Skip to main content

ബിജെപി അനുകൂല കോൺഗ്രസിനെ പരാജയപ്പെടുത്തേണ്ടത് കക്ഷി രാഷ്ട്രീയത്തിനതീതമായി മതനിരപേക്ഷ ജനാധിപത്യ കേരളത്തിന്റെ അഭിമാനത്തിന്റെകൂടി പ്രശ്നമാണ്

കോൺഗ്രസിൽനിന്ന്‌ ബിജെപിയിലേക്ക് കൂടുമാറിയ പത്മജ വേണുഗോപാൽ നടത്തിയ പ്രസ്താവനയിലെ ഒരു ഭാഗം ശ്രദ്ധേയമാണ്, കോൺഗ്രസും ബിജെപിയും തമ്മിൽ ആശയങ്ങളുടെ കാര്യത്തിൽ വ്യത്യസ്തതയില്ലെന്ന് ഒരു ദിവസത്തെ അനുഭവത്തിന്റെ അടിസ്ഥാനത്തിൽത്തന്നെ'പത്മജ പ്രഖ്യാപിച്ചു. കരുണാകരന്റെ മകളും എഐസിസി അംഗവുമായിരുന്ന, പത്മജയുടെ പ്രതികരണം കേരളത്തിലെ കോൺഗ്രസ് നേതൃത്വം രൂപപ്പെടുത്തിയ ഇടതുപക്ഷ വിരുദ്ധ, ബിജെപി അനുകൂല രാഷ്ട്രീയത്തിന്റെ പ്രതിഫലനമാണ്.
കോൺഗ്രസ്‌ അഖിലേന്ത്യാതലത്തിൽ സ്വീകരിക്കുന്ന മൃദുഹിന്ദുത്വത്തിന്റെ ചരിത്രവും വർത്തമാനവും ആദ്യലേഖനത്തിൽ വിശദീകരിച്ചിരുന്നു. എന്നാൽ, കേരളത്തിലെ കോൺഗ്രസ് ചരിത്രത്തിന് മറ്റൊരു മാനംകൂടിയുണ്ട്. കേരള രൂപീകരണകാലംമുതൽ കമ്യൂണിസ്റ്റ് വിരുദ്ധതയുടെ അടിസ്ഥാനത്തിലാണ് കോൺഗ്രസ് പാർടി അവരുടെ രാഷ്ട്രീയനിലപാടുകൾക്ക് രൂപം നൽകിയിരുന്നത്. അതിനായി ഏതറ്റംവരെയും പോകുന്നതിന് അവരുടെ നേതൃത്വം മടിച്ചില്ല. ആദ്യ കമ്യൂണിസ്റ്റ്സർക്കാരിനെ അധികാരത്തിൽനിന്ന്‌ പുറത്താക്കുന്നതുമുതൽ ഇന്നുവരെയുള്ള രാഷ്ട്രീയ നിലപാടുകളിൽ ഇത് തെളിഞ്ഞുകാണാം. 1960ലെ നിയമസഭാ തെരഞ്ഞെടുപ്പിൽ ഇ എം എസിനെതിരെ പട്ടാമ്പി മണ്ഡലത്തിൽ കോൺഗ്രസിനുവേണ്ടി ജനസംഘം സ്ഥാനാർഥിയെ പിൻവലിച്ചതിലും വടകര, ബേപ്പൂർ മോഡലിലുമെല്ലാം കമ്യൂണിസ്റ്റ് വിരുദ്ധ ഹിന്ദുത്വ അനുകൂല കോൺഗ്രസ് രാഷ്ട്രീയമാണ് കേരളം കണ്ടത്.

