിജ്വാലകളിലൂടെ കടന്നുപോയ തൊഴിലാളിവർഗം, അടിച്ചമർത്തലുകൾക്കും സ്വാതന്ത്ര്യ നിഷേധത്തിനുമെതിരെ സന്ധിയില്ലാസമരത്തിന് തയ്യാറായി. 1122 കന്നി 27ന് ചേർന്ന തിരുവിതാംകൂർ ട്രേഡ് യൂണിയൻ സമ്മേളനമാണ് നിർണായക തീരുമാനമെടുത്തത്. അമേരിക്കൻ മോഡൽ പിൻവലിക്കുക, ദിവാൻ ഭരണം അവസാനിപ്പിക്കുക, ഉത്തരവാദിത്വ ഭരണവും പ്രായപൂർത്തി വോട്ടവകാശവും ഏർപ്പെടുത്തുക, പൊലീസ് ക്യാമ്പുകൾ പിൻവലിക്കുക, രാഷ്‌ട്രീയത്തടവുകാരെ വിട്ടയക്കുക തുടങ്ങി 26 ആവശ്യം ഉന്നയിച്ച് പണിമുടക്കാൻ സമ്മേളനം നിശ്ചയിച്ചു. കൂലിയും ആനുകൂല്യവും മാത്രമല്ല നാടിന്റെ അഭിമാനവും സ്വാതന്ത്ര്യവും ആയിരുന്നു പ്രധന മുദ്രാവാക്യങ്ങൾ. പണിമുടക്കിനെ അടിച്ചമർത്താൻ ആകുന്നതെല്ലാം സർ സി പിയും പൊലീസും ചെയ്‌തു. പാർടി ഓഫീസുകളും തൊഴിലാളികളുടെ വീടുകളുമെല്ലാം തല്ലിത്തകർത്തു. ജാഥകൾക്ക് നേരെ ലാത്തിച്ചാർജും വെടിവയ്‌പും നടത്തി. നിരവധി പേർ മരിച്ചുവീണു. തിരിച്ചടിക്കാൻതന്നെ തൊഴിലാളികൾ നിശ്ചയിച്ചു. പല സ്ഥലത്തും തൊഴിലാളികൾ പൊലീസും പട്ടാളവുമായി ഏറ്റുമുട്ടി. നിരവധി പേർ രക്തസാക്ഷികളായി. ഒടുവിൽ പുന്നപ്ര പട്ടാള ക്യാമ്പിലേക്ക്‌ തൊഴിലാളികൾ മാർച്ചു ചെയ്‌തു. യന്ത്രത്തോക്കുകളെ വാരിക്കുന്തവുമായി നേരിട്ട ധീരതയുടെ പേരാണ് പുന്നപ്ര-വയലാർ. പുന്നപ്രയിലും വയലാറിലും മാരാരിക്കുളത്തും മേനാശേരിയിലുമായി നൂറുകണക്കിന്‌ സഖാക്കൾ രക്തസാക്ഷിത്വം വരിച്ചു. സങ്കല്പിക്കാനാവാത്ത ത്യാഗങ്ങളിലൂടെ മുന്നേറിയ തൊഴിലാളിവർഗം ഒടുവിൽ വിജയിക്കുകതന്നെ ചെയ്‌തു. ആ സമരവും വിജയവുമാണ്‌ ഇന്ത്യൻ തൊഴിലാളിവർഗത്തിന് ദിശാബോധം നൽകിയത്. ഇന്ത്യയെ സ്വാതന്ത്ര്യത്തിലേക്ക് നയിക്കുന്നതിൽ ഈ മുന്നേറ്റവും വലിയ പങ്കുവഹിച്ചു. ബ്രിട്ടീഷുകാരുടെ ചെരുപ്പ് നക്കിയവരുടെ പിൻമുറക്കാർ ഇപ്പോഴും പുന്നപ്ര-വയലാർ സമരത്തെ സ്വാതന്ത്ര്യസമരമായി കാണാൻ മടിക്കുകയാണ്.

