ഏകീകൃത സിവില്‍ കോഡ് നടപ്പിലാക്കുന്നതിനായി കേന്ദ്ര സര്‍ക്കാര്‍ ഇടപെടല്‍ നടത്തിക്കൊണ്ടിരിക്കുകയാണ്. ഈ സാഹചര്യത്തില്‍ ഇന്ത്യ രാജ്യത്ത് ഹിന്ദു കോഡ് നടപ്പിലാക്കുന്നതിനായ് നടന്ന ചര്‍ച്ചകളും, അത് നടപ്പിലാക്കിയ രീതിയും പരിശോധിക്കുന്നത് നല്ലതാണ്.
മുസ്ലീങ്ങള്‍ക്ക് പ്രത്യേക രാഷ്‌ട്രം വിഭാവനം ചെയ്യപ്പെട്ട അന്തരീക്ഷത്തിലാണ് ഇന്ത്യ മതനിരപേക്ഷതയില്‍ ഊന്നി നിന്ന ഭരണഘടനയ്‌ക്ക് രൂപപ്പെടുത്തിയത്. അതില്‍ ഏറ്റവും പ്രധാനപ്പെട്ട ഒന്നായിരുന്നു വ്യക്തി നിയമങ്ങളെ എങ്ങനെ ഇതില്‍ ഉള്‍പ്പെടുത്താമെന്നത്.
ബ്രിട്ടീഷുകാര്‍ ഇന്ത്യ ഭരിക്കുന്ന ഘട്ടത്തില്‍ 1830-ല്‍ മെക്കാളെ എഴുതിയുണ്ടാക്കിയ ക്രിമിനല്‍ കോഡായിരുന്നു അടിസ്ഥാനമായി ഉണ്ടായികുന്നത്. ഒരു പൊതു സിവില്‍കോഡ് എന്ന സമീപനം സ്വീകരിച്ചിരുന്നില്ല. വ്യത്യസ്‌ത മതങ്ങളുടെ നിയമങ്ങളെ വ്യാഖ്യാനിച്ച് ഇടപെടുന്ന രീതിയായിരുന്നു അവര്‍ സ്വീകരിച്ചത്.
ഇന്ത്യന്‍ ഭരണഘടന രൂപപ്പെടുത്തുന്ന ഘട്ടത്തില്‍ പൊതുവായ നിയമത്തെ സംബന്ധിച്ച ആലോചനകള്‍ നടന്നു. പ്രധാനമന്ത്രി ജവഹര്‍ലാല്‍ നെഹ്‌റുവും, നിയമമന്ത്രി ബി.ആര്‍ അംബേദ്‌കറുമായിരുന്നു ഇതിന് മുന്‍കൈയ്യെടുത്തത്. രാജ്യത്ത് ഒരു നിയമം എന്ന ആശയം ഭരണഘടനാ അസംബ്ലിയിലെ ചര്‍ച്ചക്ക് വിധേയമായി. ബ്രിട്ടീഷുകാര്‍ വ്യക്തി നിയമത്തില്‍ ഇടപെട്ടിട്ടില്ല എന്ന വാദവും ഉയര്‍ന്നുവരികയുണ്ടായി. പരമ്പരാഗത സമൂഹങ്ങളില്‍ മതവിശ്വാസത്തിന് വിപുലമായ അധികാരപരിധികളുണ്ടായിരുന്നുവെങ്കിലും ആധുനിക സമൂഹത്തില്‍ പരിധി നിര്‍ണ്ണയിക്കേണ്ടതുണ്ട് എന്ന കാഴ്‌ചപ്പാട് അംബേദ്‌കര്‍ മുന്നോട്ടുവെച്ചു. തുടര്‍ന്ന് വിവിധ സമീപനങ്ങളില്‍ നിന്നുള്ള ചര്‍ച്ചകള്‍ ഉയര്‍ന്നുവന്നു. ഈ സാഹചര്യത്തില്‍ ഏകീകൃത സിവില്‍കോഡ് ആകാമെന്ന് സ്വയം സമ്മതിക്കുന്നവര്‍ മാത്രം അത് അംഗീകരിച്ചാല്‍ മതിയെന്ന ആശയം അംബേദ്‌കര്‍ മുന്നോട്ടുവെച്ചു. അങ്ങനെ പൊതുസമ്മതിയോടെ ഏകീകൃത നിയമങ്ങള്‍ നടപ്പാക്കാമെന്ന തീര്‍പ്പിലേക്ക് അത് എത്തിച്ചേര്‍ന്നു. ഭരണഘടനയുടെ നിര്‍ദ്ദേശക തത്വങ്ങളിലേക്ക് ഏകീകൃത സിവില്‍ കോഡ് മാറ്റപ്പെടുന്നത് അങ്ങനെയാണ്.
