Skip to main content

കേരളത്തിന് അപമാനമാണ് ഈ പ്രതിപക്ഷം

നിയമസഭയിൽ അടിയന്തിര പ്രമേയവുമായി ബന്ധപ്പെട്ട് പ്രതിപക്ഷം നടത്തിയ പ്രകടനം തീർത്തും ചട്ടവിരുദ്ധമാണ്. ഇത്തരമൊരു സമീപനം പ്രതിപക്ഷത്തിന്റെ ഭാഗത്തുനിന്ന് ഇന്നേവരെ ഉണ്ടായിട്ടില്ല. ചൊവ്വാഴ്ച പ്രതിപക്ഷം കൊണ്ടുവന്ന അടിയന്തിര പ്രമേയത്തിന് ഒരു കാരണവശാലും ചട്ടപ്രകാരം അവതരണാനുമതി നൽകാൻ സാധ്യമല്ല. എന്നിട്ടും സ്പീക്കർ കാട്ടിയ മാന്യത മനസ്സിലാക്കാൻ പ്രതിപക്ഷത്തിന് കഴിഞ്ഞില്ല. സ്വർണക്കടത്തുമായി ബന്ധപ്പെട്ട വിഷയം നിരവധി തവണ നിയമസഭ ചർച്ച ചെയ്തതാണ്. സ്വർണക്കടത്തുമായി ബന്ധപ്പെട്ട് ചർച്ചാവിഷയമാക്കേണ്ടത് ലൈഫ് മിഷന്റെ പേരിൽ അടിയന്തിര പ്രമേയമായി പ്രതിപക്ഷം കൊണ്ടുവന്നു. ഇതും രണ്ടു തവണ ചർച്ച ചെയ്തതാണ്. റൂൾ 50 അനുസരിച്ച് അടിയന്തിര പ്രമേയവുമായി ബന്ധപ്പെട്ട ചട്ടത്തിന്റെ വിശദാംശം മുഖ്യമന്ത്രി വളരെ വ്യക്തമായി ഇന്നലെ സഭയിൽ പ്രതിപക്ഷത്തെ ഓർമപ്പെടുത്തി.

എന്തും പറയാനുള്ള അവകാശം ഞങ്ങൾക്കുണ്ട്, അതിനാണ് ഞങ്ങളെ നിയമസഭയിലേക്ക് പറഞ്ഞയച്ചത് എന്ന പ്രസ്താവന അജ്ഞത മാത്രമല്ല, ധിക്കാരമാണ്. എന്തും പറയാനുള്ള വേദിയല്ല നിയമസഭ. നിയമസഭയിൽ എന്ത് പറയണം, എങ്ങനെ പറയണം എന്നതിനെ സംബന്ധിച്ച് വ്യക്തമായ ചട്ടങ്ങളുണ്ട്. ചട്ടത്തിൽ ഊന്നിനിന്നുകൊണ്ടു മാത്രമേ ആരോപണങ്ങൾ അടക്കം ഉന്നയിക്കാൻ സാധിക്കു.

കേന്ദ്ര അന്വേഷണ ഏജൻസികൾ അന്വേഷിച്ച് പ്രതിയാക്കപ്പെട്ട് ഒരു വർഷത്തിലേറെ റിമാൻഡിലായ പ്രതി മാറിമാറിപ്പറയുന്ന മൊഴിയുടെ അടിസ്ഥാനത്തിൽ മുഖ്യമന്ത്രി മറുപടി പറയണമെന്ന് പറയുന്നത് സാമാന്യബോധത്തിന് നിരക്കുന്നതല്ല. കാരണം, നിയമസഭയിൽ മുഖ്യമന്ത്രിക്ക് അക്കാര്യത്തിൽ മറുപടി പറയാൻ കഴിയില്ല. ഇത് കോടതിയിൽ കിടക്കുന്ന പ്രശ്നമാണ്. മുഖ്യമന്ത്രിക്കോ ഗവൺമെന്റിനോ മറുപടി പറയാൻ സാധിക്കാത്ത ഒരു വിഷയം, കോടതിയിലുള്ള ഒരു വിഷയം, വ്യക്തികളെ അപമാനിക്കാൻ വേണ്ടി കല്ലുവെച്ച നുണപ്രചാരണങ്ങൾ ഉപയോഗിക്കുന്ന സ്ഥിതി. ഇതെല്ലാം എന്ത് ചട്ടത്തിന്റെ അടിസ്ഥാനത്തിലാണ് നിയമസഭയിൽ ചർച്ചാവിഷയമാകുന്നത്? അന്വേഷണ കമീഷന്റെ മുന്നിലും കോടതിയിലും മാറിമാറിപ്പറഞ്ഞ ഒരു പ്രതിയുടെ മൊഴിയുടെ അടിസ്ഥാനത്തിൽ രൂപപ്പെടുത്തിയ അടിയന്തിര പ്രമേയം അതിൽ മുഖ്യമന്ത്രിക്ക് ഒന്നും പറയാൻ ബാധ്യതയില്ല.