രാജ്യത്തിന്റെ സ്വാതന്ത്ര്യവും പരമാധികാരവും കോർപ്പറേറ്റുകൾക്ക് തീറെഴുതുകയാണ്, ഇപ്പോൾ രാജ്യം ഭരിക്കുന്ന ബിജെപി. പുന്നപ്ര-വയലാർ സമരസേനാനികൾ ഉയർത്തിയ മുദ്രാവാക്യങ്ങൾ 76വർഷങ്ങൾക്ക് ശേഷവും പ്രസക്തമാണെന്ന്‌ ഇത്‌ തെളിയിക്കുന്നു. ഗവർണറെ ഉപയോഗിച്ച്, ജനങ്ങൾ തെരഞ്ഞെടുത്ത ജനകീയ സർക്കാരിനെ അട്ടിമറിക്കാനുള്ള നീക്കങ്ങളാണ് കേന്ദ്രം ഭരിക്കുന്ന ബിജെപി നടപ്പിലാക്കുന്നത്. തൊഴിൽനിയമങ്ങൾ കാറ്റിൽ പറത്തി കേന്ദ്ര സർക്കാർ കോർപറേറ്റുകൾക്ക് വിടുവേല ചെയ്യുകയാണ്‌. മോദി ഭരണത്തിൽ തൊഴിലില്ലായ്‌മയും വിലക്കയറ്റവും രൂക്ഷമാകുന്നു. ഇന്ധനവില അനുദിനം വർധിക്കുന്നു. ബിജെപി ഭരിക്കുന്ന ഉത്തർപ്രദേശിലും മധ്യപ്രദേശിലും ദളിത്‌-സ്‌ത്രീ വേട്ട തുടരുന്നു. തൊഴിലാളികളെ ഭിന്നിപ്പിച്ച് ഭരണം നിലനിർത്താൻ ശ്രമിച്ച ബ്രിട്ടീഷുകാർ പയറ്റിയ ഭിന്നിപ്പിച്ച് ഭരിക്കൽ തന്ത്രംതന്നെയാണ്‌ ബിജെപിയും പരീക്ഷിക്കുന്നത്‌. വെറുപ്പിന്റെ രാഷ്ട്രീയ പരീക്ഷണശാലയായി അവർ ഇന്ത്യയെ മാറ്റുന്നു. കേരള രാജ്‌ഭവന്‍ രാജ്യത്തിന്റെ ജനാധിപത്യ സംവിധാനത്തെയും ഭരണഘടനയെയും വെല്ലുവിളിക്കുകയാണ്.

