Skip to main content

വടക്കു കിഴക്കിന്റെ സാംസ്കാരിക ആചാര വൈവിധ്യങ്ങളെ അട്ടിമറിക്കുന്ന ആർഎസ്എസ് രീതി അവസാനിപ്പിക്കണം

‘എത്ര വലിയ കലാപമാണെങ്കിലും 24 മണിക്കൂറിനപ്പുറത്തേക്ക്‌ കൊള്ളയും കൊള്ളിവയ്പും പടരുന്നുണ്ടെങ്കിൽ അതിന് അധികാരത്തിന്റെതന്നെ പിന്തുണയുണ്ടെന്നു വിശ്വസിച്ചുകൊള്ളുക’ – കലാപങ്ങളെ സൂക്ഷ്മമായി നിരീക്ഷിച്ച സുരക്ഷാവിദഗ്ധരും സാമൂഹ്യശാസ്ത്രജ്ഞരും ഒരുപോലെ ഉയർത്തിപ്പിടിക്കുന്ന നിഗമനമാണത്. മണിപ്പുരിനെ ഗ്രസിച്ച അഗ്നിനാളങ്ങൾ രണ്ടുമാസം കഴിഞ്ഞിട്ടും അണഞ്ഞില്ല എന്നുമാത്രമല്ല, ആളിക്കത്തുകകൂടി ചെയ്യുമ്പോൾ ഭരണകൂടവും ആധിപത്യ പ്രത്യയശാസ്ത്രവും സംയുക്തമായി നെയ്തെടുത്ത വിദ്വേഷത്തിന്റെ വലക്കണ്ണികളാണ് തെളിഞ്ഞുവരുന്നത്.

വിദ്വേഷത്തിന്റെ മതിൽക്കെട്ടുകൾ

ഇന്ത്യയുടെ രത്നമെന്നു വിളിക്കപ്പെടുന്ന, താഴ്വരയും മലനിരകളും ചേർന്ന വശ്യമനോഹരമായ മണിപ്പുർ നിന്നുകത്തുന്നതിന് കാരണങ്ങൾ നിരവധിയുണ്ട്. എന്നാൽ, ഇതിൽ അന്തർലീനമായ ഏറ്റവും പ്രധാനപ്പെട്ട ഘടകത്തെയാണ് മാധ്യമങ്ങളും സാമൂഹ്യനിരീക്ഷകരും സർക്കാർവക്താക്കളും ഒരുപോലെ വിസ്മരിക്കുന്നത്. അധികാരത്തിന്റെ പടവുകൾ കയറാൻ വിദ്വേഷത്തിന്റെ മതിൽക്കെട്ടുകൾ തീർക്കുകയെന്ന സംഘപരിവാറിന്റെ പ്രയോഗശാലയായി മണിപ്പുർ മാറി എന്നതാണ് ഇന്നത്തെ കലാപങ്ങളുടെ സുപ്രധാന കാരണങ്ങളിലൊന്ന്. നമ്മുടെ സംസ്ഥാനത്തെ മതസമവാക്യങ്ങൾക്കു സമാനമായ വംശഘടനയാണ് മണിപ്പുരിനുള്ളത്. ഇക്കാരണംകൊണ്ടുതന്നെ, മണിപ്പുർ സ്ഫടികംപോലെ തെളിഞ്ഞ പാഠമാണ് കേരളത്തിനു നേർക്കു നീട്ടുന്നത്. ന്യൂനപക്ഷങ്ങളെ, പ്രത്യേകിച്ച്‌ ക്രൈസ്തവരെ, ആകർഷിക്കാൻ സംഘപരിവാർ കേരളത്തിൽ ആരംഭിച്ച ‘ഔട്ട് റീച്ച്’ എട്ടു വർഷംമുമ്പ് മണിപ്പുരിൽ തുടങ്ങിയിരുന്നു.