സിപിഐ എമ്മാണോ ബിജെപിയാണോ നിങ്ങളുടെ രാഷ്ട്രീയ ശത്രുവെന്ന നേരിട്ടുള്ള ചോദ്യത്തിന് സിപിഐ എമ്മാണെന്ന് പരസ്യമായി പറയുന്നതിന് കെപിസിസി പ്രസിഡന്റിനും പ്രതിപക്ഷ നേതാവിനും ഒരു മിനിറ്റ്പോലും വേണ്ടാത്തത് ഈ പശ്ചാത്തലത്തിലാണ് . കണ്ണൂരിലെ എടക്കാട്, തോട്ടട, കിഴുന്ന എന്നിവിടങ്ങളിലെ ആർഎസ്എസ് ശാഖകൾക്ക് സംരക്ഷണം നൽകാൻ താൻ ആളെ വിട്ടിരുന്നുവെന്ന് കെ സുധാകരൻ അഭിമാനത്തോടെ പറഞ്ഞത് കോൺഗ്രസിനകത്ത് ചെറിയ ചലനംപോലും ഉണ്ടാക്കാതിരുന്നത് ഇടതുപക്ഷത്തിനെതിരെയുള്ള നിലപാടിൽ തങ്ങളുടെ സ്വാഭാവിക മിത്രമായി ആർഎസ്എസിനെയും ബിജെപിയെയും കേരളത്തിൽ കോൺഗ്രസ് കരുതുന്നതു കൊണ്ടാണ്. തനിക്ക് ഇഷ്ടമുണ്ടെങ്കിൽ ബിജെപിയിലേക്ക് പോകുമെന്നും അതിലെന്താണ് തെറ്റെന്നും സംശയലേശമില്ലാതെ കെ സുധാകരൻ പറയുമ്പോഴും കോൺഗ്രസിൽ അതൊരു ചലനവുമുണ്ടാക്കിയില്ലെന്ന് മാത്രമല്ല, ഈ നിലപാട് വ്യക്തമാക്കലിനുശേഷം അദ്ദേഹത്തെ കേരളത്തിലെ കോൺഗ്രസിന്റെ അധ്യക്ഷനാക്കുകയും ചെയ്തു. ബിജെപിയുമായി താദാത്മ്യം പ്രാപിക്കാൻ ഒട്ടും സമയം ആവശ്യമില്ലാത്ത കമ്യൂണിസ്റ്റ് വിരുദ്ധതയുടെ ആൾരൂപമാണ് കോൺഗ്രസിന് കേരളത്തിൽ നേതൃത്വം നൽകേണ്ടതെന്ന് ആ പാർടിയുടെ അഖിലേന്ത്യ നേതൃത്വവും കരുതുന്നു.