പുന്നപ്ര-വയലാർ കാട്ടിയ വഴിയിലൂടെ മുന്നേറി 1957ൽ അധികാരത്തിൽ വന്ന, ഇഎംഎസിന്റെ നേതൃത്വത്തിലുള്ള കമ്യൂണിസ്‌റ്റ്‌ മന്ത്രിസഭയുടെ പിന്തുടർച്ചയായാണ്‌ 2016ൽ എൽഡിഎഫ് സർക്കാർ അധികാരത്തിൽ എത്തിയത്‌. 2021ൽ എൽഡിഎഫ് സർക്കാർ തുടർഭരണം നേടിയത്‌ ഇക്കാലത്തെ രാഷ്‌ട്രീയസവിശേഷതയാണ്. തെരഞ്ഞെടുപ്പിൽ കോൺഗ്രസുമായി നീക്കുപോക്ക് ഉണ്ടാക്കിയിട്ടും ജനങ്ങളിൽ നിന്നും ദയനീയമായി ഒറ്റപ്പെട്ട ആർഎസ്എസ് നേതൃത്വം കേരളത്തിൽ ഗവർണറെ ഉപയോഗിച്ച് തങ്ങളുടെ അജൻഡ നടപ്പാക്കാമോ എന്ന ശ്രമത്തിലാണ്. തങ്ങൾക്ക്‌ ഇഷ്‌ടമില്ലാത്ത പ്രാദേശിക സർക്കാരുകളെ ഗവർണർമാരെ ഉപയോഗിച്ച്‌ എങ്ങനെ തകർക്കാം എന്നു നോക്കുകയാണ്‌ കേന്ദ്രസർക്കാരും ബിജെപിയും. കേരളത്തിൽ മാത്രമല്ല, ഇതര സംസ്ഥാനങ്ങളിലെല്ലാം ഇതിനാണ്‌ ബിജെപി ശ്രമിക്കുന്നത്‌. തമിഴ്‌നാട്ടിൽ, മഹാരാഷ്‌ട്രയിൽ, തെലങ്കാനയിൽ തുടങ്ങി ബിജെപി ഇതര സർക്കാരുകളുടെ പ്രവർത്തനങ്ങളിൽ ഗവർണർമാർ ഇടപെട്ട് തടസ്സം സൃഷ്ടിക്കുന്നു. ബിജെപി നേതാക്കളോ പ്രവർത്തകരോ ആയവരെയാണ്‌ ഗവർണർമാരാക്കുന്നത്‌. അന്ധവിശ്വാസവും അനാചാരങ്ങളും മുഖമുദ്രയാക്കിയവർ അമിതാധികാര പ്രയോഗത്തിലൂടെ നാടിന്റെ അഭിമാനമായ സർവകലാശാലകളെയും തകർക്കാനാണ്‌ നീക്കം. ഒന്നുകിൽ എംഎൽഎമാരെ വിലയ്‌ക്കുവാങ്ങി അധികാരം പിടിക്കുക, അല്ലെങ്കിൽ ഗവർണർമാരെ ആയുധമാക്കി സർക്കാരിനെ തകർക്കുക എന്നതാണ്‌ ബിജെപി നയം. കോൺഗ്രസ് ഭരിച്ചിരുന്ന ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ കോൺഗ്രസ് നേതൃത്വത്തെ മുഴുവനായി വിലയ്ക്ക് വാങ്ങുകയാണ് ബിജെപി ചെയ്തത്. കേരളത്തിൽ സംഘപരിവാർ ഗവർണറെ ഉപയോഗിച്ച് ജനാധിപത്യത്തെയും ഭരണഘടനയെയും ഇല്ലാതാക്കാനുള്ള ശ്രമം തുടരുമ്പോൾ കേരളത്തിലെ കോൺഗ്രസ് നേതൃത്വം ഗവർണറുടെ അസാധാരണ നീക്കങ്ങൾക്ക് പോലും പിന്തുണ പ്രഖ്യാപിക്കുകയാണ്. സംഘപരിവാർ അജൻഡ നടപ്പാക്കാൻ ശ്രമിക്കുന്ന ഗവർണർക്കും അതിനെ പിന്തുണയ്‌ക്കുന്ന കോൺഗ്രസ്‌ നേതൃത്വത്തിനുമെതിരെ ജനാധിപത്യ വിശ്വാസികളുടെ ശക്തമായ ചെറുത്തുനിൽപ്പ്‌ ഉയരണം. കേരളത്തിലെ ഇടതുപക്ഷ ജനാധിപത്യ മുന്നണിയും പുരോഗമന ജനാധിപത്യ മതനിരപേക്ഷ സമൂഹവും ശക്തമായ പ്രക്ഷോഭംതന്നെ ഉയർത്തിക്കൊണ്ടുവരണം. രാജ്യത്തെ മതനിരപേക്ഷ മുന്നേറ്റങ്ങൾക്ക്‌ ‌കരുത്തുപകരാൻ കേരളത്തിൽ എൽഡിഎഫ്‌ ഭരണം നിലനിർത്തേണ്ടത്‌ അത്യന്താപേക്ഷിതമാണ്‌. രാഷ്‌ട്രീയ എതിരാളികളുടെയും വലതുപക്ഷ മാധ്യമങ്ങളുടെയും കള്ളപ്രചാരവേലയെ അതിജീവിച്ച്‌ മതനിരപേക്ഷതയിലൂന്നിയ ഇടതുപക്ഷ രാഷ്ട്രീയം മുന്നോട്ട് കൊണ്ടുപോകാൻ പുന്നപ്ര-വയലാർ രക്തസാക്ഷികളുടെ ജ്വലിക്കുന്ന സ്‌മരണ നമുക്ക് കരുത്തുപകരും.

പുന്നപ്ര വയലാറിന്റെ ത്യാഗോജ്വലമായ സമരപാരമ്പര്യമുള്ള ഈ നാടിനെ തകർക്കാമെന്നോ ചൊല്പടിയിൽ നിർത്താമെന്നോ ഉള്ള പാഴ്സ്വപ്നങ്ങളുമായി വരുന്നവർക്ക് പോരാട്ടങ്ങളുടെ ചരിത്രം ഉറങ്ങുന്ന ഈ മണ്ണ് ചുട്ടമറുപടി നൽകും. പുന്നപ്ര, വയലാർ, മേനാശ്ശേരി, മാരാരിക്കുളം സമരധീരർക്ക് രക്താഭിവാദ്യം.

