Skip to main content

സഖാവ്‌ സീതാറാം യെച്ചൂരി ദിനം

സഖാവ്‌ സീതാറാം യെച്ചൂരിയുടെ വേർപാടിന്റെ ഒരുവർഷം കടന്നുപോയിരിക്കുന്നു. ആ നഷ്‌ടത്തിന്റെ ആഘാതത്തിൽനിന്ന്‌ നാം ഇനിയും പൂർണമായി മുക്തരല്ല.

​സന്പന്നമായ സവർണകുടുംബത്തിൽ പിറന്ന സഖാവ്‌ ദരിദ്രരായ ചൂഷിതർക്കും അടിച്ചമർത്തപ്പെട്ട സമൂഹത്തിലെ തിരസ്‌കൃതർക്കുംവേണ്ടി പടപൊരുതി. വർഗപരവും സാമൂഹികവുമായ ചൂഷണത്തിനും അകറ്റിനിർത്തലിനുമെതിരായ പോരാട്ടങ്ങളെ തുല്യപ്രാധാന്യത്തോടെ ഏറ്റെടുത്ത്‌ മുന്നോട്ടുകൊണ്ടുപോകണമെന്ന കാഴ്‌ചപ്പാട്‌ ഇന്ത്യൻ സാഹചര്യത്തിൽ വിശേഷിച്ചും വളരെ പ്രസക്തമാണെന്ന സിപിഐ എം കാഴ്ചപ്പാട്‌ ശക്തമായി സഖാവ്‌ സീതാറാം വിശദീകരിച്ചുപോന്നു. സ്വാതന്ത്ര്യം അർഥപൂർണമാകണമെങ്കിൽ അധ്വാനിക്കുന്ന തൊഴിലാളികളും കർഷക–കർഷകത്തൊഴിലാളി വിഭാഗങ്ങളും രാജ്യത്തിന്റെ ഭാഗധേയം തീരുമാനിക്കുകയും ശ്രേണീബദ്ധമായ ജാതിവിവേചനങ്ങൾക്കും ചൂഷണത്തിനുംകൂടി അന്ത്യംകുറിക്കേണ്ടതുമുണ്ട്‌. ഇതുസംബന്ധിച്ചുള്ള സഖാവ്‌ ബി ടി രണദിവെയുടെ ആവർത്തിച്ചുള്ള അവതരണം സീതാറാം നിരന്തരം ഓർമിപ്പിച്ചുപോന്നു. ‘‘നാട്ടിൽ എവിടെ ഒരു ഫാക്‌ടറിയുടെ പുകക്കുഴൽ ഉയർന്നാലും അവിടെ തൊഴിലാളി സംഘടനയുടെ ഒരു ചെങ്കൊടിയും ഉയരണം. താഴ്‌ന്ന ജാതിക്കാരെന്ന വിവേചനംമൂലം ഒരു ഗ്രാമത്തിൽ കിണറിൽനിന്ന്‌ വെള്ളം കോരാൻ മനുഷ്യരെ വിലക്കുന്നിടത്തെല്ലാം കിണറിന്റെയോ കുളത്തിന്റെയോ അരികിലും ഒരു പ്രതിഷേധസമരത്തിന്റെ ചെങ്കൊടി ഉയർന്നുപാറണം.’’ ബി ടി ആറിന്റെ ഇ‍ൗ വാചകങ്ങൾ ഒരുപക്ഷേ, ഏറ്റവും കൂടുതൽ ആവർത്തിച്ച്‌ ഓർമിപ്പിക്കാറുള്ളത്‌ സീതാറാം യെച്ചൂരിയാണ്‌.

