Skip to main content

ഏതെങ്കിലും വിഭാഗം ജനങ്ങളുടെ അവശതയും അവർ നേരിടുന്ന അവഗണനയും പരിഹരിക്കലല്ല ഏക സിവിൽ കോഡിന്റെ ലക്ഷ്യം

ഏക സിവിൽ കോഡ് നടപ്പാക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പ്രഖ്യാപനം രാഷ്ട്രീയലക്ഷ്യംമാത്രം മുൻനിർത്തിയാണ്. ഏതെങ്കിലും വിഭാഗം ജനങ്ങളുടെ ‘അവശതയും' അവർ നേരിടുന്ന ‘അവഗണനയും' പരിഹരിക്കലല്ല ലക്ഷ്യം. സ്ത്രീകൾ നേരിടുന്ന ‘വിവേചനം' അവസാനിപ്പിക്കുകയെന്ന ഉദ്ദേശ്യവുമല്ല ഈ പ്രഖ്യാപനത്തിനു പിന്നിൽ. 2024ലെ ലോക്‌സഭാ തെരഞ്ഞെടുപ്പ് ജയിക്കാൻ ഭൂരിപക്ഷ വർഗീയതയെ പ്രീണിപ്പിക്കുക എന്നതാണ് മോദി ലക്ഷ്യം വയ്‌ക്കുന്നത്.

2014ൽ അധികാരത്തിൽ വന്നശേഷം മോദി സർക്കാർ ആർഎസ്‌എസ്‌ പദ്ധതിയനുസരിച്ചാണ് പ്രവർത്തിക്കുന്നത്. അമേരിക്കൻ സാമ്രാജ്യത്വത്തിന് അടിപ്പെട്ടും അന്തർദേശീയ, -ദേശീയ കോർപറേറ്റുകളുടെ താൽപ്പര്യങ്ങൾക്ക് വഴങ്ങിയുമാണ് ഭരണം നടത്തുന്നത്. ജനവിരുദ്ധമായ ഭരണനയങ്ങളിൽ തൊഴിലാളികളും കർഷകരും തൊഴിൽരഹിതരായ യുവജനങ്ങളും അസംതൃപ്തിയിലാണ്. അതിനെയെല്ലാം മറികടക്കാൻ വർഗീയ സംഘർഷങ്ങൾ സൃഷ്ടിച്ച് ജനശ്രദ്ധ തിരിച്ചുവിടലാണ് മോദിസർക്കാരിന്റെ തന്ത്രം.

അയോധ്യയിൽ രാമക്ഷേത്ര നിർമാണം, കശ്മീരിനുള്ള പ്രത്യേകപദവിയും സംസ്ഥാനപദവിയും എടുത്തുകളഞ്ഞത്, പൗരത്വ ഭേദഗതി നിയമം പാസാക്കിയത്, മതപരിവർത്തന നിരോധന നിയമം പാസാക്കൽ, ഘർവാപസി, ഗോരക്ഷ, ഹിജാബ് തർക്കം, ലൗജിഹാദ് വിവാദം, വർഗീയ സംഘർഷങ്ങൾ തുടങ്ങിയവയെല്ലാം മതനിരപേക്ഷ ഇന്ത്യയെ "ഹിന്ദുത്വ' രാഷ്ട്രമാക്കാനുള്ള പദ്ധതിയുടെ ഭാഗമാണ്.

ഇവയെല്ലാമായിട്ടും, 2024ൽ ജയിക്കാനാകുമെന്ന് ഉറപ്പിക്കാനാകുന്നില്ല. ബിജെപി ഭരിച്ചുകൊണ്ടിരുന്ന കർണാടകം, ഹിമാചൽപ്രദേശ് സംസ്ഥാന തെരഞ്ഞെടുപ്പുകളിലും ഡൽഹി കോർപറേഷൻ തെരഞ്ഞെടുപ്പിലും ബിജെപി തോറ്റു. പ്രതിപക്ഷ മതനിരപേക്ഷ പാർടികൾ ഐക്യത്തിലേക്ക് നീങ്ങുന്നതും അവരെ ചകിതരാക്കുന്നു. ഈ സാഹചര്യത്തിലാണ് ‘ഏക സിവിൽ കോഡ്' ചർച്ചയാക്കിയത്.

