Skip to main content

ജനങ്ങളുടെ ബോധത്തെ ഹിന്ദുത്വത്തിന്റെ തലത്തിലേക്ക് രൂപപ്പെടുത്താനുള്ള പ്രവർത്തനങ്ങളാണ് സാംസ്കാരികരംഗത്ത് സംഘപരിവാർ നടത്തിക്കൊണ്ടിരിക്കുന്നത്

രാജ്യത്ത് നടപ്പാക്കുന്ന ആഗോളവൽക്കരണ നയങ്ങൾ ജനങ്ങൾക്കിടയിൽ ശക്തമായ പ്രതിഷേധം രൂപപ്പെടുത്തിയിട്ടുണ്ട്. കർഷകരുടെയും തൊഴിലാളികളുടെയും വിദ്യാർഥികളുടെയും സ്ത്രീകളുടെയും പട്ടികജാതി-പട്ടികവർഗ ജനവിഭാഗങ്ങളുടെയും ജനാധിപത്യവാദികളുടെയും പോരാട്ടങ്ങൾ അതാണ് കാണിക്കുന്നത്. ഇതിനെ ദുർബലപ്പെടുത്താൻ ഹിന്ദുത്വരാഷ്ട്രീയം പ്രചരിപ്പിച്ച് രാഷ്ട്രീയാധികാരം ഉറപ്പിക്കാനാണ് സംഘപരിവാർ പരിശ്രമിക്കുന്നത്. ഏകീകൃത സിവിൽ കോഡ് അടിച്ചേൽപ്പിക്കാനുള്ള നീക്കം ഇതിന്റെ ഭാഗമാണ്. ജനങ്ങളുടെ ബോധത്തെ ഹിന്ദുത്വത്തിന്റെ തലത്തിലേക്ക് രൂപപ്പെടുത്താനുള്ള പ്രവർത്തനങ്ങളാണ് സാംസ്കാരികരംഗത്ത് സംഘപരിവാർ നടത്തിക്കൊണ്ടിരിക്കുന്നത്. ഈ യാഥാർഥ്യം ഉൾക്കൊണ്ടുകൊണ്ടാണ് സിപിഐ എം കേന്ദ്ര കമ്മിറ്റി 2017ൽ സാംസ്കാരികരംഗത്തെ കടമകളെന്ന രേഖ അംഗീകരിച്ചത്.

മനുഷ്യരുടെ സാമൂഹ്യജീവിതത്തിന്റെ വൈവിധ്യങ്ങളുടെയും രൂപങ്ങളുടെയും ആകത്തുകയായാണ് സംസ്കാരത്തെ ഇന്ന് വിലയിരുത്തുന്നത്. മനുഷ്യരുടെ പെരുമാറ്റം, പ്രകടനങ്ങൾ, ചേഷ്ടകൾ, ജീവിതരീതികൾ തുടങ്ങിയവയിലെ വൈവിധ്യങ്ങളെല്ലാം സംസ്കാരമെന്ന പദത്തിൽ ഇന്ന് ഉൾച്ചേർന്നിട്ടുണ്ട്. സംഘപരിവാർ മുന്നോട്ടുവയ്‌ക്കുന്ന ഹിന്ദുത്വ അജൻഡ ന്യൂനപക്ഷ ജനവിഭാഗങ്ങൾക്കിടയിൽ അരക്ഷിതാവസ്ഥ സൃഷ്ടിച്ചിട്ടുണ്ട്. ഇത് വലിയ ധ്രുവീകരണം സമൂഹത്തിൽ സൃഷ്ടിക്കുന്ന സാഹചര്യം രൂപപ്പെടുത്തുകയാണ്. അരാജക കാഴ്ചപ്പാടുകൾ മുന്നോട്ടുവയ്‌ക്കുന്നവരാകട്ടെ പൊതുവായി ഉയർന്നുവരേണ്ട മതനിരപേക്ഷ ബദലിനെ ദുർബലപ്പെടുത്തുകയും ചെയ്യുന്നുണ്ട്.

