Skip to main content

കേന്ദ്ര ബജറ്റ് ജനവിരുദ്ധം

ബിജെപിയുടെ ശിങ്കിടി മുതലാളിമാർക്കും സിൽബന്ധി സംസ്ഥാനങ്ങൾക്കും വേണ്ടിയുള്ള ഒരു ജനവിരുധ കേന്ദ്ര ബജറ്റാണ്‌ ഇന്ന്‌ അവതരിപ്പിച്ചത്‌. ആന്ധ്രയ്‌ക്കും ബീഹാറിനുമെല്ലാം വാരിക്കോരി ചോദിച്ചത്‌ കൊടുക്കുമ്പോൾ അതുപോലെ ആവശ്യപ്പെട്ട കേരളത്തിന്റെ പാക്കേജിനെക്കുറിച്ച്‌ പ്രതികരിക്കുന്നതിനുപോലും കേന്ദ്ര മന്ത്രി തയ്യാറായില്ല. എന്നുമാത്രമല്ല ഇപ്പൊകൊണ്ടുവരും എന്ന്‌ തൃശൂർ എംപി വീമ്പിളക്കിയ എയിംസിനെക്കുറിച്ച്‌ മിണ്ടാട്ടവുമില്ല.

കോവിഡിന്‌ ശേഷം ധനമന്ത്രി നിർമലാ സീതാരാമൻ അവതരിപ്പിച്ച ബജറ്റുകളുടെ അതേ മാതൃകയിലുള്ള ബജറ്റാണ്‌ ഇത്തവണയും അവതരിപ്പിച്ചിട്ടുള്ളത്‌. ഊന്നൽ ഫിസിക്കൽ കൺസോളിഡേഷൻ അഥവാ ധനദൃഡീകരണത്തിനാണ്‌. ഇക്കണോമിക്‌ റിവ്യൂവിൽ പറഞ്ഞതുപോലെ ഇന്ത്യയിലെ സാമ്പത്തിക വളർച്ചയുടെ വേഗത കൂടിയിട്ടുണ്ട്‌. അതുകൊണ്ടുതന്നെ റവന്യു വരുമാനം ഗണ്യമായി ഉയർന്നു. 26.32 ലക്ഷം കോടി രൂപ റവന്യൂ വരുമാനം ഉണ്ടായിരുന്നത്‌ 31.29 ലക്ഷം കോടി രൂപയായി വർദ്ധിച്ചു. 14.5 ശതമാനമാണ്‌ റവന്യൂ വർധന. ഇത്രയും വലിയ വർധന റവന്യു വരുമാനത്തിൽ ഉണ്ടാകുമ്പോൾ സ്വാഭാവികമായും പ്രതീക്ഷിക്കുക ജനങ്ങൾക്കുള്ള സഹായങ്ങളും ക്ഷേമ ചെലവും ബജറ്റിൽ വർധിക്കുമെന്നതാണ്‌. എന്നാൽ റവന്യു ചെലവ്‌ കേവലം 5.9 ശതമാനം മാത്രമാണ്‌ വർധിച്ചത്‌. 5.9 ശതമാനം എന്ന്‌ പറഞ്ഞാൽ വിലക്കയറ്റംകൂടി പരിഗണിച്ചാൽ വർധനയേയില്ല.

റവന്യു വരുമാനത്തിൽ ഗണ്യമായ വർധനയുണ്ടാകുമ്പോൾ എന്തുകൊണ്ട്‌ റവന്യൂ ചെലവ്‌ വർധിപ്പിക്കുന്നില്ല. ധനക്കമ്മി കുറയ്‌ക്കുകയാണ്‌ ലക്ഷ്യം. വായ്‌പ എടുക്കുന്നത്‌ 17 ലക്ഷം കോടി രൂപയിൽ നിന്ന്‌ 16 ലക്ഷം കോടി രൂപയായി കുറച്ചു. അതിന്റെ ഫലമായിട്ട്‌ ധനക്കമ്മി 5.69 ശതമാനത്തിൽ നിന്ന്‌ 4.9 ശതമാനമായി കുറഞ്ഞു. അതോടൊപ്പം പശ്ചാത്തല സൗകര്യത്തിനുവേണ്ടിയുള്ള ചെലവിൽ 29 ശതമാനമാണ്‌ വർധനവരുത്തിയത്‌. റവന്യു വരുമാനം വർധിച്ചത്‌ ധനക്കമ്മി കുറയ്‌ക്കുന്നതിനും പശ്ചാത്തല സൗകര്യ നിർമിതിക്കും വേണ്ടി പൂർണമായി ചെലവഴിച്ച്‌ ജനങ്ങളുടെ ക്ഷേമത്തിന്‌ വേണ്ടി പണം നീക്കിവയ്‌ക്കാൻ ഈ ബജറ്റ്‌ തയ്യാറായിട്ടില്ല.

