രാജ്യത്ത് സോഷ്യലിസവും കമ്യൂണിസവും സ്ഥാപിക്കുകയെന്ന ലക്ഷ്യത്തോടെയാണ് സിപിഐ എം പ്രവർത്തിക്കുന്നത്. മാർക്സിസം-ലെനിനിസത്തെ ഇന്ത്യൻ സാഹചര്യമനുസരിച്ച് പ്രയോഗിച്ച് അത് പ്രാവർത്തികമാക്കാനാണ് സിപിഐ എം ശ്രമിക്കുന്നത്. അതിനായി വർഗസമര സിദ്ധാന്തമനുസരിച്ച് പ്രവർത്തനങ്ങൾ രൂപപ്പെടുത്തി മുന്നോട്ടുപോകുകയും ചെയ്യുന്നു.
ഇന്ത്യൻ സാഹചര്യത്തിൽ വർഗസമരമെന്നത് സാമ്പത്തികവും സാമൂഹ്യവുമായ സമത്വത്തിനുവേണ്ടിയുള്ള സമരമാണ്. അതുകൊണ്ടുതന്നെ സാമ്പത്തികമായ സമത്വത്തിനുവേണ്ടിയുള്ള സമരവും സാമൂഹ്യമായ തുല്യതയ്ക്കുവേണ്ടിയുള്ള പ്രവർത്തനങ്ങളും പാർടി മുന്നോട്ടുവയ്‌ക്കുന്നു. ആഗോളവൽക്കരണ നയങ്ങളെ എതിർക്കുന്നതും സാമൂഹ്യ അവശതയ്ക്കെതിരായി വിവിധ രൂപത്തിലുള്ള സമരങ്ങൾ രാജ്യത്ത് വികസിപ്പിക്കുന്നതും അതിന്റെ ഭാഗമായാണ്.
കോർപറേറ്റ്–ഹിന്ദുത്വ അജൻഡയുമായി സംഘപരിവാറിന്റെ നേതൃത്വത്തിലുള്ള ബിജെപി സർക്കാരാണ് വർത്തമാനകാലത്ത് ഇന്ത്യ ഭരിക്കുന്നത്. അതുകൊണ്ടുതന്നെ സാമ്പത്തികമായ അസമത്വം വർധിപ്പിക്കുന്ന നയങ്ങൾക്കെതിരെയും സാമൂഹ്യതുല്യതയില്ലാതാക്കുന്ന, പൗരാവകാശം തകർക്കുന്ന നയങ്ങൾക്കെതിരെയും പാർടി പൊരുതുന്നു. വർഗസമര കാഴ്ചപ്പാടിന്റെ ഭാഗമായിത്തന്നെയാണ് സാമൂഹ്യപ്രശ്നങ്ങളിലും പാർടി ഇടപെടുന്നത്. മതനിരപേക്ഷത ഇല്ലാതാക്കാൻ ശ്രമിക്കുന്ന വർത്തമാനകാലത്ത് അത് സംരക്ഷിക്കുന്നതിന് പ്രവർത്തിക്കുകയെന്നത് ഏറെ പ്രധാനമാണ്. അതിന്റെ ഭാഗമായിത്തന്നെയാണ് അടിച്ചമർത്തപ്പെട്ട വിഭാഗത്തിന്റെ പ്രശ്നങ്ങളെന്ന നിലയിൽ ന്യൂനപക്ഷ സംരക്ഷണത്തെയും പാർടി കാണുന്നത്.
അടിസ്ഥാന വിഭാഗത്തിന്റെ പ്രശ്നങ്ങൾ ഏറ്റെടുക്കുന്ന സിപിഐ എമ്മിന്റെ സമീപനം മുസ്ലിം ജനവിഭാഗങ്ങളിലെയടക്കം പാവപ്പെട്ടവരുടെ പ്രശ്നങ്ങൾ പരിഹരിക്കുന്നതാണ്. അതിലൂടെ എല്ലാ വിഭാഗങ്ങളിലുമുള്ളവരുടെ വർഗപരമായ ഐക്യനിര കെട്ടിപ്പടുക്കുകയും ചെയ്യുന്നു. അങ്ങനെ വർഗീയതയ്ക്കെതിരായുള്ള സമരഐക്യംകൂടിയായി ഇതിനെ മാറ്റിയെടുക്കുകയാണ് ചെയ്യുന്നത്. അതിനാൽത്തന്നെ പാവപ്പെട്ടവരുടെ സംരക്ഷണമെന്ന പാർടി സമീപനം ന്യൂനപക്ഷവിഭാഗം ഉൾപ്പെടെയുള്ളവരുടെ സംരക്ഷണത്തിന്റെ ഭാഗമാണ്. അതിദാരിദ്ര്യം പരിഹരിക്കുന്ന സംസ്ഥാന സർക്കാരിന്റെ നിലപാട് എല്ലാ വിഭാഗങ്ങളിലെയും അതിദരിദ്രരെ സഹായിക്കുന്നതാണല്ലോ.