കേരളത്തിന്റെ നിയമസഭയിൽ ബിജെപിക്ക് അംഗങ്ങളില്ല. എന്നാൽ, നമ്മുടെ സാംസ്കാരിക മണ്ഡലത്തിൽ ഹിന്ദുത്വത്തിന്റെ സാംസ്കാരിക ഇടപെടലുകൾ ശക്തമാണ്. നവോത്ഥാന ആശയങ്ങളെയും ശാസ്ത്രീയമായ ചിന്തകളെയും ദുർബലപ്പെടുത്തി അന്ധവിശ്വാസത്തിന്റെയും അനാചാരത്തിന്റെയും സ്ത്രീവിരുദ്ധതയുടെയുമായ കാഴ്ചപ്പാടുകളെ ഇവർ അവതരിപ്പിക്കുകയാണ്. ഇതിനെ തുറന്നുകാട്ടി പ്രതിരോധം ഉയർത്തുകയെന്നത് വർഗ രാഷ്ട്രീയത്തിന്റെ മുന്നോട്ടുപോക്കിന് അത്യന്താപേക്ഷിതമാണ്. മറ്റ് മേഖലയിലെ സമരത്തിനോടൊപ്പം സാംസ്കാരികരംഗത്തെ പ്രതിരോധത്തെയും കണ്ണിചേർക്കാനാകണം.

കേരളത്തിന്റെ സാമൂഹ്യവികാസ പ്രക്രിയയിൽ ഒരു തരത്തിലുമുള്ള സംഭാവനയും ചെയ്യാത്ത സംഘപരിവാർ ജനങ്ങളുടെ പരസ്പരം ഇഴുകിച്ചേർന്നുള്ള ജീവിതത്തെ തകർക്കാനുള്ള നിലപാടാണ് സ്വീകരിച്ചത്. എല്ലാ വിശ്വാസികൾക്കും ക്ഷേത്രങ്ങളിൽ പ്രവേശനത്തിനുവേണ്ടിയുള്ള ജനാധിപത്യപരമായ അവകാശത്തിനുവേണ്ടി ഇടപെട്ടത് കമ്യൂണിസ്റ്റുകാരും ജനാധിപത്യ പ്രസ്ഥാനങ്ങളുമായിരുന്നു. നവോത്ഥാന പ്രസ്ഥാനങ്ങൾ ഫ്യൂഡലിസ്റ്റ് ആശയങ്ങൾക്കെതിരെയും ജാതീയമായ അതിർവരമ്പുകൾക്കെതിരെയും ശക്തമായ പോരാട്ടം നടത്തി. അതിനെ പിന്തുണച്ചും സ്വയം ഏറ്റെടുത്തും കമ്യൂണിസ്റ്റ് പാർടി പ്രവർത്തിച്ചു. അതോടൊപ്പം ജനങ്ങളുടെ അടിസ്ഥാന ജീവിതപ്രശ്നങ്ങൾ ഉയർത്തി സാമ്പത്തികമേഖലയിലെ സമരങ്ങൾക്കും കമ്യൂണിസ്റ്റ് പാർടി നേതൃത്വം നൽകി. വമ്പിച്ച ജനപിന്തുണ കമ്യൂണിസ്റ്റ് പാർടി ആർജിച്ചു. തുടർന്ന് ആദ്യ തെരഞ്ഞെടുപ്പിൽ പാർടി അധികാരത്തിൽവന്നു. ഈ സർക്കാർ നടപ്പാക്കിയ ഭൂപരിഷ്കരണം ഉൾപ്പെടെയുള്ള നടപടികൾ ജന്മിത്തത്തിന്റെ സാമ്പത്തികാടിത്തറയെ തകർത്തു. ജാതി മേധാവിത്വത്തിന് അത് കനത്ത തിരിച്ചടിയായി. ഈ സാമൂഹ്യ മുന്നേറ്റത്തിന്റെ ഭാഗമായി ഇടത്തരം ജനവിഭാഗങ്ങളും വളർന്നുവന്നു.

