Skip to main content

കോൺഗ്രസ് എക്കാലത്തും സ്വീകരിച്ച മൃദു ഹിന്ദുത്വ സമീപനമാണ് ഉന്നതരായ നേതാക്കൾക്കുപോലും ബിജെപിയിലേക്ക് കൂറുമാറാൻ തെല്ലും മടിയില്ലാത്ത സാഹചര്യം സൃഷ്ടിക്കുന്നത്

"ഭരണഘടനയ്‌ക്കും ഭരണഘടനാ സ്ഥാപനങ്ങൾക്കും മുകളിലാണോ മതവിശ്വാസം. വർഗീയ ധ്രുവീകരണം രാജ്യത്തുണ്ടാക്കാമോ. മതവും രാഷ്ട്രീയവും കൂട്ടിക്കലർത്തുന്നത് അഭികാമ്യമാണോ. എന്നീ അടിസ്ഥാന ചോദ്യങ്ങളാണ് ഈ വിശ്വാസപ്രമേയം ചർച്ച ചെയ്യുന്നത്.’ ഇത് 2024ലെ ചോദ്യങ്ങളാണെന്ന് തോന്നിയെന്നു വരാം. എന്നാൽ, ഇന്നത്തെ ഇന്ത്യൻ സാഹചര്യങ്ങളിലേക്ക് വഴിതുറന്ന വിശ്വാസ വോട്ടെടുപ്പിൽ പാർലമെന്റിൽ 1990ൽ വി പി സിങ്‌ നടത്തിയ പ്രസംഗത്തിലാണ് ഈ ചോദ്യങ്ങൾ ഉന്നയിക്കപ്പെട്ടത്. സർക്കാർ തുടരുമോ എന്നതല്ല, ജനാധിപത്യം ഇന്ത്യയിൽ തുടരുമോ എന്നതാണ് ചോദ്യമെന്നുകൂടി വി പി സിങ്‌ കൂട്ടിച്ചേർത്തു. മതനിരപേക്ഷ, ജനാധിപത്യ ഇന്ത്യയെ സ്നേഹിക്കുന്ന രാഷ്ട്രീയ പാർടികൾക്ക് സാധാരണ ഗതിയിൽ ഈ ചോദ്യങ്ങൾക്ക് ഒരേയൊരു ഉത്തരമേ ഉണ്ടാകാൻ ഇടയുള്ളൂ. ബിജെപി മാത്രമാണ് ഇതിൽനിന്ന്‌ വ്യത്യസ്ത ആശയം പിന്തുടരുന്നുള്ളു. എന്നാൽ, ബിജെപിക്കൊപ്പം ചേർന്ന് വോട്ട് ചെയ്ത് ഇന്ത്യൻ നാഷണൽ കോൺഗ്രസ്‌ ഭരണഘടനയ്‌ക്കു മുകളിൽ മതവിശ്വാസത്തെ സ്ഥാപിക്കുന്നതിനും ജനാധിപത്യത്തിന് മരണമണി മുഴക്കുന്നതിനും അവസരമൊരുക്കി.

