Skip to main content

മതനിരപേക്ഷ ലോകത്താണ് എല്ലാ മതവിശ്വാസികൾക്കും വിശ്വാസമില്ലാത്തവർക്കും അവരുടെ അഭിപ്രായങ്ങൾ സംരക്ഷിച്ച്‌ മുന്നോട്ടുപോകാനാകുക അതിനാൽ, മതനിരപേക്ഷ രാഷ്ട്രത്തിനായാണ് മതവിശ്വാസികൾ അണിചേരേണ്ടത്

തെരഞ്ഞെടുപ്പിനുശേഷം പലവിധ ചർച്ചകൾ മാധ്യമങ്ങളിൽ നിറയുകയാണ്. ഇത്തരമൊരു അന്തരീക്ഷത്തിലാണ് ചന്ദ്രികയിൽ ലീഗിന്റെ പ്രസിഡന്റ് പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങൾ സിപിഐ എം മതനിരാസത്തിന്റെ പ്രസ്ഥാനമാണെന്നും മുസ്ലിം വിഭാഗത്തിനെതിരായി നിലകൊള്ളുന്നതാണെന്നും പറഞ്ഞ് രംഗത്തിറങ്ങിയിരിക്കുന്നത്. എസ്എൻഡിപി ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശനാകട്ടെ ഇടതുപക്ഷം ന്യൂനപക്ഷങ്ങൾക്ക് കീഴ്പ്പെട്ടിരിക്കുന്നെന്ന പ്രചാരവേലയുമായും രംഗത്തിറങ്ങിയിട്ടുണ്ട്‌. ന്യൂനപക്ഷ വിരുദ്ധരെന്നും ന്യൂനപക്ഷ പ്രീണനക്കാരെന്നുമുള്ള വ്യത്യസ്തമായ കിരീടം ഇവർ ഇടതുപക്ഷത്തിന് ചാർത്തിത്തന്നിരിക്കുന്നു.

തൊഴിലാളിവർഗത്തിന്റെ രാഷ്ട്രീയത്തിന് മുന്നോട്ടുപോകണമെങ്കിൽ മതങ്ങളെ നിരോധിക്കേണ്ടതാണെന്ന ആശയം മാർക്സിന്റെയും എംഗൽസിന്റെയും കാലത്തുതന്നെ ചിലർ ഉയർത്തിയിരുന്നു. മതനിരോധനമെന്ന ആശയത്തെ അവർ ശക്തമായി എതിർത്തു. ആന്റിഡ്യൂറിങ്ങുപോലുള്ള കൃതികളിൽ ഇക്കാര്യം എടുത്തുപറയുന്നുണ്ട്. ദുരിതപൂർണമായ ലോകത്ത് മതം നൽകുന്ന ആശ്വാസവും രൂപീകരണഘട്ടത്തിൽ മർദിത ജനതയോടൊപ്പംനിന്ന അതിന്റെ സവിശേഷതയും മാർക്‌സും എംഗൽസും വിശദീകരിക്കുന്നുണ്ട്. ഏതൊരു മതത്തിൽ വിശ്വസിക്കാനും വിശ്വസിക്കാതിരിക്കാനുമുള്ള അവകാശം മനുഷ്യർക്കുണ്ടാകണമെന്ന കാഴ്ചപ്പാടാണ് ലെനിൻ മുന്നോട്ടുവച്ചത്. മത പുരോഹിതരെയടക്കം പാർടിയിലേക്ക് കൊണ്ടുവരാമെന്ന നിലപാടാണ് ലെനിൻ സ്വീകരിച്ചത്. ഏത് മതവിശ്വാസവും വച്ചുപുലർത്താനും വിശ്വസിക്കാതിരിക്കാനുമുള്ള അവകാശം ജനങ്ങൾക്ക് ഉറപ്പുവരുത്തണമെന്ന സമീപനമാണ് സിപിഐ എമ്മിന്റെ പാർടി പരിപാടി മുന്നോട്ടുവയ്‌ക്കുന്നത്.

