Skip to main content

കടക്കെണിയെന്ന നുണ പ്രചാരണത്തിന്റെ ലക്ഷ്യം കേരളത്തിന്റെ വികസനം തടയൽ

കേരളം കടക്കെണിയെന്ന നുണ പ്രചാരണത്തിന്റെ ലക്ഷ്യം സംസ്ഥാനത്തിന്റെ വികസനം തടയലാണ്. കേരളത്തെ സാമ്പത്തികമായി ഞെരുക്കുന്നതിനൊപ്പം സംസ്ഥാനം കടക്കെണിയിലാണെന്ന് വരുത്തിത്തീർക്കാനുള്ള കേന്ദ്രസർക്കാർ പ്രചാരണം പൊതുബോധമാക്കാൻ ഒരുവിഭാഗം മാധ്യമങ്ങൾ ശ്രമിക്കുകയാണ്. കേന്ദ്രസർക്കാരല്ല ഇന്നത്തെ പ്രതിസന്ധിക്ക് ഉത്തരവാദി, മറിച്ച് കടത്തോടുള്ള കമ്പവും നികുതിപിരിവിലെ വീഴ്ചയുമാണ് ഇന്നത്തെ സാമ്പത്തിക പ്രതിസന്ധിക്കു കാരണം എന്നാണ് ഇവർ വാദിക്കുന്നത്. ഇതിന് ഉദാഹരണമാണ് മലയാള മനോരമ പത്രം കഴിഞ്ഞ ദിവസം പ്രസിദ്ധീകരിച്ച സാമ്പത്തിക പരമ്പര. കഴിഞ്ഞ 25 വർഷംകൊണ്ട് കേരളത്തിൻറെ പൊതുകടത്തിൽ 3 ലക്ഷംകോടി രൂപയുടെ വർധന! അതായത് അഞ്ച് സർക്കാരുകൾ മാറിമാറി കേരളം ഭരിച്ചപ്പോൾ 1996ലെ കടം 13 ഇരട്ടിയായി പെരുകി. ഇന്നും റിസർവ് ബാങ്കിൽനിന്നും കേരളം കടമെടുക്കുകയാണ്, 2603 കോടി രൂപ. രണ്ടാം പിണറായി സർക്കാർ കാലാവധി പൂർത്തിയാക്കുമ്പോൾ കേരളത്തിൻറെ പൊതുകടം 4 ലക്ഷം കോടിയായി ഉയർന്നേക്കും എന്നാണ് മനോരമയുടെ വാദം. മനോരമയ്ക്കു പറ്റിയ ആദ്യത്തെ തെറ്റ് ഇവിടെയാണ്; രണ്ടാം പിണറായി സർക്കാരിൻറെ കാലാവധി കഴിയുമ്പോൾ പൊതുകടം 4 ലക്ഷം കോടി രൂപയല്ല. ഏതാണ്ട് 6 ലക്ഷം കോടി രൂപയോളം വരും. അതുകൊണ്ട് ഒരു കെടുതിയും കേരളത്തിൽ ഉണ്ടാകാൻ പോകുന്നില്ല. കാരണം, അപ്പോഴേക്കും കേരള സംസ്ഥാന ജിഡിപി, ഏതാണ്ട് ഇരട്ടിയാകുമെന്നു തീർച്ചയാണ്. 2020-21 ൽ കേരള സംസ്ഥാന ജിഡിപി 9 ലക്ഷം കോടി രൂപയാണ്. 2025-26 ൽ ഇത് 18 ലക്ഷം കോടി രൂപയായിട്ടെങ്കിലും ഉയരും.

അപ്പോൾ പിന്നെ എന്താണു പ്രശ്നം? സംസ്ഥാന വരുമാനത്തിൻറെ ശതമാനമായി കണക്കാക്കിയാൽ കടബാധ്യതയിൽ ഒരു വർദ്ധനയും ഉണ്ടാവില്ല. കടബാധ്യതയെ ദേശീയവരുമാനവുമായി ബന്ധപ്പെടുത്താതെ പൊലിപ്പിച്ചു പറഞ്ഞ് ജനങ്ങളെ ഭയപ്പെടുത്താൻ നോക്കുകയാണ് മനോരമ പത്രം. ഉമ്മൻചാണ്ടി - എ കെ ആന്റണി ഭരണം 2006ൽ അവസാനിച്ചപ്പോൾ സംസ്ഥാനകടം ജിഡിപിയുടെ 39 ശതമാനമായിരുന്നു. ഇതു പിന്നീട് കുറഞ്ഞുവന്നു. ഇപ്പോൾ മനോരമ കണക്കിലെ കസർത്തുകൊണ്ട് നമ്മളെയൊക്കെ വിഭ്രമിപ്പിക്കാൻ ശ്രമിക്കുന്നകാലത്ത് കോവിഡും മഹാപ്രളയവും എല്ലാം ഉണ്ടായിട്ടും 2021ൽ നമ്മുടെ കടം സംസ്ഥാന ജിഡിപിയുടെ 37 ശതമാനമേ ആയുള്ളൂ.