2017-ൽ ബിരേൻ സിങ്ങിന്റെ നേതൃത്വത്തിൽ വ്യത്യസ്ത വിഭാഗങ്ങളെ കോർത്തിണക്കിയ രാഷ്ട്രീയമുന്നണിക്കാണ് ബിജെപി മണിപ്പുരിൽ രൂപം നൽകിയത്. മുപ്പത്തിനാലോളം വംശങ്ങൾ ഉൾക്കൊള്ളുന്ന മണിപ്പുരിലെ പ്രബലവിഭാഗങ്ങളായ മെയ്‌ത്തീകളെയും നാഗന്മാരെയും കുക്കികളെയുമൊക്കെ ബിജെപി തങ്ങളുടെ രാഷ്ട്രീയസമവാക്യത്തിലേക്ക്‌ വിന്യസിപ്പിച്ചു. എന്നാൽ, സ്വന്തംനിലയ്ക്ക് ഭൂരിപക്ഷത്തോടെ രണ്ടാമതും മണിപ്പുരിൽ ബിരേൻ സിങ്‌ അധികാരം ഏറ്റതോടെ ധ്രുവീകരണരാഷ്ട്രീയത്തിന് തുടക്കം കുറിച്ചു. പൊടുന്നനെ, കുക്കികൾ കഞ്ചാവുകൃഷിക്കാരും കൈയേറ്റക്കാരുമായി. ഭൂരിപക്ഷവിഭാഗമായ മെയ്ത്തീകളെ കൂടെനിർത്തി മറ്റു വംശങ്ങളെ ഛിന്നഭിന്നമാക്കിയാൽ മണിപ്പുർ വടക്കുകിഴക്കൻ മേഖലയിലെ കാവിക്കോട്ടയാകുമെന്ന് സംഘപരിവാർ സ്വപ്നം കണ്ടു. ഇവിടെത്തുടങ്ങിയ വിദ്വേഷത്തിന്റെ രഥയോട്ടമാണ് മണിപ്പുരിനെ ഈ ഗതിയിലേക്കു തള്ളിവിട്ടത്.

വർഗീയതയുടെ കനത്ത പാളികൾ

മണിപ്പുരിലെ ജനസംഖ്യയിൽ 53 ശതമാനവും മെയ്ത്തീകളാണ്. അവരിൽ ഭൂരിപക്ഷവും ഹിന്ദുക്കളുമാണ്. മെയ്ത്തീകളിൽ ക്രൈസ്തവരും മുസ്ലിങ്ങളും വളരെച്ചെറിയ ന്യൂനപക്ഷമാണ്. അതേസമയം, പ്രബലമായ രണ്ടുഗോത്രം- കുക്കികളും നാഗന്മാരും– ഏറെക്കുറെ ക്രൈസ്തവസഭകളുടെ ഭാഗമാണ്. പണ്ടും മണിപ്പുരിൽ വംശപ്രതിസന്ധികൾ ഉടലെടുത്തിട്ടുണ്ട്. എന്നാൽ, അന്നൊന്നുമില്ലാത്ത വർഗീയതയുടെ കനത്ത പാളി ഇപ്പോഴത്തെ കലാപത്തിന്മേൽ ചൂഴ്‌ന്നുനിൽക്കുന്നു എന്നതാണ് ശ്രദ്ധിക്കേണ്ട കാര്യം. ഇടതുപക്ഷ എംപിമാരുടെ സംഘത്തിന്റെ ഭാഗമായി മണിപ്പുരിന്റെ സമതലങ്ങളിലും കുന്നിൻപുറങ്ങളിലും സഞ്ചരിച്ച ഈ ലേഖകനു ലഭിച്ച വസ്തുതകളും നിരീക്ഷണങ്ങളും നടുക്കമുളവാക്കുന്നതാണ്. കേരളത്തിലെ കത്തോലിക്ക സഭയുടെ കണ്ണു തുറപ്പിച്ച റിപ്പോർട്ട് തയ്യാറാക്കിയ എഴുപത്തഞ്ചുകാരനായ ഇംഫാൽ ആർച്ച്‌ ബിഷപ് ഡോമിനിക് ലൂമൻ മണിപ്പുരിന്റെ ഇന്നത്തെ ദുർഗതി ഞങ്ങൾക്കു മുന്നിൽ അനാവരണം ചെയ്തു. അദ്ദേഹം വിരൽ ചൂണ്ടിയ വഴിത്താരയിലേക്കു തന്നെയാണ് ഇംഫാൽ നഗരത്തിലെ നിരവധി സ്വതന്ത്രനിരീക്ഷകരും കണ്ണുപായിച്ചത്.

