Skip to main content

പട്ടാഭിഷേകത്തിന് അൽപ്പായുസ്സ്

കെ സുധാകരൻ കെപിസിസി പ്രസിഡന്റായി സ്ഥാനമേറ്റത് കേരളത്തിൽ കോൺഗ്രസിലെ പ്രതിസന്ധി രൂക്ഷമാക്കും. ഏറെക്കാലമായി സുധാകരൻ മനസ്സിൽ കൊണ്ടുനടന്ന സ്വപ്നമായിരുന്നു കെപിസിസി പ്രസിഡന്റ്‌ സ്ഥാനം. ഇത്തരം ആഗ്രഹമുള്ള പലരും അത് പരസ്യമായി പ്രകടിപ്പിച്ചിരുന്നില്ല. എന്നാൽ സുധാകരന് അത് പരസ്യമായി പ്രകടിപ്പിക്കാൻ ഒരു മടിയുമുണ്ടായിരുന്നില്ല. അദ്ദേഹത്തിന്റെ സ്വഭാവം വച്ചുകൊണ്ട് കേരളത്തിലെ കോൺഗ്രസിനെ നയിക്കാൻ സാധിക്കില്ല. വി എം സുധീരനും മുല്ലപ്പള്ളി രാമചന്ദ്രനും പരാജയപ്പെട്ട സ്ഥാനത്ത് സുധാകരന്റെ നില  അതിനേക്കാൾ ദയനീയമായിരിക്കും. അതാണ് ഇന്നത്തെ കോൺഗ്രസിന്റെ അവസ്ഥ.

സുധാകരനുമായി വളരെക്കാലത്തെ ബന്ധം എനിക്കുണ്ട്. ഏതാണ്ട് അര നൂറ്റാണ്ടോളം നീളുന്ന ബന്ധം. ഇപ്പോഴും വ്യക്തിബന്ധത്തിന് മങ്ങലേറ്റിട്ടില്ല. തലശേരി ബ്രണ്ണൻ കോളേജിൽ ഞാൻ കെഎസ്എഫിൻെറയും സുധാകരൻ കെഎസ്‌‌യുവിന്റെയും നേതാക്കളായി പ്രവർത്തിച്ചു. ആദ്യകാലത്ത് നാമമാത്രമായുണ്ടായിരുന്ന കെഎസ്എഫിനെ  തകർക്കാൻ സുധാകരന്റെ നേതൃത്വത്തിൽ നടത്തിയ ശ്രമങ്ങളെ പരിമിതമായ സാഹചര്യത്തിൽ നിന്ന് ചെറുത്തുതോൽപ്പിക്കാനാണ് കെഎസ്എഫ് നേതൃത്വം നൽകിയത്. 1967-69 കാലത്ത് സപ്തകക്ഷി മുന്നണി സർക്കാരിൽ  വിദ്യാഭ്യാസമന്ത്രിയായിരുന്ന  സി എച്ച്‌  മുഹമ്മദ്‌കോയ  ബ്രണ്ണൻ കോളേജിൽ  കമ്യൂണിറ്റി ഹാളിന്റെ ഉദ്ഘാടന  ചടങ്ങിൽ പങ്കെടുക്കാൻ വന്നപ്പോൾ കരിങ്കൊടി കാട്ടിയും ചെരിപ്പെറിഞ്ഞും ആ ചടങ്ങ് അലങ്കോലപ്പെടുത്താൻ സുധാകരൻ ശ്രമിച്ചു. അന്ന്  മുഹമ്മദ്‌കോയക്ക് പിന്തുണ പ്രകടിപ്പിച്ച് ശക്തമായ  മുദ്രാവാക്യം മുഴക്കി ചടങ്ങ്  സുഗമമായി നടത്താൻ മുന്നിൽ നിന്നതും  ഓർക്കുകയാണ്. ഒരു ഘട്ടത്തിൽ ഞങ്ങളെ ആക്രമിക്കാൻ സുധാകരനും സംഘവും വന്നപ്പോൾ അതിനെ ചെറുക്കാൻ  പിണറായി വിജയൻ പരീക്ഷാ ഹാളിൽ നിന്ന് ഇറങ്ങിവന്നതും  ഓർമയിലെത്തുന്നു. ക്ലാസ് ബഹിഷ്കരണവുമായി ബന്ധപ്പെട്ട ഒരു സംഘർഷമായിരുന്നു അത്. ടി വി ബാലൻ മാഷ് ആയിരുന്നു അന്ന് ഇംഗ്ളീഷ്  അധ്യാപകൻ.