ഹിന്ദു മതവിഭാഗത്തിന് ഏകീകൃതമായ സിവില്‍ നിയമമെന്ന ആശയം ബ്രിട്ടീഷ്‌കാലത്ത് തന്നെ സജീവമായിരുന്നു. 1941-ല്‍ സര്‍ ബി.എന്‍ റാവുവിന്റെ അദ്ധ്യക്ഷതയില്‍ ഇതിനായ് ഒരു സമിതി രൂപീകരിച്ച് അഭിപ്രായങ്ങള്‍ സ്വീകരിച്ചു. 1946-ല്‍ അവര്‍ ഹിന്ദുക്കള്‍ക്ക് ബാധകമായ ഒരു വ്യക്തി സംഹിത രൂപീകരിക്കുകയും ചെയ്‌തു.
ഹിന്ദു മതത്തിനിടയില്‍ പരിഷ്‌കരണ പ്രസ്ഥാനങ്ങള്‍ സജീവമായ സാഹചര്യത്തിലാണ് ഈ ദിശയിലേക്കുള്ള കാല്‍വെപ്പുകള്‍ ആരംഭിച്ചത്. 1948-ല്‍ നിയമ നിര്‍മ്മാണ സഭ ഈ ഹിന്ദു കോഡിനെ പുനര്‍ അവലോകനം ചെയ്യുന്നതിനായി അംബേദ്‌കര്‍ അദ്ധ്യക്ഷനായുള്ള ഒരു കമ്മിറ്റിയുണ്ടാക്കി. റാവു ഉണ്ടാക്കിയ കരടിനെ അംബേദ്‌കര്‍ പരിഷ്‌കരിച്ചു. ഹിന്ദു കോഡ് എന്നായിരുന്നു അതിന്റെ പേര്. എങ്കിലും സിക്ക്‌കാരും, ബുദ്ധനും, ജൈനനും, ഹിന്ദുക്കളിലെ എല്ലാ ജാതിയിലുംപെട്ടവരും ഉള്‍ക്കൊള്ളുന്ന ഒന്നായിരുന്നു അത്.
ഹിന്ദു സ്‌ത്രീകളുടെ അവകാശങ്ങളും, പദവികളും ഉയര്‍ത്താന്‍ ജാതിപരമായ അസമത്വങ്ങളും, വിടവുകളും ഇല്ലാതാക്കുകയും ചെയ്യുകയെന്നതായിരുന്നു ഇതിന്റെ അടിസ്ഥാനം. റൗലറ്റ് ആക്ടിനെതിരായ പ്രതിഷേധം എങ്ങനെയാണ് ബ്രിട്ടീഷ് സര്‍ക്കാരിനെ തകര്‍ത്തത് അതുപോലെ ഈ നിയമം നെഹ്‌റു സര്‍ക്കാരിനേയും തകര്‍ക്കുമെന്നും പ്രഖ്യാപനമുണ്ടായി. പാര്‍ലമെന്റിലവതരിപ്പിച്ചതിന്റെ തൊട്ടടുത്ത ദിവസം ആര്‍.എസ്.എസ് പ്രവര്‍ത്തകര്‍ അസംബ്ലി കെട്ടിടത്തിലേക്ക് മാര്‍ച്ച് നടത്തി.