അതുകൊണ്ടുതന്നെ, മതനിരാസത്തിന്റെ കാഴ്ചപ്പാടുകൾ സ്വീകരിക്കുന്ന യുക്തിവാദ സിദ്ധാന്തങ്ങളുമായി പാർടിക്ക് ഏറ്റുമുട്ടേണ്ടിവന്നിട്ടുണ്ട്. വിശ്വാസി– -അവിശ്വാസി സംഘർഷമല്ല, മറിച്ച് എല്ലാ വിഭാഗത്തിലെയും പാവപ്പെട്ടവർക്ക് നിലനിൽക്കാനും മുന്നോട്ടുപോകാനുമുള്ള അവകാശത്തിനുവേണ്ടിയാണ് സിപിഐ എം നിലകൊള്ളുന്നത്. എല്ലാ മതവിഭാഗത്തിലുംപെട്ട ജനങ്ങളെ വർഗബോധത്തിന്റെ അടിസ്ഥാനത്തിൽ യോജിപ്പിച്ച് നിർത്തുകയെന്ന സമീപനമാണ് പാർടിയുടേത്‌. വർഗീയതയ്ക്കെതിരെ വർഗ ഐക്യമെന്ന സമീപനം ഇതിന്റെ അടിസ്ഥാനത്തിലാണ്. ഇന്ത്യൻ സമൂഹത്തിൽ സാമ്പത്തികവും സാമൂഹ്യവുമായ തുല്യതയ്ക്കുവേണ്ടിയുള്ള ഇടപെടലാണ് വർഗസമരത്തിന്റെ രീതിയെന്ന് ഇ എം എസ് വ്യക്തമാക്കിയിട്ടുണ്ട്. അടിച്ചമർത്തപ്പെടുന്ന ജനവിഭാഗത്തോടുള്ള ഈ സമീപനമാണ് സാർവദേശീയ കാര്യങ്ങളിലും കമ്യൂണിസ്റ്റുകാർ സ്വീകരിക്കുന്നത്. പലസ്തീനിലും ഇറാഖിലുമെല്ലാം സ്വീകരിക്കുന്നതും ഇതേ അടിസ്ഥാന സമീപനമാണ്. ഇവയൊന്നും കേവലമായ മതപ്രശ്നമല്ല. ദേശീയതയെ അടിച്ചമർത്തുന്ന പ്രശ്നവുമായി ബന്ധപ്പെട്ടതാണ്. അറബ് മേഖലയിൽ ഒരുരാഷ്ട്രം സാമ്രാജ്യത്വ താൽപ്പര്യത്തിന്റെ ഭാഗമായി അടിച്ചേൽപ്പിക്കപ്പെടുന്നെന്ന പ്രശ്നമാണ് ഉയർന്നുവന്നത്. ഇക്കാര്യത്തിൽ പലസ്തീൻ രാഷ്ട്രത്തെ അംഗീകരിച്ച്‌ ഇസ്രയേൽ മുന്നോട്ടുപോകണമെന്ന സമീപനമാണ് സിപിഐ എം സ്വീകരിച്ചിട്ടുള്ളത്‌.

