Skip to main content

വയനാട് ദുരന്തത്തിൽ കേന്ദ്ര സർക്കാർ അടിയന്തര സഹായം നൽകണം-കേരള നിയമസഭ ഒറ്റക്കെട്ടായി പ്രമേയം പാസാക്കി

വയനാടിലുണ്ടയ ദുരന്തത്തിൽ കേന്ദ്ര സർക്കാർ അടിയന്തര സഹായം നൽകണമെന്നാവശ്യപ്പെട്ട്‌ കേരള നിയമസഭ പ്രമേയം പാസാക്കി. പ്രമേയത്തിൽ ദുരിതബാധിതരുടെ വായ്പകള്‍ പൂര്‍ണ്ണമായും എഴുതിത്തള്ളണമെന്നും കേന്ദ്ര സര്‍ക്കാരിനോട് ആവശ്യപ്പെട്ടു. സ. എം ബി രാജേഷ്‌ ചട്ടം 275 പ്രകാരം അവതരിപ്പിച്ച പ്രമേയം ഭരണ-പ്രതിപക്ഷ ഭേദമില്ലാതെ ഐക്യകണ്‌ഠേന പാസാക്കുകയായിരുന്നു.

ദുരന്തത്തില്‍ ഉണ്ടായ നാശനഷ്ടങ്ങള്‍ വിശദമാക്കിക്കൊണ്ട് സംസ്ഥാന സര്‍ക്കാര്‍ കേന്ദ്രസര്‍ക്കാരിന് മെമ്മോറാണ്ടം സമര്‍പ്പിച്ചിരുന്നു. ഒരു പ്രദേശമാകെ തകര്‍ന്നു പോവുന്ന സാഹചര്യമുണ്ടായി. രാജ്യത്തെ ഇതുവരെ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടതില്‍ ഏറ്റവും വലിയ ഉരുള്‍പൊട്ടലുകളുടെ ഗണത്തിലാണ് ഈ ദുരന്തം രേഖപ്പെടുത്തിയത്. സമാനതകളില്ലാത്ത ദുരന്തത്തിനു ശേഷം അനിവാര്യമായ പുനരധിവാസ പ്രവര്‍ത്തനങ്ങള്‍ക്കായി ആവശ്യമായ ധനസഹായമാണ് കേന്ദ്രസര്‍ക്കാരിനു മുമ്പാകെ ആവശ്യപ്പെട്ടിട്ടുള്ളത്. ബഹു. പ്രധാനമന്ത്രി സംഭവസ്ഥലം സന്ദര്‍ശിച്ച വേളയിലും അതിനുശേഷം അദ്ദേഹത്തെ നേരില്‍കണ്ടും സഹായാഭ്യര്‍ത്ഥന നടത്തിയിട്ടുണ്ടെന്ന കാര്യവും പ്രമേയത്തിൽ പരാമർശിച്ചു.

ദേശീയ ദുരന്തനിവാരണ നിയമം അനുശാസിക്കുന്ന മാനദണ്ഡങ്ങള്‍ പ്രകാരം അതിതീവ്ര ദുരന്തത്തിന്റെ (ഡിസാസ്റ്റര്‍ ഓഫ് സിവിയര്‍ നേച്ചര്‍) ഗണത്തില്‍പ്പെടുന്നതാണ് മേപ്പാടിയില്‍ ഉണ്ടായ ഉരുള്‍പൊട്ടല്‍. പ്രകൃതിദുരന്തം നേരിട്ട മറ്റു പല സംസ്ഥാനങ്ങള്‍ക്കും നിവേദനം പോലും ഇല്ലാതെതന്നെ സഹായം ലഭ്യമാക്കിയിട്ടുണ്ട്. ഈ പരിഗണന കേരളത്തിന് ലഭിച്ചില്ല എന്നത് ഖേദകരമാണെന്നും പ്രമേയത്തിൽ പറഞ്ഞു.