ബിജെപിയും കോൺഗ്രസും കൂട്ടാളികളും 346 വോട്ട് നേടിയപ്പോൾ വി പി സിങ്ങും ഇടതുപക്ഷവും ചേരുന്ന മതനിരപേക്ഷ ജനാധിപത്യ ശക്തികൾക്ക് 142 വോട്ട് മാത്രമാണ് ലഭിച്ചത്. ബാബ്‌റി മസ്ജിദ് തകർത്ത് രാമക്ഷേത്രം പണിയുന്നതിനായി നടത്തിയ രഥയാത്ര തടഞ്ഞാൽ പിന്തുണ പിൻവലിക്കുമെന്ന് ബിജെപി പ്രഖ്യാപിച്ചിരുന്നു. എന്നാൽ, അധികാരത്തേക്കാൾ പ്രധാനം രാജ്യമാണെന്ന് വി പി സിങ്‌ കരുതി. പ്രധാനമന്ത്രിയുടെ നിർദേശപ്രകാരം ബിഹാർ മുഖ്യമന്ത്രിയായിരുന്ന ലാലു പ്രസാദ് യാദവ് രഥയാത്ര തടഞ്ഞ് അദ്വാനിയെ അറസ്റ്റ് ചെയ്തു. ഈ ഒറ്റക്കാരണത്താൽ ബിജെപി പിന്തുണ പിൻവലിച്ചു. 197 എംപിമാരുള്ള കോൺഗ്രസും 85 എംപിമാരുള്ള ബിജെപിയും ഒന്നിച്ച് വോട്ട് ചെയ്ത് വി പി സിങ്ങിനെ പുറത്താക്കി. വർഗീയതയ്‌ക്കൊപ്പമോ മതനിരപേക്ഷതയ്‌ക്ക് ഒപ്പമോ എന്ന ചോദ്യം ഉയർത്തിയ തെരഞ്ഞെടുപ്പിൽ കോൺഗ്രസ്‌ ബിജെപിക്കൊപ്പം, വർഗീയതയ്‌ക്കൊപ്പം നിലപാട് സ്വീകരിച്ചു. ഇന്ത്യൻ രാഷ്ട്രീയത്തിൽ ബിജെപിയുടെ കുതിപ്പിന് ഇടയാക്കിയത് ഈ അവിശുദ്ധ സഖ്യമാണ്. അതിനുമുമ്പും കോൺഗ്രസിന്റെ മൃദുഹിന്ദുത്വ സമീപനം ഹിന്ദുത്വ ശക്തികൾക്ക് വളക്കൂറുള്ള മണ്ണൊരുക്കിയിരുന്നു. ഭരണഘടന അസംബ്ലിയിലെ ഒരു വിഭാഗം കോൺഗ്രസ് നേതാക്കളുടെ ചർച്ചകൾ കേട്ട് ഇവർ ഹിന്ദുമഹാസഭയുടെ വക്താക്കളാണോയെന്ന് കോൺഗ്രസ് അംഗംതന്നെയായ ഫ്രാങ്ക് ആന്റണി ചോദിച്ചതും ചരിത്രത്തിന്റെ ഭാഗം. 1952ൽ ആദ്യ തെരഞ്ഞെടുപ്പിൽ ഹിന്ദുത്വ ഗ്രൂപ്പിന് പത്ത് എംപിമാരുണ്ടായിരുന്നു. ജനസംഘത്തിനും രാമരാജ്യ പരിഷത്തിനും മൂന്നുവീതവും ഹിന്ദുമഹാസഭയ്‌ക്ക് നാലും സീറ്റാണ് ലഭിച്ചത്. 1965ൽ ജനസംഘത്തിന് 35 എംപിമാരാണ് പാർലമെന്റിലുണ്ടായിരുന്നത്. 1967ലെ യുപി നിയമസഭാ തെരഞ്ഞെടുപ്പിൽ ജനസംഘത്തിന് 98 സീറ്റ് ലഭിച്ചിരുന്നു. കോൺഗ്രസിന് 32.2 ശതമാനം വോട്ട് ലഭിച്ചപ്പോൾ ജനസംഘത്തിന് 21. 67 ശതമാനം വോട്ട് ലഭിച്ചിരുന്നു. കോൺഗ്രസിന്റെ തെറ്റായ നയങ്ങളാണ് ഹിന്ദുത്വയ്‌ക്ക് വളരാനുള്ള മണ്ണൊരുക്കിയത്. അതുകൊണ്ട്, 1984ൽ രണ്ട്‌ സീറ്റു മാത്രമുണ്ടായിരുന്ന ബിജെപി എന്ന നിഗമനത്തിൽ ഹിന്ദുത്വയുടെ പാർലമെന്ററി ചരിത്രം അവതരിപ്പിക്കുന്നത് അബദ്ധമായിരിക്കും.