മുതലാളിത്തത്തിന്റെ വികാസം വാണിജ്യവൽക്കരണത്തിന്റെ രീതി എല്ലാ മേഖലയിലും കൊണ്ടുവന്നു. മുതലാളിത്ത സംസ്കാരവും സവർണ ജാതി മത സംസ്കൃതിയുടെ മൂല്യങ്ങളും ശക്തിപ്പെട്ടു. സ്വാർഥതയും ആൺകോയ്മയും ശാസ്ത്രവിരുദ്ധതയും ഇതിന്റെ ഭാഗമായി ഉയർന്നുവന്നു. ആചാരങ്ങളെ ഉപയോഗപ്പെടുത്തി മാർക്കറ്റുകൾ വിപുലപ്പെടുത്തുന്ന പദ്ധതികളും ആവിഷ്കരിക്കപ്പെട്ടു. കലകൾ മൂലധന താൽപ്പര്യങ്ങളുമായി യോജിച്ചു പ്രവർത്തിക്കുന്നനിലയും വികസിച്ചു.

സാമുദായിക സംഘടനകളിലും മറ്റും നുഴഞ്ഞുകയറി പ്രവർത്തിക്കുന്ന ശൈലി വർഗീയസംഘടനകൾ സ്വീകരിച്ചു. മതത്തിന്റെ മൂല്യങ്ങളിൽ ഉറച്ചുനിൽക്കുകയും മനുഷ്യത്വവിരുദ്ധമായ ആചാരങ്ങളെയും വിശ്വാസങ്ങളെയും ഉന്മൂലനം ചെയ്യുന്ന നവോത്ഥാന പാരമ്പര്യങ്ങളിൽനിന്നും വ്യത്യസ്തമായ സമീപനമായിരുന്നു ഇത്. ഒരുകാലത്ത് നവോത്ഥാനത്തിന്റെ കൊടിക്കൂറ ഉയർത്തിപ്പിടിച്ച ജനാധിപത്യ പ്രസ്ഥാനങ്ങൾ ഇത്തരം പിന്തിരിപ്പൻ ആശയങ്ങളുമായി കൂടിച്ചേർന്ന് തൊഴിലാളിവർഗ രാഷ്ട്രീയത്തെ പ്രതിരോധിക്കുന്നതിന് ഒത്തുചേർന്നു.

വർഗീയശക്തികൾ ആരാധനാലയങ്ങളുടെയും ഉത്സവങ്ങളുടെയും നിയന്ത്രണങ്ങൾ കൈക്കലാക്കി വിശ്വാസി സമൂഹത്തിൽ നുഴഞ്ഞുകയറുന്നതിനുള്ള നടപടിയും സ്വീകരിച്ചു. പൊതുമണ്ഡലങ്ങളെ ജാതിയുടെയും വർഗീയതയുടെയും പേരുപറഞ്ഞ് പിളർത്തപ്പെടുന്ന സ്ഥിതിയുമുണ്ടായി. ഇങ്ങനെ പിളർത്തപ്പെട്ട പൊതുമണ്ഡലങ്ങളെ വർഗീയമായി കൂട്ടിയോജിപ്പിക്കുന്നതിനുള്ള പദ്ധതികളും ആവിഷ്കരിച്ചു. മതനിരപേക്ഷ സംസ്കാരത്തിന്റെ കാവലാളായി കേരളീയരെ കൂട്ടിയോജിപ്പിക്കുന്ന നമ്മുടെ ഭാഷയെ രണ്ടാംകിടയായി മാറ്റുന്ന പ്രവണതയും ഉയർന്നുവന്നു.