ഇതിന്റെ ഏറ്റവും വലിയ തിരിച്ചടി കാർഷിക മേഖലയിലാണ്‌. കാർഷിക വകുപ്പിന്റെ ബജറ്റ്‌ അടങ്കൽ 1.44 ലക്ഷത്തിൽ നിന്ന്‌ 1.51 ലക്ഷമായിട്ടേ വർധിച്ചുള്ളൂ. കേവലം 5 ശതമാനമാണ്‌ വർധന. വളം സബ്‌സിഡിയിലാകട്ടെ 1.75 ലക്ഷം കോടി രൂപയായിരുന്നത്‌ ഈ വർഷം 1.64 ലക്ഷം കോടിരൂപയായി കുറച്ചു. വിളകളുടെ തറവില വർധിപ്പിക്കാൻ പരിപാടിയില്ല. കിസാൻ സമ്മാൻ കഴിഞ്ഞ തവണത്തെ 60,000 കോടിയല്ലാതെ ഒരു പൈസ വർധിപ്പിച്ചിട്ടില്ല.

ഏറ്റവും വലിയ തട്ടിപ്പ്‌ നിർമലാ സീതാരാമൻ നടത്തിയിട്ടുള്ളത്‌ തൊഴിലുറപ്പ്‌ സംബന്ധിച്ചാണ്‌. 2022-2023-ൽ 90,806 കോടി രൂപ തൊഴിലുറപ്പിനായി ചെലവഴിച്ചു. പക്ഷേ കഴിഞ്ഞ വർഷം ബജറ്റിൽ 60,000 കോടിയേ വകയിരുത്തിയുള്ളൂ. ഈ വെട്ടിക്കുറവ്‌ വലിയ പ്രതിഷേധത്തിന്‌ ഇടയാക്കി. ഇതിന്റെ ഫലമായി 2023, 2024 ൽ 86,000 കോടി രൂപ ചെലവായി എന്നാണ്‌ കണക്ക്‌. ഇപ്പോൾ എന്താണ്‌ ധനമന്ത്രി ചെയ്‌തിരിക്കുന്നത്‌. കഴിച്ച വർഷം ചെലവാക്കിയതിൽ നിന്ന്‌ ഒരു പൈസ വർധിപ്പിക്കാൻ ഇത്തവണ തയ്യാറായില്ല. എന്നിട്ട്‌ കഴിഞ്ഞ വർഷത്തെ ബജറ്റിനേക്കാൾ 26,000 കോടി രൂപ കൂടുതൽ വകയിരുത്തിയെന്ന്‌ വീമ്പുപറയുകയാണ്‌. ഒരു കാര്യംകൂടി ഈ സന്ദർഭത്തിൽ പറയാനുണ്ട്‌. ഈ വർഷം ജൂൺവരെയുള്ള കാലയളവിൽ 46,000 കോടി രൂപ ചെലവാക്കിയിരുന്നു. ബാക്കിയുള്ള പണം കൊണ്ട്‌ ബാക്കി മാസം ചെലവഴിക്കാനുള്ള പണം എങ്ങനെ കണ്ടെത്തും. രണ്ട്‌ വർഷം മുമ്പ്‌ ചെലവാക്കിയ തുകപോലും തൊഴിലുറപ്പിന്‌ നീക്കിവയ്‌ക്കാൻ തയ്യാറാകുന്നില്ല.