കമൽനാഥ്‌ പറഞ്ഞതിന്റെ� ചരിത്ര പശ്ചാത്തലം
ഇന്ദിര ഗാന്ധിയുടെ കൊലപാതകത്തിനുശേഷം നടന്ന തെരഞ്ഞെടുപ്പിൽ സംഘപരിവാറും കോൺഗ്രസിനൊപ്പമായിരുന്നുവെന്ന നിരീക്ഷണവും പ്രസക്തം. പിന്നീട് നടന്ന തെരഞ്ഞെടുപ്പിൽ ബിജെപിക്ക് 85 സീറ്റ് ലഭിച്ചു. രണ്ടിൽനിന്ന്‌ 85ലേക്ക് ബിജെപി വളർന്നതിന് സാഹചര്യം ഒരുക്കിയതും കോൺഗ്രസാണ്. രാമക്ഷേത്രം സജീവരാഷ്ട്രീയ പ്രശ്നമാകാതിരുന്ന സന്ദർഭത്തിൽ കോൺഗ്രസ് 89ലെ തെരഞ്ഞെടുപ്പിന് ഈ വിഷയത്തെ സജീവമാക്കി. ഷബാനു കേസിന്റെ പശ്ചാത്തലത്തോടൊപ്പം ബോഫോഴ്സ് അഴിമതിയിൽനിന്ന്‌ ശ്രദ്ധ തിരിച്ചുവിടലും പ്രധാന ലക്ഷ്യമായിരുന്നു. തെരഞ്ഞെടുപ്പ് പ്രചാരണത്തിന് തുടക്കം കുറിക്കാൻ അയോധ്യ ഉൾപ്പെടുന്ന ഫൈസാബാദ് മണ്ഡലത്തെ രാജീവ് ഗാന്ധി തെരഞ്ഞെടുത്തു. നേരത്തേ തയ്യാറാക്കിയ പ്രസംഗത്തിൽനിന്ന് വ്യതിചലിച്ച് രാമരാജ്യം ലക്ഷ്യമായി പ്രഖ്യാപിച്ചു. നവംബർ 10ന് അയോധ്യയിൽ ശിലാന്യാസം നടത്തുമെന്ന് വിശ്വഹിന്ദു പരിഷത്ത് പ്രഖ്യാപിച്ച പശ്ചാത്തലത്തിൽക്കൂടിയായിരുന്നു ഈ പ്രഖ്യാപനം. ലോകവ്യാപകമായി പണം പിരിക്കുന്നതിനും ഇഷ്ടിക ശേഖരിക്കുന്നതിനും മൗനാനുവാദം നൽകിയ കോൺഗ്രസ് സർക്കാർ ശിലാന്യാസം നടത്താനും അനുമതി നൽകി. തർക്കം നിൽക്കുന്ന സ്ഥലത്ത് തൽസ്ഥിതി തുടരാൻ കോടതി ഉത്തരവുണ്ടായിട്ടും അവിടെത്തന്നെ വിഎച്ച്പി ശിലാന്യാസം നടത്തി. ഇതിനായി രാജീവ് ഗാന്ധിയുടെ നിർദേശപ്രകാരം അന്നത്തെ കേന്ദ്ര ആഭ്യന്തരമന്ത്രി ബൂട്ടാ സിങ്ങും യുപി മുഖ്യമന്ത്രിയായിരുന്ന എൻ ഡി തിവാരിയും വിഎച്ച്പിയുമായി ചർച്ച നടത്തി. ഒത്തുതീർപ്പുണ്ടാക്കി. എല്ലാ രേഖകളുമുണ്ടായിട്ടും ആ സ്ഥലം തർക്കമുള്ള സ്ഥലത്തിന് പുറത്താണെന്നും കോൺഗ്രസ് നേതാവ് എൻ ഡി തിവാരി മുഖ്യമന്ത്രിയായ യുപി സർക്കാർ പ്രഖ്യാപിച്ചു. ഇതാണ് അയോധ്യയിലെ ക്ഷേത്രത്തിന് ആദ്യം നന്ദി പറയേണ്ടത് രാജീവ് ഗാന്ധിക്കാണെന്ന് കമൽനാഥ് പറഞ്ഞതിന്റെ ചരിത്രപശ്ചാത്തലം.