പലസ്തീൻ പ്രശ്നത്തിലെ പാർടി സമീപനം ഈ തെരഞ്ഞെടുപ്പ് ഘട്ടത്തിലുണ്ടായതല്ല. 1947 ഫെബ്രുവരി 26 മുതൽ മാർച്ച് മൂന്നുവരെ ലണ്ടനിൽ നടന്ന എംപയർ കമ്യൂണിസ്റ്റ്‌ പാർടി കോൺഫറൻസിൽ ഇതു സംബന്ധിച്ച് ഒരു പ്രമേയംതന്നെ 13 പാർടികളുടെ പ്രതിനിധികൾ അംഗീകരിച്ചിരുന്നു. ഇന്ത്യയിൽനിന്ന് ജി അധികാരിയാണ് ആ പ്രമേയത്തിൽ ഒപ്പിട്ടത്. ഇസ്രയേലിനും പലസ്തീനും പ്രത്യേക രാജ്യം എന്ന ആശയമാണ് ഉന്നയിച്ചത്. പലസ്തീൻ പ്രശ്നം ഉയർത്തിപ്പിടിച്ച്‌ വലിയ പോരാട്ടം 1959-ൽ അറബ് നാഷണലിസ്റ്റ് മൂവ്മെന്റിന്റെ നേതൃത്വത്തിൽ ആരംഭിക്കുകയുണ്ടായി. ഈ പ്രസ്ഥാനം തങ്ങളുടെ ആശയഗതിയായി അംഗീകരിച്ചത് മാർക്സിസമായിരുന്നു. ഇത്തരത്തിൽ അധിനിവേശ ശ്രമങ്ങളെ തുറന്നുകാട്ടുകയെന്ന ലക്ഷ്യത്തിന്റെ ഭാഗമായാണ് സദ്ദാം ഹുസൈന്റെ പ്രശ്നത്തെയും പാർടി കണ്ടത്. സദ്ദാം ഹുസൈന്റെ കാര്യത്തിൽ മാത്രമല്ല ഈജിപ്തിലെ നാസറിന്റെ കാര്യത്തിലും ഇന്ത്യയെ അമേരിക്കയുടെ കപ്പൽപ്പട ആക്രമിക്കാൻ തയ്യാറെടുത്തപ്പോഴും ഇതേ നയമാണ് സോവിയറ്റ് യൂണിയനുൾപ്പെടെയുള്ള കമ്യൂണിസ്റ്റ് രാഷ്ട്രങ്ങളും സ്വീകരിച്ചത്. യഥാർഥത്തിൽ കമ്യൂണിസ്റ്റ് പാർടിയുടെ നേതൃത്വത്തിലുണ്ടായിരുന്ന സോവിയറ്റ് യൂണിയൻ തകർന്നതാണ് ഇത്തരം പ്രശ്നങ്ങൾ ഉയരാനിടയായതെന്ന് ലീഗ് പ്രസിഡന്റ് തിരിച്ചറിയണം.

സച്ചാർ കമ്മിറ്റി റിപ്പോർട്ട് വന്നയുടൻ എൽഡിഎഫ് സർക്കാർ പാലോളി കമ്മിറ്റി രൂപീകരിക്കുകയും ആ പ്രശ്നങ്ങൾ പരിഹരിക്കുന്നതിന് നിർദേശങ്ങൾ സമർപ്പിക്കുകയും അതിന്റെ അടിസ്ഥാനത്തിൽ പ്രവർത്തിക്കുകയുമാണ്‌ എൽഡിഎഫ് ചെയ്തത്. ഏകീകൃത സിവിൽ കോഡ് അടിച്ചേൽപ്പിക്കുന്നതിനെതിരെ ശക്തമായ നിലപാടാണ് സിപിഐ എം സ്വീകരിച്ചത്. ലൗ ജിഹാദ് എന്ന കാര്യം അവതരിപ്പിച്ച് ന്യൂനപക്ഷവേട്ട നടത്തുന്നതിനെതിരെ മുന്നോട്ടുവന്നത് ഇടതുപക്ഷമാണ്. ലൗ ജിഹാദ് എന്ന ആരോപണത്തെ എതിർത്ത പാർടിയുടെ തലയിൽ അതിന്റെ ഉത്തരവാദിത്വം ഏൽപ്പിക്കുകയാണ് ചെയ്യുന്നത്.