തലസ്ഥാനനഗരിയോടു ചേർന്നുകിടക്കുന്ന കഞ്ചിപ്പുരിലെ കത്തോലിക്ക സ്കൂൾ ഏറെ പ്രസിദ്ധമാണ്. അയ്യായിരത്തോളം വിദ്യാർഥികൾ ഇവിടെ പഠിക്കുന്നുണ്ട്. മെയ്ത്തീകൾമാത്രം താമസിക്കുന്ന ഈ പ്രദേശത്തെ ഈ സ്കൂളിനും ചേർന്നു കിടക്കുന്ന പള്ളിക്കും നേരെ കലാപകാരികൾ രൂക്ഷമായ ആക്രമണമാണ് നടത്തിയത്. പള്ളി ഗ്യാസ് സിലിണ്ടറുകൾ ഉപയോഗിച്ച് കത്തിച്ചു ചാമ്പലാക്കി. ഈ സ്കൂളിലെ വിദ്യാർഥികളിൽ 90 ശതമാനത്തിലേറെപ്പേരും മെയ്ത്തീകളാണ്. കത്തോലിക്ക കുട്ടികളാകട്ടെ 100-ൽ താഴെമാത്രം. എന്നിട്ടും എന്തുകൊണ്ട് മെയ്ത്തീ തീവ്രവാദികൾ ഇവിടെ ആക്രമണം നടത്തി? വംശീയകലാപം എങ്ങനെ വർഗീയതയുടെ തുരങ്കത്തിലേക്കു പ്രവേശിച്ചു എന്നറിയാൻ കഞ്ചിപ്പുർ സന്ദർശിച്ചാൽ മതി.

ഇംഫാൽ വിമാനത്താവളത്തിൽനിന്ന് കല്ലെറിഞ്ഞാൽ എത്തുന്ന ദൂരത്തിലാണ് സംഗായിപ്രൊയിലെ കന്യാസ്ത്രീകൾ നടത്തുന്ന സ്കൂളും പള്ളിയും. 4400 വിദ്യാർഥികളുള്ള പ്രശസ്തമായ വിദ്യാലയം. ഈ സ്ഥാപനം ആക്രമിക്കപ്പെടുകയും കഞ്ചിപ്പുരിലേതുപോലെ പള്ളി തീയിട്ടു നശിപ്പിക്കപ്പെടുകയും ചെയ്തു. പൊലീസും അർധസൈനികരും നോക്കിനിൽക്കുമ്പോഴാണ് കലാപകാരികൾ ഇവിടെ അഗ്നിബാധ ഒരുക്കിയത്. നിരവധി മെയ്ത്തീ ക്ഷേത്രങ്ങളും ആക്രമിക്കപ്പെട്ടു. വംശീയതയുടെ ധ്രുവീകരണംമാത്രം പോരാ വർഗീയതയുടെ അഗ്നിനാളങ്ങൾകൂടി മണിപ്പുരിൽ ഉയരണമെന്ന് എവിടെയോ തീരുമാനിക്കപ്പെട്ടു എന്നർഥം.

ഗുരുതരമായ ഭവിഷ്യത്തുകൾ

അന്താരാഷ്ട്ര അതിർത്തി പങ്കിടുന്ന മണിപ്പുരിലെ അഗ്നിനാളങ്ങൾക്ക് ഗുരുതരമായ ഭവിഷ്യത്തുകൾ ഉണ്ടെന്നു തിരിച്ചറിയാത്തവരല്ല കേന്ദ്രം ഭരിക്കുന്നവർ. എന്നാൽ, മണിപ്പുർ കലാപത്തെക്കുറിച്ച് ക മാ എന്ന ഒരക്ഷരം പ്രധാനമന്ത്രി ഇതുവരെ പറഞ്ഞിട്ടില്ല. കലാപം തുടങ്ങി, 26 ദിവസം കഴിഞ്ഞാണ് ആഭ്യന്തരമന്ത്രി അമിത് ഷാ സംസ്ഥാനം സന്ദർശിച്ചത്. കൊട്ടിഘോഷിച്ചുകൊണ്ട് ഒരു പ്രഖ്യാപനം നടത്തി, ഒരു തീരുമാനം കൊക്കൊണ്ടു– ആയുധങ്ങൾ അടിയറ വയ്ക്കുക, സമാധാന കമ്മിറ്റി മണിപ്പുരിനെ സാധാരണ ഗതിയിലേക്ക്‌ കൊണ്ടുവരും. മണിപ്പുർ പൊലീസിൽനിന്ന് ആയുധങ്ങളും പടക്കോപ്പുകളും മോഷ്ടിക്കപ്പെട്ടു. സർക്കാർതന്നെ മെയ്ത്തീ ഭീകരർക്ക് ആയുധങ്ങൾ വിതരണംചെയ്തു എന്നാണ് കുക്കികളുടെ വിശ്വാസം. രണ്ടുപക്ഷത്തെയും തീവ്രവാദസ്വഭാവമുള്ള സംഘടനകൾ മണിപ്പുരിൽ അഴിഞ്ഞാടുകയാണ് എന്നതാണ് യാഥാർഥ്യം. പ്രധാനമന്ത്രിയുടെ കാതടപ്പിക്കുന്ന നിശ്ശബ്ദത സമതലത്തിലും മലമുകളിലും ഒരുപോലെ പ്രതിധ്വനി സൃഷ്ടിക്കുന്നു. നിരക്ഷരരായ അഭയാർഥികൾപോലും ചോദിക്കുന്ന ഒരു ചോദ്യമുണ്ട്–- ‘എന്തേ, പ്രധാനമന്ത്രിക്ക് ഞങ്ങൾ ഈ രാജ്യത്തിന്റെ മക്കളല്ലേ’

