Skip to main content

കേരളത്തിന്റെ ജി എസ് ടി വരുമാനം ഉയരുന്നു

കേരളത്തിന്റെ ധനകാര്യ സ്ഥിതി തിരിച്ചുവരവ് സാധ്യമല്ലാത്തവിധം തകർച്ചയുടെ നെല്ലിപ്പടികയിലാണെന്നു പ്രചരിപ്പിക്കുന്ന ചില കൂട്ടരുണ്ട്. ഈ അബദ്ധധാരണകളെ പൊളിച്ചു കാട്ടുന്നതാണ് സമീപകാലത്ത് ജിഎസ്ടി വരുമാനത്തിൽ പ്രകടമായിട്ടുള്ള ഉണർവ്വ്. ഇന്നുള്ള ധനകാര്യ പ്രതിസന്ധി കേന്ദ്ര സർക്കാരിന്റെ സൃഷ്ടിയാണ്. അതിനെതിരെ ജനരോഷം ഉയർത്തുന്നതിനെതിരെ പുകമറ സൃഷ്ടിക്കുകയാണ് മാധ്യമങ്ങളും ചില വിദഗ്ദന്മാരും.
കേരളത്തിന്റെ മൊത്തം റവന്യു വരുമാനത്തിന്റെ 40-45 ശതമാനം ജിഎസ്ടി നികുതിയാണ്. 2021-22-ൽ മുൻവർഷത്തെ അപേക്ഷിച്ച് ജിഎസ്ടി നികുതി 26 ശതമാനം വളർന്നു. അത് കോവിഡ് കാലത്തെ നികുതി തകർച്ചയിൽ നിന്നുള്ള തിരിച്ചുവരവാണെന്നു പറയാം. എന്നാൽ 2022-23-ലും 26 ശതമാനം വർദ്ധനവ് വീണ്ടും ഉണ്ടായി. ഇത് ജിഎസ്ടി കൗൺസിലിന്റെ ഔദ്യോഗിക കണക്കാണ്. സംസ്ഥാന സർക്കാരിന്റെ അക്കൗണ്ടിലെ കണക്കുമായി ഇതിനു വ്യത്യാസമുണ്ടെന്നും പറഞ്ഞുകൊള്ളട്ടെ. അതുപ്രകാരം 22 ശതമാനമാണ് വർദ്ധന. ഈ വ്യത്യാസത്തിനു കാരണം ജിഎസ്ടിയിൽ കയറ്റുമതിക്കാർക്കും മറ്റും നൽകുന്ന റീഫണ്ട് വകയിരുത്തുന്നതിലെ വ്യത്യാസമാണെന്നു പറയപ്പെടുന്നു. 2023-24 ധനകാര്യ വർഷത്തിൽ ആദ്യപാദത്തിലെ കണക്കുകൾ നടപ്പുവർഷത്തിലും ഈ വളർച്ച നിലനിൽക്കുന്നൂവെന്നു സൂചിപ്പിക്കുന്നതാണ്. കേരളത്തിന്റെ ജി.എസ്.ടി വരുമാനം വളർച്ചയുടെ പാതയിലാണ്.
കേരളത്തിന്റെ വാറ്റ് നികുതി വരുമാനം 2006-07 മുതലുള്ള വിഎസ് സർക്കാരിന്റെ കാലത്ത് ഏതാണ്ട് 20 ശതമാനംവച്ച് പ്രതിവർഷം വളരുകയുണ്ടായി. ഈ വളർച്ചാ നിരക്ക് യുഡിഎഫ് അധികാരത്തിൽവന്ന ശേഷവും രണ്ട് വർഷം തുടർന്നു. ഇതിന്റെ ഫലമായി കേരളത്തിന്റെ ധനക്കമ്മിയും റവന്യുക്കമ്മിയും കുറഞ്ഞുവരാൻ തുടങ്ങി. സർക്കാർ ചെലവുകൾ ഞെരുക്കാതെ സംസ്ഥാന സർക്കാരിന്റെ ധനസ്ഥിതി സുസ്ഥിരമായി തീരുമെന്ന പ്രതീക്ഷയുണ്ടായി. എന്നാൽ പ്രവേശന നികുതി കോടതി ഇല്ലാതാക്കിയതോടെ കേരളത്തിന്റെ അന്തർസംസ്ഥാന വ്യാപാരത്തിൽ നിന്നുള്ള നികുതി വരുമാനത്തിൽ ഗണ്യമായ കുറവുണ്ടായി. വാറ്റ് നികുതി വരുമാന വളർച്ച ഏതാണ്ട് 10 ശതമാനമായി ഇടിഞ്ഞു.
മറ്റു സംസ്ഥാനങ്ങളിൽ നിന്നു വ്യത്യസ്തമായി കേരളത്തിലെ ഉപഭോഗ കമ്പോളത്തിൽ വിറ്റഴിക്കപ്പെടുന്ന ചരക്കുകളിൽ 60-70 ശതമാനം മറ്റു സംസ്ഥാനങ്ങളിൽനിന്ന് വരുന്നവയാണ്. അതുപോലെ തന്നെ നമ്മുടെ നാട്ടിൽ ഉല്പാദിപ്പിക്കുന്ന സാധനങ്ങളിൽ പകുതിയോളം മറ്റു സംസ്ഥാനങ്ങളിലേക്കോ വിദേശത്തേക്കോ കയറ്റുമതി ചെയ്യുന്നവയാണ്. ഭരണഘടന പ്രകാരം ഇത്തരത്തിൽ വിദേശത്തേക്കോ മറ്റു