Skip to main content

കേരള റബ്ബർ ലിമിറ്റഡ് പദ്ധതി പൂർത്തിയാകുന്നതോടെ ആയിരക്കണക്കിന് തൊഴിലവസരങ്ങൾ സൃഷ്ടിക്കപ്പെടും

നവകേരള സദസ്സ് ഇടുക്കി ജില്ലയിലെ പര്യടനം പൂർത്തിയാക്കി ഇന്ന് കോട്ടയം ജില്ലയിലേയ്ക്ക് കടന്നിരിക്കുകയാണ്. തോട്ടം മേഖലയിലെ പ്രശ്നങ്ങൾ, മലയോരമേഖലയിലെ അടിസ്ഥാനസൗകര്യ വികസനം, പരിസ്ഥിതിയ്ക്കനുഗുണമായ വ്യവസായ സാധ്യതകൾ ഒക്കെ ഇടുക്കിയിലെ പ്രധാന ചർച്ചാ വിഷയങ്ങളായിരുന്നു. ആ മേഖലകളിൽ സർക്കാർ ഇതുവരെ നടത്തിയ ഇടപെടലുകൾ മികച്ച അഭിപ്രായങ്ങൾ നേടുകയും ചെയ്തു.

കോട്ടയത്തെത്തുമ്പോൾ പ്രധാന വിഷയമാകുന്നത് റബ്ബറാണ്. കേരളത്തിൻ്റെ ഏറ്റവും പ്രധാന നാണ്യവിളയായ റബ്ബറിൻ്റെ കൃഷി വലിയ പ്രതിസന്ധിയാണിപ്പോൾ നേരിടുന്നത്. അതിൻ്റെ പ്രധാന കാരണം കേന്ദ്രം ഭരിച്ച കോൺഗ്രസും ബിജെപിയും നടപ്പാക്കിയ നയങ്ങളാണ്. 2009-ൽ അന്നത്തെ മൻമോഹൻ സിംഗ് സർക്കാർ നടപ്പാക്കിയ ആസിയാൻ കരാർ ഏറ്റവും പ്രതികൂലമായി ബാധിച്ച മേഖലകളിൽ ഒന്ന് റബ്ബർ കൃഷിയാണ്. ഇറക്കുമതിച്ചുങ്കം വർദ്ധിപ്പിച്ചാൽ സ്വാഭാവിക റബ്ബറിൻറെ ഇറക്കുമതി നിയന്ത്രിക്കാം. അതു ചെയ്താ തന്നെ നമ്മുടെ റബ്ബർ കർഷകർ രക്ഷപ്പെടും. എന്നാൽ, അതു സാധ്യമല്ല എന്നാണു കേന്ദ്രം പറയുന്നത്.

വ്യാവസായിക അസംസ്കൃത വസ്തുവായി പരിഗണിക്കുന്നതു മാറ്റി റബ്ബറിനെ കാർഷികോത്പന്നമായി കണക്കാക്കിയാൽ മറികടക്കാവുന്നതേയുള്ളൂ ഈ പ്രശ്നം. പക്ഷേ, ടയർ വ്യവസായ ലോബിയുടെ സമ്മർദ്ദത്തിനു കീഴടങ്ങിയാണ് കേന്ദ്ര സർക്കാർ ഇതു ചെയ്യാത്തത്. സ്വാഭാവിക പരുത്തിക്ക് ആണ്ടുതോറും ന്യായവില ഉയർത്തിക്കൊടുക്കാൻ തടസ്സമില്ലാത്തവർക്ക്, റബ്ബറിൻറെ ഇറക്കുമതി മാത്രം നിയന്ത്രിക്കാൻ കഴിയുന്നില്ല. 2013-ൽ നമ്മുടെ റബ്ബർ ഉത്പാദനം ഒമ്പതേ മുക്കാൽ ലക്ഷം ടൺ ആയിരുന്നു. എന്നാൽ 2015-ൽ അത് 5 ലക്ഷം ടൺ ആയി കുറഞ്ഞു. ഇറക്കുമതി 1.25 ലക്ഷം ടൺ ആയിരുന്നത് ഇതേ ഘട്ടത്തിൽ 5 ലക്ഷം ടൺ ആയി ഉയർന്നു.