കേരളത്തിലെ വലതുപക്ഷവൽക്കരണത്തിന് ഒരു ആശയമെന്നനിലയിൽ ഉത്തരാധുനികത പ്രവർത്തിച്ചു. ലോകത്തെ സർവകലാശാലകളിൽ ഉൾപ്പെടെ മാർക്സിസത്തെ പ്രതിരോധിക്കുന്ന ആശയമെന്ന നിലയിലാണ് ഉത്തരാധുനികത പ്രത്യക്ഷപ്പെട്ടത്. എല്ലാത്തിനെയും പരസ്പര ബന്ധത്തിലും അതിന്റെ മാറ്റത്തിലും കാണുന്നതാണ് മാർക്സിസ്റ്റ് സമീപനം. എന്നാൽ, ഉത്തരാധുനികത മഹാഖ്യാനങ്ങളും സമഗ്രമായ കാഴ്ചപ്പാടുകളും കാലഹരണപ്പെട്ടതും ജനാധിപത്യപരമായ മുന്നോട്ടുപോക്കിന് തടസ്സമാകുന്നതാണെന്നും പ്രചരിപ്പിച്ചു.സമഗ്രമായ ആശയങ്ങളുടെ ആധിപത്യം തകർന്നുവെന്നാണ് ഉത്തരാധുനികരുടെ അവകാശവാദം. എന്നാൽ, സാമ്രാജ്യത്വം ലോകത്തെമ്പാടും ആധിപത്യം ഉറപ്പിക്കുന്ന വലിയ പ്രസ്ഥാനമായി മാറുന്ന കാര്യം അവർ മുന്നോട്ടുവച്ചതേയില്ല. മനുഷ്യ സമൂഹത്തെ ഗോത്രത്തിന്റെയും വംശത്തിന്റെയും വർണത്തിന്റെയും ജാതിയുടെയും അടിസ്ഥാനത്തിൽ വിലയിരുത്തിയുള്ള രാഷ്ട്രീയ ഇടപെടലാണ് സ്വത്വരാഷ്ട്രീയം. സ്വത്വരാഷ്ട്രീയം ബഹുസ്വരതയുടെ ഭാഗമാണെന്ന് അവകാശപ്പെടുന്നുണ്ടെങ്കിലും അത് മറ്റു സ്വത്വങ്ങളെ ഉന്മൂലനംചെയ്ത് സമഗ്രാധിപത്യത്തിന്റെ തലത്തിലേക്ക് വികസിക്കുമെന്ന അനുഭവമാണ് ലോകത്തുള്ളത്. ഇന്ത്യയുടെയും അഫ്ഗാന്റെയും അനുഭവങ്ങൾ ഇക്കാര്യം വ്യക്തമാക്കുന്നു. ഒരു സ്വത്വത്തിന്റെ പ്രശ്നം മറ്റുള്ളവർക്ക് മനസ്സിലാകില്ലെന്നു പറഞ്ഞ് ജനങ്ങളെ പരസ്പരം ഏറ്റുമുട്ടിക്കുന്ന രീതിയിലേക്കാണ് സ്വത്വരാഷ്ട്രീയം സമൂഹത്തെ എത്തിക്കുന്നത്. അങ്ങനെ വർഗീയമായ ധ്രുവീകരണത്തിനും അതിന്റെ അടിസ്ഥാനത്തിലുള്ള സംഘം ചേരലുകൾക്കും സൈദ്ധാന്തിക ഭാഷ്യമായി ഉത്തരാധുനികതയും സ്വത്വരാഷ്ട്രീയവും മാറുന്നു.