സംസ്ഥാനങ്ങളിലേക്കോ കയറ്റുമതി ചെയ്യുന്നതോ അവിടങ്ങളിൽ നിന്നും ഇറക്കുമതി ചെയ്യുന്നതോ ആയ ചരക്കുകളുടെമേൽ സംസ്ഥാനങ്ങൾക്ക് നികുതി അധികാരമില്ല. വിദേശത്തുനിന്നുള്ള കയറ്റുമതി ഇറക്കുമതിക്ക് കസ്റ്റംസ് ഡ്യൂട്ടി ചുമത്താൻ കേന്ദ്ര സർക്കാരിനേ അവകാശമുള്ളൂ. അതുപോലെ തന്നെ അന്തർസംസ്ഥാന വ്യാപാരത്തിനുമേൽ കേന്ദ്ര സെയിൽസ് ടാക്സാണു ചുമത്തപ്പെടുന്നത്. അതാവട്ടെ വെറും 4 ശതമാനം മാത്രമാണ്. എന്നാൽ ജിഎസ്ടി ഈ സ്ഥിതിവിശേഷത്തിൽ മാറ്റം വരുത്തുന്നു.
എവിടെയാണോ അവസാനം ഒരു ചരക്കോ സേവനമോ ഉപയോഗിക്കപ്പെടുന്നത് ആ സംസ്ഥാനത്തിനായിരിക്കും ആ ചരക്കിനുമേൽ അതിനു മുമ്പുള്ള ഉൽപാദന-വ്യാപാര ഘട്ടങ്ങളിൽ ചുമത്തപ്പെട്ട നികുതിയെന്നള്ളതാണ് ജിഎസ്ടിയുടെ അടിസ്ഥാനതത്വം. ഇതിനെയാണ് ഡെസ്റ്റിനേഷൻ പ്രിൻസിപ്പൾ എന്നു പറയുന്നത്.
എന്നാൽ ജിഎസ്ടി വന്നിട്ടും കേരളത്തിന്റെ നികുതി വരുമാന മാന്ദ്യത്തിൽ മാറ്റമൊന്നും വന്നില്ല. ജിഎസ്ടി 10 ശതമാനംവച്ചേ വളർന്നിട്ടുള്ളൂ. അന്തർസംസ്ഥാന വ്യാപാരത്തിന്മേലുള്ള ഐജിഎസ്ടിയിൽ നിന്നാണ് ഗണ്യമായ വരുമാനം ഉണ്ടാകേണ്ടത്. എന്നാൽ ഐജിഎസ്ടി സംസ്ഥാനത്തിനുള്ളിൽ നടക്കുന്ന വില്പന-വാങ്ങലിന്മേലുള്ള എസ്ജിഎസ്ടിക്കു തുല്യമായേ വന്നുള്ളൂ. ഐജിഎസ്ടിയിലുള്ള ചോർച്ച തടയുന്നതിന് ആവശ്യമായ ഇവേ-ബിൽ സമ്പ്രദായം രണ്ട് വർഷം മുമ്പ് മാത്രമാണ് ഫലപ്രാപ്തിയിൽ എത്തിയത് എന്നതാണു ഇതിനു കാരണം. ഇപ്പോൾ ഇവേബിൽ സമ്പ്രദായം പൂർണ്ണപ്രവർത്തനക്ഷമമാണ്.
കേരളത്തെ സംബന്ധിച്ച് ജിഎസ്ടി നികുതി വളർച്ചയ്ക്ക് ഉണ്ടായിരുന്ന ചില പ്രധാന തടസ്സങ്ങൾ നീങ്ങിത്തുടങ്ങിയിരിക്കുകയാണ്. കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പിനു മുമ്പ് നികുതി നിരക്കുകളിലുണ്ടായ അശാസ്ത്രീയമായ വെട്ടിക്കുറവ് ഇപ്പോഴും തുടരുകയാണ്. എന്നിട്ടും നമ്മുടെ നികുതി വരുമാനം കഴിഞ്ഞ രണ്ടുവർഷമായി നല്ല തോതിൽ വളർന്നു. ഇതു ശക്തിപ്പെടുത്താൻ നമുക്കാവണം. എങ്കിൽ 2006-07/2012-13 കാലത്തെന്നപോലെ സംസ്ഥാന ധനകാര്യസ്ഥിതി സുസ്ഥിരമാക്കുന്നതിനു കഴിയും.
ഇതിനു തടയിടാനാണു കേന്ദ്ര സർക്കാരിന്റെ നീക്കം. കിഫ്ബിയും പെൻഷൻ കമ്പനിയും എടുത്ത വായ്പകൾ ഇതുവരെ തുടർന്ന കീഴ് വഴക്കങ്ങൾക്കു വിരുദ്ധമായി സംസ്ഥാനത്തിന്റെ അനുവദനീയമായ വായ്പാ തുകയിൽ നിന്ന് കിഴിവ് ചെയ്യുന്നതിനാണു കേന്ദ്ര സർക്കാരിന്റെ തീരുമാനം. അതും മുൻകാല പ്രാബല്യത്തോടെ. സംസ്ഥാനത്തിന്റെ ധനകാര്യ സ്ഥിതിയെ തുരങ്കംവയ്ക്കാനുള്ള കുത്സിതനീക്കത്തിനെതിരെയുള്ള ജനരോഷം തണുപ്പിക്കുന്നതിനാണ് നികുതി പിരിക്കുന്നതിലുള്ള കെടുകാര്യസ്ഥത മൂലമാണ് ധനപ്രതിസന്ധിയെന്നു പറഞ്ഞുപരത്തുന്നത്.