ഇതിനെതിരെ ശക്തമായ പ്രതിഷേധവും ബദൽ മാർഗങ്ങളുമാണ് സംസ്ഥാന സർക്കാർ ഉയർത്തിയിട്ടുള്ളത്. യു ഡി എഫ് ഭരണകാലത്ത് കിലോയ്ക്കു 150 രൂപ ആയിരുന്ന ന്യായവില എൽ ഡിഎഫ് ഭരണത്തിൽ 170 രൂപയായി ഉയർത്തി. 250 രൂപയായി ഉയർത്തണമെന്ന ആവശ്യമാണ് സംസ്ഥാന സർക്കാർ കേന്ദ്രത്തിനു മുന്നിൽ വച്ചിട്ടുള്ളത്. ചണത്തിനും പരുത്തിക്കുമുള്ളതുപോലെ റബ്ബറിനും മിനിമം സപ്പോർട്ട് പ്രൈസ് നിശ്ചയിക്കുന്ന വ്യവസ്ഥ ബില്ലിലുണ്ടാവണം എന്നും കേരള സർക്കാർ ആവശ്യപ്പെട്ടിട്ടുണ്ട്.

തീരുവയില്ലാതെയുള്ള സ്വാഭാവിക റബ്ബർ ഇറക്കുമതി അവസാനിപ്പിക്കുന്നതിനുള്ള നടപടികൾ സ്വീകരിക്കണമെന്നും ഉണക്ക റബ്ബറിൻറെ ഇറക്കുമതി തീരുവ 70 ശതമാനത്തിലേക്ക് ഉയർത്തണമെന്നും മേക്ക് ഇൻ ഇന്ത്യ പദ്ധതിയി റബ്ബറിനെ ഉൾപ്പെടുത്തണമെന്നുമുള്ള ആവശ്യങ്ങൾ എൽ ഡി എഫ് സർക്കാർ ഉയർത്തിയിട്ടുണ്ട്.

സംസ്ഥാനത്തെ റബ്ബർ കർഷകർക്ക് പുതുതായി കൃഷിയിറക്കുന്നതിനും ആവർത്തന കൃഷിക്കും ഹെക്ടറിന് 25,000 രൂപ നിരക്കിൽ ധനസഹായം നൽകുന്നു. അതുകൂടാതെ റബ്ബർ തോട്ടങ്ങളിൽ റെയിൻ ഗാർഡ് ചെയ്യുന്നതിന് ഹെക്ടറിന് 5,000 രൂപയും മരുന്നു തളിക്കുന്നതിന് ഹെക്ടറിന് 7,500 രൂപയും ധനസഹായം നൽകുന്നുണ്ട്. റബ്ബർ സബ്സിഡിക്കുള്ള തുക 600 കോടി രൂപയായി ഉയർത്തി. റബ്ബർ റി-പ്ലാൻറിംഗ് സബ്സിഡി 5000 രൂപയായി ഉയർത്തുന്നതിനും താങ്ങുവില പട്ടികയിൽ ഉൾപ്പെടുത്തി കിലോയ്ക്ക് 250 രൂപ താങ്ങുവില പ്രഖ്യാപിക്കണമെന്നും ആവശ്യപ്പെട്ട് കേന്ദ്രസർക്കാരിന് കത്തുനൽകി.

റബ്ബർ കൃഷി പ്രോത്സാഹിപ്പിക്കുന്നതിനായി നടപ്പാക്കി വരുന്ന പദ്ധതിയാണ് റബ്ബർ പ്രൊഡക്ഷൻ ഇൻസെൻറീവ് സ്കീം. ഈ പദ്ധതി പ്രകാരം റബ്ബറിൻറെ താങ്ങുവിലയും റബ്ബർ ബോർഡ് ദിവസേന നിശ്ചയിക്കുന്ന വിലയും തമ്മിലുള്ള വ്യത്യാസം സബ്സിഡിയായി കർഷകരുടെ ബാങ്ക് അക്കൗണ്ടിലേക്ക് ലഭ്യമാക്കുന്നുണ്ട്. ഒരു ഹെക്ടറിൽ പ്രതിവർഷം 1,800 കിലോഗ്രാം റബ്ബറിനാണ് ആനുകൂല്യം നൽകുക. 5 ഹെക്ടറിൽ താഴെ കൃഷിയുള്ള കർഷകർക്ക് പരമാവധി 2 ഹെക്ടറിന് ഈ സബ്സിഡി ലഭ്യമാകും. ഈ പദ്ധതിക്കായി നടപ്പുസാമ്പത്തിക വർഷം 500 കോടി രൂപയാണ് വകയിരുത്തിയിട്ടുള്ളത്. .

ഇതിനുപുറമെ റബ്ബർ ഉത്പാദന സംഘങ്ങളുടെ നവീകരണത്തിൻറെ ഭാഗമായി സംസ്കരണശാലയുടെ പ്രവർത്തനങ്ങൾക്കായി പരമാവധി 6 ലക്ഷം രൂപ വരെ ലഭ്യമാക്കുന്നുണ്ട്. റബ്ബർ തോട്ടങ്ങളിൽ ജോലി ചെയ്യുന്ന തൊഴിലാളികളുടെ ക്ഷേമത്തിനായി വിദ്യാഭ്യാസ സഹായം, വൈദ്യസഹായം, ഭവനനിർമ്മാണ സഹായം, വനിതകൾക്കുള്ള പ്രത്യേക ധനസഹായം, പെൻഷൻ പദ്ധതി എന്നിവ നടപ്പാക്കി വരുന്നുണ്ട്.