ചാമ്പലായ വീടുകൾ കൊള്ള, കൊള്ളിവയ്‌പ്‌

ആയിരക്കണക്കിനു വീടുകളാണ് കത്തിച്ചാമ്പലായത്. ഓരോ വിഭാഗത്തിന്റെയും കടകമ്പോളങ്ങളിൽ അടയാളം ചാർത്തിയ കലാപകാരികൾ തിരഞ്ഞുപിടിച്ച് കൊള്ളയും കൊള്ളിവയ്പും നടത്തി. ശുദ്ധീകരണം പൂർണമാക്കാൻ അടിത്തറപോലും മാന്തി. അറുപതിനായിരത്തോളം പേരാണ് അഭയാർഥിക്യാമ്പുകളിൽ കഴിയുന്നത്. ഇവരെ വേട്ടയാടുന്ന പേടിസ്വപ്നങ്ങളും ചൂഴ്ന്നുനിൽക്കുന്ന അനിശ്ചിതാവസ്ഥയും വിവരണാതീതമാണ്. പ്രകൃതിക്ഷോഭത്തിൽ വീടും ജീവിതമാർഗവും നഷ്ടപ്പെട്ടവർക്ക് അതു തിരികെ നൽകാൻ സാമ്പത്തിക പിന്തുണകൊണ്ട്‌ കഴിയും. എന്നാൽ, ജനിച്ചു വളർന്ന ഭൂമികയിലേക്ക്‌ ഇനി മടങ്ങാൻ കഴിയില്ലെന്ന മാനസികവ്യഥയുമായാണ് ഇവർ കഴിയുന്നത്. ആയിരക്കണക്കിനു കുക്കികൾ ഇംഫാലിൽ കേന്ദ്ര-സംസ്ഥാന സർവീസുകളിൽ ജോലി ചെയ്യുന്നുണ്ട്. എന്നാൽ, ഇന്ന് ഒരൊറ്റ കുക്കിപോലും താഴ്വരയിലില്ല. മലമുകളിലെ മെയ്ത്തീകളായ സർക്കാർ ജീവനക്കാരുടെ കാര്യവും സമാനമാണ്. നഗരവീഥികളിൽ കലാപകാരികളുടെ കവചങ്ങളായ സ്ത്രീസംഘങ്ങൾ ബാരിക്കേഡുകൾ ഉയർത്തുന്നു. അന്യവംശക്കാർ ഒളിച്ചിരിപ്പുണ്ടോയെന്ന് രാത്രിപോലും കാറുകൾ തടഞ്ഞുനിർത്തി ടോർച്ചു മിന്നിച്ച് പരിശോധിക്കുന്ന സംഘങ്ങൾ റോന്തുചുറ്റുന്നു. താഴ്വരയെയും മലനിരയെയും വേർതിരിക്കുന്ന പ്രദേശങ്ങളിൽ, നോ മാൻസ് ലാൻഡ് എന്ന ശൂന്യതയുടെ ഇടങ്ങളാണെങ്കിൽപ്പോലും, ഇടയ്ക്കിടയ്ക്ക് വെടിയൊച്ചകൾ മുഴങ്ങുന്നു. വംശീയശുദ്ധീകരണം പൂർണമാക്കുന്നതിന്റെ ഭാഗമായി വെടിക്കോപ്പുകൾകൊണ്ട് വേലിക്കെട്ടുകൾ തീർക്കുകയാണ്.