ഏക സിവിൽ കോഡ് സംബന്ധിച്ച് ബിജെപി മുന്നണിയിലെ ഘടക കക്ഷികൾ -വടക്കു കിഴക്കൻ സംസ്ഥാനങ്ങളിലെ ചില ഗോത്രവർഗ പാർടികൾ -എതിർപ്പ് പ്രകടിപ്പിച്ചു. ദളിത്, പട്ടികജാതി– -പട്ടികവർഗ വിഭാഗങ്ങളും കടുത്ത എതിർപ്പിലാണ്. മുസ്ലിങ്ങൾ, ക്രൈസ്തവർ എന്നീ മതവിഭാഗങ്ങളും ഏക സിവിൽ കോഡിനെ എതിർത്ത് രംഗത്തു വന്നു. അപ്പോഴാണ് പൂച്ച്‌ പുറത്തു ചാടിയത്. "ഗോത്രവർഗക്കാരെയും ക്രൈസ്തവരെയും ഏക സിവിൽ കോഡിൽ നിന്നൊഴിവാക്കും' എന്ന അമിത് ഷായുടെ പ്രഖ്യാപനം ബിജെപിയുടെ ദുഷ്ടലാക്ക് വെളിപ്പെടുത്തുന്നു. "ഒരു രാഷ്ട്രം, ഒരു ജനത, ഒരു നിയമം' എന്നൊക്കെ പറയുന്ന സംഘപരിവാർ മുസ്ലിങ്ങളെമാത്രം ലക്ഷ്യംവച്ചാണ് ഏക സിവിൽ കോഡ് എന്ന ആയുധം പുറത്തെടുത്തതെന്ന് വ്യക്തം.

വ്യക്തി നിയമങ്ങൾ നിർണയിക്കപ്പെട്ടത് മതവിശ്വാസം, സാമൂഹ്യഘടന, ജീവിതരീതികൾ, സാംസ്കാരികമായ വ്യത്യസ്തതകൾ തുടങ്ങിയ വിവിധ ഘടകങ്ങളെ ആസ്പദമാക്കിയാണ്. കുടുംബ ബന്ധങ്ങളെ സംബന്ധിച്ച് രാജ്യത്തെ സർക്കാർ ഉണ്ടാക്കുന്ന നിയമങ്ങളും വ്യക്തി നിയമങ്ങളും അവകാശങ്ങളും നിർണയിക്കുന്നുണ്ട്. ഓരോ മതവിഭാഗത്തിനും പ്രത്യേകമായ സാംസ്കാരിക സ്വയം നിർണയവും അവകാശവും ഉണ്ട്. അതിൽ മാറ്റങ്ങൾ വരുത്താൻ ആ സമൂഹങ്ങളുടെ ഉള്ളിൽനിന്നുതന്നെ ശ്രമങ്ങൾ ഉണ്ടാകുന്നതാണ് അഭികാമ്യം. 1925ലെ "പിന്തുടർച്ചാവകാശ'നിയമവും 1954ലെ "സ്പെഷ്യൽ മാര്യേജ് ആക്റ്റും' സർക്കാർ ഉണ്ടാക്കിയ പൊതുനിയമങ്ങളാണ്. "ലൗജിഹാദ്' തടയാനെന്ന പേരിൽ ബിജെപി സർക്കാരുകൾ ഉണ്ടാക്കുന്ന "വ്യത്യസ്ത മതവിശ്വാസികൾ തമ്മിലുള്ള വിവാഹം നിരോധിക്കുന്ന നിയമം’ സ്പെഷ്യൽ മാര്യേജ് ആക്റ്റിനെ നിരോധിക്കലാണ്.

