Skip to main content

രാജ്യത്തെ മതരാഷ്ട്രമാക്കാൻ ശ്രമിക്കുകയും ചാതുർവർണ്യ വ്യവസ്ഥയുടെ കാഴ്ചപ്പാടുകളെ പിൻപറ്റുകയും ചെയ്യുന്ന ബിജെപി നേതാക്കൾക്ക് അബേദ്കറെ അംഗീകരിക്കാനാകില്ല

ഇന്ത്യൻ ഭരണഘടനയുടെ അടിസ്ഥാന നിലപാടുകൾക്കെതിരെ സംഘപരിവാർ നടത്തിക്കൊണ്ടിരിക്കുന്ന ആക്രമണങ്ങൾ ഭരണഘടനാശിൽപ്പിയെന്ന് വിശേഷിപ്പിക്കുന്ന അംബേദ്കറിനെതിരെയും ഉയർന്നുവന്നിരിക്കുകയാണ്. സംഘപരിവാറിന്റെ ഈ നിലപാടിന്റെ അടിസ്ഥാനം ഭരണഘടന രൂപപ്പെടുന്ന കാലത്തെ രാഷ്ട്രീയവും സാമൂഹ്യവുമായ ചലനങ്ങൾ പരിശോധിച്ചാൽ വ്യക്തമാകും.

1947 ഫെബ്രുവരിയിൽ ബ്രിട്ടീഷ് പ്രധാനമന്ത്രി ക്ലമന്റ് ആറ്റ്‌ലി നടത്തിയ പ്രഖ്യാപനം 1948 ജൂണിന് മുമ്പായി അധികാരം ഇന്ത്യക്കാർക്ക് കൈമാറുമെന്നാണ്. ഇതിന്റെ അടിസ്ഥാനത്തിൽ ബ്രിട്ടീഷ് പാർലമെന്റ് ഇന്ത്യൻ സ്വാതന്ത്ര്യ നിയമം പാസാക്കി. രണ്ടാം ലോകയുദ്ധത്തിൽ തകർന്നുപോയ ബ്രിട്ടന് ഇന്ത്യയിലെ കർഷക –-തൊഴിലാളി പ്രസ്ഥാനങ്ങളുടെ നേതൃത്വത്തിലുൾപ്പെടെയുള്ള ജനകീയ മുന്നേറ്റങ്ങളെ തടുത്തുനിർത്താനാകില്ലെന്നുള്ള തിരിച്ചറിവിലാണ്‌ ഈ തീരുമാനം രൂപപ്പെടുന്നത്.
സ്വാതന്ത്ര്യ നിയമത്തിന്റെ തുടർച്ചയിൽ ബ്രിട്ടീഷുകാർ നേരിട്ട് ഭരിക്കുന്ന പ്രദേശങ്ങളെ ഇന്ത്യയെന്നും പാകിസ്ഥാനെന്നും രണ്ട് രാഷ്ട്രമായി തിരിച്ചു. അവശേഷിക്കുന്ന 555 ഓളം വരുന്ന നാട്ടുരാജ്യങ്ങൾക്ക് ഈ രണ്ട് രാഷ്ട്രങ്ങളിൽ ഏതിലെങ്കിലും ചേരാമെന്ന നിർദേശവും മുന്നോട്ടുവച്ചു. ഇന്ത്യയിലും പാകിസ്ഥാനിലും ചേരാൻ താൽപ്പര്യമില്ലാത്തവർക്ക് സ്വതന്ത്ര രാഷ്ട്രമായി നിലനിൽക്കാമെന്നും ബ്രിട്ടീഷ് സർക്കാർ വ്യക്തമാക്കി. അതിന്റെ അടിസ്ഥാനത്തിലാണ് സ്വതന്ത്ര തിരുവിതാംകൂർ സർ. സി പി പ്രഖ്യാപിക്കുകയും അതിനെതിരെ ഐതിഹാസികമായ പുന്നപ്ര–-വയലാർ സമരം ഉയർന്നുവരികയും ചെയ്തത്.