ഹിന്ദു കോഡിനെതിരായി രാജ്യത്ത് നടന്ന പ്രക്ഷോഭത്തിന് നേതൃത്വം നല്‍കിയത് കര്‍പത്രജി മഹാരാജാവ് എന്ന സ്വാമിയായിരുന്നു. വിവാഹമോചനം ഹിന്ദു നിയമപ്രകാരം പാടില്ലയെന്ന ചര്‍ച്ചകള്‍ വരെ ഉയര്‍ന്നുവന്നു. 1949-ല്‍ നിയമ നിര്‍മ്മാണ സഭ ഒരു താല്‍ക്കാലിക പാര്‍ലമെന്റായി മാറി. 1950-ലും, 51-ലും നെഹ്‌റുവും, അംബേദ്‌കറും ഹിന്ദു കോഡ് ബില്‍ നിയമമാക്കാന്‍ പല ശ്രമങ്ങളും നടത്തി. രാജേന്ദ്ര പ്രസാദ് ഈ ബില്ലിനെതിരായ നിലപാട് സ്വീകരിച്ചു. ഇത് പാസ്സാക്കാന്‍ നെഹ്‌റു ശക്തമായ നിലപാട് സ്വീകരിക്കുന്നില്ലെന്ന കാര്യമുള്‍പ്പെടെ പറഞ്ഞ് അംബേദ്‌കര്‍ നിയമമന്ത്രി സ്ഥാനം രാജിവെച്ചു.
ഹിന്ദു കോഡ് അതുപോലെ നിയമമാക്കാന്‍ കഴിഞ്ഞില്ല. പക്ഷെ പിന്നീട് അതിനകത്തെ ഓരോ വ്യവസ്ഥകളും വ്യത്യസ്‌ത നിയമങ്ങളായി പാസ്സാക്കപ്പെട്ടു. 1955-ലെ ഹിന്ദു വിവാഹ നിയമം, 1956-ലെ ഹിന്ദു അനന്തരാവകാശം, പ്രായപൂര്‍ത്തിയാവാത്തവരുടെ രക്ഷാകര്‍തൃത്വം, ദത്തെടുക്കല്‍, ചെലവിന് കൊടുക്കല്‍ എന്നീ നിയമങ്ങളായി മുറിച്ചെടുത്താണ് പാസ്സാക്കിയത്. അംബേദ്‌കര്‍ക്ക് ശേഷം നിയമമന്ത്രിയയിരുന്ന എച്ച്.വി പടസ്‌കറാണ് ഇത് അവതരിപ്പിച്ചത്. തുടര്‍ന്ന് നിയമങ്ങളില്‍ ഭേദഗതിയുണ്ടായി. 1975 ഹിന്ദു കൂട്ടുകുടുംബ നിയമം തന്നെ മാറ്റിയെഴുതപ്പെട്ടു. ഇങ്ങനെ ഓരോ സാമൂഹ്യ സാഹചര്യങ്ങളും രൂപപ്പെടുത്തുന്ന ആശയങ്ങളെ സ്വാംശീകരിച്ചുകൊണ്ടാണ് സിവില്‍ നിയമങ്ങള്‍ പരിഷ്‌കരിക്കപ്പെടുന്നത്.
ശക്തമായ നവോത്ഥാന പ്രസ്ഥാനത്തിന്റെ കരുത്തിലാണ് ഹിന്ദു കോഡ് രൂപപ്പെട്ടത്. എന്നാല്‍ അതിനെ ശക്തമായി എതിര്‍ക്കുകയായിരുന്നു ആര്‍എസ്‌എസ് ഉള്‍പ്പെടെയുള്ള ഹിന്ദുത്വ ശക്തികള്‍ എന്ന് കാണണം. ഹിന്ദുവിനെ ഒന്നായിക്കണ്ട് ഒരു നിയമനിര്‍മ്മാണമെന്ന കാഴ്‌ചപ്പാടിനെ എതിര്‍ത്ത സംഘപരിവാറാണ് വര്‍ഗ്ഗീയ ധ്രുവീകരണം ലക്ഷ്യംവെച്ച് ഏകീകൃത സിവില്‍ കോഡുമായി രംഗപ്രവേശനം ചെയ്യുന്നത്. ഭരണഘടനാ ശില്‌പികള്‍ തന്നെ ഒരു കാരണവശാലും അടിച്ചേല്‍പ്പിക്കാന്‍ പാടില്ലെന്ന് പ്രഖ്യാപിച്ച ഏകീകൃത സിവില്‍ നിയമമാണ് ഭരണഘടനയുടെ പേര് പറഞ്ഞ് അടിച്ചേല്‍പ്പിക്കാന്‍ നോക്കുന്നത്.