പിന്നീട് സുധാകരൻ കെഎസ്‌യുവിൽ നിന്ന് മാറി. സംഘടനാ കോൺഗ്രസിന്റെ വിദ്യാർഥി സംഘടനയായ എൻഎസ്ഒയുടെ നേതാവായി. ഒരു ഘട്ടത്തിൽ എസ്എഫ്ഐ പിന്തുണയോടെ സ്വതന്ത്ര സ്ഥാനാർഥിയായി ചെയർമാൻ സ്ഥാനത്തേക്ക് മത്സരിക്കാൻ സുധാകരൻ സന്നദ്ധനായി. എന്നാൽ എന്നെയാണ് ചെയർമാൻ സ്ഥാനാർഥിയായി എസ്എഫ്ഐ തീരുമാനിച്ചത്. മമ്പറം ദിവാകരനായിരുന്നു കെഎസ് യുവിന്റെ ചെയർമാൻ സ്ഥാനാർഥി. സുധാകരൻ എൻഎസ്ഒയുടെയും  സ്ഥാനാർഥിയായി. ചെയർമാനായി ഞാൻ  വിജയിക്കുകയും ചെയ്‌തു. ബ്രണ്ണൻ കോളേജിൽ കെഎസ്‌‌യുവിന്റെ പതനത്തിനു തുടക്കം അതാണ്. പിന്നീട്  കെ പിസിസി എക്സിക്യൂട്ടീവ് അംഗമായ മമ്പറം ദിവാകരന്റെ ഒരു ഫെയ്‌സ്ബുക് കുറിപ്പിൽ ഇതു സംബന്ധിച്ച  അതൃപ്തി  വ്യക്തമാക്കുകയും ചെയ്തു.  കോൺഗ്രസ് വിട്ട് സംഘടനാ കോൺഗ്രസിലേക്ക് പോയി ജനതാ പാർടി വഴി പിന്നീട് കോൺഗ്രസിലേക്ക് തിരിച്ചുവരികയാണ് സുധാകരൻ ചെയ്തത്.

1980 ൽ  ഞാൻ എംപി ആയിരുന്ന  ഘട്ടത്തിൽ തിരുവനന്തപുരത്തുനിന്ന് കണ്ണൂരേക്കുള്ള ട്രെയിൻ യാത്രയിൽ ഷൊർണൂരിൽ വച്ച് സുധാകരനെ കണ്ടു. അന്ന് സുധാകരൻ ജനതാപാർടിയിലാണ്. എൽഎൽബി വിദ്യാർഥിയുമാണ്. സുധാകരൻ പറഞ്ഞത് ഇപ്രകാരമാണ്, "രാഷ്ട്രീയത്തിൽ കുറേ അനുഭവങ്ങളുണ്ടാകും. പക്ഷെ എന്റെ അനുഭവം വല്ലാത്തൊരു അനുഭവമാണ്. ജനതാ പാർടിയിൽ ഇനി രാഷ്ട്രീയമായി പ്രവർത്തിച്ച്  മുന്നേറാൻ എനിക്ക് കഴിയില്ല. കോൺഗ്രസിലേക്ക് തിരിച്ചുപോവുകയെന്നത് എത്രത്തോളം കഴിയുമെന്നും അറിയില്ല’. ഒരു കാലത്ത് ബ്രണ്ണൻ കോളേജിൽ കെഎ‌സ്‌യുവിന്റെ ശക്തനായ നേതാവായിരുന്ന സുധാകരനാണ് ഇങ്ങനെ നിരാശയോടെ സംസാരിച്ചത്. സുധാകരൻ എൻഎസ്ഒ നേതാവായിരുന്ന ഘട്ടത്തിലാണ് ബ്രണ്ണൻ കോളേജിൽ വച്ച്‌ എന്നെ ആക്രമിക്കാൻ കെഎസ്‌‌യു സംഘം വന്നത്. അന്ന്  എന്നെ രക്ഷിക്കാൻ ശ്രമിച്ച സഖാവ്‌ അഷ്റഫിന് അവരുടെ കുത്തേറ്റു.