ഇടതുപക്ഷ വിരുദ്ധ രാഷ്ട്രീയംമാത്രം കൈമുതലായുള്ള കേരളത്തിലെ കോൺഗ്രസിന് അഖിലേന്ത്യ നേതൃത്വത്തിനെവരെ ഈ രൂപത്തിൽ തങ്ങളുടെ നിലപാടിലേക്ക് എത്തിക്കാൻ കഴിയുന്നുവെന്നതാണ് ഇപ്പോഴത്തെ ഏറ്റവും അപകടകരമായ കാര്യം. അതാണ് രാഹുൽ ഗാന്ധിയുടെ വയനാട്ടിലെ സ്ഥാനാർഥിത്വത്തിൽ കാണുന്നത്. കോൺഗ്രസിന്റെ സ്ഥാനാർഥിയെ നിശ്ചയിക്കാനുള്ള പൂർണമായ സ്വാതന്ത്ര്യം ആ പാർടിക്കുണ്ടെങ്കിലും അതുയർത്തുന്ന രാഷ്ട്രീയ ചോദ്യങ്ങൾ പ്രസക്തമാണ്. രാഹുൽ ഗാന്ധിയും കോൺഗ്രസും ബിജെപിയുടെ സീറ്റ് കുറയ്ക്കുന്നതിനും ബിജെപി വിരുദ്ധ പാർടികളുടെ സീറ്റ് വർധിപ്പിക്കാനുമാണ് ലക്ഷ്യം വയ്ക്കുന്നതെന്നാണ് പൊതുവെ കരുതുന്നത്. എന്നാൽ, ഏതു സന്ദർഭത്തിലും ബിജെപി വിരുദ്ധ സർക്കാരിനുള്ള ഉറച്ച പിന്തുണയായ ഇടതുപക്ഷത്തിനെതിരെ മത്സരിക്കുന്ന രാഹുൽ ഗാന്ധി പ്രത്യക്ഷത്തിൽ ബിജെപി വിരുദ്ധ രാഷ്ട്രീയത്തെ ദുർബലപ്പെടുത്തുകയാണ് ചെയ്യുന്നത്.
ദക്ഷിണേന്ത്യയിൽക്കൂടി മത്സരിക്കേണ്ടതു കൊണ്ടാണ് ഈ സ്ഥാനാർഥിത്വമെന്ന് ചില കോൺഗ്രസ് നേതാക്കൾ വിശദീകരിക്കുന്നുണ്ട്. ബിജെപിയുടെ സീറ്റ് കുറയ്ക്കേണ്ട ദക്ഷിണേന്ത്യയിലെ ഒന്നാമത്തെ സംസ്ഥാനം കർണാടകമാണ്. കോൺഗ്രസ് – -ജെഡിഎസ് സഖ്യം അധികാരത്തിലിരിക്കുമ്പോൾ നടന്ന കഴിഞ്ഞ ലോക്‌സഭാ തെരഞ്ഞെടുപ്പിൽ 28 സീറ്റുള്ള കർണാടകത്തിൽനിന്ന്‌ ഒരു സ്വതന്ത്രനടക്കം 26 സീറ്റിൽ ബിജെപി ജയിച്ചപ്പോൾ കോൺഗ്രസ് കേവലം ഒരു സീറ്റിൽ ഒതുങ്ങി. നിയമസഭാ തെരഞ്ഞെടുപ്പിൽ ലഭിച്ച വോട്ട് ലഭിച്ചിരുന്നെങ്കിൽ 22 സീറ്റ് കോൺഗ്രസ് മുന്നണിക്ക് ലഭിക്കുമായിരുന്നു. ഇത്തവണയാണെങ്കിൽ ജെഡിഎസ്, ബിജെപി മുന്നണിയുടെ ഭാഗമായി. എന്നാൽ, നിയമസഭാ തെരഞ്ഞെടുപ്പിൽ നേടിയ വിജയത്തിന്റെ പശ്ചാത്തലത്തിൽ ബിജെപിയുടെ 26 സീറ്റ്‌ പരമാവധി കുറയ്‌ക്കാൻ കഴിയുന്ന സംസ്ഥാനത്ത് കേന്ദ്രീകരിക്കാതെ ബിജെപി ഒരു സീറ്റിലും ജയിക്കാൻ സാധ്യതയില്ലാത്ത കേരളത്തിൽ മത്സരിക്കുന്നത് ഇടതുപക്ഷ വിരുദ്ധതയുടെ രാഷ്ട്രീയം വഴിതെളിക്കുന്നതു കൊണ്ടാണ്.