റബ്ബർ അധിഷ്ഠിത മൂല്യവർധിത ഉൽപന്നങ്ങൾ പുറത്തിറക്കുക എന്ന ലക്ഷ്യത്തോടെ സംസ്ഥാന സർക്കാർ രൂപം നൽകിയ കേരള റബ്ബർ ലിമിറ്റഡിൻ്റെ നിർമ്മാണം കോട്ടയം ജില്ലയിലെ വെള്ളൂരിൽ നടന്നുവരുന്നു. 1050 കോടി രൂപ ആകെ ചിലവ് പ്രതീക്ഷിക്കുന്ന പദ്ധതിയിലൂടെ ലാറ്റക്സ് അധിഷ്ഠിത ഉത്പന്നങ്ങളുടെ നിർമ്മാണ ഹബ്ബാക്കി കേരളത്തെ മാറ്റുക എന്നതിനൊപ്പം സിയാൽ മാതൃകയിൽ റബ്ബർ സംഭരണവും സ്ഥാപനം ലക്ഷ്യമിടുന്നു. പദ്ധതി പൂർത്തിയാക്കുന്നതോടെ ആയിരക്കണക്കിന് തൊഴിലവസരങ്ങൾ സൃഷ്ടിക്കപ്പെടുന്നതിനൊപ്പം റബ്ബർ കർഷകരുടെ ജീവിത നിലവാരം മെച്ചപ്പെടുത്താനും നമുക്ക് സാധിക്കും.
 

കൂടുതൽ ലേഖനങ്ങൾ

'വർക്ക് നിയർ ഹോം' പദ്ധതി; വികസനം ഏതാനും നഗരങ്ങളിൽ ഒതുക്കുകയല്ല, മറിച്ച് എല്ലാ പ്രദേശങ്ങളിലേയ്ക്കും എത്തിക്കുകയാണ് സർക്കാർ

സ. പിണറായി വിജയൻ

കാലത്തിന്റെ മാറ്റം ഏറ്റവും കൂടുതൽ പ്രതിഫലിക്കുന്ന മേഖലകളിൽ ഒന്നാണ് തൊഴിൽ. കുറച്ചു വർഷങ്ങൾക്കു മുൻപ് നിലനിന്നിരുന്ന തൊഴിലുകളും തൊഴിൽ രീതികളും മാറുകയാണ്.

സഖാവ് പി ഗോവിന്ദപ്പിള്ളയുടെ ഓർമകൾക്കു മുന്നിൽ സ്‌മരണാഞ്ജലി

സ. എം വി ഗോവിന്ദൻ മാസ്റ്റർ

കേരളത്തിന്റെ രാഷ്ട്രീയ, സാമൂഹ്യ, സാഹിത്യ, വൈജ്ഞാനിക മണ്ഡലങ്ങളിൽ സജീവ സാന്നിധ്യമായിരുന്ന സഖാവ് പി ഗോവിന്ദപ്പിള്ള ഓർമയായിട്ട് ഇന്നേക്ക് പന്ത്രണ്ട്‌ വർഷം. പി ജി എന്ന രണ്ടക്ഷരത്തിൽ അറിയപ്പെട്ട അദ്ദേഹം മാർക്സിസ്റ്റ് സൈദ്ധാന്തികനും സഞ്ചരിക്കുന്ന വിശ്വവിജ്ഞാനകോശവുമായിരുന്നു.

രാജ്യത്ത് ആദ്യമായി കോളേജ് വിദ്യാര്‍ത്ഥികള്‍ക്കായി പ്രത്യേക സ്‌പോര്‍ട്സ് ലീഗ് കേരളത്തിൽ

സ. ആർ ബിന്ദു

രാജ്യത്ത് ആദ്യമായി കോളേജ് വിദ്യാര്‍ത്ഥികള്‍ക്കായി പ്രത്യേക സ്‌പോര്‍ട്സ് ലീഗ് ആരംഭിക്കുകയാണ് കേരളത്തിൽ. മികച്ച കായിക സംസ്‌കാരം വാര്‍ത്തെടുക്കുന്നതിനൊപ്പം കോളേജുകളിലെ അടിസ്ഥാനസൗകര്യ വികസനം കൂടി ലക്ഷ്യമിട്ടാണ് കായിക വകുപ്പുമായി ചേർന്ന് കോളേജ് ലീഗിന് ഉന്നതവിദ്യാഭ്യാസ വകുപ്പ് തുടക്കമിടുന്നത്.