നാട്ടിലിറങ്ങുന്ന വന്യജീവികള്‍ മനുഷ്യജീവന്‍ കവരുന്നത് സ്‌ഫോടനാത്മകമായ സ്ഥിതിവിശേഷമാണ് സൃഷ്ടിച്ചിരിക്കുന്നത്. കഴിഞ്ഞ രണ്ട് മാസത്തിനിടെ 14 പേരാണ് കൊല്ലപ്പെട്ടത്. വനം വന്യജീവികള്‍ക്കും നാട് മനുഷ്യനും എന്ന വേര്‍തിരിവ് കര്‍ശനമായി പാലിച്ചു മാത്രമേ ഈ പ്രശ്‌നം പരിഹരിക്കാന്‍ കഴിയൂ. വന്യജീവിയ്ക്ക് നാട്ടിലിറങ്ങി ആരെയും കൊല്ലാമെന്നും മനുഷ്യന്‍ പോംവഴികളില്ലാതെ സഹനത്തിന്റെ പാത സ്വീകരിക്കണമെന്നും ഇക്കാര്യത്തില്‍ തീര്‍പ്പു കല്‍പ്പിക്കാനാവില്ല. മനുഷ്യന്‍ കാട്ടില്‍ കയറി വന്യമൃഗങ്ങള്‍ക്ക് ഭീഷണിയാകരുത്. അതുപോലെ വന്യമൃഗങ്ങള്‍ നാട്ടിലിറങ്ങി മനുഷ്യനും ഭീഷണിയാകരുത്. ഈ രണ്ടുകാര്യവും പാലിക്കപ്പെടണം.
കാട്ടില്‍ നിന്നും നാട്ടിലിറങ്ങി കൃഷിയും ആള്‍നാശവുമുണ്ടാക്കുന്നത് കാട്ടുപോത്തോ കാട്ടുപന്നിയോ ആകട്ടെ, അവറ്റയെ ക്ഷുദ്രജീവിയായി പ്രഖ്യാപിച്ച് വെടിവെച്ചു കൊന്ന് മനുഷ്യന്റെ ഭക്ഷണമാക്കി മാറ്റണം. ആനയും പുലിയും കടുവയുമൊന്നും മനുഷ്യന്റെ ഭക്ഷണമല്ല. കാട്ടിലിറങ്ങുന്ന അത്തരം മൃഗങ്ങളും മനുഷ്യന് ഭീഷണിയാണ്. അവയെ പിടികൂടി ജനവാസ കേന്ദ്രങ്ങളില്‍ നിന്നും മാറ്റി പുനരധിവസിപ്പിക്കണം. നിരന്തരം ശല്യമായാല്‍ സങ്കേതങ്ങളില്‍ പാര്‍പ്പിക്കണം.
അതിന് ആരാണ് തടസം? കേന്ദ്രസര്‍ക്കാര്‍ മാത്രമാണ്. നിലവില്‍ വന്യമൃഗങ്ങളെ ക്ഷുദ്രജീവികളായി കണക്കാക്കി കൈകാര്യം ചെയ്യാന്‍ നിയമം അനുവദിക്കുന്നില്ല. അനുവാദം തരേണ്ടത് കേന്ദ്രസര്‍ക്കാരാണ്. കേരളം ആ ആവശ്യം ഉന്നയിച്ചപ്പോഴൊക്കെ കേന്ദ്രം നിഷേധിക്കുകയാണ് ചെയ്തത്. കേന്ദ്ര വന്യജീവി സംരക്ഷണ നിയമത്തിന്റെ വകുപ്പ് 62 പ്രകാരം ഇക്കാര്യത്തില്‍ കേന്ദ്രാനുമതി ആവശ്യമാണ്. ആവര്‍ത്തിച്ച് ആവശ്യപ്പെട്ടിട്ടും ആ അനുമതി അവര്‍ നല്‍കുന്നില്ല.
ഈ പ്രശ്‌നം പരിഹരിക്കുന്നതിന് കേരളം മുന്നോട്ടുവെയ്ക്കുന്ന നിര്‍ദ്ദേശങ്ങള്‍ ഇവയാണ്.
1. കേന്ദ്ര വന്യജീവി സംരക്ഷണ നിയമത്തിലെ 11-1-എ വകുപ്പു പ്രകാരം ചീഫ് വൈല്‍ഡ് ലൈഫ് വാര്‍ഡനു നല്‍കിയിട്ടുള്ള എല്ലാ അധികാരങ്ങളും അടിയന്തര നടപടികളെടുക്കാന്‍ സാധ്യമാകുംവിധം ചീഫ് ഫോറസ്റ്റ് കണ്‍സര്‍വേറ്റര്‍മാര്‍ക്ക് കൈമാറണം. ഇതിനാവശ്യമായ നിയമഭേദഗതി കൊണ്ടു വരണം.
2. കാട്ടുപന്നിയെ കേന്ദ്രവന്യജീവി സംരക്ഷണ നിയമത്തിന്റെ 62-ാം വകുപ്പു പ്രകാരം ക്ഷുദ്രജീവിയായി പ്രഖ്യാപിക്കണം.
