മണിപ്പൂരിൽ രണ്ട് ആദിവാസി വനിതകൾക്കു നേർക്കുണ്ടായ ഭീകരമായ അതിക്രമം ഇന്ത്യയിലെ എല്ലാ സ്ത്രീകൾക്കും നേർക്കുണ്ടായ കൈയേറ്റമാണ്. മെയ് നാലിനു നടന്ന അതിക്രമത്തിൽ എഫ്ഐആർ രജിസ്റ്റർ ചെയ്തെങ്കിലും ഒരാളെപ്പോലും അറസ്റ്റ് ചെയ്തില്ല. പ്രധാനമന്ത്രിക്ക് വേദനിച്ചെന്നാണ് അദ്ദേഹം പറയുന്നത്. രണ്ടര മാസത്തോളം മണിപ്പൂരിനെക്കുറിച്ച് ഒരക്ഷരം പോലും ഉരിയാടാൻ പ്രധാനമന്ത്രി തയ്യാറായില്ല.
മണിപ്പൂരിൽ 120 പേർ കൊല്ലപ്പെട്ടപ്പോഴോ ക്ഷേത്രങ്ങളും പള്ളികളും കത്തിയെരിഞ്ഞപ്പോഴോ മോദിക്ക് ദുഃഖവും രോഷവും തോന്നിയില്ല. ഇപ്പോൾ 140 കോടി ഇന്ത്യക്കാർ ലജ്ജിക്കുന്നുവെന്നാണ് പ്രധാനമന്ത്രി പറയുന്നത്. പ്രധാനമന്ത്രിക്ക് ലജ്ജയുണ്ടോ. ആരാണ് ഇതിന്റെ ഉത്തരവാദിത്വം ഏറ്റെടുക്കുക. പ്രധാനമന്ത്രിയും കേന്ദ്രസർക്കാരും ആഭ്യന്തരമന്ത്രിയും മണിപ്പൂർ സർക്കാരുമാണ് ഇതിന്റെ ഉത്തരവാദികളെന്ന് രാജ്യം മുഴുവൻ വിരൽചൂണ്ടി പറയുന്നു.
ഇതാണോ ഇരട്ട എൻജിൻ സർക്കാർ. മണിപ്പൂർ സർക്കാർ കുറ്റകരമായ അനാസ്ഥയാണ് കാട്ടുന്നത്. പ്രധാനമന്ത്രിയും ആഭ്യന്തരമന്ത്രിയും മണിപ്പുർ സർക്കാരിനെ സംരക്ഷിക്കുകയും മറ്റുള്ളവരെ കുറ്റപ്പെടുത്തുകയുമാണ് ചെയ്യുന്നത്. രാജ്യത്തിന്റെ ഒരു മേഖല മുഴുവൻ കത്തിയെരിഞ്ഞിട്ടും ഒരക്ഷരം മിണ്ടാതിരുന്ന പ്രധാനമന്ത്രി ലോകത്ത് എവിടെയും ഉണ്ടാകില്ല
അതെ, 140 കോടി ഇന്ത്യക്കാർ ലജ്ജിക്കുന്നു. അവരുടെ പ്രധാനമന്ത്രിയെ ഓർത്ത്.