ദക്ഷിണേന്ത്യയിൽത്തന്നെ കോൺഗ്രസ് അധികാരമുള്ള സംസ്ഥാനമാണ് 17 പാർലമെന്റ്‌ അംഗങ്ങളെ തെരഞ്ഞെടുക്കുന്ന തെലങ്കാന. കഴിഞ്ഞ തെരഞ്ഞെടുപ്പിൽ ബിജെപിക്ക് നാലും കോൺഗ്രസിന് മൂന്നും സീറ്റും ലഭിച്ചു. ആന്ധ്രയിൽ ഒരാളെപ്പോലും വിജയിപ്പിക്കാൻ കോൺഗ്രസിന് കഴിഞ്ഞിരുന്നില്ല. സീറ്റൊന്നും ലഭിക്കാത്ത ബിജെപി, ഇത്തവണ ടിഡിപിയുമായി സഖ്യമുണ്ടാക്കി വിജയിക്കാൻ ശ്രമിക്കുന്നു. എന്നാൽ, ഇവിടെയൊന്നുമല്ലാതെ രാഹുൽ ഗാന്ധി കേരളത്തിൽ മത്സരിക്കുന്നത് ഇടതുപക്ഷ വിരുദ്ധത കൊണ്ടുമാത്രമാണ്. ഏതു ഘട്ടത്തിലും ബിജെപി വിരുദ്ധ സംവിധാനത്തിനുള്ള ഫിക്സഡ് ഡെപ്പോസിറ്റാണ്‌ ആലപ്പുഴയിലെ ആരിഫ്‌. അവിടെ ആരിഫിനെതിരെ മൽസരിക്കാൻ യഥാർഥ ഹൈക്കമാൻഡെന്ന് ജി- 20 ഒരു ഘട്ടത്തിൽ വിശേഷിപ്പിച്ച എഐസിസി സംഘടനാ സെക്രട്ടറി തന്നെ എത്തി. കോൺഗ്രസിനേക്കാൾ 45 എംഎൽഎമാർ അധികം ബിജെപിക്കുള്ള രാജസ്ഥാനിൽ രാജ്യസഭാ തെരഞ്ഞെടുപ്പ് നടന്നാൽ എന്തു സംഭവിക്കുമെന്ന് അറിയാത്തവരല്ല ഇത് ചെയ്യുന്നത്. കഴിഞ്ഞ പത്തുവർഷവും ബിജെപി സർക്കാരിന്റെ തെറ്റായ നയങ്ങൾക്കെതിരെ കുറച്ചെങ്കിലും പ്രതിരോധം തീർത്ത രാജ്യസഭയിൽ എൻഡിഎക്ക് ഭൂരിപക്ഷത്തിന് നാലു സീറ്റിന്റെ കുറവാണുള്ളത്. രാജസ്ഥാനിൽനിന്ന്‌ അപ്രതീക്ഷിതമായി ഒരു സീറ്റ് ബിജെപിക്ക് കോൺഗ്രസ് വാഗ്ദാനം ചെയ്യുന്നു. അതുകൊണ്ടാണ് രാജ്യസഭയിൽ ബിജെപിക്ക് എന്തും ചെയ്യാൻ അവസരം നൽകാതിരിക്കാൻ ആലപ്പുഴയിൽ കോൺഗ്രസ് തോൽക്കേണ്ടത് അനിവാര്യതയാകുന്നത്. ആലപ്പുഴയിലെ വോട്ടർമാർ ആ രാഷ്ട്രീയപ്രബുദ്ധത കാണിക്കുകതന്നെ ചെയ്യും.