മതനിരപേക്ഷതയുടെ ഉറച്ച ഭാഗമാണ് ന്യൂനപക്ഷ പരിരക്ഷ. മതനിരപേക്ഷത ദുർബലപ്പെടുന്നത് അത് നിഷേധിക്കുമ്പോൾക്കൂടിയാണ്. അതേസമയം, ഏതെങ്കിലുമൊരു മതരാഷ്ട്രത്തിനു പകരമായി മറ്റൊരു മതരാഷ്ട്രമെന്ന കാഴ്ചപ്പാടിനെ സിപിഐ എം അംഗീകരിക്കുന്നില്ല. ബിജെപിയുടെ ഹിന്ദുത്വത്തെയും ജമാഅത്തെ ഇസ്ലാമിയുടെ ഇസ്ലാമിക മതരാഷ്ട്രവാദത്തെയും എതിർക്കുന്നത് അതുകൊണ്ടാണ്. മതനിരപേക്ഷ ലോകത്താണ് എല്ലാ മതവിശ്വാസികൾക്കും വിശ്വാസമില്ലാത്തവർക്കും അവരുടെ അഭിപ്രായങ്ങൾ സംരക്ഷിച്ച്‌ മുന്നോട്ടുപോകാനാകുക. അതിനാൽ, മതനിരപേക്ഷ രാഷ്ട്രത്തിനായാണ് മതവിശ്വാസികൾ അണിചേരേണ്ടത്.

രാജ്യത്തിന്റെ പല ഭാഗങ്ങളിലും മത ന്യൂനപക്ഷങ്ങൾ കൊടിയ അക്രമങ്ങൾക്ക് വിധേയമായപ്പോഴെല്ലാം സംഘപരിവാർ ഭീഷണിക്കെതിരെ ഉറച്ച നിലപാടെടുത്തത് സിപിഐ എം ഉൾപ്പെടെയുള്ള ഇടതുപക്ഷമാണ്. കോൺഗ്രസ് അവസരവാദനയം സ്വീകരിച്ചപ്പോഴും ഉറച്ചുനിന്ന സിപിഐ എമ്മിനെയാണ് ന്യൂനപക്ഷ വിരുദ്ധരായി മുദ്ര കുത്തുന്നത്. തലശേരി, മാറാട് വർഗീയകലാപങ്ങൾ നടന്നത് മുസ്ലിംലീഗിന് പങ്കാളിത്തമുള്ള ഭരണകാലത്താണെന്ന് വിസ്മരിക്കരുത്. കോ–ലീ–ബി സഖ്യത്തിന് വടകരയിലും ബേപ്പൂരിലും അക്കൗണ്ട് തുറക്കാനുള്ള നീക്കങ്ങളെ തടഞ്ഞതും ഇടതുപക്ഷമാണെന്ന് ഓർക്കണം. ഏത് മതവിഭാഗത്തിലെയും സാധാരണക്കാരുടെ പ്രശ്നങ്ങൾ കൈകാര്യം ചെയ്യുകയെന്നതാണ് കമ്യൂണിസ്റ്റ് പാർടി ലക്ഷ്യംവയ്‌ക്കുന്നത്.

കഴിഞ്ഞ ലോക്‌സഭാ തെരഞ്ഞെടുപ്പിൽ മതരാഷ്ട്രവാദം മുന്നോട്ടുവയ്‌ക്കുന്ന ജമാഅത്തെ ഇസ്ലാമിയുമായും തീവ്രവാദപരമായ നിലപാട് സ്വീകരിക്കുന്നവരുമായും യോജിച്ചുനിന്നുകൊണ്ടാണ്‌ മുസ്ലിംലീഗ് നീങ്ങിയത്. മതരാഷ്ട്രവാദികളെ ചുമലിലിരുത്തി മതനിരപേക്ഷതയെക്കുറിച്ച് ഇടതുപക്ഷത്തെ പഠിപ്പിക്കാൻ ശ്രമിക്കുന്നത് ജനങ്ങൾ തിരിച്ചറിയും. മതപരമായ കാര്യങ്ങൾ രാഷ്ട്രീയമായ ആവശ്യങ്ങൾക്ക് ഉപയോഗപ്പെടുത്തുമ്പോഴാണ് അത് വർഗീയതയുടെ മാനങ്ങളിലേക്ക്‌ എത്തുന്നത്. കമ്യൂണിസ്റ്റുകാരെ മതവിരുദ്ധരെന്ന് മുദ്രകുത്തുന്ന ലീഗ് പ്രസിഡന്റ്, മതവും രാഷ്ട്രീയവും കൂട്ടിച്ചേർത്ത് മതനിരപേക്ഷ രാഷ്ട്രീയത്തെ ദുർബലപ്പെടുത്താനും ഭൂരിപക്ഷ വർഗീയതയ്ക്ക് വളരാൻ അടിത്തറ ഒരുക്കുകയുമാണ്‌ ചെയ്യുന്നത്‌.
 