പിണറായി വിജയൻ സർക്കാരിനെ താറടിക്കാൻ ഉണ്ടാക്കിയിരിക്കുന്ന കഥയിൽ മനോരമ അറിയാതെ പോകുന്ന കാര്യം കേരള സംസ്ഥാനത്തിൻറെ കടം എല്ലാ 5 വർഷം കൂടുമ്പോഴും ഏതാണ്ട് ഇരട്ടിക്കുന്നു എന്നതാണ്. 2001ൽ ഇ കെ നായനാർ ഭരണം അവസാനിക്കുമ്പോൾ കേരളത്തിൻറെ കടം 25,754 കോടി രൂപയായിരുന്നു. 2005ൽ എ കെ ആന്റണി - ഉമ്മൻചാണ്ടി ഭരണം അവസാനിച്ചപ്പോൾ, ഇത് ഏതാണ്ട് ഇരട്ടിയായി, 47,940 കോടി രൂപയായി വർധിച്ചു. വി എസ് അച്യുതാനന്ദൻ സർക്കാരിന്റെ ഭരണം അവസാനിച്ചപ്പോൾ ഏതാണ്ട് ഇരട്ടിയായി ഇത് വർധിച്ച് 82,486 കോടി രൂപയായി. ഉമ്മൻചാണ്ടി അത് 2016 ആയപ്പോഴേക്കും ഇരട്ടിപ്പിച്ച് 1.60 ലക്ഷം കോടി രൂപയാക്കി. ഇതാണ് ഒന്നാം പിണറായി സർക്കാർ ഭരണം അവസാനിച്ചപ്പോൾ 3.35 ലക്ഷം കോടി രൂപയായത്. ഇങ്ങനെ കടം വാങ്ങിയതിന്റെ ഫലമായി കേരളം കടംകൊണ്ടു മുടിഞ്ഞോ എന്നതാണു പ്രസക്തമായ ചോദ്യം. മുടിഞ്ഞില്ലെന്നു മാത്രമല്ല കേരളത്തിൻറെ സാമ്പത്തിക വളർച്ച ഈ കാലയളവിൽ കുതിച്ചുയരുകയും ചെയ്തു.

1961 മുതൽ 1987 വരെയുള്ള കാലയളവിൽ കേരള സമ്പദ്ഘടന വളർന്നതു പ്രതിവർഷം 2.93 ശതമാനം വീതമാണ്. എന്നാൽ 1988 മുതൽ 2018 വരെയുള്ള കാലയളവിൽ കേരളം വളർന്നതു പ്രതിവർഷം 6.71 ശതമാനം വീതമാണ്. പ്രതിശീർഷവരുമാന വളർച്ചയാകട്ടെ 1988 നു മുൻപ് 0.99 ശതമാനം ആയിരുന്നത് 6.0 ശതമാനമായി ഉയർന്നു. കേരളത്തിൻറെ പ്രതിശീർഷവരുമാനം ദേശീയശരാശരിയുടെ 25 ശതമാനം താഴ്ന്നുനിന്നത് 50 ശതമാനം മുകളിലായി. കടം പറഞ്ഞുപറഞ്ഞ് കേരളം തകർന്നുവെന്നു മനോരമകഥാകാരൻ പറയുന്ന കാലയളവിൽ കേരളം കടുത്ത സാമ്പത്തിക മുരടിപ്പിൽനിന്ന് ഉയർത്തെഴുന്നേൽക്കുകയാണു ചെയ്തത്.