ഇന്ത്യയിലെമ്പാടും അന്വേഷണ ഏജൻസികളെ രാഷ്ട്രീയ വേട്ടയാടലിന് ദുരുപയോഗപ്പെടുത്തുന്നതിന് എതിരായി ശക്തമായ നിലപാട് സ്വീകരിക്കുന്ന കോൺഗ്രസ് കേരളത്തിൽ ബിജെപിയുടെ വക്താക്കളായി മാറുന്നു. സ്വന്തം അക്കൗണ്ടിലെ പണം തെരഞ്ഞെടുപ്പിന് ഉപയോഗിക്കാൻ കഴിയാത്തവിധം ആദായനികുതി വകുപ്പ് നടപടി സ്വീകരിക്കുകയും അവരുടെ ട്രിബ്യൂണൽ അത് ശരിവയ്ക്കുകയും ചെയ്തിട്ടും കേരളത്തിലെ കോൺഗ്രസിന്റെ ഏക ആയുധം അതേ ആദായനികുതി വകുപ്പിന്റെ രാഷ്ട്രീയ ഇടപെടലിന്റെ റിപ്പോർട്ട് മാത്രമാകുന്നു. ഇന്നത്തെ ഇന്ത്യയിലെ പ്രധാനപ്പെട്ട രാഷ്ട്രീയ പ്രശ്നങ്ങളിലൊന്ന് സംസ്ഥാനങ്ങൾക്കുനേരെയുള്ള സാമ്പത്തിക കടന്നാക്രമണമാണ്. ബിജെപി ഇതര സർക്കാരുകൾ ഒന്നിച്ച് ഏറ്റെടുത്താൽ തെരഞ്ഞെടുപ്പിൽ ഉൾപ്പെടെ പ്രധാന ചർച്ചാവിഷയം ഇതാകുമായിരുന്നു. എന്നാൽ, ഇടതുപക്ഷ വിരുദ്ധതയുടെ രാഷ്ട്രീയംമാത്രം കൈകാര്യം ചെയ്യുന്ന കേരളത്തിലെ കോൺഗ്രസ് യോജിച്ച പ്രതിഷേധത്തെ തടഞ്ഞു. കേരളം നടത്തിയ പ്രതിഷേധത്തിൽ പങ്കാളിയായില്ലെന്ന് മാത്രമല്ല, അഖിലേന്ത്യാ നേതൃത്വത്തെ പങ്കെടുക്കുന്നതിൽനിന്ന്‌ തടഞ്ഞു. എന്നു മാത്രമല്ല കർണാടകത്തിന്റെ പ്രതിഷേധത്തിൽ ഇടതുപക്ഷത്തെ ഒഴിവാക്കാൻ വേണ്ടി മറ്റു പ്രതിപക്ഷ പാർടികളെയൊന്നും വിളിക്കേണ്ടതില്ലെന്ന് കോൺഗ്രസ് നേതൃത്വത്തെക്കൊണ്ട് തീരുമാനിപ്പിച്ചു. ഫലത്തിൽ ബിജെപിക്ക് അനുകൂല നിലപാട് സ്വീകരിച്ചു.- കേരളത്തിനൊപ്പം കേസിൽ കക്ഷി ചേർന്ന് തങ്ങളുടെ ഭരണഘടനാവകാശം നേടിയെടുക്കേണ്ട കർണാടകയുൾപ്പെടെയുള്ള സംസ്ഥാനങ്ങളെ തടഞ്ഞതും കേരളത്തിലെ കോൺഗ്രസ് നേതൃത്വമാണ്. കേന്ദ്രധനമന്ത്രി ഇംഗ്ലീഷിൽ പറയുന്ന കേരളവിരുദ്ധനുണകൾ മലയാളത്തിൽ ആവർത്തിക്കുന്ന പ്രതിപക്ഷനേതാവ് ബിജെപി അനുകൂല അന്തരീക്ഷം കേരളത്തിൽ സൃഷ്ടിക്കാൻ ശ്രമിക്കുന്നു. കഴിഞ്ഞ ഏഴരവർഷം കേരളത്തിൽ കോൺഗ്രസ്, ബിജെപിക്കൊപ്പമാണ് നിലയുറപ്പിച്ചത്. ചില സന്ദർഭങ്ങളിൽ അഖിലേന്ത്യാ നിലപാടിനെ തള്ളിപ്പറഞ്ഞ് കോൺഗ്രസ്, ബിജെപിയോട് കൈകോർക്കുകയും ചെയ്തു.

ഇതെല്ലാംവഴി, കോൺഗ്രസിന്റെ ആശയംതന്നെയാണ് ബിജെപിയുടേതെന്ന പത്മജയുടെ വാക്കുകൾതന്നെ മനസ്സിൽ സൂക്ഷിക്കുന്നവരെയാണ് കേരളത്തിലെ കോൺഗ്രസ് നേതൃത്വം രൂപപ്പെടുത്തിയിട്ടുള്ളതെന്നതാണ് യാഥാർഥ്യം. ഇപ്പോൾത്തന്നെ മനസ്സുകൊണ്ട് ബിജെപിയായവർതന്നെയാണ് ഇപ്പോൾ ലോക്‌സഭാ തെരഞ്ഞെടുപ്പിൽ കോൺഗ്രസ് സ്ഥാനാർഥികളായി മത്സരിക്കുന്നത്. കോൺഗ്രസ് സ്ഥാനാർഥികൾ ജയിച്ചാൽ ആവശ്യാനുസരണം ബിജെപിയായി മാറുമെന്നതിൽ കോൺഗ്രസിനെ സ്നേഹിക്കുന്നവർക്കുപോലും സംശയമില്ല. അതുകൊണ്ടാണ്‌, ഇടതുപക്ഷ വിരുദ്ധ, ബിജെപി അനുകൂല കോൺഗ്രസിനെ പരാജയപ്പെടുത്തേണ്ടത് കക്ഷി രാഷ്ട്രീയത്തിനതീതമായി മതനിരപേക്ഷ ജനാധിപത്യ കേരളത്തിന്റെ അഭിമാനത്തിന്റെകൂടി പ്രശ്നമായി മാറുന്നത്.
 