ഭരണയന്ത്രത്തിന്റെ ദയനീയമായ തകർച്ച

മണിപ്പുർ ഗവർണർ അനസൂയ ഉയികെയെ കണ്ടപ്പോൾ അവർ നിസ്സഹായതയുടെ പാരമ്യത്തിലായിരുന്നു. തന്റെ ഇത്രയും കാലത്തെ പൊതുജീവിതത്തിൽ ഇങ്ങനെയൊരു ദുരന്തത്തിനു സാക്ഷ്യം വഹിച്ചിട്ടില്ലെന്ന് അവർ പരിതപിച്ചു. ഗവർണർ നിരത്തിയ സ്ഥിതിവിവരക്കണക്കുകൾ നിർജീവമാകുന്നതിന്റെ കാരണം ഭരണയന്ത്രത്തിന്റെ ദയനീയമായ തകർച്ചയാണെന്നത് അവർക്കുതന്നെ അറിയാം. 60,000 സേനാംഗങ്ങളാണ് മണിപ്പുരിൽ ഉള്ളത്. ഇന്ത്യൻ പട്ടാളം, അസം റൈഫിൾസ്, അതിർത്തി രക്ഷാ സേന, സിആർപിഎഫ് തുടങ്ങിയ സേനകളിൽനിന്നുമുള്ള ഭടന്മാർ കവചിതവാഹനങ്ങളിൽ റോന്തുചുറ്റുന്നു. എന്നാൽ, ഇതൊന്നും സാധാരണ ഗതിയിലേക്കു മടങ്ങാൻ സഹായകമാകുന്നില്ല.സൈനികപ്രതിവിധി ഒരു ആഭ്യന്തരകലഹത്തിനും പരിഹാരമല്ലെന്നത് കേന്ദ്ര സർക്കാരിന് അറിയാഞ്ഞിട്ടല്ല. രാഷ്ട്രീയനേതൃത്വത്തിന്റെ രൂപരേഖയ്ക്കും തന്ത്രത്തിനുമനുസരിച്ച് പ്രവർത്തിക്കാനുള്ള ബാധ്യത മാത്രമാണ് സൈനികദളങ്ങൾക്കുള്ളത്. ഭരണനിർവഹണം ശൂന്യതയിൽ നിൽക്കുമ്പോൾ ഭടന്മാരുടെ ആയുധങ്ങളും പടക്കോപ്പുകളും അർഥശൂന്യങ്ങളായിരിക്കുമെന്നാണ് ഇതിനർഥം.

കെട്ടുകഥകൾക്ക്‌ തീകൊളുത്തി മോദി

ഐതിഹ്യവും കെട്ടുകഥകളും ചരിത്രവുമെല്ലാം കൂട്ടിക്കുഴയ്ക്കുന്ന ശൈലിയും ഈ ദശാസന്ധിയിൽ മണിപ്പുരിനെ ബാധിക്കുന്നുണ്ടെന്നു കാണണം. ഓരോ പക്ഷവും തങ്ങളുടെ നിലപാടു സമർഥിക്കാൻ ഇവയിൽനിന്ന് സൗകര്യപ്രദമായ ചേരുവകൾ കണ്ടെടുക്കുന്നു. മലനിരകൾ താഴ്വരയെ ഉപേക്ഷിക്കുകമാത്രമാണ് പ്രതിവിധിയെന്ന് കുക്കികൾ അടിവരയിടുന്നു. ‘എസ്ഒഎസ്’ എന്നു പറഞ്ഞാൽ രക്ഷിക്കണം എന്ന അടിയന്തരസന്ദേശമാണ്. കുക്കികൾക്ക് ഇത് സെപ്പറേഷൻ ഒൺലി സൊല്യൂഷൻ (വിഭജനമാണ് ഏക പ്രതിവിധി) എന്നതാണ്. ഇരുപക്ഷത്തിനുമിടയിൽ സംശയത്തിന്റെയും വിദ്വേഷത്തിന്റെയും കനത്ത മതിലുകളാണ്. വടക്കു കിഴക്കൻ മേഖലയെ സംഘപരിവാറിന്റെ അഖണ്ഡഭാരതസങ്കൽപ്പവുമായി കൃത്രിമമായി ബന്ധിപ്പിച്ച് വൈവിധ്യങ്ങളെ അവഗണിച്ച് ഏകമാനവികതയിലേക്ക്‌ എത്തിക്കാനുള്ള തീക്കളി കൂടിയാണ് മണിപ്പുരിലെ ദുരവസ്ഥയ്ക്കു കാരണം. എണ്ണമറ്റ സംഘപരിവാർ സംഘടനകൾ വടക്കു കിഴക്കൻ മേഖലയുടെ മുക്കിലും മൂലയിലും പ്രവർത്തിക്കുന്നുണ്ട്. അവയോരോന്നും വെറുപ്പിന്റെ ചെറുകിട യൂണിറ്റുകളാണ്. ഐതിഹ്യത്തെ ചരിത്രമാക്കുന്നതിനുള്ള അവരുടെ സിദ്ധി അപാരമാണ്.