പക്ഷേ, കോൺഗ്രസ് തുറന്നുവിട്ട രാമരാജ്യ മുദ്രാവാക്യം തുണച്ചത് ബിജെപിയെയാണ്. രണ്ടിൽനിന്ന്‌ 85ലേക്ക് പാർലമെന്റിലെ ബിജെപി അംഗസംഖ്യ ഉയർന്നതിനുള്ള പ്രധാന കാരണം ശിലാന്യാസത്തിന് നൽകിയ അനുമതിയും കോൺഗ്രസ് ഉയർത്തിയ രാമരാജ്യ മുദ്രാവാക്യവുമാണ്. മൃദു ഹിന്ദുത്വ നിലപാട് തീവ്രഹിന്ദുത്വത്തെ ശക്തിപ്പെടുത്തുന്നത് എങ്ങനെയെന്ന് 1989ലെ തെരഞ്ഞെടുപ്പ് ഫലം പഠിപ്പിച്ചു. വി പി സിങ് സർക്കാരിനെ ഇടതുപക്ഷത്തോടൊപ്പം പുറത്തുനിന്ന് പിന്തുണയ്‌ക്കുമ്പോൾത്തന്നെ ബിജെപിക്ക് 85 സീറ്റുണ്ടായത് ഇങ്ങനെയാണെന്നത് ചരിത്രം. രണ്ടു സീറ്റ് മാത്രമുണ്ടായിരുന്ന ബിജെപി വളർന്നത് വി പി സിങ്ങിനെ ഇടതുപക്ഷംകൂടി പുറത്തുനിന്ന് പിന്തുണച്ചതുകൊണ്ടാണെന്ന നുണചരിതം വസ്തുതകൾക്ക് കടകവിരുദ്ധമാണെന്ന് ചുരുക്കം.

വർഗീയ രാഷ്‌ട്രീയത്തിന്‌� ഇന്ധനം പകർന്നു
അദ്വാനിയുടെ രഥയാത്രയെ ലാലു പ്രസാദ് യാദവ് തടഞ്ഞതിനെതിരെ ബിജെപിക്കൊപ്പം ചേർന്ന കോൺഗ്രസ്, അവരുടെ വർഗീയ രാഷ്ട്രീയത്തിന് വീണ്ടും ഇന്ധനം പകർന്നു. അത് പിന്നീട് ആളിക്കത്തിക്കാൻ അവസരമൊരുക്കിയത് നരസിംഹറാവു പ്രധാനമന്ത്രിയായിരിക്കുമ്പോഴാണ്. ബാബ്‌റി മസ്ജിദ് തകർക്കുന്നത് തടയാൻ ഏതറ്റംവരെയും പോകുന്നതിന് സർക്കാരിന് ദേശീയോദ്ഗ്രഥന കൗൺസിൽ പരിപൂർണ പിന്തുണ നൽകി. എന്നാൽ, ബാബ്‌റി പള്ളി തകർത്ത് തരിപ്പണമാക്കുന്നതിന് കുറ്റകരമായ നിസ്സംഗതയിലൂടെ കോൺഗ്രസ് നേതാവായ നരസിംഹറാവു പിന്തുണ നൽകി. അവസാന മിനാരവും തകർത്തുകളയുന്നതുവരെ കേന്ദ്രസേന ബാരക്കിൽ അനങ്ങാതിരുന്നു. ആ മാപ്പർഹിക്കാത്ത തെറ്റിനുള്ള അംഗീകാരംകൂടിയാണ് ഇപ്പോൾ നരസിംഹ റാവുവിന് നൽകിയ ഭാരതരത്നം.

2002ലെ ഗുജറാത്ത് വംശഹത്യക്കുശേഷം 2004ൽ അധികാരത്തിൽ വന്ന മൻമോഹൻ സിങ് സർക്കാർ ശരിയായ രൂപത്തിൽ അന്വേഷണം നടത്തി സമയബന്ധിതമായി നടപടി സ്വീകരിച്ചില്ല. കോൺഗ്രസ് എംപിയായിരുന്ന ഇസ്‌ഹാൻ ജഫ്രിയുടെ ദാരുണ കൊലപാതകത്തിൽപ്പോലും മാപ്പർഹിക്കാത്ത ഉദാസീനത കോൺഗ്രസ് കാണിച്ചു. വെറുപ്പിന്റെ രാഷ്ട്രീയത്തിന് പൊതു സ്വീകാര്യത നൽകാൻ ഈ നിലപാട് സഹായകരമായി.