രാജ്യത്ത് പ്രാദേശികമായി വ്യത്യസ്ത വ്യക്തി നിയമങ്ങൾ നിലവിലുണ്ട്. കേരളത്തിൽ 1975ൽ ഹിന്ദു കൂട്ടുകുടുംബ വ്യവസ്ഥ മാറി. മുസ്ലിം വിവാഹം-, വിവാഹമോചനം രജിസ്റ്റർ ചെയ്യണമെന്ന നിയമം ബംഗാൾ, ബിഹാർ, ഒഡിഷ, ജാർഖണ്ഡ് എന്നീ സംസ്ഥാനങ്ങളിൽ നിലവിലുണ്ട്. കശ്മീരി മുസ്ലിങ്ങൾക്ക് ‘ദത്തെടുക്കൽ' അവകാശമുണ്ട്. ഇന്ത്യയിൽ മുസ്ലിങ്ങൾക്ക് മാത്രമല്ല ഹിന്ദു, ജെയിൻ, ബുദ്ധമതക്കാർ, സിഖ്‌, പാഴ്സി, ജൂതർ എന്നിവർക്കും പ്രത്യേക വ്യക്തി നിയമങ്ങൾ നിലവിലുണ്ട്. മതപരമായ വ്യക്തിത്വമാണ് ഓരോ വ്യക്തിക്കും ഏത് വ്യക്തി നിയമം ബാധകമെന്ന് നിർണയിക്കുന്നത്. ഹിന്ദു സമുദായത്തിൽപ്പെട്ട പുരുഷനും സ്ത്രീയും 1954ലെ സ്പെഷ്യൽ മാര്യേജ് ആക്റ്റ് പ്രകാരം വിവാഹിതരായാലും, അവർക്ക് ഹിന്ദു വ്യക്തി നിയമം ബാധകമാണ്. എന്നാൽ, സ്പെഷ്യൽ മാര്യേജ് ആക്റ്റ് പ്രകാരം വിവാഹിതരാകുന്ന മുസ്ലിങ്ങൾക്ക് മുസ്ലിം വ്യക്തി നിയമം ബാധകമല്ല.

രാജ്യത്തിന്റെ ‘ഐക്യം', ‘ഏകീകരണ'ത്തേക്കാൾ പരമപ്രധാനമാണ്. ‘നാനാത്വത്തിൽ ഏകത്വം' എന്ന സങ്കൽപ്പമാണ് നമ്മുടെ രാജ്യം ഉയർത്തിപ്പിടിച്ചത്. സാംസ്കാരിക വ്യക്തിത്വ അവകാശം സാംസ്കാരിക വൈവിധ്യങ്ങളുടെ സംരക്ഷണമാണ്. ഇന്ത്യൻ സമൂഹം സാംസ്കാരിക വൈവിധ്യങ്ങൾ ഉൾക്കൊള്ളുന്ന സഹിഷ്ണുതയുടെ രൂപമാണ്. പ്രസ്തുത തത്വങ്ങളൊന്നും ഉൾക്കൊള്ളാൻ തയ്യാറാകാത്തവരാണ് സംഘപരിവാർ. മുസ്ലിങ്ങളുടെ സംരക്ഷണമെന്ന വാദം ഉയർത്തി മോദി ഒഴുക്കുന്നത് മുതലക്കണ്ണീരാണ്. പാർലമെന്റ്‌ പാസാക്കിയ ‘മുത്തലാഖ് നിരോധന നിയമം' ഉയർത്തിപ്പിടിച്ചാണ് മോദി അവകാശവാദം ഉന്നയിക്കുന്നത്. വിവാഹമോചനത്തിനുശേഷം സ്ത്രീക്ക് സംരക്ഷണം നൽകാനാണോ മുസ്ലിം പുരുഷനെ ജയിലിലേക്കയക്കുന്നത്. "മുസ്ലിങ്ങൾ പ്രാകൃതരാണെന്ന' പ്രചാരണം നടത്തൽ മാത്രമായിരുന്നു മോദിയുടെ ഉദ്ദേശ്യം.

മോദി ഭരണത്തിൽ ഇത്തരം അനുചിതമായ നടപടികൾ പലതും പ്രതീക്ഷിക്കാം. ഇതിന്റെയെല്ലാം ലക്ഷ്യം "സ്ത്രീ സംരക്ഷണ'മല്ല, മറിച്ച് രാഷ്ട്രീയ ലക്ഷ്യമാണ്.

