ഗാസയിൽ അടിയന്തരമായി, നീണ്ടുനിൽക്കുന്ന വെടിനിർത്തലിന് ആഹ്വാനം ചെയ്യുന്ന യു എൻ സുരക്ഷാസമിതിയുടെ പ്രമേയം സ്വാഗതാർഹമാണ്. ഈ റമദാൻ മാസത്തിൽ ഗാസയിലെ പാലസ്തീൻകാർ പട്ടിണിയിലും യുദ്ധത്തിലും തുടരുന്നത് നീതി പുലരുന്ന ഒരു ലോകക്രമത്തിന് അനുയോജ്യമല്ല.
സ്ഥിരമായ വെടിനിർത്തൽ എന്ന് പ്രമേയം ആവശ്യപ്പെട്ടില്ല എങ്കിലും യു എസ് എ വിട്ടു നിന്ന ഈ പ്രമേയത്തെ സുരക്ഷാ സമിതിയിലെ മറ്റ് 14 അംഗങ്ങൾ അനുകൂലിച്ചു. ബന്ദികളെ ഹമാസ് വിട്ടുനല്കുന്നതിന് പകരമായി വർഷങ്ങളായി ഇസ്രായേൽ അന്യായമായി തടവറയിൽ വച്ചിരിക്കുന്ന ഫലസ്തീനികളെ മോചിപ്പിക്കുന്ന കാര്യത്തിലും യു എൻ പ്രമേയം മൗനം പാലിക്കുന്നു. ഈ സാഹചര്യത്തിൽ ഈ പ്രമേയത്തിന് ഇസ്രായേൽ എന്തെങ്കിലും വില നല്കുമോ എന്നത് കണ്ടറിയണം. ഇത്തരം നിരവധി പ്രമേയങ്ങൾ അവഗണിച്ച പാരമ്പര്യമുള്ള രാജ്യമാണ് അവർ. ഇക്കാര്യത്തിൽ യുഎസ്എയുടെ ആത്മാർത്ഥതയും സംശയാസ്പദമാണ്.
എന്നാലും ഗാസയിലെ സമാധാനത്തിന് ഈ പ്രമേയം ഒരു പടി മുന്നോട്ടാവുമെങ്കിൽ അത്രയും പ്രതീക്ഷ നൽകുന്നു.