സ്വർണക്കടത്തുമായി ബന്ധപ്പെട്ട് കിട്ടിയ കമീഷൻ തുകയാണെന്നു കസ്റ്റംസിന്റെ മുന്നിൽ ആദ്യം പ്രതി പറഞ്ഞു. പിന്നീട് എൻ.ഐ.എയുടെ മുന്നിലെത്തുമ്പോഴാണ് തുക റെഡ് ക്രെസെന്റ് കൊടുത്ത കമീഷനായി മാറുന്നത്. ഇതിൽ ഏതു മൊഴിയാണ് പ്രതിപക്ഷത്തിന് സ്വീകാര്യമായിട്ടുള്ളത്? റെഡ് ക്രെസെന്റും കോൺസുലേറ്റും തമ്മിലുണ്ടാക്കിയ കരാർ, കോൺസുലേറ്റും യൂണിടെക്കും തമ്മിലുണ്ടാക്കിയ കരാർ. ഈ കരാറുകളിൽ സർക്കാർ ഭാഗമേയല്ല. അങ്ങനെയൊരു സർക്കാർ എങ്ങനെയാണ് ഇതിന്റെ ഉത്തരവാദിത്വം ഏറ്റെടുക്കുക? ഇതെല്ലാം അന്വേഷണ ഏജൻസികൾ അന്വേഷിച്ച് കോടതിയിൽ കൊടുക്കട്ടെ. മൂന്ന് വർഷമായില്ലേ അന്വേഷിക്കാൻ തുടങ്ങിയിട്ട്? മുഖ്യമന്ത്രിക്കെതിരായോ മുഖ്യമന്ത്രിയുടെ ഓഫീസിനെതിരായോ ഒന്നും കണ്ടുപിടിക്കാൻ കഴിയാത്ത ഒരു പ്രശ്നത്തിൽ, ഇടയ്ക്കിടയ്ക്ക് മൊഴിമാറ്റുന്ന ഒരു പ്രതിയുടെ പുതിയ വെളിപ്പെടുത്തലിന്റെ അടിസ്ഥാനത്തിൽ എങ്ങനെയാണ് അടിയന്തിര പ്രമേയത്തിന് മറുപടി പറയുക?

സ്പീക്കർ കാട്ടിയ ഔദാര്യത്തെ ബലഹീനതയായി പ്രതിപക്ഷം കാണരുത്. മുഖ്യമന്ത്രിയെ മൂലയ്ക്കിരുത്താൻ കുറെ കാലമായി ശ്രമിക്കുന്നില്ലേ? ഒന്നും കണ്ടുപിടിക്കാൻ കഴിഞ്ഞില്ലല്ലോ. ദേശീയാടിസ്ഥാനത്തിൽ ഈ ഏജൻസികൾ നടത്തുന്ന പ്രവർത്തനത്തെ പ്രതിപക്ഷം എങ്ങനെയാണ് വിലയിരുത്തുന്നത്? ഈ വിഷയത്തിൽ ഒരു അടിയന്തിര പ്രമേയത്തിന് എന്ത് പ്രസക്തിയാണുള്ളത്? കേരളത്തിന് അപമാനമാണ് ഈ പ്രതിപക്ഷം.

കൂടുതൽ ലേഖനങ്ങൾ

'വർക്ക് നിയർ ഹോം' പദ്ധതി; വികസനം ഏതാനും നഗരങ്ങളിൽ ഒതുക്കുകയല്ല, മറിച്ച് എല്ലാ പ്രദേശങ്ങളിലേയ്ക്കും എത്തിക്കുകയാണ് സർക്കാർ

സ. പിണറായി വിജയൻ

കാലത്തിന്റെ മാറ്റം ഏറ്റവും കൂടുതൽ പ്രതിഫലിക്കുന്ന മേഖലകളിൽ ഒന്നാണ് തൊഴിൽ. കുറച്ചു വർഷങ്ങൾക്കു മുൻപ് നിലനിന്നിരുന്ന തൊഴിലുകളും തൊഴിൽ രീതികളും മാറുകയാണ്.

സഖാവ് പി ഗോവിന്ദപ്പിള്ളയുടെ ഓർമകൾക്കു മുന്നിൽ സ്‌മരണാഞ്ജലി

സ. എം വി ഗോവിന്ദൻ മാസ്റ്റർ

കേരളത്തിന്റെ രാഷ്ട്രീയ, സാമൂഹ്യ, സാഹിത്യ, വൈജ്ഞാനിക മണ്ഡലങ്ങളിൽ സജീവ സാന്നിധ്യമായിരുന്ന സഖാവ് പി ഗോവിന്ദപ്പിള്ള ഓർമയായിട്ട് ഇന്നേക്ക് പന്ത്രണ്ട്‌ വർഷം. പി ജി എന്ന രണ്ടക്ഷരത്തിൽ അറിയപ്പെട്ട അദ്ദേഹം മാർക്സിസ്റ്റ് സൈദ്ധാന്തികനും സഞ്ചരിക്കുന്ന വിശ്വവിജ്ഞാനകോശവുമായിരുന്നു.

രാജ്യത്ത് ആദ്യമായി കോളേജ് വിദ്യാര്‍ത്ഥികള്‍ക്കായി പ്രത്യേക സ്‌പോര്‍ട്സ് ലീഗ് കേരളത്തിൽ

സ. ആർ ബിന്ദു

രാജ്യത്ത് ആദ്യമായി കോളേജ് വിദ്യാര്‍ത്ഥികള്‍ക്കായി പ്രത്യേക സ്‌പോര്‍ട്സ് ലീഗ് ആരംഭിക്കുകയാണ് കേരളത്തിൽ. മികച്ച കായിക സംസ്‌കാരം വാര്‍ത്തെടുക്കുന്നതിനൊപ്പം കോളേജുകളിലെ അടിസ്ഥാനസൗകര്യ വികസനം കൂടി ലക്ഷ്യമിട്ടാണ് കായിക വകുപ്പുമായി ചേർന്ന് കോളേജ് ലീഗിന് ഉന്നതവിദ്യാഭ്യാസ വകുപ്പ് തുടക്കമിടുന്നത്.