ഇന്ത്യയിൽ ഉയർന്നുവന്ന സ്വാതന്ത്ര്യ പ്രസ്ഥാനത്തെ തണുപ്പിച്ചെടുക്കാൻ അധികാരങ്ങൾ കൈമാറാൻ പോകുന്നുവെന്ന സ്ഥിതി സൃഷ്ടിക്കേണ്ടത് അനിവാര്യമായിരുന്നു. അങ്ങനെയാണ് 1935 ലെ ഗവൺമെന്റ് ഓഫ് ഇന്ത്യ ആക്ട് നിലവിൽ വന്നത്. പ്രവിശ്യകളിൽ സ്വയംഭരണവും കേന്ദ്രത്തിൽ ദ്വിഭരണവും എന്ന രീതിയാണ് അത് മുന്നോട്ടുവച്ചത്. പ്രവിശ്യകളിൽ തെരഞ്ഞെടുപ്പ് നടന്ന് കോൺഗ്രസ് ഉൾപ്പെടെയുള്ള മന്ത്രിസഭ അധികാരത്തിലേക്ക് വന്നു. ബ്രിട്ടൻ ആലോചിക്കാതെ രണ്ടാം ലോകയുദ്ധത്തിൽ ഇന്ത്യയെ പങ്കാളിയാക്കിയതിന്റെ പേരിൽ ആ മന്ത്രിസഭകൾ രാജിവച്ചു.

1945 ൽ വീണ്ടും പ്രവിശ്യ നിയമസഭയിലേക്ക് തെരഞ്ഞെടുപ്പ് നടന്നു. കോൺഗ്രസിന്റെയും ലീഗിന്റെയും നേതൃത്വത്തിലുള്ള മന്ത്രിസഭ അധികാരത്തിൽ വന്നു. 1946 സെപ്തംബർ ആകുമ്പോഴേക്കും നെഹ്റുവിന്റെ നേതൃത്വത്തിലുള്ള ഇടക്കാല മന്ത്രിസഭ കേന്ദ്രത്തിൽ അധികാരത്തിൽ വന്നു. എന്നാൽ, കേന്ദ്രത്തിൽ ഒരു പാർലമെന്റ് തെരഞ്ഞെടുക്കപ്പെടാത്ത സാഹചര്യത്തിൽ പാർലമെന്റ് രൂപീകരിക്കേണ്ട ആവശ്യം ഉയർന്നുവന്നു.

1941ൽ സെൻസസ് പ്രകാരമുള്ള ജനസംഖ്യ കണക്കിലെടുത്തുകൊണ്ട് പ്രവിശ്യനിയമസഭകളിൽനിന്ന് അംഗങ്ങളെ പാർലമെന്റിലേക്ക് തെരഞ്ഞെടുത്തു. രാജ്യസഭയിലേക്ക് ഇന്ന് അംഗങ്ങളെ തെരഞ്ഞെടുക്കുന്നതുപോലെയാണ് അതുണ്ടായത്. ഇന്ത്യാവിഭജനത്തിനുശേഷം പാകിസ്ഥാൻ പ്രവിശ്യയിൽപ്പെട്ടവർ ഒഴിവായി. 15 വനിതാ അംഗങ്ങളുൾപ്പെടെ 272 അംഗങ്ങളുടെ പാർലമെന്റ് നിലവിൽ വന്നു.

സ്വാതന്ത്ര്യലബ്ധിക്കുശേഷം ഇന്ത്യൻ പാർലമെന്റായും ഭരണഘടനാ സമിതിയായും ഇത് പ്രവർത്തിച്ചു. ആദ്യ യോഗം 1946 ഡിസംബർ 6ന്‌ ചേർന്നു. 1949 നവംബർ 26ന് ഭരണഘടന ഔപചാരികമായി അംഗീകരിക്കപ്പെട്ടു. അങ്ങനെ നവംബർ 26 ഭരണഘടനാ ദിനമായി. ഭരണഘടനാ സമിതി തയ്യാറാക്കിയ കരട് പാർലമെന്റിൽ ചർച്ച ചെയ്യുന്നതിന് പുറമെ പ്രവിശ്യ നിയമസഭകൾക്കും പൊതുസമൂഹത്തിനും ഭേദഗതികൾ നിർദേശിക്കാനുള്ള അനുവാദവും നൽകി.

7,635 ഭേദഗതികൾ കരടിന് വന്നു. അതിൽ 2,437 ഭേദഗതികൾ അംഗീകരിച്ചു. അതിന്റെ അടിസ്ഥാനത്തിൽ ഭരണഘടന 1950 ജനുവരി 26ന് നിലവിൽവന്നു. ഭരണഘടനയുടെ ഈ രൂപീകരണ ചരിത്രം വ്യക്തമാക്കുന്ന ചില കാര്യങ്ങളുണ്ട്. രാജ്യത്തെ വിവിധ പ്രവിശ്യകളിൽനിന്ന് തെരഞ്ഞെടുക്കപ്പെട്ടവരായിരുന്നു ഭരണഘടനാ നിർമാണ സഭയിലുണ്ടായിരുന്നത്. അതായത്, ഫെഡറൽ രീതി ഭരണഘടന രൂപീകരണത്തിനു തന്നെ അടിസ്ഥാനമായി എന്നർഥം. ഫെഡറലിസം എന്നത് ഭരണഘടനയുടെ അടിസ്ഥാന ആശയവും അതിന്റെ രൂപീകരണത്തിന്റെ അടിത്തറയുമായിരുന്നുവെന്നും വ്യക്തം.