കൂടുതൽ ലേഖനങ്ങൾ

വിരമിച്ച ജീവനക്കാരെ ദിവസ വേതനാടിസ്ഥാനത്തിൽ ലോക്കോ പൈലറ്റ്, അസിസ്റ്റൻ്റ് ലോക്കോ പൈലറ്റ്, ട്രെയിൻ മാനേജർ തസ്തികകളിലേക്ക് പുനർ നിയമിക്കാനുള്ള റയിൽവേ ബോർഡിൻ്റെ തീരുമാനം പിൻവലിക്കണം എന്നാവശ്യപ്പെട്ട് സ. എ എ റഹീം എംപി കേന്ദ്ര റയിൽവേ മന്ത്രിക്ക് കത്തയച്ചു

വിരമിച്ച ജീവനക്കാരെ ദിവസ വേതനാടിസ്ഥാനത്തിൽ ലോക്കോ പൈലറ്റ്, അസിസ്റ്റൻ്റ് ലോക്കോ പൈലറ്റ്, ട്രെയിൻ മാനേജർ തസ്തികകളിലേക്ക് പുനർ നിയമിക്കാനുള്ള റയിൽവേ ബോർഡിൻ്റെ തീരുമാനം പിൻവലിക്കണം എന്നാവശ്യപ്പെട്ട് സ. എ എ റഹീം എംപി കേന്ദ്ര റയിൽവേ മന്ത്രിക്ക് കത്തയച്ചു.

കോൺഗ്രസ്‌ ചരിത്രത്തിലെ ഏറ്റവും ജീർണമായ അധ്യായമാണ്‌ രാഹുൽ മാങ്ക‍ൂട്ടവുമായി ബന്ധപ്പെട്ട വിഷയത്തിൽ സംഭവിച്ചിരിക്കുന്നത്

സ. എം വി ഗോവിന്ദൻ മാസ്റ്റർ

കോൺഗ്രസ്‌ ചരിത്രത്തിലെ ഏറ്റവും ജീർണമായ അധ്യായമാണ്‌ രാഹുൽ മാങ്ക‍ൂട്ടവുമായി ബന്ധപ്പെട്ട വിഷയത്തിൽ ഇപ്പോൾ സംഭവിച്ചിരിക്കുന്നത്. കോൺഗ്രസ്‌ ര‍ൂപംകൊണ്ടതിന്‌ ശേഷം ഇതുപോലൊരു സംഭവം ഇതാദ്യമാണ്‌.

അസംബന്ധ ആക്ഷേപങ്ങൾ ഉന്നയിച്ച് മനുഷ്യരെ അപമാനിച്ചിട്ട് മൂടുംതട്ടിക്കൊണ്ട് പോകാമെന്ന് കരുതണ്ട

സ. ടി എം തോമസ് ഐസക്

പുതിയ വിവാദങ്ങൾ വന്നപ്പോൾ മുഹമ്മദ് ഷർഷാദിന്റെ ആരോപണങ്ങളും വിവാദവും മുങ്ങിപ്പോയത് സ്വാഭാവികം. പക്ഷേ, അത് അങ്ങനെ വിടാൻ തീരുമാനിച്ചിട്ടില്ല. അസംബന്ധ ആക്ഷേപങ്ങൾ ഉന്നയിച്ച് മനുഷ്യരെ അപമാനിച്ചിട്ട് മൂടുംതട്ടിക്കൊണ്ട് പോകാമെന്ന് കരുതണ്ട.

പീരുമേട് എംഎൽഎ വാഴൂർ സോമൻ്റെ ആകസ്മിക വിയോഗത്തിൽ അനുശോചിക്കുന്നു

സ. പിണറായി വിജയൻ

പീരുമേട് എംഎൽഎ വാഴൂർ സോമൻ്റെ ആകസ്മിക വിയോഗത്തിൽ അനുശോചിക്കുന്നു. ട്രേഡ് യൂണിയൻ പ്രസ്ഥാനത്തിലൂടെ ഉയർന്നു വന്ന അദ്ദേഹം ജനകീയനായ നിയമസഭാ സാമാജികനും സിപിഐയുടെ പ്രധാന നേതാവുമായിരുന്നു.