ശ്രീകൃഷ്ണൻ അരുണാചലിലെ രാജകുമാരിയായ രുക്‌മിണിയെയാണ് വിവാഹം കഴിച്ചതെന്ന കെട്ടുകഥയ്ക്ക് അധ്യക്ഷ്യമരുളിയത് പ്രധാനമന്ത്രി നരേന്ദ്ര മോദി തന്നെയാണ്. കേന്ദ്ര സാംസ്കാരിക മന്ത്രാലയത്തിന്റെ ആഭിമുഖ്യത്തിൽ ഗുജറാത്തിൽ ഇതിനായി ഒരു മേളതന്നെ സംഘടിപ്പിച്ചു– മാധവ്പുർ മേള. വധുവിന്റെ പക്ഷക്കാരനായി ഗുജറാത്തിൽ പോയി കെട്ടുകഥയ്ക്ക് പുതിയ ഭാഷ്യം ചമയ്ക്കാൻ നിന്നത് മണിപ്പുർ മുഖ്യമന്ത്രി ബിരേൻ സിങ്ങാണ്. രുക്‌മിണി മഹാരാഷ്ട്രയിലെ വിദർഭയിൽ നിന്നാണെന്നാണ് ഐതിഹ്യങ്ങൾ പറയുന്നത്. അവരെ വടക്കുകിഴക്കിലേക്ക്‌ മാറ്റി പ്രതിഷ്ഠിക്കേണ്ടത് ഈ മേഖലയെ ഹിന്ദുത്വധാരയിലേക്കു ലയിപ്പിക്കാൻ അനിവാര്യമാണെന്ന് സംഘപരിവാർ കാണുന്നു. വടക്കു കിഴക്കൻ രാഷ്ട്രീയത്തിന് ഹിന്ദുത്വഭാഷ്യം ചമയ്ക്കാനുള്ള വെമ്പലിൽ മറ്റു പല വൈവാഹികബന്ധങ്ങളും ആർഎസ്എസ് ചമച്ചിട്ടുണ്ട്. അർജുനൻ വിവാഹം കഴിച്ചത് മണിപ്പുരിലെ രാജകുമാരി ചിത്രാംഗദയെയാണുപോലും. വില്ലാളി വീരന്റെ മറ്റൊരു വിവാഹം സംഘപരിവാർ നാഗാലാൻഡിലേക്കു നീട്ടി. നാഗരാജകുമാരി ഉലൂപിയെ അർജുനനു സമ്മാനിച്ച് വടക്കുകിഴക്കിനെ പൂർണമായി സവർക്കറും ഗോൾവാൾക്കറും ചമച്ച ആർഷഭാരതവ്യാഖ്യാനത്തിലേക്ക്‌ വിളക്കിച്ചേർക്കുന്നു.

വടക്കു കിഴക്കിന്റെ ഇന്നത്തെ പ്രതിസന്ധിയുടെ ഏറ്റവും പ്രധാനകാരണം അവരുടെ സാംസ്കാരിക- ആചാര വൈവിധ്യങ്ങൾ കവർന്നെടുക്കപ്പെടുന്നു എന്നതാണ്. നൂറ്റാണ്ടുകളുടെ ചരിത്രമുറങ്ങുന്ന ഈ പ്രദേശത്തെ രാഷ്ട്രീയകായചികിത്സയ്ക്കു വിധേയമാക്കുന്ന ആർഎസ്എസ് രീതിയാണ് അവസാനിപ്പിക്കേണ്ടത്. മലയോരത്തിനും താഴ്വാരത്തിനും ഒരുമിച്ചുമാത്രമേ നിൽക്കാനാകൂ. തീരമില്ലാതെ കടലില്ല എന്നതുപോലെയാണ് മലയോരമേഖലയുടെയും താഴ്വരകളുടെയും കാര്യം. മലയോര-താഴ്വാരമേഖലകൾ അവിഭാജ്യമാണ്.

