ഭൂമിക്കും ഭക്ഷണത്തിനും സ്വാതന്ത്രത്തിനും വേണ്ടി പൊരുതിയ സഖാക്കൾ തിടില്‍ കണ്ണനും കീനേരി കുഞ്ഞമ്പുവും കരിവെള്ളൂരിന്റെ മണ്ണിൽ വെടിയേറ്റ് മരിച്ചിട്ട് 78 വർഷങ്ങൾ. പാട്ടം പിരിച്ച നെല്ല് ചിറക്കൽ തമ്പുരാൻ കടത്തികൊണ്ടു പോകുന്നത്, ഭക്ഷ്യക്ഷാമത്തിൽ പൊറുതിമുട്ടിയ ജനങ്ങൾ കരിവെള്ളൂരിൽ സ. എ വി കുഞ്ഞമ്പുവിന്റെ നേതൃത്വത്തിൽ തടഞ്ഞു. ജനങ്ങളെ നേരിടാൻ ഗുണ്ടകളുടെ സഹായത്തോടെ പൊലീസ് വെടിവെച്ചു. 1946 ഡിസംബർ 20ന് നടന്ന കരിവെള്ളൂർ വെടിവയ്പിൽ സ. കണ്ണനും, സ. കുഞ്ഞമ്പുവും രക്തസാക്ഷികളായി. 30ന് കാവുമ്പായിലെ വെടിവയ്പിൽ പുളൂക്കൽ കുഞ്ഞിരാമൻ, പി കുമാരൻ, മഞ്ഞേരി ഗോവിന്ദൻ, തെങ്ങിൽ അപ്പ നമ്പ്യാർ, ആലോറമ്പൻ കൃഷ്ണൻ എന്നിവരും രക്തസാക്ഷികളായി.
ഉത്തര കേരളത്തെ ചുവപ്പിച്ച കർഷക കമ്യൂണിസ്റ്റ് പോരാട്ടങ്ങൾക്ക് കൃത്യമായ ദിശാബോധം പകർന്നത് കരിവെള്ളൂർ സമരമാണ്. കമ്യൂണിസ്റ്റ് ധീരതയും ഭരണകൂടത്തിന്റെ തീയുണ്ടകളും നേർക്കുനേർ ഏറ്റുമുട്ടിയ ഐതിഹാസികമായ ജനമുന്നേറ്റം. കർഷകസംഘത്തിന്റെയും കമ്യൂണിസ്റ്റ് പാർടിയുടെയും നേതൃത്വത്തിൽ ജന്മി നാടുവാഴിത്തത്തിനും ബ്രിട്ടീഷ് സാമ്രാജ്യത്വത്തിനുമെതിരെ മലബാർ മേഖലയിലെങ്ങും നടന്ന ഇതിഹാസ സമാനമായ സമരപരമ്പരകളിൽ ആദ്യത്തേത്. കരിവെള്ളൂർ കൊളുത്തിയ ദീപശിഖയിൽനിന്നാണ് കാവുമ്പായിയും കോറോത്തും മുനയൻകുന്നും പഴശ്ശിയും തില്ലങ്കേരിയും പായവും ഉൾപ്പെടെ അനേകം വിപ്ലവഭൂമികകൾ ജ്വലിച്ചത്. എല്ലാ പ്രതിസന്ധികളെയും നേരിട്ട് പ്രസ്ഥാനത്തെ കൂടുതൽ കരുത്തോടെ മുന്നോട്ടുനയിക്കാൻ ധീര രക്തസാക്ഷികളുടെ സ്മരണ നമുക്ക് എക്കാലവും ഊർജമേകും.
![](/sites/default/files/2025-01/470822735_1120544229432724_6738033450787558052_n%20%281%29.jpg)