ദുരന്തബാധിതര്‍ ബാങ്കുകളില്‍ നിന്നും ധനകാര്യ സ്ഥാപനങ്ങളില്‍ നിന്നും എടുത്ത വായ്പകള്‍ എഴുത്തത്തള്ളുന്ന കാര്യം ചര്‍ച്ച ചെയ്യാന്‍ സംസ്ഥാന സര്‍ക്കാര്‍ മുന്‍കൈ എടുത്ത് സംസ്ഥാനതല ബാങ്കേഴ്‌സ് കമ്മിറ്റി 2024 ആഗസ്റ്റ് 19 ന് വിളിച്ചുകൂട്ടുകയും വിഷയം ചര്‍ച്ച ചെയ്യുകയും ചെയ്തു. ഇക്കാര്യത്തില്‍ കാലവിളംബം കൂടാതെ തുടര്‍നടപടികള്‍ ഉണ്ടാകേണ്ടതുണ്ട്. ദേശീയ ദുരന്തനിവാരണ നിയമം, 2005 ലെ 13-ാം വകുപ്പു പ്രകാരം ദേശീയ ദുരന്തനിവാരണ അതോറിറ്റിക്ക് തീവ്രദുരന്തബാധിതരുടെ വായ്പകള്‍ എഴുതിത്തള്ളാന്‍ അധികാരമുണ്ട്. പ്രസ്തുത അധികാരം വിനിയോഗിക്കാന്‍ ആവശ്യമായ സത്വര നടപടികള്‍ സ്വീകരിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ ഇടപെടേണ്ടതുണ്ടെന്നും സംസ്ഥാന നിയമസഭ പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു. 

കൂടുതൽ ലേഖനങ്ങൾ

വിശ്വാസികളെ കൂടെ ചേർത്ത് വേണം വർഗീയ വാദികളെ ചെറുത്ത് തോൽപ്പിക്കണം

സ. എം വി ഗോവിന്ദൻ മാസ്റ്റർ

വർഗീയ വാദികൾക്ക് വിശ്വാസമില്ല, വിശ്വാസം ഒരു ഉപകരണമായി ഉപയോഗിക്കുന്നവരാണ് അവർ. വിശ്വാസികളെ കൂടെ ചേർത്ത് വേണം വർഗീയ വാദികളെ ചെറുത്ത് തോൽപ്പിക്കാൻ.
 

ചെങ്ങറ - പുനരധിവാസത്തിനുള്ള നടപടികൾ വേഗത്തിൽ പൂർത്തീകരിക്കണം

ചെങ്ങറ ഭൂസമര പ്രദേശത്തെ 1136 കുടുംബങ്ങളെ പുനരധിവസിപ്പിക്കാനുള്ള നടപടികൾ വേഗത്തിൽ പൂർത്തീകരിക്കണമെന്ന് മുഖ്യമന്ത്രി സ. പിണറായി വിജയൻ നിർദ്ദേശിച്ചു. പ്രദേശത്തെ കുടുംബങ്ങളുടെ ജീവിതാവസ്ഥ മെച്ചപ്പെടുത്തുന്നതുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രിയുടെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിലാണ് നിർദ്ദേശം.

അപകടകരമായ താൽപര്യങ്ങളുടെ പ്രചാരകരായി മാധ്യമങ്ങൾ മാറുന്നു

സ. എ വിജയരാഘവന്‍

മാധ്യമങ്ങള്‍ പൊതുവെ അപകടകരമായ താല്‍പര്യങ്ങളുടെ പ്രചാരകരായി മാറി. ആദായ വില്‍പന പരസ്യങ്ങള്‍ വഴി കമ്പോള സംസ്‌കാരത്തില്‍ കുടുക്കാനാണ് ശ്രമം. അപകടകരമായ വലതുപക്ഷ മൂല്യങ്ങള്‍ അടിച്ചേല്‍പിക്കുകയാണ്. പൊതുബോധത്തെ ഇക്കൂർ പിന്നോട്ട് വലിക്കുകയാണ്.

ഇന്ത്യ-ചൈന ബന്ധത്തിലെ മുന്നേറ്റത്തെ സ്വാഗതം ചെയ്യുന്നു

സ. എം എ ബേബി

ഇന്ത്യ-ചൈന ബന്ധത്തിലെ മുന്നേറ്റത്തെ സ്വാഗതം ചെയ്യുന്നു. അതിർത്തിയുമായി ബന്ധപ്പെട്ട ചർച്ചകളെയും, കൈലാസ് മാനസരോവർ യാത്ര പുനരാരംഭിക്കുന്നതിലെയും നേരിട്ടുള്ള വിമാന സർവീസുകൾ ആരംഭിക്കുന്നതിലെയും കരാറുകളെ സ്വാഗതം ചെയ്യുന്നു.