കേരളത്തിലെ ന്യൂനപക്ഷങ്ങൾക്കിടയിൽ പ്രവർത്തിക്കുന്ന രാഷ്ട്രീയ പാർടിയാണ് മുസ്ലിംലീഗ്. മുസ്ലിം സംഘടനകളെയാകെ തങ്ങളുടെ കൊടിക്കീഴിൽ കൊണ്ടുവന്ന് തെരഞ്ഞെടുപ്പ് വിജയം നേടുകയെന്നതായിരുന്നു അവരുടെ സമീപനം. 2001ൽ സിപിഐ എം സംസ്ഥാന കമ്മിറ്റി അംഗീകരിച്ച മതന്യൂനപക്ഷ പ്രശ്നങ്ങളെപ്പറ്റിയെന്ന രേഖ അക്കാലത്തെ മുസ്ലിംലീഗിന്റെ നിലപാടിനെക്കുറിച്ച് ഇങ്ങനെ വിശദീകരിക്കുന്നുണ്ട്. ‘‘സമുദായത്തിന്റെ പേരുപറയുകയും എന്നാൽ അതുപയോഗിച്ച് സമ്പന്നവിഭാഗത്തിന്റെ താൽപ്പര്യം സംരക്ഷിക്കുകയുമാണ് മുസ്ലിംലീഗ് നേതൃത്വം ചെയ്യുന്നത്. സമ്പന്നവിഭാഗത്തിന് അധികാരമാണ് പ്രധാനം എന്നതുകൊണ്ടുതന്നെ അധികാരത്തിൽ പിടിച്ചുനിൽക്കാൻ ബിജെപിയുമായി ഉൾപ്പെടെ നീക്കുപോക്കുകൾ ഉണ്ടാക്കാൻ ഇവർ തയ്യാറാകുകയാണ്. ഇവരുടെ ഈ സ്വഭാവങ്ങളെ തുറന്നുകാണിക്കാൻ നമുക്ക് കഴിയേണ്ടതുണ്ട്. മുസ്ലിം സമുദായത്തിലെ പാവപ്പെട്ടവർക്ക് എതിരാണെന്നും ന്യൂനപക്ഷ ധ്വംസകരുമായി കൂട്ടുചേർന്ന് പ്രവർത്തിക്കുന്ന നിലപാടാണ് ഇവരുടേതെന്നും തുറന്നുകാണിക്കണം. എന്നാൽ, ഇന്ന് മുസ്ലിംലീഗിന് മുഴുവൻ ഇസ്ലാമിക സംഘടനകളെയും തങ്ങളുടെ കൂടെ അണിനിരത്താൻ കഴിയുന്നുണ്ട്''.
മുസ്ലിംലീഗിലെ സമ്പന്ന വിഭാഗത്തിന്റെ താൽപ്പര്യങ്ങൾക്കുവേണ്ടി മുസ്ലിം സംഘടനകളെ യോജിപ്പിച്ച് നിർത്തുന്ന നയമായിരുന്നു ലീഗിന്റേത് എന്നർഥം. ബാബ്‌റി മസ്ജിദ് പൊളിച്ചതടക്കം മതനിരപേക്ഷത തകർക്കുന്ന നയങ്ങൾ രാജ്യത്തുയർന്നപ്പോൾ അക്കാര്യത്തിൽ ശരിയായ രാഷ്ട്രീയ നിലപാട് സ്വീകരിക്കുന്നതിൽ മുസ്ലിംലീഗിന് കഴിയാതെ വന്നതിനെതിരെ ശക്തമായ പ്രതിഷേധം ലീഗിനകത്തുതന്നെ ഉയർന്നു. ഐഎൻഎൽ രൂപീകരണത്തിലേക്ക് എത്തിയത് ഈ രാഷ്ട്രീയ സാഹചര്യമാണ്.