ഭരണഘടനാ സമിതിയിലെ അംഗങ്ങൾ പൊതുവിൽ ദേശീയ പ്രസ്ഥാനത്തിന്റെ മൂല്യങ്ങൾ സ്വാംശീകരിച്ച നിലപാടുള്ളവരായിരുന്നു. അതിനാൽ, സ്വാതന്ത്ര്യസമരത്തിന്റെ ഭാഗമായി രൂപപ്പെട്ട വിവിധ ധാരകൾ ഭരണഘടനയുടെ അടിസ്ഥാന മൂല്യങ്ങളായി മാറുകയും ചെയ്തു. ഇന്ത്യൻ സ്വാതന്ത്ര്യ പ്രസ്ഥാനം മുന്നോട്ടുവച്ച സമത്വത്തിന്റെയും മതനിരപേക്ഷതയുടെയും ഫെഡറലിസത്തിന്റെയും കാഴ്ചപ്പാടുകൾ ഭരണഘടനയുടെ ഭാഗമായിത്തീരുന്നതിനിടയായത് അങ്ങനെയാണ്. അതായത് ഭരണഘടന ദേശീയ സ്വാതന്ത്ര്യ സമരത്തിലെ വിവിധ ധാരകൾ മുന്നോട്ടുവച്ച കാഴ്ചപ്പാടുകളുടെ അടിസ്ഥാനത്തിൽ രൂപംകൊണ്ട ഒന്നാണ്. ഭരണഘടനാ അസംബ്ലിയിൽ നടന്ന ചർച്ചകൾ പരിശോധിച്ചാൽ ഭരണഘടനയിലെ ഈ അടിസ്ഥാന മൂല്യങ്ങൾ സംരക്ഷിക്കാൻ അംബേദ്കർ സ്വീകരിച്ച ശക്തമായ നിലപാടുകൾ കാണാനാകും. എല്ലാവിധ മതരാഷ്ട്രവാദത്തിനുമെതിരെ ശക്തമായ നിലപാടാണ് അംബേദ്കർ സ്വീകരിച്ചത്.

സ്വാതന്ത്ര്യ സമരത്തിൽ പങ്കെടുക്കാതെ അതിനെ തകർക്കാൻ ശ്രമിച്ച ആർഎസ്എസിനെ സംബന്ധിച്ചിടത്തോളം സ്വാതന്ത്ര്യ പ്രസ്ഥാനം മുന്നോട്ടുവച്ച ആശയങ്ങളെ അംഗീകരിക്കാൻ പറ്റുമായിരുന്നില്ല. ഭരണഘടനയ്ക്കെതിരായ തുടർച്ചയായ ഇടപെടലിന്റെ അടിസ്ഥാനമിതാണ്. അതിന്റെ ഭാഗമായാണ് അംബേദ്കർ വിമർശം നടത്തിയിട്ടുള്ളത്. ഒപ്പം മതനിരപേക്ഷ സമൂഹത്തെ തകർത്ത് മതരാഷ്ട്രവാദത്തിലേക്ക് രാജ്യത്തെ എത്തിക്കുന്നതിനുള്ള ദീർഘകാല പദ്ധതികളും അവർ മുന്നോട്ടുവയ്‌ക്കുന്നു. മതനിരപേക്ഷ സമൂഹത്തിനും സാമൂഹ്യനീതിക്കും നിലകൊണ്ട അംബേദ്കറിനെതിരായ ആക്രമണത്തിന്റെ രാഷ്ട്രീയ അടിത്തറ ഇതാണ്.

രാജ്യത്തെ മതരാഷ്ട്രമാക്കാനും ചാതുർവർണ്യ വ്യവസ്ഥയുടെ കാഴ്ചപ്പാടുകളെ പിൻപറ്റുകയും ചെയ്യുന്ന ബിജെപിയുടെ നേതാക്കൾക്ക് അബേദ്കറെ അംഗീകരിക്കാനാകില്ല. ഗോൾവാൾക്കറുടെ വിചാരധാര മനുഷ്യരായി പട്ടികജാതി –-പട്ടിക വർഗത്തെ കാണുന്നില്ല. അതുകൊണ്ട് അംബേദ്കർ പ്രധാന വിമർശകേന്ദ്രമായി മാറുന്നു. അമിത്ഷായുടെ പ്രസ്താവന ഇതിന്റെ ഭാഗമായുള്ളതാണ്.