കോൺഗ്രസ്‌ വിട്ടുപോയ സുധാകരൻ വീണ്ടും കോൺഗ്രസിലേക്ക് വന്നപ്പോൾ വലിയ മാർക്സിസ്റ്റ് വിരോധിയാണ് താനെന്നു കാണിക്കാൻ കണ്ണൂർ ജില്ലയിൽ വലിയ തോതിൽ അക്രമം അഴിച്ചുവിട്ടത് ചരിത്രമാണ്. ഇ പി ജയരാജനെ ട്രെയിനിൽ വച്ച് കൊലപ്പെടുത്താൻ ശ്രമം നടന്നു. പിണറായി ആയിരുന്നു അവരുടെ ലക്‌ഷ്യം.  കണ്ണൂർ  രാഷ്ട്രീയത്തിലെ ക്രിമിനൽ വൽക്കരണത്തിന് കോൺഗ്രസിൽ തുടക്കം കുറിച്ച് നേതൃത്വം കൊടുത്തത് എൻ രാമകൃഷ്ണനാണ്. ക്രിമിനൽ രാഷ്ട്രീയത്തിന്റെ ഭീകരമുഖം കണ്ണൂർ കണ്ടത് എൻ രാമകൃഷ്ണന്റെ കാലത്താണ്. ജീവിതാവസാനം എൻ രാമകൃഷ്ണൻ കോൺഗ്രസ് വിട്ട്‌ ഇടതുപക്ഷത്തേക്ക് വന്നു. കെ കരുണാകരന്റെ അനുഭവവും ഓർക്കുക. കണ്ണൂരിൽ രാമകൃഷ്ണന്റെ നേതൃത്വം കോൺഗ്രസിൽ ചോദ്യം ചെയ്യപ്പെട്ട ഘട്ടത്തിൽ അവിടെ കോൺഗ്രസുകാരെ സജീവമാക്കാൻ സുധാകരൻ  നേതൃത്വം നൽകി. കോൺഗ്രസിന്റെ ക്രിമിനൽ രാഷ്ട്രീയത്തിന് ഇനി നിലനിൽപ്പില്ലെന്ന്‌ അനുഭവത്തിന്റെ അടിസ്ഥാനത്തിൽ മമ്പറം ദിവാകരനും തിരിച്ചറിഞ്ഞു. കൂറുമാറി വന്ന ഒരാളെന്ന നിലയിൽ സുധാകരനോട് കണ്ണൂരിലെ  കോൺഗ്രസുകാരിൽ വലിയൊരു വിഭാഗത്തിന് മാനസികമായ യോജിപ്പില്ല. ഇണക്കിക്കൊണ്ടുപോവുകയെന്നത് സുധാകരന്റെ രക്തത്തിലില്ല. പിണക്കിക്കൊണ്ടു പോകാനേ കഴിയൂ.

കോൺഗ്രസിലെ പ്രബല ഗ്രൂപ്പുകളുടെ സമ്മതമില്ലാതെ  കെപിസിസി പ്രസിഡന്റ് ആയ ആളാണ്  സുധാകരൻ. കോൺഗ്രസിൽ എപ്പോഴും ഗ്രൂപ്പ് ഉണ്ടാകും. അതില്ലാതാക്കാൻ ആര് വിചാരിച്ചാലും കഴിയില്ലെന്ന് കെ സി ജോസഫ് പരാമർശം നടത്തിയത് ഓർക്കുകയാണ്. ഗ്രൂപ്പ് ഇല്ലാതാക്കി, സമവായമുണ്ടാക്കി, മാർക്സിസ്റ്റ് വിരുദ്ധ ജ്വരം വളർത്തിയെടുത്ത്  കോൺഗ്രസിനെ ശക്തിപ്പെടുത്താമെന്ന് കരുതുകയാണ് സുധാകരൻ. പക്ഷെ ആ കാലഘട്ടം കഴിഞ്ഞു. കോൺഗ്രസിന്റെയിടയിൽ  തന്നെ ഇടതുപക്ഷം നശിക്കാൻ പാടില്ലെന്ന  പ്രബല ചിന്താഗതിയുണ്ട്. അത്ര മാർക്സിസ്റ്റ് വിരുദ്ധനല്ലാത്ത വി എം സുധീരൻ മാർക്സിസ്റ്റ് വിരുദ്ധനാകാൻ നോക്കി. അതേ പാതയിൽ തന്നെ മുല്ലപ്പള്ളിയും സഞ്ചരിച്ചു. മാർക്സിസ്റ്റ് വിരുദ്ധ രാഷ്ട്രീയത്തിന് ഇനി കേരളത്തിൽ നിലനിൽപ്പില്ലെന്ന  തിരിച്ചറിവ് വേണം. കോൺഗ്രസിനെ പകുതി കേഡർ  സ്വഭാവമുള്ള പാർടിയാക്കി സിപിഐ എമ്മിനെ നേരിടാമെന്നാണ് സുധാകരൻ  കരുതുന്നത്. കോൺഗ്രസിന് കേഡർ  പാർടിയാകാൻ നിലവിലുള്ള സംഘടനാ രീതിയനുസരിച്ച്  കഴിയില്ല. നിലവിൽ  ഗ്രൂപ്പുകളെ ഇല്ലാതാക്കാനും കഴിയില്ല.