കോൺഗ്രസ് എക്കാലത്തും സ്വീകരിച്ച ഈ മൃദു ഹിന്ദുത്വ സമീപനമാണ് ഉന്നതരായ നേതാക്കൾക്കുപോലും ബിജെപിയിലേക്ക് കൂറുമാറാൻ തെല്ലും മടിയില്ലാത്ത സാഹചര്യം സൃഷ്ടിക്കുന്നത്. 2014ൽ മോദി സർക്കാരിനെ അധികാരത്തിലേറ്റിയ സാഹചര്യവും കോൺഗ്രസിന്റെ ജനവിരുദ്ധ നയങ്ങൾ സൃഷ്ടിച്ചതാണ്. ഇന്ത്യൻ ജനാധിപത്യം സംരക്ഷിക്കുന്നതിനായുള്ള നിർണായക പോരാട്ടത്തിൽ ഈ തിരിച്ചറിവുകളും പ്രധാനമാണ്.
 

കൂടുതൽ ലേഖനങ്ങൾ

'വർക്ക് നിയർ ഹോം' പദ്ധതി; വികസനം ഏതാനും നഗരങ്ങളിൽ ഒതുക്കുകയല്ല, മറിച്ച് എല്ലാ പ്രദേശങ്ങളിലേയ്ക്കും എത്തിക്കുകയാണ് സർക്കാർ

സ. പിണറായി വിജയൻ

കാലത്തിന്റെ മാറ്റം ഏറ്റവും കൂടുതൽ പ്രതിഫലിക്കുന്ന മേഖലകളിൽ ഒന്നാണ് തൊഴിൽ. കുറച്ചു വർഷങ്ങൾക്കു മുൻപ് നിലനിന്നിരുന്ന തൊഴിലുകളും തൊഴിൽ രീതികളും മാറുകയാണ്.

സഖാവ് പി ഗോവിന്ദപ്പിള്ളയുടെ ഓർമകൾക്കു മുന്നിൽ സ്‌മരണാഞ്ജലി

സ. എം വി ഗോവിന്ദൻ മാസ്റ്റർ

കേരളത്തിന്റെ രാഷ്ട്രീയ, സാമൂഹ്യ, സാഹിത്യ, വൈജ്ഞാനിക മണ്ഡലങ്ങളിൽ സജീവ സാന്നിധ്യമായിരുന്ന സഖാവ് പി ഗോവിന്ദപ്പിള്ള ഓർമയായിട്ട് ഇന്നേക്ക് പന്ത്രണ്ട്‌ വർഷം. പി ജി എന്ന രണ്ടക്ഷരത്തിൽ അറിയപ്പെട്ട അദ്ദേഹം മാർക്സിസ്റ്റ് സൈദ്ധാന്തികനും സഞ്ചരിക്കുന്ന വിശ്വവിജ്ഞാനകോശവുമായിരുന്നു.

രാജ്യത്ത് ആദ്യമായി കോളേജ് വിദ്യാര്‍ത്ഥികള്‍ക്കായി പ്രത്യേക സ്‌പോര്‍ട്സ് ലീഗ് കേരളത്തിൽ

സ. ആർ ബിന്ദു

രാജ്യത്ത് ആദ്യമായി കോളേജ് വിദ്യാര്‍ത്ഥികള്‍ക്കായി പ്രത്യേക സ്‌പോര്‍ട്സ് ലീഗ് ആരംഭിക്കുകയാണ് കേരളത്തിൽ. മികച്ച കായിക സംസ്‌കാരം വാര്‍ത്തെടുക്കുന്നതിനൊപ്പം കോളേജുകളിലെ അടിസ്ഥാനസൗകര്യ വികസനം കൂടി ലക്ഷ്യമിട്ടാണ് കായിക വകുപ്പുമായി ചേർന്ന് കോളേജ് ലീഗിന് ഉന്നതവിദ്യാഭ്യാസ വകുപ്പ് തുടക്കമിടുന്നത്.