കൂടുതൽ ലേഖനങ്ങൾ

പിഎസ്‌സിയെ അപകീർത്തിപ്പെടുത്തരുത്, തട്ടിപ്പുകാർക്കെതിരെ കർശന നടപടി

സ. പിണറായി വിജയൻ

പി.എസ്.സി അംഗത്വവുമായി ബന്ധപ്പെട്ട് ഉയര്‍ന്നുവന്ന പരാതികളെക്കുറിച്ച് ഗൗരവമായ അന്വേഷണം നടത്താന്‍ സര്‍ക്കാര്‍ സന്നദ്ധമാണ്. ഒരു തരത്തിലുള്ള വഴിവിട്ട നടപടികളും അംഗീകരിക്കുകയോ വകവെച്ചു കൊടുക്കുകയോ ചെയ്യില്ല. ഇതാണ് സര്‍ക്കാരിന്റെ ഇക്കാര്യത്തിലുള്ള നിലപാട്. ഒരാശങ്കയും അക്കാര്യത്തില്‍ ഉണ്ടാകേണ്ടതില്ല.

സ്വാതന്ത്ര്യപ്രസ്ഥാനത്തിന്റെ കാലത്തുയർത്തിപ്പിടിച്ച ജനാധിപത്യത്തിന്റെ കൊടിക്കൂറ അടിയന്തരാവസ്ഥയുടെ ഘട്ടത്തിലും മടക്കിവയ്‌ക്കാതെ മുന്നോട്ടുപോയവരാണ് എസ്എഫ്ഐക്കാർ

സ. പുത്തലത്ത് ദിനേശൻ

സമാനതകളില്ലാത്ത സമരചരിത്രമാണ് ഇന്ത്യയിലെ വിദ്യാർഥി പ്രസ്ഥാനത്തിനുള്ളത്. സ്വാതന്ത്ര്യസമരത്തിന്റെ ഘട്ടത്തിൽ വിദ്യാർഥികളോട് കോളേജുകൾ ബഹിഷ്കരിച്ച് സമരത്തിന് ഇറങ്ങാൻ നിർദേശിച്ചത് ഗാന്ധിജിയായിരുന്നു. ഇതിന് എതിർപ്പുകൾ ഉയർന്നപ്പോൾ ഗാന്ധിജി പറഞ്ഞ മറുപടി ‘ഭാവിലോകത്ത് ജീവിക്കേണ്ടത് വിദ്യാർഥികളാണ്.

എന്‍ഡോസള്‍ഫാന്‍ ദുരിതബാധിത ലിസ്റ്റിൽ അർഹരായ എല്ലാവരെയും ഉൾപ്പെടുത്തും

സ. പിണറായി വിജയൻ

കാസർകോട്ടെ എൻഡോസൾഫാൻ ദുരിതബാധിത ലിസ്റ്റിൽപ്പെടുത്താനുള്ള 1031 അപേക്ഷകരിൽ അർഹരായവരെ മെഡിക്കൽ ബോർഡ് പരിശോധനയ്ക്ക് വിധേയരാക്കി ഉൾപ്പെടുത്തും. 2017ലെ പ്രാഥമിക പട്ടികയിൽപ്പെട്ടവരാണ് ഇവർ. ഒഴിവാക്കിയതിന്റെ കാരണം പരിശോധിച്ച് അർഹരായവരെ ഉൾപ്പെടുത്തും.