കോൺഗ്രസിനിടയിൽ ഇത്രയും മാനസികമായ പിന്തുണയില്ലാതെ ഒരാൾ കെപിസിസി പ്രസിഡന്റാകുമ്പോൾ അതിനെ അതിജീവിക്കാൻ സുധാകരൻ തന്റെ തനതു ശൈലിയിൽ പ്രവർത്തിക്കും. അത് കോൺഗ്രസിന്റെ നാശത്തിലായിരിക്കും കലാശിക്കുക. കണ്ണൂർ ജില്ലയിൽ ഇത് കണ്ടതാണ്. സുധാകരന്റെ രാഷ്ട്രീയമായ നിലനിൽപ്പ് തന്നെ മാർക്സിസ്റ്റ് വിരുദ്ധതയായതുകൊണ്ട് അദ്ദേഹം ആ ശൈലിയിൽ നിന്ന് മാറുമെന്ന് പ്രതീക്ഷിക്കാൻ വയ്യ. കെപിസിസി പ്രസിഡന്റ് ആകണമെങ്കിൽ ശക്തമായ മാർക്സിസ്റ്റ് വിരുദ്ധ നിലപാട് വേണമെന്ന തെറ്റായ ധാരണയ്‌ക്ക്  എന്താണ് സംഭവിച്ചതെന്ന് കണ്ടുകഴിഞ്ഞു. ആ നിലയ്ക്ക് സുധാകരന്  കോൺഗ്രസിനകത്തുനിന്നും പുറത്തുനിന്നും വേണ്ടത്ര പിന്തുണ കിട്ടുമെന്ന്‌ കരുതാൻ വയ്യ. ഏതു സമയത്തും കോൺഗ്രസിന്റെ  കുപ്പായം വലിച്ചെറിയാനും സുധാകരൻ മടിക്കില്ല. ഇന്നത്തെ  അവസ്ഥയിൽ നല്ലൊരു കോൺഗ്രസ് പ്രസിഡന്റാകാൻ സുധാകരന്‌ കഴിയുമെന്ന് തോന്നുന്നില്ല. ചില മാധ്യമങ്ങൾ ആഘോഷിച്ച പട്ടാഭിഷേകത്തിന്  അൽപ്പായുസ്സേ ഉണ്ടാകൂ.

കൂടുതൽ ലേഖനങ്ങൾ

'വർക്ക് നിയർ ഹോം' പദ്ധതി; വികസനം ഏതാനും നഗരങ്ങളിൽ ഒതുക്കുകയല്ല, മറിച്ച് എല്ലാ പ്രദേശങ്ങളിലേയ്ക്കും എത്തിക്കുകയാണ് സർക്കാർ

സ. പിണറായി വിജയൻ

കാലത്തിന്റെ മാറ്റം ഏറ്റവും കൂടുതൽ പ്രതിഫലിക്കുന്ന മേഖലകളിൽ ഒന്നാണ് തൊഴിൽ. കുറച്ചു വർഷങ്ങൾക്കു മുൻപ് നിലനിന്നിരുന്ന തൊഴിലുകളും തൊഴിൽ രീതികളും മാറുകയാണ്.

സഖാവ് പി ഗോവിന്ദപ്പിള്ളയുടെ ഓർമകൾക്കു മുന്നിൽ സ്‌മരണാഞ്ജലി

സ. എം വി ഗോവിന്ദൻ മാസ്റ്റർ

കേരളത്തിന്റെ രാഷ്ട്രീയ, സാമൂഹ്യ, സാഹിത്യ, വൈജ്ഞാനിക മണ്ഡലങ്ങളിൽ സജീവ സാന്നിധ്യമായിരുന്ന സഖാവ് പി ഗോവിന്ദപ്പിള്ള ഓർമയായിട്ട് ഇന്നേക്ക് പന്ത്രണ്ട്‌ വർഷം. പി ജി എന്ന രണ്ടക്ഷരത്തിൽ അറിയപ്പെട്ട അദ്ദേഹം മാർക്സിസ്റ്റ് സൈദ്ധാന്തികനും സഞ്ചരിക്കുന്ന വിശ്വവിജ്ഞാനകോശവുമായിരുന്നു.

രാജ്യത്ത് ആദ്യമായി കോളേജ് വിദ്യാര്‍ത്ഥികള്‍ക്കായി പ്രത്യേക സ്‌പോര്‍ട്സ് ലീഗ് കേരളത്തിൽ

സ. ആർ ബിന്ദു

രാജ്യത്ത് ആദ്യമായി കോളേജ് വിദ്യാര്‍ത്ഥികള്‍ക്കായി പ്രത്യേക സ്‌പോര്‍ട്സ് ലീഗ് ആരംഭിക്കുകയാണ് കേരളത്തിൽ. മികച്ച കായിക സംസ്‌കാരം വാര്‍ത്തെടുക്കുന്നതിനൊപ്പം കോളേജുകളിലെ അടിസ്ഥാനസൗകര്യ വികസനം കൂടി ലക്ഷ്യമിട്ടാണ് കായിക വകുപ്പുമായി ചേർന്ന് കോളേജ് ലീഗിന് ഉന്നതവിദ്യാഭ്യാസ വകുപ്പ് തുടക്കമിടുന്നത്.