സംസ്ഥാനത്തിനു വായ്പ എടുക്കണമെങ്കിൽ കേന്ദ്രത്തിൻറെ മുൻകൂർ അനുമതിവേണം. കേന്ദ്രമാവട്ടെ സംസ്ഥാന ആഭ്യന്തര വരുമാനത്തിൻറെ 3 ശതമാനത്തിനപ്പുറം വായ്പയെടുക്കാൻ സംസ്ഥാനങ്ങളെ അനുവദിക്കുകയും ഇല്ല. അതുകൊണ്ട് ഒരു സംസ്ഥാനവും കടംകയറി മുടിയില്ല. പ്രത്യേകിച്ച് സംസ്ഥാന ജിഡിപി ദേശീയശരാശരിയുടെ വേഗതയിലെങ്കിലും വളർന്നുകൊണ്ടിരുന്നാൽ ഒരിക്കലും അതു സംഭവിക്കില്ല. ഒരു രാജ്യത്തിന്റെയോ, സംസ്ഥാനത്തിന്റെയോ കടം താങ്ങാവുന്നതാണോ അല്ലെങ്കിൽ സുസ്ഥിരമാണോയെന്നു കണക്കാക്കുന്നതിനു സാമ്പത്തികശാസ്ത്രത്തിൽ കൃത്യമായ ഫോർമുലകളുണ്ട്. എടുക്കുന്ന വായ്പയുടെ പലിശനിരക്ക് ജിഡിപിയുടെ വളർച്ചാനിരക്കിനേക്കാൾ താഴ്ന്നതാണെങ്കിൽ കടം താങ്ങാവുന്നതാണ്.1988 മുതലുള്ള കാലയളവ് എടുത്താൽ കോവിഡ് കാലമൊഴികെ ഏതാണ്ട് എല്ലാവർഷവും സാമ്പത്തികവളർച്ച വായ്പാ പലിശനിരക്കിനേക്കാൾ എത്രയോ ഉയർന്നതാണ്.

കിഫ്ബി എന്ന പൊതുമേഖലാസ്ഥാപനം എടുക്കുന്ന വായ്പ സംസ്ഥാന സർക്കാരിൻറെ വായ്പയായി കണക്കാക്കി നടപ്പുവർഷത്തെ സാധാരണഗതിയിലുള്ള വായ്പ വെട്ടിക്കുറയ്ക്കാനുള്ള കേന്ദ്രസർക്കാരിന്റെ നീക്കത്തെ പരസ്യമായി പിന്തുണയ്ക്കുന്ന ആദ്യത്തെ മലയാള മാധ്യമമായി മനോരമ മാറിയിരിക്കുകയാണ്. എന്നാൽ കിഫ്ബി ചെയ്തതുപോലെ ദേശീയപാതാ അതോറിറ്റി തുടങ്ങിയവയെ ഉപയോഗപ്പെടുത്തി കേന്ദ്രസർക്കാർ കടമെടുത്തതു മൂന്നുലക്ഷത്തിൽപരം കോടി രൂപയാണ്.പക്ഷേ, ഇതു കേന്ദ്രസർക്കാരിൻറെ വായ്പയായി ആരെങ്കിലും കണക്കിൽപ്പെടുത്തുന്നുണ്ടോ? എന്തുകൊണ്ട് കേരളത്തോട് ഇരട്ടത്താപ്പ്? ഉത്തരം ലളിതമാണ്. കേരളത്തിൻറെ വികസനമാർഗ്ഗം അട്ടിമറിക്കുക.

കോവിഡിനെ കാര്യക്ഷമമായി നേരിടാൻ സാധിച്ചതും ക്ഷേമപ്രവർത്തനങ്ങളും കിഫ്‌ബി ഫണ്ട്‌ സഹായത്തോടെ വൻ വികസനനിക്ഷേപം നടത്താനായതുമാണ്‌ കേരളത്തിൽ എൽഡിഎഫ് തുടർഭരണത്തിന്‌ കാരണമായതെന്ന്‌ കേന്ദ്രസർക്കാറിനറിയാം. അതിനാൽ തന്നെ ഇനി വികസനം നടത്താൻ അനുവദിക്കാനാകില്ലെന്ന നിലപാടിലാണ്‌ കേന്ദ്രം. കിഫ്‌ബി ധനസമാഹരണം സംസ്ഥാനത്തിന്റെ വായ്‌പയായി കണക്കാക്കിയത്‌ ഈ ലക്ഷ്യത്തോടെയാണ്‌. 36,000 കോടി രൂപ വായ്‌പ എടുക്കാൻ സംസ്ഥാനത്തിന്‌ അർഹതയുള്ളപ്പോൾ പരിധി 26,000 കോടിയാക്കി വെട്ടിക്കുറച്ചു. ഇതിനെതിരായി ശക്തമായ ജനകീയപ്രതിരോധം ഉയർത്തുന്നതിനാണ് സിപിഐ എമ്മിൻറെ ഗൃഹസന്ദർശന ക്യാമ്പയിൻ കഴിഞ്ഞാൽ, കേന്ദ്രവിരുദ്ധപ്രക്ഷോഭം ആരംഭിക്കുന്നത്. കേന്ദ്രസർക്കാരിന്റെ വിവേചനത്തിനെതിരെ ജനങ്ങളെ അണിനിരത്തുക മാത്രമല്ല കേരളത്തിന്റെ താൽപര്യങ്ങൾ സംരക്ഷിക്കാനുള്ള നിയമപരമായ നടപടികളും സ്വീകരിക്കും.