എന്നുമാത്രമല്ല കേരളത്തിന്‌ വലിയൊരപകടം തുറിച്ചുനോക്കുന്നുണ്ട്‌. ഈ ഇക്കണോമിക്‌ റിവ്യൂവിൽ തൊഴിലുറപ്പ്‌ കേരളവും തമിഴ്‌നാടും പോലുള്ള സംസ്ഥാനങ്ങൾ ദുരുപയോഗം ചെയ്യുകയാണെന്ന്‌ ഒരു കുറ്റാരോപണം നടത്തിയിട്ടുണ്ട്‌. കാരണം ഈ രണ്ട്‌ സംസ്ഥാനങ്ങളിൽ ഇന്ത്യയിലെ ദരിദ്രരുടെ 1.1 ശതമാനമേ ഉള്ളൂ. പക്ഷേ അവരാണ്‌ 19 ശതമാനം തൊഴിലുറപ്പ്‌ പണവും ചെവഴിക്കുന്നത്‌. അതേ സമയം 45 ശതമാനം ദരിദ്രർ ബീഹാറിലും യുപിയിലുമാണ്‌. അവർക്ക്‌ ഏതാണ്ട്‌ 17 ശതമാനമേ മൊത്തം ചെലവിന്റെ വരുന്നുള്ളൂ. ഇതിങ്ങിനെ പറഞ്ഞുവച്ചിരിക്കുന്നത്‌ തൊഴിലുറപ്പ്‌ ദാരിദ്ര്യരേഖയ്‌ക്ക്‌ കീഴിലുള്ളവരുടെ എണ്ണത്തിന്റെ അനുപാതത്തിൽ വിതരണം ചെയ്യാൻവേണ്ടിയിട്ടാണ്‌. അതിന്റെ തുടക്കമാണ്‌ ഇക്കണോമിക്‌ റിവ്യൂ ചെയ്‌തിട്ടുള്ളത്‌. ശക്തമായ പ്രതിഷേധം ഇത്‌ സംബന്ധിധിച്ചിട്ടുണ്ടാകണം.

സാമൂഹ്യക്ഷേമ മേഖലയിൽ ഒരു വർധനവും വരുത്തിയിട്ടില്ല.

അങ്കണവാടിക്ക്‌ ഈ വർഷവും അടുത്ത വർഷവും 21,000 കോടി രൂപയാണ്‌. ആശാവർക്കർമാർക്ക്‌ വർധിപ്പിച്ചിട്ടില്ല. ജൽജീവൻ മിഷന്‌ കഴിഞ്ഞ വർഷവും ഈവർഷവും 70,000 കോടി തന്നെയാണ്‌.

പിഎം പോഷന്‌ കഴിഞ്ഞ വർഷം 17,000 എന്നത്‌ ഈ വർഷം 12,467 ആയി ചുരുങ്ങി. സമഗ്ര ശിക്ഷാ അഭിയാന്‌ കഴിഞ്ഞ വർഷും ഈ വർഷവും 37,600 കോടി രൂപ. സ്വഛ്‌ ഭാരതിന്റെ അടങ്കലിനും മാറ്റമില്ല. ദേശീയ പെൻഷൻ സ്‌കീമിൽ ഒരു രൂപ കൂട്ടാനോ ഒരാൾക്കെങ്കിലും അധികം നൽകാനും തയ്യാറല്ല. കഴിഞ്ഞ വർഷവും ഈ വർഷവും 9,600 കോടി രൂപയാണ്‌ വകയിരുത്തിയത്‌. ഇങ്ങനെ ഓരോ ഇനത്തിലും.

തൊഴിലില്ലായ്‌മ പരിഹരിക്കാനുള്ള നടപടികൾ അതീവ ദുർബലമാണ്‌. ഇപ്പോൾ മുതലാളിമാർക്ക്‌ പ്രൊഡക്ഷൻ ലിങ്ക്‌ ഇൻസെന്റുവുണ്ട്‌. ചില മേഖലകളിൽ ഉൽപ്പാദനം വർധിപ്പിക്കുമ്പോൾ സബ്‌സിഡിയായി ഇൻസെന്റീവ്‌ കിട്ടുന്നു. ഇനി കൂടുതൽ തൊഴിൽ കൊടുത്താലും സബ്‌സിഡി കിട്ടുമത്രേ. ഒരു പുതിയ തൊഴിലാളിയെ നിയമിച്ചാൽ മുതലാളിക്ക്‌ 75,000 രൂപയും തൊഴിലാളിക്ക്‌ മൂന്ന്‌ മാസം 5,000 രൂപ വീതവും ലഭിക്കും. തൊഴിലില്ലായ്‌മ ഇന്ത്യയുടെ ചരിത്രത്തിലെ ഏറ്റവും ഉയർന്ന നിരക്കിലാണ്‌- 9.2 ശതമാനം.