അമേരിക്കയിലെ സ്വദേശികളായ ദശലക്ഷക്കണക്കിന് ആളുകളെ കൊന്നൊടുക്കിയ ചരിത്രമുണ്ട്. അവരുടെ സംസ്കാരപൈതൃകങ്ങൾ ഉന്മൂലനം ചെയ്യപ്പെട്ടത് പാഠപുസ്തകങ്ങളിലൂടെമാത്രം ഓർമിപ്പിക്കപ്പെടേണ്ട കാര്യമല്ല. ഏറ്റവും തന്ത്രപ്രധാനമായ വടക്കുകിഴക്കൻ മേഖലയെ എങ്ങനെയാണ് നമ്മൾ സമീപിക്കേണ്ടതെന്ന വലിയ പാഠമാണ് ഇതൊക്കെ പകർന്നു നൽകുന്നത്.

കൂടുതൽ ലേഖനങ്ങൾ

'വർക്ക് നിയർ ഹോം' പദ്ധതി; വികസനം ഏതാനും നഗരങ്ങളിൽ ഒതുക്കുകയല്ല, മറിച്ച് എല്ലാ പ്രദേശങ്ങളിലേയ്ക്കും എത്തിക്കുകയാണ് സർക്കാർ

സ. പിണറായി വിജയൻ

കാലത്തിന്റെ മാറ്റം ഏറ്റവും കൂടുതൽ പ്രതിഫലിക്കുന്ന മേഖലകളിൽ ഒന്നാണ് തൊഴിൽ. കുറച്ചു വർഷങ്ങൾക്കു മുൻപ് നിലനിന്നിരുന്ന തൊഴിലുകളും തൊഴിൽ രീതികളും മാറുകയാണ്.

സഖാവ് പി ഗോവിന്ദപ്പിള്ളയുടെ ഓർമകൾക്കു മുന്നിൽ സ്‌മരണാഞ്ജലി

സ. എം വി ഗോവിന്ദൻ മാസ്റ്റർ

കേരളത്തിന്റെ രാഷ്ട്രീയ, സാമൂഹ്യ, സാഹിത്യ, വൈജ്ഞാനിക മണ്ഡലങ്ങളിൽ സജീവ സാന്നിധ്യമായിരുന്ന സഖാവ് പി ഗോവിന്ദപ്പിള്ള ഓർമയായിട്ട് ഇന്നേക്ക് പന്ത്രണ്ട്‌ വർഷം. പി ജി എന്ന രണ്ടക്ഷരത്തിൽ അറിയപ്പെട്ട അദ്ദേഹം മാർക്സിസ്റ്റ് സൈദ്ധാന്തികനും സഞ്ചരിക്കുന്ന വിശ്വവിജ്ഞാനകോശവുമായിരുന്നു.

രാജ്യത്ത് ആദ്യമായി കോളേജ് വിദ്യാര്‍ത്ഥികള്‍ക്കായി പ്രത്യേക സ്‌പോര്‍ട്സ് ലീഗ് കേരളത്തിൽ

സ. ആർ ബിന്ദു

രാജ്യത്ത് ആദ്യമായി കോളേജ് വിദ്യാര്‍ത്ഥികള്‍ക്കായി പ്രത്യേക സ്‌പോര്‍ട്സ് ലീഗ് ആരംഭിക്കുകയാണ് കേരളത്തിൽ. മികച്ച കായിക സംസ്‌കാരം വാര്‍ത്തെടുക്കുന്നതിനൊപ്പം കോളേജുകളിലെ അടിസ്ഥാനസൗകര്യ വികസനം കൂടി ലക്ഷ്യമിട്ടാണ് കായിക വകുപ്പുമായി ചേർന്ന് കോളേജ് ലീഗിന് ഉന്നതവിദ്യാഭ്യാസ വകുപ്പ് തുടക്കമിടുന്നത്.