3. നിയമപരമായ നടപടിക്രമങ്ങള്‍, ചട്ടങ്ങള്‍ മാര്‍ഗനിര്‍ദ്ദേശങ്ങള്‍ എന്നിവ ലഘൂകരിച്ച്, പ്രായോഗികവ്യവസ്ഥകള്‍ ഉള്‍പ്പെടുത്തി കാലാനുസൃതമായി പരിഷ്‌കരിക്കുക
4. വന്യമൃഗങ്ങളുടെ എണ്ണം ക്രമാതീതമായി പെരുകുന്നത് തടയാന്‍ അവയുടെ പ്രജനനം നിയന്ത്രിക്കുന്നതിന് പ്രായോഗിക നടപടികള്‍ കൈക്കൊള്ളുക.
നിലവിലെ വന്യജീവി സംരക്ഷണ നിയമം പ്രായോഗികമായി പരിഷ്‌കരിച്ചുകൊണ്ടല്ലാതെ ഈ പ്രശ്‌നത്തിന് ശാശ്വത പരിഹാരം കണ്ടെത്താനാവില്ല. നിര്‍ഭാഗ്യവശാല്‍ അത് കേന്ദ്രസര്‍ക്കാര്‍ തയ്യാറാകുന്നില്ല. നാട്ടിലിറങ്ങുന്ന കാട്ടുമൃഗങ്ങള്‍ വരുത്തിവെയ്ക്കുന്ന മനുഷ്യജീവഹാനി അടക്കമുള്ള പ്രശ്‌നങ്ങളെ രാഷ്ട്രീയമായി ഉപയോഗിക്കാനാണ് അവരുടെ ശ്രമം.
വന്യമൃഗങ്ങളുടെ ആക്രമണം സംസ്ഥാന ദുരന്തമായി പ്രഖ്യാപിച്ച് ദുരന്തനിവാരണ നിയമത്തിന്റെ അടിസ്ഥാനത്തില്‍ നടപടി എടുക്കാനുള്ള സംസ്ഥാന സര്‍ക്കാരിന്റെ തീരുമാനം സ്വാഗതാര്‍ഹമാണ്. ഇതിന് നിര്‍ദേശിക്കപ്പെട്ട സമിതികള്‍ അടിയന്തരമായി പ്രഖ്യാപിച്ച് പ്രായോഗിക പ്രവര്‍ത്തികളിലേക്ക് നീങ്ങണം.
കാട്ടുമൃഗങ്ങളാല്‍ കൊല്ലപ്പെടുന്നവരുടെ കുടുംബങ്ങള്‍ക്കുണ്ടാകുന്ന തീരാവേദനയെ മുതലെടുപ്പു നടത്താനുള്ള അവസരമാക്കി മാറ്റുകയാണ് കേരളത്തിലെ പ്രതിപക്ഷം. ദൌര്‍ഭാഗ്യകരമായി കൊല്ലപ്പെട്ടവരുടെ മൃതദേഹം രാഷ്ട്രീയലാഭത്തിനുവേണ്ടി മോര്‍ച്ചറിയില്‍ നിന്ന് കവര്‍ന്നുകൊണ്ടുപോയി തെരുവുനാടകം കളിയ്ക്കുക, പോലീസിനെ ആക്രമിക്കുക തുടങ്ങി പരിഷ്‌കൃത മനുഷ്യന്‍ ആലോചിക്കാന്‍ പോലും മടിക്കുന്ന കാര്യങ്ങളാണ് പ്രതിപക്ഷം ചെയ്തുകൂട്ടിക്കൊണ്ടിരിക്കുന്നത്. പ്രബുദ്ധമായ ഒരു സമൂഹത്തിനു മുന്നിലാണ് അത്യന്തം തരംതാണ ഈ കളികള്‍ കളിക്കുന്നത് എന്ന് ചിന്തിക്കാനുള്ള വിവേകബുദ്ധിപോലും പ്രതിപക്ഷത്തിന് നഷ്ടപ്പെട്ടിരിക്കുകയാണ്.
ശാസ്ത്രീയപരിഹാരം ആവശ്യപ്പെടുന്ന ഒരു സാമൂഹ്യപ്രശ്‌നമാണിത്. കേരളം മാത്രമാണോ, മനുഷ്യനും വന്യജീവികളും തമ്മിലുള്ള ഈ സംഘര്‍ഷത്തിന് ഇരയാകുന്ന നാട്? അല്ലേയല്ല. കര്‍ണാടകത്തിലും തമിഴ്‌നാട്ടിലുമൊക്കെ ഈ പ്രശ്‌നമുണ്ട്. അതില്‍ നിര്‍ണായക റോളെടുക്കേണ്ടത് കേന്ദ്രസര്‍ക്കാരും. അവിടെയും കാട്ടാനകളുടെ ആക്രമണത്തില്‍ കൊല്ലപ്പെട്ട നിര്‍ഭാഗ്യരായ മനുഷ്യരുണ്ട്. അവിടെയൊക്കെ കൊല്ലപ്പെട്ടവരുടെ മൃതദേഹവും ബലപ്രയോഗത്തില്‍ കവര്‍ന്ന് നടുറോഡില്‍ നാടകം കളിക്കാന്‍ കോണ്‍ഗ്രസ് അടക്കമുള്ള ആരെങ്കിലും തയ്യാറാകുന്നുണ്ടോ?
ഇല്ല. ആ വിവേകം എന്തുകൊണ്ടാണ് കേരളത്തിലെ ഒരുപറ്റം കോണ്‍ഗ്രസ് നേതാക്കള്‍ക്കില്ലാതെ പോകുന്നത്?