സാമ്രാജ്യത്വ വിരുദ്ധ, കുത്തക വിരുദ്ധ, വർഗീയ വിരുദ്ധ പോരാട്ടങ്ങൾ തുടരുക തന്നെ ചെയ്യും.

കൂടുതൽ ലേഖനങ്ങൾ

പതിനാറാം ധനകമീഷൻ: സംസ്ഥാനത്തിന് അർഹമായ പരിഗണന കിട്ടണം

സ. കെ എൻ ബാലഗോപാൽ

നിതി ആയോഗ്‌ മുൻ വൈസ്‌ ചെയർമാൻ ഡോ. അരവിന്ദ്‌ പനഗാരിയ ചെയർമാനായ പതിനാറാം ധനകമീഷൻ റിപ്പോർട്ട്‌ തയ്യാറാക്കുന്നതിന്‌ മുന്നോടിയായുള്ള ചർച്ചകൾക്കായി കേരളത്തിലെത്തി മടങ്ങി. സംസ്ഥാനങ്ങൾക്കുള്ള ധനവിഹിതം സംബന്ധിച്ച ധന കമീഷന്റെ റിപ്പോർട്ടിനും തീർപ്പുകൾക്കും (അവാർഡുകൾ) വലിയ പ്രധാന്യമാണുള്ളത്‌.

സംസ്ഥാനങ്ങളുടെ ധനപരമായ ഫെഡറലിസം ശക്തിപ്പെടുത്തണം, ധനകമീഷന്‌ സിപിഐ എം നിവേദനം നൽകി

സംസ്ഥാനങ്ങളുടെ ധനപരമായ ഫെഡറലിസവും സാമ്പത്തിക സ്വയംഭരണവും ശക്തിപ്പെടുത്തുന്ന നിർദേശങ്ങൾ ഉണ്ടാകണമെന്ന്‌ പതിനാറാം ധനകമീഷനോട്‌ സിപിഐ എം ആവശ്യപ്പെട്ടു. നികുതി വരുമാനം വിഭജിക്കുന്നതിലെ മാനദണ്ഡങ്ങളിലും മാറ്റം വരുത്തണം. ഇതുൾപ്പെടെയുള്ള സിപിഐ എം സംസ്ഥാന കമ്മിറ്റിയുടെ നിർദേശങ്ങൾ മുൻ ധനമന്ത്രി സ.

ഇന്ത്യയിലെ ബാങ്കുകളുടെ കിട്ടാക്കടം 4,50,670 കോടി രൂപയെന്ന് കേന്ദ്രധനമന്ത്രാലയം

ഇന്ത്യയിലെ ബാങ്കുകളുടെ കിട്ടാക്കടം 4,50,670 കോടി രൂപയെന്ന് കേന്ദ്രധനമന്ത്രാലയം. സ. ജോൺ ബ്രിട്ടാസ് എംപി രാജ്യസഭയിൽ ഉന്നയിച്ച ചോദ്യത്തിന് മറുപടിയായാണ് കേന്ദ്ര ധനസഹമന്ത്രി പങ്കജ് ചൗധരി കിട്ടാക്കടത്തിന്റെയും എഴുതി തള്ളിയ വായ്പകളുടെയും വിശദാംശങ്ങൾ നൽകിയത്.

ജില്ലാ സമ്മേളനങ്ങൾക്ക് തുടക്കം

കൊടിയ വർഗീയതയും തീവ്രവലതുപക്ഷവൽകരണവുമടക്കം പുതിയകാല വെല്ലുവിളികൾക്കുനേരെ പോരാടാൻ കൂടുതൽ കരുത്തോടെ സിപിഐ എം ഇനി ജില്ലാ സമ്മേളനങ്ങളിലേക്ക്‌. ഇന്ന് കൊല്ലത്ത്‌ പതാക ഉയർന്നതോടെ ആരംഭിച്ച സംസ്ഥാനത്തെ ജില്ലാ സമ്മേളനങ്ങൾക്ക്‌ 2025 ഫെബ്രുവരി 9 മുതൽ 11 വരെ നടക്കുന്ന തൃശൂർ സമ്മേളനത്തോടെ പരിസമാപ്തിയാകും.