Skip to main content

കേരള മാതൃക പിന്തുടർന്ന് വരൾച്ചാ സഹായ ഫണ്ട് അനുവദിക്കണമെന്നാവശ്യപ്പെട്ട് കർണാടക സർക്കാർ കോടതിയിൽ പോയത് ഇലക്ഷൻ സ്റ്റണ്ടാണെന്ന് പ്രതിപക്ഷ നേതാവ് പറയുമോ?

ഗവർണർക്കും രാഷ്ട്രപതിയുടെ ഓഫീസിനുമെതിരെ കേരളം കോടതിയിൽ പോയത് തെരഞ്ഞെടുപ്പ് സ്റ്റണ്ടാണെന്ന് പ്രതിപക്ഷ നേതാവ് പറയുന്നത് കണ്ടു. ദീർഘകാലമായി ഇതെല്ലാം പെൻറിങ്ങിലായിരുന്നിട്ടും ഇപ്പോൾ കോടതിയിൽ പോയത് കേന്ദ്രത്തിനെതിരെ നിൽക്കുന്നുവെന്നു കാണിക്കാനാണെന്നും പരിഹാസത്തോടെ പറയുകയും ചെയ്തു. യഥാർത്ഥത്തിൽ വസ്തുതയുമായി പുലബന്ധമില്ലാത്തതാണ് അദ്ദേഹത്തിന്റെ അഭിപ്രായം..
കേരള നിയമസഭ പാസാക്കിയ 8 ബില്ലുകൾ ഒപ്പിടാതെ പിടിച്ചുവച്ചതിനെതിരെ ഇപ്പോഴല്ല സംസ്ഥാനം കോടതിയെ സമീപിച്ചത്, 2023 നവംബർ 11 നാണ്. നവംബർ 29ന് കേസ് പരിഗണിക്കാനിരിക്കെ നവംബർ 28ന് ഗവർണർ ഒരു ബില്ലിൽ ഒപ്പിടുകയും ബാക്കി 7 ബില്ലുകൾ രാഷ്ട്രപതിക്ക് അയക്കുകയും ചെയ്തു. 29ന് കേസ് പരിഗണിച്ചപ്പോൾ സംസ്ഥാന ലിസ്റ്റിലുള്ള ബില്ലുകൾ രാഷ്ട്രപതിക്കയച്ച ഗവർണറുടെ നടപടി ശരിയല്ലെന്ന് കേരളം വാദിച്ചു. ഒപ്പം ഗവർണർ ബില്ലുകളിൽ ഒപ്പിടുന്നതിൽ സമയപരിധി കൊണ്ടുവരണമെന്നും സംസ്ഥാനം ആവശ്യപ്പെട്ടു. ബില്ലിന്മേൽ ഗവർണർ തീരുമാനം എടുത്തതിൽ വേണമെങ്കിൽ കോടതിക്ക് അവസാനിപ്പിക്കാമായിരുന്നെങ്കിലും പ്രശ്നത്തിന്റെ ഗൗരവം തിരിച്ചറിഞ്ഞ ഉന്നത നീതിപിഠം റിട്ട് പെറ്റീഷൻ ഭേദഗതിയോടെ വീണ്ടും ഫയൽ ചെയ്യാനാണ് ആവശ്യപ്പെട്ടത്. കോടതി ആവശ്യപ്പെട്ടതുപ്രകാരം അമെൻ്റ് ചെയ്ത റിട്ട് പെറ്റീഷൻ ഡിസംബറിൽ തന്നെ സമർപ്പിച്ചു. എന്നാൽ, അത് പരിഗണനക്ക് എടുക്കുംമുമ്പ്, 2024 ജനുവരി 29ന് ലോകായുക്ത ബിൽ രാഷ്ട്രപതി ഒപ്പിടുകയും മറ്റു ബില്ലുകൾക്ക് അനുമതി നിഷേധിക്കുകയും ചെയ്തതായുള്ള അറിയിപ്പ് ലഭിച്ചു. ഇതിന് ശേഷം സഹകരണ ബില്ലിനും രാഷ്ട്രപതി അനുമതി നിഷേധിച്ചപ്പോഴാണ് 21/03/2024 കേരളം വീണ്ടും പുതിയ റിട്ട് ഹർജി സുപ്രീം കോടതിയിൽ സമർപ്പിച്ചത്. അതായത് ഇപ്പോഴത്തെ കേസ് ഇപ്പോഴുണ്ടായ പ്രശ്നത്തിലാണ്. രാഷ്ട്രപതി അനുമതി നിഷേധിക്കുന്നതിന് മുന്നേ ഇതൊക്കെ ഗണിച്ചെടുത്ത് കോടതിയിൽ പോകണമെന്നാണോ അദ്ദേഹം പറയുന്നത്?
ജനാധിപത്യ സംവിധാനത്തിൽ തെരഞ്ഞെടുക്കപ്പെട്ട ഒരു നിയമസഭ പാസാക്കിയ ഒരു ബിൽ എന്തുകൊണ്ട് അനുമതി നൽകുന്നില്ല എന്നത് അറിയാൻ അദ്ദേഹം പ്രതിപക്ഷനേതാവായ നിയമസഭയ്ക്ക് അവകാശമുണ്ടെന്നാണ് ഞങ്ങൾ കരുതുന്നത്. യഥാർത്ഥത്തിൽ നിയമസഭയുടെ പ്രസക്തിയെ തന്നെ ഇല്ലാതാക്കുന്ന നടപടിക്കെതിരെ സർക്കാർ സുപ്രീം കോടതിയെ സമിപിക്കുമ്പോൾ അതിനൊപ്പം പ്രതിപക്ഷനേതാവുകൂടി കക്ഷിചേരുമെന്നാണ് ഭരണഘടനയെയും നിയമസഭയെയും മാനിക്കുന്നവർ പ്രതീക്ഷിച്ചത്. എന്നാൽ , അദ്ദേഹത്തിന്റെ ഇടതുപക്ഷ വിരുദ്ധത കേരളത്തിനെതിരായ നിലപാടിലെത്തിച്ചുവെന്നതാണ് യാഥാർത്ഥ്യം.
കടമെടുപ്പ് വിഷയം സംസ്ഥാന പരിധിയിൽ വരുന്ന വിഷയമാണെന്നിരിക്കെ ഈ വിഷയത്തിൽ ഫെഡറൽ മൂല്യങ്ങൾക്ക് വിരുദ്ധമായ ഇടപെടൽ നടത്തുന്ന യൂണിയൻ ഗവണ്മെൻ്റിനെതിരെ കേരളം സുപ്രീം കോടതിയിൽ പോയതും 2023ൽ തന്നെയാണ്. പൗരത്വ ഭേദഗതി നിയമത്തിന്റെ കാര്യത്തിലും കേരളം മുന്നേ തന്നെ സുപ്രീം കോടതിയിൽ പോയിട്ടുള്ളതാണ്. ഇപ്പോൾ ചട്ടങ്ങൾ പുറത്തിറക്കിയപ്പോൾ അത് സ്റ്റേ ചെയ്യണമെന്നാവശ്യപ്പെട്ട് കേരളം കോടതിയെ വീണ്ടും സമീപിച്ചു.
വാൽക്കഷ്ണം : കേരള മാതൃക പിന്തുടർന്നുകൊണ്ട് വരൾച്ചാ സഹായ ഫണ്ട് അനുവദിക്കണമെന്നാവശ്യപ്പെട്ട് കർണാടക ഇന്ന് കോടതിയിൽ പോയത് ഇലക്ഷൻ സ്റ്റണ്ടാണെന്ന് കൂടി കേരളത്തിന്റെ പ്രതിപക്ഷ നേതാവ് പറയുമോ?
 