മാർക്സിസം ചൂഷണത്തിന്റെ കാരണം എന്താണെന്ന് വസ്തുനിഷ്ഠമായി പറയുന്നുണ്ട്. എന്നാൽ, ചൂഷണമെന്നത് ഒരു ബോധത്തിന്റെ പ്രശ്നമായി സ്വത്വവാദികൾ കാണുന്നു. അങ്ങനെ ചൂഷണത്തെ നിലനിർത്തുന്ന മുതലാളിത്ത സംവിധാനത്തിന് അത് സുരക്ഷാ കവചമൊരുക്കുന്നു. സ്വത്വപരമായ അടിച്ചമർത്തലുകൾ സമൂഹത്തിന്റെയാകെ പ്രശ്നമായി കണ്ട്‌ ജനാധിപത്യപരമായി പരിഹരിക്കുന്നതിന് ഇത് തടസ്സമായി വർത്തിക്കുന്നു. പകരം അത് ഏറ്റുമുട്ടലിന്റെയും ചോരപ്പുഴ ഒഴുക്കലിന്റെയും തലത്തെ മുന്നോട്ടുവയ്‌ക്കുന്നു. ഒരാളുടെ സ്വത്വമെന്നതുതന്നെ പലതരത്തിലുമാകാം. അങ്ങനെ സമൂഹത്തെ മാത്രമല്ല, ആളെത്തന്നെ പലതായി വിഭജിക്കുന്ന അശാസ്ത്രീയതകൂടിയാണ് സ്വത്വരാഷ്ട്രീയം.
ഇന്ത്യൻ ദേശീയതയെ സംബന്ധിച്ച കാഴ്ചപ്പാടിലും ഇതു കാണാം. ഇന്ത്യൻ ദേശീയത രൂപപ്പെടുന്നത് ബ്രിട്ടീഷുകാർക്ക്‌ എതിരായ മഹത്തായ സമരത്തിലൂടെയാണ്. ഇതിനു പകരം ഏതെങ്കിലും സ്വത്വത്തിന്റേതാണെന്ന് വിലയിരുത്തുന്നത് ചരിത്രവിരുദ്ധമാണ്. ബഹുസ്വരതയുടെ അടിസ്ഥാനത്തിൽ വികസിച്ചുവന്ന നമ്മുടെ സംസ്കാരത്തെയും സ്വാതന്ത്ര പോരാട്ടത്തെയും തിരസ്കരിക്കുന്ന ഒന്നാണ്. ദേശീയതയുടെ സാമ്രാജ്യത്വവിരുദ്ധ സ്വഭാവത്തെയും വർഗീയതയുടെ പ്രതിരോധ രാഷ്ട്രീയത്തെയും നാം ഉയർത്തേണ്ടതുണ്ട്.

ചാതുർവർണ്യത്തിൽ അധിഷ്ഠിതമായ സാമൂഹ്യ ജീവിതമായിരുന്നു രാജ്യത്ത് നൂറ്റാണ്ടുകളായി നിലനിന്നത്. അതുകൊണ്ടുതന്നെ ബ്രാഹ്മണ മേധാവിത്വപരമായ കാഴ്ചപ്പാടുകൾ ഇന്ത്യൻ സമൂഹത്തിൽ ശക്തമായി നിലനിൽക്കുന്നുണ്ട്. അത്തരം സമീപനങ്ങളെ മുൻനിർത്തി ബഹുസ്വരതയുടേതായ നമ്മുടെ സവിശേഷതകളെ ഇല്ലാതാക്കി പഴയ മൂല്യങ്ങളെ തിരിച്ചുകൊണ്ടുവരാനുള്ള ഇടപെടലാണ് സാംസ്കാരിക ദേശീയതയിലൂടെ സംഘപരിവാർ മുന്നോട്ടുവയ്‌ക്കുന്നത്. ഇന്ത്യൻ പാർലമെന്റിൽ ചെങ്കോൽ സ്ഥാപിച്ച നടപടി ഇതിന്റെ ഭാഗവുമാണ്. മാർക്സിസം സംസ്കാരത്തെ കാണുന്നത് സാമൂഹ്യ, രാഷ്ട്രീയ തലങ്ങളിലുള്ള ഒരു സംവിധാനമായാണ്. സമൂഹത്തിൽനിന്നും അതിന്റെ ചലനങ്ങളിൽനിന്നും വ്യത്യസ്തമായ സംസ്കാരത്തെ സംബന്ധിച്ച കാഴ്ചപ്പാട് മാർക്സിസത്തിനില്ല. മാർക്സിസം ആധുനികതയെയും മുതലാളിത്തത്തെയും വിമർശിക്കുന്നത് ചരിത്രപരമായ സമീപനത്തിലൂടെയാണ്. അതിലൂടെ സമൂഹത്തെ കൂടുതൽ മുന്നോട്ടുനയിക്കാനുമാണ്. ഉത്തരാധുനികതയും ആധുനികതാ വിമർശം ഉയർത്തുന്നുണ്ട്. എന്നാൽ, അതിന് പരിഹാരമെന്നനിലയിൽ മുന്നോട്ടുവയ്‌ക്കുന്ന കാഴ്ചകൾ സമൂഹത്തെ പിന്നോട്ടുനയിക്കാനുള്ള സൈദ്ധാന്തിക പിന്തുണയായി തീരുകയും ചെയ്യുന്നു.

