Skip to main content

ദേശീയപാതാ പ്രവൃത്തികള്‍ വേഗത്തില്‍ പൂര്‍ത്തീയാക്കണം

സാങ്കേതിക കാര്യങ്ങളില്‍ വിട്ടുവീഴ്ചയില്ലാതെ ദേശീയപാതാ പ്രവൃത്തികള്‍ വേഗത്തില്‍ പൂര്‍ത്തീകരിക്കാന്‍ മുഖ്യമന്ത്രി സ. പിണറായി വിജയന്‍ നിര്‍ദ്ദേശിച്ചു. ദേശീയപാതയുമായി ബന്ധപ്പെട്ട് ചേര്‍ന്ന റിവ്യൂ യോഗത്തില്‍ സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.

ദേശീയപാതാ അതോറിറ്റി പൊതുവില്‍ നല്ല പ്രവര്‍ത്തനമാണ് കാഴ്ചവെക്കുന്നതെങ്കിലും ചില മേഖലകളില്‍ സ്തംഭനമുണ്ടെന്ന് മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി. വടകര, തുറവൂര്‍, തിരുവനന്തപുരം ഉള്‍പ്പെടെ ചില സ്ഥലങ്ങളിലെങ്കിലും പ്രവൃത്തി മന്ദഗതിയിലാണ്. മെല്ലെപ്പോക്ക് നടത്തുന്ന കരാറുകാര്‍ക്കെതിരെ കര്‍ശന നടപടിയിലേക്ക് നീങ്ങണമെന്ന് മുഖ്യമന്ത്രി ദേശീയപാത അധികൃതരോട് ആവശ്യപ്പെട്ടു.

കണ്ണൂര്‍ ജില്ലയിലെ നടാലില്‍ ബസുകള്‍ക്ക്കുടി സഞ്ചരിക്കുന്ന വിധത്തില്‍ അടിപ്പാത നിര്‍മ്മിക്കേണ്ടതുണ്ട്. അവിടെ ബസ് ഉടമകള്‍ മാത്രമല്ല നാട്ടുകാരും പ്രതിഷേധത്തിലാണ്. ചാല വരെ സഞ്ചരിച്ച് ബസ് തിരിച്ചുവരേണ്ടി വരുന്ന അവസ്ഥയാണ്. ഇത് പ്രത്യേക കേസായി പരിഗണിച്ച് നടപടി സ്വീകരിക്കണം.

നിര്‍മ്മാണ പ്രവൃത്തിക്ക് തടസമുണ്ടാകരുത്. ഇത്തരം പ്രശ്നങ്ങള്‍ ചര്‍ച്ച ചെയ്ത് പരിഹരിക്കാന്‍ ബന്ധപ്പെട്ട ജില്ലാകളക്ടറും പോലീസ് മേധാവിയും മുന്‍കൈയെടുക്കണം. കേരളത്തിന്‍റെ ഭൂമി ശാസ്ത്രവും ജനസാന്ദ്രതയും കണക്കിലെടുത്തു വേണം പ്രവൃത്തികള്‍ നടത്താനെന്നും മുഖ്യമന്ത്രി പറഞ്ഞു. ആര്‍ബിട്രേഷന്‍ സമയബന്ധിതമായി തീര്‍ക്കാനുള്ള നടപടികള്‍ സ്വീകരിക്കണം.

17 സ്ട്രച്ചുകളിലായി മൊത്തം 642 കിലോമീറ്റര്‍ റോഡിന്‍റെ പൂര്‍ത്തീകരണ തിയതിയും യോഗത്തില്‍ ചര്‍ച്ചയായി. 480 കിലോമീറ്റര്‍ 2025 ഡിസംബറോടെ പൂര്‍ത്തിയാകും. ആകെ 560 കിലോമീറ്റര്‍ 2026 മാര്‍ച്ചിലും പൂര്‍ത്തിയാകും. കാസർകോട് ജില്ലയില്‍ 83 കിലോമീറ്ററില്‍ 70 കിലോമീറ്റര്‍ പൂര്‍ത്തിയായി. കണ്ണൂര്‍ 65 ല്‍ 48 കി.മീ, കോഴിക്കോട് 69 ല്‍ 55 കി.മീ, മലപ്പുറം 77 ല്‍ 76 കി.മീ, തൃശ്ശൂരില്‍ 62 ല്‍ 42 കി.മീ, എറണാകുളം 26 ല്‍ 9 കി.മീ, ആലപ്പുഴ 95 ല്‍ 34 കി.മീ, കൊല്ലം 56 ല്‍ 24 കി.മീ, തീരുവനന്തപുരം 30 കിലോമീറ്ററില്‍ 5 കി.മീ എന്നിങ്ങനെയാണ് പ്രവൃത്തി പുരോഗതി.