കൂടുതൽ ലേഖനങ്ങൾ

'വർക്ക് നിയർ ഹോം' പദ്ധതി; വികസനം ഏതാനും നഗരങ്ങളിൽ ഒതുക്കുകയല്ല, മറിച്ച് എല്ലാ പ്രദേശങ്ങളിലേയ്ക്കും എത്തിക്കുകയാണ് സർക്കാർ

സ. പിണറായി വിജയൻ

കാലത്തിന്റെ മാറ്റം ഏറ്റവും കൂടുതൽ പ്രതിഫലിക്കുന്ന മേഖലകളിൽ ഒന്നാണ് തൊഴിൽ. കുറച്ചു വർഷങ്ങൾക്കു മുൻപ് നിലനിന്നിരുന്ന തൊഴിലുകളും തൊഴിൽ രീതികളും മാറുകയാണ്.

സഖാവ് പി ഗോവിന്ദപ്പിള്ളയുടെ ഓർമകൾക്കു മുന്നിൽ സ്‌മരണാഞ്ജലി

സ. എം വി ഗോവിന്ദൻ മാസ്റ്റർ

കേരളത്തിന്റെ രാഷ്ട്രീയ, സാമൂഹ്യ, സാഹിത്യ, വൈജ്ഞാനിക മണ്ഡലങ്ങളിൽ സജീവ സാന്നിധ്യമായിരുന്ന സഖാവ് പി ഗോവിന്ദപ്പിള്ള ഓർമയായിട്ട് ഇന്നേക്ക് പന്ത്രണ്ട്‌ വർഷം. പി ജി എന്ന രണ്ടക്ഷരത്തിൽ അറിയപ്പെട്ട അദ്ദേഹം മാർക്സിസ്റ്റ് സൈദ്ധാന്തികനും സഞ്ചരിക്കുന്ന വിശ്വവിജ്ഞാനകോശവുമായിരുന്നു.

രാജ്യത്ത് ആദ്യമായി കോളേജ് വിദ്യാര്‍ത്ഥികള്‍ക്കായി പ്രത്യേക സ്‌പോര്‍ട്സ് ലീഗ് കേരളത്തിൽ

സ. ആർ ബിന്ദു

രാജ്യത്ത് ആദ്യമായി കോളേജ് വിദ്യാര്‍ത്ഥികള്‍ക്കായി പ്രത്യേക സ്‌പോര്‍ട്സ് ലീഗ് ആരംഭിക്കുകയാണ് കേരളത്തിൽ. മികച്ച കായിക സംസ്‌കാരം വാര്‍ത്തെടുക്കുന്നതിനൊപ്പം കോളേജുകളിലെ അടിസ്ഥാനസൗകര്യ വികസനം കൂടി ലക്ഷ്യമിട്ടാണ് കായിക വകുപ്പുമായി ചേർന്ന് കോളേജ് ലീഗിന് ഉന്നതവിദ്യാഭ്യാസ വകുപ്പ് തുടക്കമിടുന്നത്.