2018ലെ ലോ കമീഷൻ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ വ്യക്തി നിയമങ്ങളിൽ എന്തെങ്കിലും മാറ്റം വരുത്തേണ്ട നിയമപരിഷ്കാരത്തിന്റെ ആവശ്യകതയെക്കുറിച്ച് ഏതെങ്കിലും സമുദായ സംഘടനകളുമായി വല്ല ചർച്ചയും കേന്ദ്രസർക്കാർ നടത്തിയോ? വൈവിധ്യങ്ങളുടെ രാജ്യമായ ഇന്ത്യയിൽ അഭിപ്രായ സമന്വയമുണ്ടാക്കാതെ നിയമം കൊണ്ടുമാത്രം ഒന്നിനും പരിഹാരമാകില്ല. മോദി ഭരണത്തിൽ ഇത്തരം അനുചിതമായ നടപടികൾ പലതും പ്രതീക്ഷിക്കാം. ഇതിന്റെയെല്ലാം ലക്ഷ്യം "സ്ത്രീ സംരക്ഷണ'മല്ല, മറിച്ച് രാഷ്ട്രീയ ലക്ഷ്യമാണ്. ഈ ബഹു വ്യക്തി നിയമങ്ങൾ ഇന്ത്യയിൽ നിയമാനുസൃതമാക്കിയത് ഇന്ത്യൻ ഭരണഘടനയാണ് എന്നത് മോദി വിസ്മരിക്കുന്നു. പ്രധാനമന്ത്രിയാണെങ്കിലും ഭരണഘടനയുടെ കണ്ണിലൂടെയല്ല മോദി ജനങ്ങളെ കാണുന്നത്. മറിച്ച് ആർഎസ്‌എസിന്റെ കണ്ണിലൂടെയാണ്. അതുകൊണ്ടാണ് ഏക സിവിൽ കോഡ് അടിച്ചേൽപ്പിച്ചാൽ രാജ്യത്തുണ്ടാകാനിടയുള്ള പ്രത്യാഘാതങ്ങളെക്കുറിച്ച് അദ്ദേഹം കണക്കിലെടുക്കാത്തത്.

മോദി സർക്കാർ ലക്ഷ്യംവയ്‌ക്കുന്നത് മുസ്ലിം സമുദായത്തെയാണ്. ഇത്തരം നടപടികൾ മുസ്ലിങ്ങൾക്കിടയിൽ ‘തീവ്രവാദം' വളർത്താൻ ശ്രമം നടത്തുന്ന സംഘടനകൾക്ക് പ്രചോദനം നൽകും. ‘ഇസ്ലാമിനെ രക്ഷിക്കുക' തുടങ്ങിയ ആവേശകരമായ മുദ്രാവാക്യം ഉയർത്തി വിഭാഗീയമായ ഇടപെടലുകൾ ഉണ്ടാകും. മതനിരപേക്ഷ പ്രസ്ഥാനങ്ങളോടൊപ്പം ചേർന്ന് തങ്ങളുടെ മതവിശ്വാസവും വ്യക്തിത്വവും സംരക്ഷിക്കണമെന്ന നിലപാട് സ്വീകരിക്കുന്നവരെ ഈ അവസ്ഥ ദുർബലരാക്കും. സമുദായത്തിനുള്ളിൽ കാലോചിതമായ വിധത്തിലുള്ള മാറ്റങ്ങൾ ആഗ്രഹിക്കുന്ന വിഭാഗത്തെ ദുർബലമാക്കും. ഈ അവസ്ഥയാണ് ഹിന്ദുത്വ വർഗീയ ശക്തികൾ ആഗ്രഹിക്കുന്നത്. ‘തീവ്രവാദ'ത്തിന്റെ പേരിൽ മുസ്ലിങ്ങളെ അടിച്ചമർത്താൻ കളമൊരുങ്ങും.

ആർഎസ്‌എസ്‌ ഉയർത്തുന്ന ‘തീവ്ര ഹിന്ദുത്വ' ഭീഷണിക്കെതിരെ കോൺഗ്രസ് ദേശീയ നേതൃത്വം വ്യക്തമായ നിലപാട് സ്വീകരിക്കുന്നില്ല. ബാബ്റി മസ്ജിദ് പ്രശ്നത്തിലും ഇതേ നിലപാടാണ് അവർ സ്വീകരിച്ചത്. ഏക സിവിൽ കോഡ് ബിൽ പാർലമെന്റിൽ വന്നശേഷം അഭിപ്രായം പറയാമെന്ന കോൺഗ്രസ് നിലപാട് വഞ്ചനാപരമാണ്. ഭരണഘടനയുടെ മാർഗനിർദേശക തത്വങ്ങളിൽ "ഏക സിവിൽ കോഡ്" മാത്രമല്ല പറഞ്ഞിരിക്കുന്നത്. തൊഴിൽ ചെയ്യുന്നവർക്ക് ഉപജീവനക്ഷമമായ വേതനം നൽകണം, സമ്പത്ത് ഒരു ഭാഗത്ത് കേന്ദ്രീകരിക്കാൻ അവസരം നൽകരുത്, വ്യവസായ നടത്തിപ്പിൽ തൊഴിലാളി പങ്കാളിത്തം തുടങ്ങിയ ഒട്ടേറെ നിർദേശങ്ങളുണ്ട്. അവയൊന്നും നടപ്പാക്കാൻ താൽപ്പര്യം കാണിക്കാത്ത മോദി സർക്കാർ തെരഞ്ഞെടുപ്പടുത്തപ്പോൾ ഏക സിവിൽ കോഡിന്മേൽ പിടികൂടിയത് ഹിന്ദു-മുസ്ലിം വിഭജനം സൃഷ്ടിക്കാനും വർഗീയ വിഭജനം വോട്ടാക്കി മാറ്റാനും വേണ്ടിയാണ്.