കൂടുതൽ ലേഖനങ്ങൾ

നവകേരള സൃഷ്ടിക്ക്‌ അടിത്തറയിടുന്നതാണ്‌ സംസ്ഥാന ബജറ്റ്

സ. ഇ പി ജയരാജൻ

നവകേരള സൃഷ്ടിക്ക്‌ അടിത്തറയിടുന്നതാണ്‌ സംസ്ഥാന ബജറ്റ്. അടിസ്ഥാന മേഖലയുടെ വികസനത്തിനും, പശ്ചാത്തല സൗകര്യ വികസനത്തിനും, സാമൂഹ്യ സുരക്ഷയ്‌ക്കും ഉതകുന്ന ബജറ്റാണ്‌ അവതരിപ്പിക്കപ്പെട്ടത്‌.

ദരിദ്ര ജനകോടികൾക്ക് ഒരു പരിഗണനയും നൽകാതെ അതിസമ്പന്നരുടെ നിയന്ത്രണം അഭിമാനത്തോടെ ആസ്വദിക്കുകയാണ് കേന്ദ്രസർക്കാർ

സ. ടി എം തോമസ് ഐസക്

ഒമ്പതു വർഷത്തെ ഭരണം കഴിഞ്ഞിട്ടാണ് അമൃതകാലത്തിന്റെ ആവശ്യകതയെക്കുറിച്ച് കേന്ദ്ര ധനമന്ത്രിയ്ക്ക് ഓർമ്മ വന്നത്. അമൃതകാല വാചകമടികളിൽ ഒമ്പതുവർഷത്തെ കലികാലം മറച്ചു വെയ്ക്കാനാണ് അവരുടെ ശ്രമം. പക്ഷേ, എന്തു ചെയ്യാൻ.

സമ്പദ്ഘടന നേരിടുന്ന വെല്ലുവിളികളെ കുറച്ചുവയ്ക്കുകയും നേട്ടങ്ങളെ ഊതിവീർപ്പിക്കുകയുമാണ് ഇക്കണോമിക് സർവ്വേ ചെയ്യുന്നത്

സ. ടി എം തോമസ് ഐസക്

സാമ്പത്തിക സർവ്വേ 2022-23ന്റെ ഏറ്റവും നിർണ്ണായകമായ വാചകം ഒന്നാം അധ്യായത്തിലുണ്ട്. “ഇന്ത്യൻ സമ്പദ്ഘടന കോവിഡ് പകർച്ചവ്യാധിയുമായിട്ടുള്ള ഏറ്റുമുട്ടലിനുശേഷം മുന്നോട്ടുപോയി. മറ്റു രാജ്യങ്ങൾക്കുമുമ്പ് ധനകാര്യ വർഷം 2022ൽ പൂർണ്ണ തിരിച്ചുവരവ് നടത്തി.

രാഷ്ട്രപതിയുടെ നയപ്രഖ്യാപന പ്രസംഗം നിരാശാജനകം

സ. എളമരം കരീം

രാഷ്ട്രപതി നടത്തിയ നയപ്രഖ്യാപന പ്രസംഗം അത്യന്തം നിരാശാജനകമാണ്. കേന്ദ്രം ഭരിക്കുന്ന ബിജെപി സർക്കാരിന്റെ കോർപ്പറേറ്റ് പ്രീണന നയങ്ങളുടെ ആഖ്യാനം മാത്രമായി പ്രസംഗം മാറി. പത്തൊൻപത് പേജുള്ള നയപ്രഖ്യാപന പ്രസംഗത്തിൽ ഒരിടത്തുപോലും തൊഴിലാളി എന്ന വാക്കില്ല.