യോഗത്തില്‍ പൊതുമരാമത്ത് വകുപ്പ് മന്ത്രി പി എ മുഹമ്മദ് റിയാസ്, വ്യവസായ വകുപ്പ് മന്ത്രി പി രാജീവ്, വൈദ്യുതി മന്ത്രി കെ കൃഷ്ണന്‍കുട്ടി, ചീഫ് സെക്രട്ടറി ഡോ. എ ജയതിലക്, അഡീഷണല്‍ ചീഫ് സെക്രട്ടറി ബിശ്വനാഥ് സിന്‍ഹ, സംസ്ഥാന പൊലീസ് മേധാവി റവാഡ ചന്ദ്രശേഖര്‍, പിഡബ്ല്യുഡി സെക്രട്ടറി കെ ബിജു, ജില്ലാകളക്ടര്‍മാര്‍, ദേശീയപാത അതോറിറ്റി റീജിയണല്‍ ഓഫീസര്‍ കേണല്‍ എ കെ ജാന്‍ബാസ് തുടങ്ങിയവര്‍ പങ്കെടുത്തു.

കൂടുതൽ ലേഖനങ്ങൾ

പ്രിയ സഖാവ് കാനത്തിൽ ജമീലയുടെ സ്മരണയ്ക്ക് മുമ്പിൽ ആദരാഞ്ജലി അർപ്പിക്കുന്നു

സ. എം വി ഗോവിന്ദൻ മാസ്റ്റർ

പ്രിയ സഖാവ് കാനത്തിൽ ജമീല എംഎൽഎയുടെ അകാലത്തിലുള്ള വിയോഗം വേദനാജനകമാണ്. ആളുകളോടുള്ള പെരുമാറ്റത്തിലൂടെയും നിലപാടുകളിലെ തെളിമയിലൂടെയും സവിശേഷമായ ശ്രദ്ധയാകർഷിച്ച വ്യക്തിത്വമാണ് സഖാവിൻ്റെത്. സാമൂഹ്യ, രാഷ്ട്രീയ വിഷയങ്ങളിൽ സാധാരണ മനുഷ്യർക്ക് ഫലപ്രദമായ രീതിയിൽ ആശ്വാസം ലഭ്യമാക്കുവാൻ എന്നും നിലകൊണ്ടു.

സഖാവ് കാനത്തിൽ ജമീലയുടെ നിര്യാണത്തിൽ അനുശോചനം രേഖപ്പെടുത്തുന്നു

സ. പിണറായി വിജയൻ

കൊയിലാണ്ടി എംഎൽഎയും സിപിഐ എം കോഴിക്കോട് ജില്ലാ കമ്മറ്റിയംഗവുമായ സ. കാനത്തിൽ ജമീലയുടെ നിര്യാണത്തിൽ അനുശോചനം രേഖപ്പെടുത്തുന്നു. യാഥാസ്ഥിതിക കുടുംബത്തിൽ നിന്ന് ചെറുപ്രായത്തിൽ തന്നെ കമ്യൂണിസ്റ്റ് പാരമ്പര്യത്തിലേക്ക് വന്ന വ്യക്തിയായിരുന്നു കാനത്തിൽ ജമീല.

സുപ്രീംകോടതി പരാമർശം, ഗവർണർ സ്ഥാനത്ത് തുടരാൻ താൻ യോഗ്യനാണോ എന്ന കാര്യം അദ്ദേഹം സ്വയം പരിശോധിക്കണം

സ. വി ശിവൻകുട്ടി

സംസ്ഥാനത്തെ ഡിജിറ്റൽ, സാങ്കേതിക സർവകലാശാലകളിൽ വൈസ് ചാൻസലർ നിയമനം വൈകുന്നതുമായി ബന്ധപ്പെട്ട് സുപ്രീംകോടതിയിൽ നിന്നുണ്ടായ പരാമർശത്തിന്റെ പശ്ചാത്തലത്തിൽ, ആ സ്ഥാനത്ത് തുടരാൻ താൻ യോഗ്യനാണോ എന്ന കാര്യം ഗവർണർ സ്വയം പരിശോധിക്കേണ്ടതുണ്ട്.

കേന്ദ്ര സർക്കാർ ഏകപക്ഷീയമായി നടപ്പിലാക്കാൻ ശ്രമിക്കുന്ന നാല് പുതിയ തൊഴിൽ കോഡുകൾ അടിയന്തരമായി പിൻവലിക്കണം എന്നാവശ്യപ്പെട്ട് കേന്ദ്ര തൊഴിൽ വകുപ്പ് മന്ത്രിക്ക് കത്തയച്ചു

സ. വി ശിവൻകുട്ടി

കേന്ദ്ര സർക്കാർ ഏകപക്ഷീയമായി നടപ്പിലാക്കാൻ ശ്രമിക്കുന്ന നാല് പുതിയ തൊഴിൽ കോഡുകൾ അടിയന്തരമായി പിൻവലിക്കണം എന്നാവശ്യപ്പെട്ട് കേന്ദ്ര തൊഴിൽ വകുപ്പ് മന്ത്രി ഡോ. മൻസുഖ് മാണ്ഡവ്യയ്ക്ക് കത്തയച്ചു.