മുസ്ലിം ജനസാമാന്യത്തിന്റെ പ്രശ്നങ്ങൾ മനസ്സിലാക്കാനും അവരുടെ പൗരാവകാശങ്ങൾ സംരക്ഷിക്കുന്നതിനും വേണ്ടിയുള്ള പ്രവർത്തനങ്ങളിൽ സജീവമായിത്തന്നെ സിപിഐ എം ഇടപെട്ടു. ഇസ്ലാം മതവിശ്വാസിയായി ജീവിക്കാൻ മതനിരപേക്ഷ രാഷ്ട്രമാണ് വേണ്ടതെന്ന നിലപാട് സ്വീകരിക്കുന്ന മുസ്ലിം സംഘടനകളോടും അവരുടെ നേതാക്കന്മാരോടും സജീവമായ ബന്ധം പുലർത്തുന്ന നയം സിപിഐ എം സ്വീകരിച്ചു. ബിജെപി മുന്നോട്ടുവച്ച മതരാഷ്ട്രവാദത്തിനെതിരെ മതനിരപേക്ഷതയിൽനിന്നുകൊണ്ടുള്ള സമരങ്ങളിൽ ഐക്യപ്പെട്ട് നിൽക്കുന്ന നിലപാടും പാർടി സ്വീകരിച്ചു.
ലീഗിന്റെ രാഷ്ട്രീയ താൽപ്പര്യങ്ങൾ അടിച്ചേൽപ്പിക്കുന്ന നയങ്ങൾ ഉൾക്കൊള്ളാൻ മുസ്ലിം സംഘടനകളിൽ പലതും തയ്യാറായില്ല. അത് മുസ്ലിംലീഗും മുസ്ലിം സംഘടനകളും തമ്മിലുള്ള വൈരുധ്യങ്ങളിലേക്ക് നയിച്ചു. തങ്ങളുടെ നിലപാടുകൾക്കനുസരിച്ച് മറ്റ് രാഷ്ട്രീയപാർടികളുമായി ഇത്തരം സംഘടനകൾ ഇടപെടുന്ന നിലയുണ്ടായി. എന്നാൽ, ഈ സമീപനം അംഗീകരിക്കാൻ കഴിയാത്ത മുസ്ലിംലീഗ് ഈ സംഘടനകളെ തങ്ങളുടെ നിയന്ത്രണത്തിൽ കൊണ്ടുവരാൻ പലവിധത്തിൽ ഇടപെട്ടു. മതനിരപേക്ഷത സംരക്ഷിക്കുന്നതിന് ഇടതുപക്ഷം സ്വീകരിക്കുന്ന നിലപാട് മുസ്ലിം ജനവിഭാഗങ്ങളിലെ മതനിരപേക്ഷത മുറുകെ പിടിക്കുന്ന സംഘടനകളെ ഇടതുപക്ഷ മുന്നണിയുമായും സർക്കാരുമായും സഹകരിക്കുന്ന സ്ഥിതിവിശേഷം സൃഷ്ടിച്ചു. സമസ്തയും മുസ്ലിംലീഗും തമ്മിലുള്ള സംഘർഷത്തിന്റെ അടിസ്ഥാനമിതായിരുന്നു.
മുസ്ലിമായി ജീവിക്കണമെങ്കിൽ മതനിരപേക്ഷമായ സമൂഹമുണ്ടായാൽ മതിയെന്ന നിലപാടാണ് പൊതുവിൽ മുസ്ലിം മത സംഘടനകൾക്കുള്ളത്. കേരളത്തിലെ മുസ്ലിം സംഘടനകളിൽ പ്രബലമായ സുന്നി സംഘടനകൾ ഇതിനുദാഹരണമാണ്. ഇത്തരം സംഘടനകളുമായി യോജിക്കാവുന്ന വിഷയങ്ങളിൽ യോജിക്കുന്ന നയമാണ് സിപിഐ എമ്മിനുള്ളത്. മതവിശ്വാസികളുമായി ഐക്യവും വർഗീയതയ്‌ക്കെതിരെ സമരവും എന്നതാണ് സിപിഐ എമ്മിന്റെ സമീപനം. ഈ നയം കൂടുതൽ ശക്തമായി സിപിഐ എം നടപ്പാക്കാൻ തുടങ്ങിയതോടെ മുസ്ലിംലീഗ് ഇതിനെതിരെ പുതിയ പദ്ധതികൾ ആവിഷ്കരിക്കാൻ തുടങ്ങി.