2019ൽ പുൽവാമ തീവ്രവാദി ആക്രമണമായിരുന്നു പ്രധാന പ്രചാരണ വിഷയം. പാകിസ്ഥാൻ പിന്തുണ നൽകിയ തീവ്രവാദ ആക്രമണം എന്നായിരുന്നു മോദിയുടെ വാദം. പകിസ്ഥാനിൽ കടന്നുകയറി തിരിച്ചടി നൽകിയതായും സർക്കാർ പറഞ്ഞു. ഇതിൽ ആവേശംകൊണ്ട ഒരു വിഭാഗം ജനത ജീവിതക്ലേശങ്ങൾ വിസ്മരിച്ച് ബിജെപിക്ക് വോട്ടുചെയ്തു. 2024ലും ഇതേ തന്ത്രം മോദി പയറ്റുന്നു. ഭൂരിപക്ഷ വർഗീയത ആളിക്കത്തിക്കലാണ് ലക്ഷ്യം.

കൂടുതൽ ലേഖനങ്ങൾ

'വർക്ക് നിയർ ഹോം' പദ്ധതി; വികസനം ഏതാനും നഗരങ്ങളിൽ ഒതുക്കുകയല്ല, മറിച്ച് എല്ലാ പ്രദേശങ്ങളിലേയ്ക്കും എത്തിക്കുകയാണ് സർക്കാർ

സ. പിണറായി വിജയൻ

കാലത്തിന്റെ മാറ്റം ഏറ്റവും കൂടുതൽ പ്രതിഫലിക്കുന്ന മേഖലകളിൽ ഒന്നാണ് തൊഴിൽ. കുറച്ചു വർഷങ്ങൾക്കു മുൻപ് നിലനിന്നിരുന്ന തൊഴിലുകളും തൊഴിൽ രീതികളും മാറുകയാണ്.

സഖാവ് പി ഗോവിന്ദപ്പിള്ളയുടെ ഓർമകൾക്കു മുന്നിൽ സ്‌മരണാഞ്ജലി

സ. എം വി ഗോവിന്ദൻ മാസ്റ്റർ

കേരളത്തിന്റെ രാഷ്ട്രീയ, സാമൂഹ്യ, സാഹിത്യ, വൈജ്ഞാനിക മണ്ഡലങ്ങളിൽ സജീവ സാന്നിധ്യമായിരുന്ന സഖാവ് പി ഗോവിന്ദപ്പിള്ള ഓർമയായിട്ട് ഇന്നേക്ക് പന്ത്രണ്ട്‌ വർഷം. പി ജി എന്ന രണ്ടക്ഷരത്തിൽ അറിയപ്പെട്ട അദ്ദേഹം മാർക്സിസ്റ്റ് സൈദ്ധാന്തികനും സഞ്ചരിക്കുന്ന വിശ്വവിജ്ഞാനകോശവുമായിരുന്നു.

രാജ്യത്ത് ആദ്യമായി കോളേജ് വിദ്യാര്‍ത്ഥികള്‍ക്കായി പ്രത്യേക സ്‌പോര്‍ട്സ് ലീഗ് കേരളത്തിൽ

സ. ആർ ബിന്ദു

രാജ്യത്ത് ആദ്യമായി കോളേജ് വിദ്യാര്‍ത്ഥികള്‍ക്കായി പ്രത്യേക സ്‌പോര്‍ട്സ് ലീഗ് ആരംഭിക്കുകയാണ് കേരളത്തിൽ. മികച്ച കായിക സംസ്‌കാരം വാര്‍ത്തെടുക്കുന്നതിനൊപ്പം കോളേജുകളിലെ അടിസ്ഥാനസൗകര്യ വികസനം കൂടി ലക്ഷ്യമിട്ടാണ് കായിക വകുപ്പുമായി ചേർന്ന് കോളേജ് ലീഗിന് ഉന്നതവിദ്യാഭ്യാസ വകുപ്പ് തുടക്കമിടുന്നത്.