കൂടുതൽ ലേഖനങ്ങൾ

സ്വാതന്ത്ര്യ സമ്പാദനവേളയിൽ ഏതാണ്ട് തുല്യമായിരുന്നു ചൈനയുടെയും ഇന്ത്യയുടെയും സമ്പദ്ഘടനകൾ, എന്നാൽ ഇന്ന് ചൈനീസ് സമ്പദ്ഘടന ഇന്ത്യൻ സമ്പദ്ഘടനയുടെയും അഞ്ചിരട്ടി വലുപ്പമുണ്ട്

സ. ടി എം തോമസ് ഐസക്

ലോക ഉല്പാദനത്തിൽ ഇന്ത്യയുടെയും ചൈനയുടെയും പങ്കെന്ത്? കഴിഞ്ഞ 2000 വർഷത്തെ ചരിത്രം ഇതിനോടൊപ്പം കൊടുത്തിരിക്കുന്ന ചിത്രത്തിൽ നിന്നും ലഭിക്കും. ആഗോള ജിഡിപി 100 എന്ന് കണക്കാക്കിയാൽ പ്രധാനപ്പെട്ട ലോകരാജ്യങ്ങളുടെ വിഹിതം എങ്ങനെ മാറിവന്നുവെന്നതാണ് ചിത്രീകരിച്ചിരിക്കുന്നത്.

സിപിഐ എം വർക്കല ഏരിയയിലെ വെട്ടൂർ ലോക്കൽ കമ്മിറ്റിയുടെ പുതിയ ഓഫീസ് കെട്ടിടമായ ഇ കെ നായനാർ ഭവൻ സ. എം വി ഗോവിന്ദൻ മാസ്റ്റർ ഉദ്ഘാടനം ചെയ്തു

സിപിഐ എം വർക്കല ഏരിയയിലെ വെട്ടൂർ ലോക്കൽ കമ്മിറ്റിയുടെ പുതിയ ഓഫീസ് കെട്ടിടമായ ഇ കെ നായനാർ ഭവൻ പാർടി സംസ്ഥാന സെക്രട്ടറി സ. എം വി ഗോവിന്ദൻ മാസ്റ്റർ ഉദ്ഘാടനം ചെയ്തു.