മുസ്ലിംരാഷ്ട്രവാദമുയർത്തുന്ന ജമാഅത്തെ ഇസ്ലാമിയുമായും തീവ്ര നിലപാടെടുക്കുന്ന മുസ്ലിം സംഘടനകളുമായും രഹസ്യമായും പിന്നീട് പരസ്യമായും അവർ ബന്ധം സ്ഥാപിച്ചു. അവരുടെ സംഘടനാ സംവിധാനത്തെ ഇടതുപക്ഷത്തിനെതിരെയുള്ള തെരഞ്ഞെടുപ്പ് പ്രവർത്തനത്തിനും പ്രചാരണത്തിനും ലീഗ് ഉപയോഗിച്ചു. അവരുടെ മുദ്രാവാക്യങ്ങൾ പലതും സ്വീകരിക്കുന്ന നിലയും അവർ മുന്നോട്ടുവച്ചു . മുസ്ലിംമത സംഘടനകളുടെ നിലപാടുകൾ സൃഷ്ടിക്കുന്ന തിരിച്ചടി മറികടക്കാൻ മതരാഷ്ട്രവാദികളുമായുള്ള ചങ്ങാത്തമെന്നതാണ് ലീഗ് സ്വീകരിക്കുന്ന സമീപനം.
ഇപ്പോൾ ലീഗ് ഉയർത്തുന്ന മുദ്രാവാക്യങ്ങൾ പലതും ജമാഅത്തെ ഇസ്ലാമിയുൾപ്പെടെയുള്ള മതരാഷ്ട്രവാദികൾ മുന്നോട്ടുവയ്‌ക്കുന്ന വിധത്തിലുള്ളതാണ്. സിപിഐ എം മതവിരുദ്ധ പ്രസ്ഥാനമാണെന്നും മറ്റുമുള്ള മുസ്ലിംലീഗ് പ്രസിഡന്റിന്റെ പ്രസ്താവന ജമാഅത്തെ ഇസ്ലാമിയുടെ മൂശയിൽനിന്ന് രൂപപ്പെട്ടതാണ്. കേരളവിഭജനമെന്ന മുദ്രാവാക്യവും ഇത്തരം അജൻഡകൾ സ്വീകരിക്കുന്ന ലീഗ് പക്ഷപാതികളിൽനിന്ന് ഉയർന്നുവരുന്നതാണ്. മതരാഷ്ട്രവാദികളുടെയും തീവ്രവാദ സമീപനം സ്വീകരിക്കുന്നവരുടെയും മുദ്രാവാക്യമേറ്റെടുത്ത് മുസ്ലിംലീഗ് പ്രവർത്തിക്കുമ്പോൾ ആ സമൂഹത്തിൽ മതരാഷ്ട്രവാദം പ്രചരിപ്പിക്കുകയെന്ന ജമാഅത്തെ ഇസ്ലാമിയുടെ ദൗത്യം മുസ്ലിംലീഗ് സ്വയം ഏറ്റെടുക്കുകയാണ്. ഇത് കേരളത്തിലെ ജനാധിപത്യപരമായി പ്രവർത്തിച്ചുകൊണ്ടിരിക്കുന്ന മുസ്ലിം സമൂഹത്തെ മതരാഷ്ട്രവാദികളുടെ കൈകളിലേക്ക് എത്തിക്കുകയെന്ന ജമാഅത്തെ ഇസ്ലാമിയുടെ അജൻഡയുടെ പ്രയോഗമാണ്. ഇത്തരം മതരാഷ്ട്രവാദ ആശയങ്ങളെ ചൂണ്ടിക്കാണിച്ച് ശക്തിപ്പെടാൻ സംഘപരിവാറിന് ഇത് അവസരമൊരുക്കുകയും ചെയ്യും.