മോഡി അധികാരത്തിൽ വന്നശേഷം തൊഴിലില്ലായ്‌മ തുടർച്ചയായി ഉയരുകയാണ്‌. കള്ളക്കണക്കുകൊണ്ട്‌ അതുമൂടിവയ്‌ക്കാനാണ്‌ കേന്ദ്ര സർക്കാർ ശ്രമിക്കുന്നത്‌. ഇപ്പോൾ കൊള്ളപ്പരിപാടികൾ കൊണ്ടും.

കഴിഞ്ഞ വർഷം ആദ്യമായി വ്യക്‌തികളുടെ ആദായനികുതി കോർപ്പറേറ്റുകളുടെ പ്രത്യക്ഷ നികുതിയേക്കാൾ വർധിച്ചു. 2024-2025-ൽ ഈ അന്തരം കൂടുതൽ വർധിക്കുകയാണ്‌.

ഇതൊക്കെ ചെയ്‌തുകൊടുത്തിട്ടും കോർപ്പറേറ്റു നിക്ഷേപം ഇന്ത്യയിൽ ഉയരുന്നില്ല. ഇതിന്റെ കാരണം ജനങ്ങളുടെ ഉപഭോഗത്തിൽ വർധന ഉണ്ടാകുന്നില്ല എന്നാണ്‌. ജനങ്ങളുടെ ഉപഭോഗ നിലവാരം ഉയർത്താൻ ഈ ബജറ്റിൽ ഒന്നുമില്ല. ഇത്‌ തികച്ചും ജനവിരുധ ബജറ്റാണ്‌.
 

കൂടുതൽ ലേഖനങ്ങൾ

'വർക്ക് നിയർ ഹോം' പദ്ധതി; വികസനം ഏതാനും നഗരങ്ങളിൽ ഒതുക്കുകയല്ല, മറിച്ച് എല്ലാ പ്രദേശങ്ങളിലേയ്ക്കും എത്തിക്കുകയാണ് സർക്കാർ

സ. പിണറായി വിജയൻ

കാലത്തിന്റെ മാറ്റം ഏറ്റവും കൂടുതൽ പ്രതിഫലിക്കുന്ന മേഖലകളിൽ ഒന്നാണ് തൊഴിൽ. കുറച്ചു വർഷങ്ങൾക്കു മുൻപ് നിലനിന്നിരുന്ന തൊഴിലുകളും തൊഴിൽ രീതികളും മാറുകയാണ്.

സഖാവ് പി ഗോവിന്ദപ്പിള്ളയുടെ ഓർമകൾക്കു മുന്നിൽ സ്‌മരണാഞ്ജലി

സ. എം വി ഗോവിന്ദൻ മാസ്റ്റർ

കേരളത്തിന്റെ രാഷ്ട്രീയ, സാമൂഹ്യ, സാഹിത്യ, വൈജ്ഞാനിക മണ്ഡലങ്ങളിൽ സജീവ സാന്നിധ്യമായിരുന്ന സഖാവ് പി ഗോവിന്ദപ്പിള്ള ഓർമയായിട്ട് ഇന്നേക്ക് പന്ത്രണ്ട്‌ വർഷം. പി ജി എന്ന രണ്ടക്ഷരത്തിൽ അറിയപ്പെട്ട അദ്ദേഹം മാർക്സിസ്റ്റ് സൈദ്ധാന്തികനും സഞ്ചരിക്കുന്ന വിശ്വവിജ്ഞാനകോശവുമായിരുന്നു.

രാജ്യത്ത് ആദ്യമായി കോളേജ് വിദ്യാര്‍ത്ഥികള്‍ക്കായി പ്രത്യേക സ്‌പോര്‍ട്സ് ലീഗ് കേരളത്തിൽ

സ. ആർ ബിന്ദു

രാജ്യത്ത് ആദ്യമായി കോളേജ് വിദ്യാര്‍ത്ഥികള്‍ക്കായി പ്രത്യേക സ്‌പോര്‍ട്സ് ലീഗ് ആരംഭിക്കുകയാണ് കേരളത്തിൽ. മികച്ച കായിക സംസ്‌കാരം വാര്‍ത്തെടുക്കുന്നതിനൊപ്പം കോളേജുകളിലെ അടിസ്ഥാനസൗകര്യ വികസനം കൂടി ലക്ഷ്യമിട്ടാണ് കായിക വകുപ്പുമായി ചേർന്ന് കോളേജ് ലീഗിന് ഉന്നതവിദ്യാഭ്യാസ വകുപ്പ് തുടക്കമിടുന്നത്.