പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഒരു വ്യക്തിപ്രഭാവവികസന പ്രചാരണ പരിപാടിയുടെ ഭാഗമായിട്ടായിരുന്നു മധ്യപ്രദേശിലെ കുനോ ദേശീയോദ്യാനത്തിൽ ആഫ്രിക്കയിൽ നിന്ന് ഇരുപത് ചീറ്റപ്പുലികളെ എത്തിച്ചത്. പ്രധാനമന്ത്രിയുടെ ജന്മദിനത്തിലാണ് അതുകൊണ്ട് ഇവയെ ഇന്ത്യയിൽ കൊണ്ടു വന്നത്. വന്യജീവി ഫോട്ടോഗ്രാഫറുടെ വേഷം കെട്ടി നരേന്ദ്ര മോദി അവിടെ ഫോട്ടോഗ്രാഫർമാരുടെ മുന്നിൽ സ്വയം പോസ് ചെയ്യുകയായിരുന്നു. ഈ പുലികൾക്ക് പേരിടാൻ ജനങ്ങളോട് ആവശ്യപ്പെടുക തുടങ്ങിയ പി ആർ യജ്ഞങ്ങളും ഉണ്ടായിരുന്നു.
മനുഷ്യവംശം സഹസ്രാബ്ദങ്ങളിലൂടെ ഭൂമിയിൽ പടർന്നതിനനുസരിച്ച് കാട് കുറയുകയും വന്യജീവികളെ സംരക്ഷിക്കാനായി പ്രത്യേക വനമേഖലകളും മറ്റും ലോകമെമ്പാടും നിയമം മൂലം നിർണ്ണയിച്ച് സംരക്ഷിക്കേണ്ടി വരികയും ചെയ്തു. വന്യജീവികളെ സംരക്ഷിക്കേണ്ടത് നമ്മുടെ തന്നെ നിലനില്പിന് ആവശ്യമാണ് എന്ന തിരിച്ചറിവ് ഇന്ന് മനുഷ്യരാശിക്കുണ്ട്. ഒരു ജീവി ചത്തൊടുങ്ങി മനുഷ്യരാശിയുടെ നിലനില്പ് എന്ന ഒന്നില്ല.
എന്നാൽ ഇത്തരം കാര്യങ്ങൾ ഉൾക്കൊള്ളാനാവുന്ന വ്യക്തി എന്ന് ഇതുവരെ തെളിയിച്ചിട്ടില്ലാത്ത നരേന്ദ്ര മോദിയെപ്പോലെ ഒരാൾ ഒരു പി ആർ എക്സർസൈസ് ആയി പുലികളിക്കിറങ്ങുന്നത് തികച്ചും അനാശാസ്യമാണ്. വന്യജീവി സംരക്ഷണം ശാസ്ത്രീയമായി ചെയ്യേണ്ട ഒന്നാണ്. അല്ലാതെ മോദി ചെയ്യുന്ന പോലെ ചെയ്താൽ ഇപ്പോൾ സംഭവിച്ചതുപോലെ ചീറ്റപ്പുലികളുടെ വംശനാശത്തിന് സംഭാവന ചെയ്യുകയാവും ഫലം.