രാജ്യത്ത് ബിജെപി ഉയർത്തിയ തീവ്ര വർഗീയനിലപാടുകൾ ന്യൂനപക്ഷ വിഭാഗങ്ങളിൽ അരക്ഷിതാവസ്ഥ സൃഷ്ടിച്ചു. ആ അരക്ഷിതാവസ്ഥ ഉപയോഗപ്പെടുത്തിയാണ് മുസ്ലിം ജനവിഭാഗത്തിനിടയിൽ തീവ്രവാദ രാഷ്ട്രീയവും മതരാഷ്ട്രവാദവുമെല്ലാം വേരുറപ്പിക്കുന്ന സ്ഥിതിയുണ്ടാക്കിയത്. ബാബ്‌റി മസ്ജിദ് തകർക്കപ്പെട്ട ശേഷമാണ് മതരാഷ്ട്രവാദത്തിന്റെയും തീവ്രവർഗീയതയുടെയും ആശയങ്ങളുടെ പ്രചാരണം പൊതുവിൽ ശക്തിപ്രാപിക്കുന്നത്. മുസ്ലിം ജനവിഭാഗങ്ങളിൽ മതരാഷ്ട്രവാദികൾ രൂപപ്പെടുത്തുന്ന തെറ്റായ ചിന്താഗതികളെ ചൂണ്ടിക്കാണിച്ചാണ് കേരളംപോലുള്ള സംസ്ഥാനങ്ങളിൽ സംഘപരിവാർ വളരാൻ ശ്രമിക്കുന്നത്. അതുകൊണ്ടുതന്നെ ഇത്തരം രാഷ്ട്രീയം ബിജെപിയുടെ വർഗീയ രാഷ്ട്രീയത്തിന് വളമാണ് ഒരുക്കുക.
ബിജെപിയുടെ മതരാഷ്ട്രവാദത്തെ പ്രതിരോധിക്കണമെങ്കിൽ എല്ലാ വിഭാഗങ്ങളിലും മതനിരപേക്ഷ കാഴ്ചപ്പാടുകൾ രൂപപ്പെടുത്താൻ കഴിയണം. ന്യൂനപക്ഷ ജനവിഭാഗങ്ങളിൽ ഇത്തരമൊരു സാഹചര്യം കൂടുതൽ ശക്തിപ്പെടുത്തുന്നതിനുവേണ്ടിയാണ് ഫാസിസ്റ്റ് വിരുദ്ധ പോരാട്ടങ്ങളിൽ മതരാഷ്ട്രവാദികളെയും തീവ്രവർഗീയക്കാരെയും മാറ്റിനിർത്തുകയെന്ന സമീപനം ഇടതുപക്ഷം പൊതുവിൽ സ്വീകരിച്ചത്.
മുസ്ലിംലീഗ് ഇപ്പോൾ ചെയ്യുന്നത് മുസ്ലിം സമുദായത്തിനകത്ത് ഉയർന്നുവരുന്ന മതനിരപേക്ഷ ചിന്താഗതിക്കാരെ ദുർബലപ്പെടുത്തുന്നവിധം മതരാഷ്ട്രവാദികളുമായി സഖ്യം ചേരുകയും അവരുടെ അജൻഡ പ്രചരിപ്പിക്കലുമാണ്. കമ്യൂണിസ്റ്റുകാർ മതനിരാസരാണെന്ന ലീഗ് പ്രസിഡന്റിന്റെ പ്രസ്താവനയും ഈ ഇടപെടലും മുസ്ലിം ലീഗിനെ മതരാഷ്ട്രവാദികളുടെ പാളയത്തിലേക്കെത്തിക്കാൻ മാത്രമേ സഹായിക്കുകയുള്ളൂവെന്ന് തിരിച്ചറിയണം. സങ്കുചിത രാഷ്ട്രീയ താൽപ്പര്യത്തിന്റെ ഭാഗമായി ഇത്തരം നിലപാടുകളെ പ്രോത്സാഹിപ്പിക്കുന്ന സമീപനമാണ് കേരളത്തിൽ കോൺഗ്രസ് സ്വീകരിക്കുന്നത്. ഈ നയങ്ങൾക്കെതിരെ മതനിരപേക്ഷവാദികൾ രംഗത്തുവരണം. ബിജെപിക്കെതിരായുള്ള പ്രതിരോധത്തിന് ഇത് അനിവാര്യമാണെന്ന് തിരിച്ചറിയേണ്ടതുണ്ട്.