തൃശൂരിലെ ബിജെപി എംപി പറഞ്ഞത് തന്റെ അടുത്ത ജന്മം ബ്രാഹ്മണനാകണമെന്നതാണ്. എല്ലാവിഭാഗങ്ങളും സ്നേഹത്തോടും സാഹോദര്യത്തോടും സമഭാവനയോടും കഴിയുന്ന ലോകമാണ് നമുക്കു ചുറ്റുമുള്ളത്. അവിടെയാണ് ചാതുർവർണ്യത്തിന്റെ മേലാളബോധവുമായി മറ്റ് വിഭാഗങ്ങളെ രണ്ടാംകിടയായി കാണുന്ന സമീപനവുമായി ബിജെപി എംപി രംഗത്തിറങ്ങിയിരിക്കുന്നത്.
 

കൂടുതൽ ലേഖനങ്ങൾ

ഭീകരവാദത്തിനെതിരെ കേരളത്തിൽ സിപിഐ എമ്മിന്റെ നേതൃത്വത്തിൽ വിപുലമായ സദസ്

സ. എം വി ഗോവിന്ദൻ മാസ്റ്റർ

ഭീകരവാദത്തിനെതിരെ കേരളത്തിൽ സിപിഐ എമ്മിന്റെ നേതൃത്വത്തിൽ ഏപ്രിൽ 29നും 30നും വിപുലമായ സദസ് സംഘടിപ്പിക്കും. സംസ്ഥാനത്തെ എല്ലാ ഏരിയയിലും ഭീകരവാദത്തിനെതിരെ മാനവികത എന്ന മുദ്രാവാക്യമുയർത്തി വൈകുന്നേരങ്ങളിൽ വിപുലമായ സദസുകൾ സംഘടിപ്പിക്കും. വർഗീയതയ്ക്കും ഭീകരവാദത്തിനും മതമില്ല.

പഹൽഗാമിലെ ഭീകരാക്രമണത്തിൽ കൊല്ലപ്പെട്ട രാമചന്ദ്രൻ്റെ കുടുംബാംഗങ്ങളെ സിപിഐ എം ജനറൽ സെക്രട്ടറി സ. എം എ ബേബി സന്ദർശിച്ചു

പഹൽഗാമിലെ ഭീകരാക്രമണത്തിൽ കൊല്ലപ്പെട്ട രാമചന്ദ്രൻ്റെ കുടുംബാംഗങ്ങളെ സിപിഐ എം ജനറൽ സെക്രട്ടറി സ. എം എ ബേബി സന്ദർശിച്ചു.

ഭീകരവാദത്തിനെതിരെ രാജ്യം ഒറ്റക്കെട്ടായി നിൽക്കുമ്പോഴും ഈ ഐക്യത്തെ തകർക്കാൻ ചില ശക്തികൾ നടത്തുന്ന ശ്രമം അപലപനീയമാണ്

സ. എം വി ഗോവിന്ദൻ മാസ്റ്റർ

ജമ്മു കശ്‌മീരിലെ അനന്തനാഗ് ജില്ലയിലുള്ള പഹൽഗാമിൽ ഏപ്രിൽ 22ന് ഉച്ചയ്ക്കുശേഷം 26 പേരുടെ ജീവനെടുത്ത ഭീകരാക്രമണം അക്ഷരാർഥത്തിൽ രാജ്യത്തെ ഞെട്ടിച്ചു. രാജ്യവും ജനങ്ങളും ഒറ്റക്കെട്ടായി ഈ ഭീകരാക്രമണത്തെ അപലപിക്കുകയും കൊല്ലപ്പെട്ടവരുടെ ദുഃഖത്തിൽ പങ്കുചേരുകയും ചെയ്തു.

ആദ്യമായാണ് ഇന്ത്യയില്‍ ഒരു സംസ്ഥാനത്തിന്റെ മുന്‍കൈയില്‍ ഒരു ബൃഹത് തുറമുഖ നിര്‍മ്മാണം നടക്കുന്നത്, ചെലവിന്റെ ഏറിയ ഭാഗവും കേരളമാണു വഹിക്കുന്നത്

ആദ്യമായാണ് ഇന്ത്യയില്‍ ഒരു സംസ്ഥാനത്തിന്റെ മുന്‍കൈയില്‍ ഒരു ബൃഹത് തുറമുഖ നിര്‍മ്മാണം നടക്കുന്നത്. ചെലവിന്റെ ഏറിയ ഭാഗവും കേരളമാണു വഹിക്കുന്നത്. 8,686 കോടിയില്‍ 5,370.86 കോടി. ബാക്കി 2,497 കോടി അദാനി വിഴിഞ്ഞം പോര്‍ട് പ്രൈവറ്റ് ലിമിറ്റഡാണു മുടക്കുന്നത്.