പ്രവാസി ക്ഷേമത്തിനായുള്ള ഇന്ത്യൻ കമ്മ്യൂണിറ്റി വെൽഫെയർ ഫണ്ടിൽ 571.75 കോടി രൂപ ബാക്കിയുള്ളപ്പോഴും പ്രവാസികൾ അതിന്റെ പ്രയോജനം ലഭിക്കാതെ പോകുന്നു എന്നത് വ്യക്തമാക്കുന്ന കേന്ദ്ര സർക്കാരിന്റെ കണക്കുകൾ പുറത്ത്. പ്രവാസി ക്ഷേമത്തിൽ കേന്ദ്ര സർക്കാർ നയങ്ങളെ സംബന്ധിച്ച സ. എ എം ആരിഫ് എംപിയുടെ ചോദ്യത്തിനുള്ള മറുപടിയായാണ് കേന്ദ്ര സർക്കാർ ഇക്കാര്യം വ്യക്തമാക്കിയത്. 130 രാജ്യങ്ങളിലെ എംബസികളിലും ഹൈക്കമ്മീഷനുകളിലുമായാണ് 2023 ജൂൺ 30 വരെയുള്ള കണക്ക് പ്രകാരം ഇത്രയും തുക അവശേഷിക്കുന്നതെന്ന് കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി മുരളീധരൻ ലോക്സഭയിൽ വ്യക്തമാക്കി. ഇത്രയധികം തുക കേന്ദ്ര സർക്കാരിന്റെ പ്രവാസി ക്ഷേമ ഫണ്ടിൽ തന്നെ ബാക്കിയുള്ളപ്പോൾ പോലും പ്രവാസികൾക്ക് ആവശ്യത്തിന് നിയമസഹായവും മരണാനന്തരസഹായവും ലഭ്യമാകുന്നില്ല എന്നത് പ്രവാസികളോടുള്ള ബിജെപി സർക്കാരിന്റെ സമീപനത്തിന്റെ തെളിവാണ്.