സാംസ്കാരികരംഗത്തെ ഹിന്ദുത്വവൽക്കരണത്തെ പ്രതിരോധിക്കാൻ ഉത്തരാധുനികതയും അത് ഉൽപ്പാദിപ്പിക്കുന്ന സ്വത്വരാഷ്ട്രീയത്തെയും പ്രതിരോധിക്കേണ്ടതുണ്ട്. അതോടൊപ്പം പ്രതിരോധത്തിന്റെ പ്രായോഗിക രൂപങ്ങളും ജനങ്ങളെ അണിനിരത്തിയുള്ള പ്രതിരോധവും കൂടുതൽ ശക്തിപ്പെടുത്തേണ്ടതുമുണ്ട്. സിപിഐ എം സംസ്ഥാന കമ്മിറ്റി അംഗീകരിച്ച സാംസ്കാരികരേഖ മതരാഷ്ട്രവാദികളുടെ സൂക്ഷ്മതലത്തിലുള്ള ഇടപെടലുകളെ ഉൾപ്പെടെ പ്രതിരോധിച്ച് കേരളത്തിന്റെ ഇടതുപക്ഷ മനസ്സ് ശക്തിപ്പെടുത്താനുള്ള പ്രായോഗികവും സൈദ്ധാന്തികവുമായ കാഴ്ചപ്പാടുകളാണ് മുന്നോട്ടുവയ്‌ക്കുന്നത്.

കൂടുതൽ ലേഖനങ്ങൾ

സ്വാതന്ത്ര്യ സമ്പാദനവേളയിൽ ഏതാണ്ട് തുല്യമായിരുന്നു ചൈനയുടെയും ഇന്ത്യയുടെയും സമ്പദ്ഘടനകൾ, എന്നാൽ ഇന്ന് ചൈനീസ് സമ്പദ്ഘടന ഇന്ത്യൻ സമ്പദ്ഘടനയുടെയും അഞ്ചിരട്ടി വലുപ്പമുണ്ട്

സ. ടി എം തോമസ് ഐസക്

ലോക ഉല്പാദനത്തിൽ ഇന്ത്യയുടെയും ചൈനയുടെയും പങ്കെന്ത്? കഴിഞ്ഞ 2000 വർഷത്തെ ചരിത്രം ഇതിനോടൊപ്പം കൊടുത്തിരിക്കുന്ന ചിത്രത്തിൽ നിന്നും ലഭിക്കും. ആഗോള ജിഡിപി 100 എന്ന് കണക്കാക്കിയാൽ പ്രധാനപ്പെട്ട ലോകരാജ്യങ്ങളുടെ വിഹിതം എങ്ങനെ മാറിവന്നുവെന്നതാണ് ചിത്രീകരിച്ചിരിക്കുന്നത്.

സിപിഐ എം വർക്കല ഏരിയയിലെ വെട്ടൂർ ലോക്കൽ കമ്മിറ്റിയുടെ പുതിയ ഓഫീസ് കെട്ടിടമായ ഇ കെ നായനാർ ഭവൻ സ. എം വി ഗോവിന്ദൻ മാസ്റ്റർ ഉദ്ഘാടനം ചെയ്തു

സിപിഐ എം വർക്കല ഏരിയയിലെ വെട്ടൂർ ലോക്കൽ കമ്മിറ്റിയുടെ പുതിയ ഓഫീസ് കെട്ടിടമായ ഇ കെ നായനാർ ഭവൻ പാർടി സംസ്ഥാന സെക്രട്ടറി സ. എം വി ഗോവിന്ദൻ മാസ്റ്റർ ഉദ്ഘാടനം ചെയ്തു.