​ഫാസിസ്റ്റ്‌ സ്വഭാവമുള്ള രാഷ്‌ട്രീയ സ്വയം സേവക്‌ സംഘിന്റെ രാഷ്‌ട്രീയപാർടിയായ ബിജെപിയുടെ നേതൃത്വത്തിലുള്ള എൻഡിഎ സർക്കാർ വർത്തമാനകാലത്ത്‌ വൻഭീഷണികൾ ഉയർത്തുകയാണ്‌. വൈവിധ്യങ്ങൾ സഹവർത്തിക്കുന്ന ഇന്ത്യ എന്ന മഹത്തായ രാഷ്‌ട്രത്തെ വർഗീയമായി പിളർക്കുന്ന നിഗൂഢപദ്ധതി അവർ നടപ്പാക്കാൻ ശ്രമിച്ചുകൊണ്ടിരിക്കുന്നു. ഇ‍ൗ വൻവിപത്തിനെതിരായ സൈദ്ധാന്തികവും പ്രായോഗികവുമായ സമരപരിപാടികൾ യെച്ചൂരിയുടെ പ്രത്യേക താൽപ്പര്യമേഖലയായിരുന്നു. തന്റെ പാർടിയുടെ കാഴ്‌ചപ്പാട്‌ പ്രാവർത്തികമാക്കുന്നതിന്റെ ഭാഗമായാണ്‌ ഇ‍ൗ മേഖലയിൽ സഖാവ്‌ പ്രത്യേക ശ്രദ്ധപതിപ്പിച്ചത് എന്നത്‌ ശരിതന്നെ. എന്നാൽ, അസാമാന്യമായ സൂക്ഷ്‌മശ്രദ്ധയോടെ രാഷ്‌ട്രീയ സ്വയം സേവക്‌ സംഘിന്റെ ഫാസിസ്റ്റ്‌ സ്വഭാവം തുറന്നുകാട്ടാനും ‘ഹിന്ദുരാഷ്‌ട്ര സ്ഥാപന’മെന്ന അതിന്റെ പദ്ധതി എത്രമാത്രം മനുഷ്യവിരുദ്ധവും പിന്തിരിപ്പനും മനുവാദാധിഷ്‌ഠിതവുമാണെന്ന്‌ സ്ഥാപിക്കാനും യെച്ചൂരി വളരെ വിലപ്പെട്ട സംഭാവനയാണ്‌ നൽകിയത്‌.

1990കളിൽ സോവിയറ്റ്‌ യൂണിയനും കിഴക്കൻ യൂറോപ്പിലെ സോഷ്യലിസ്റ്റ്‌ പരീക്ഷണങ്ങളും തിരിച്ചടി നേരിട്ട നാളുകളിൽ ലോകത്തിലെ കമ്യൂണിസ്റ്റ്‌ പാർടികൾക്ക്‌ വലിയ പ്രത്യയശാസ്‌ത്ര പ്രതിസന്ധിയാണ്‌ അഭിമുഖീകരിക്കേണ്ടിവന്നത്‌. സിപിഐ എം അത്‌ തരണം ചെയ്‌തത്‌ വിശദമായ ഉൾപ്പാർടി ചർച്ചകളിലൂടെയായിരുന്നു.

ഇ എം എസും ജ്യോതിബസുവും എം ബസവ പുന്നയ്യയും ഹർകിഷൻ സിങ്‌ സുർജിത്തും എല്ലാം ഇ‍ൗ ആഭ്യന്തരചർച്ചകൾക്ക്‌ അക്കാലത്ത് നേതൃത്വം നൽകി. ആ ചർച്ചകൾക്ക്‌ ആധാരമാക്കാനുള്ള കരട്‌ പ്രത്യയശാസ്‌ത്ര രേഖയ്‌ക്ക്‌ രൂപംനൽകാൻ എം ബസവ പുന്നയ്യക്കൊപ്പം കേന്ദ്ര സെക്രട്ടറിയറ്റ്‌ അംഗമായിരുന്ന യെച്ചൂരിയെക്കൂടി പാർടി പൊളിറ്റ് ബ്യൂറോ ചുമതലപ്പെടുത്തുകയുണ്ടായി. യുവ സഖാവിൽ പരിണതപ്രജ്ഞരായ സഖാക്കൾ അർപ്പിച്ച വിശ്വാസവും പ്രതീക്ഷയുമായിരുന്നു അത്‌. അതിനൊത്ത്‌ ഉയരാൻ യെച്ചൂരിക്ക്‌ സാധിച്ചു എന്നത്‌ സിപിഐ എം ചരിത്രത്തിന്റെ ഭാഗമാണ്‌. സോവിയറ്റ്‌ യൂണിയനും കിഴക്കൻ യൂറോപ്പും ശിഥിലമായി എന്ന യാഥാർഥ്യം അംഗീകരിച്ച സിപിഐ എം രേഖ അതിന്റെ വ്യത്യസ്‌ത കാരണങ്ങൾ 14-ാം പാർടി കോൺഗ്രസ്‌ ചർച്ചചെയ്‌ത്‌ അംഗീകരിച്ച പ്രത്യയശാസ്‌ത്ര പ്രമേയത്തിൽ എണ്ണിപ്പറയുകയുണ്ടായി. അതോടൊപ്പം വളരെ പ്രധാനപ്പെട്ട ഒരു വിലയിരുത്തലും പ്രസ്‌തുത രേഖയിൽ ഉൾക്കൊള്ളിച്ചിട്ടുണ്ട്‌. സോഷ്യലിസ്റ്റ്‌ പരീക്ഷണങ്ങൾ നടന്ന പ്രസ്‌തുത രാജ്യങ്ങളിലുണ്ടായ തിരിച്ചടിക്ക്‌ കാരണം സോഷ്യലിസ്റ്റ്‌ വ്യവസ്ഥ കെട്ടിപ്പടുക്കുന്പോൾ നേട്ടങ്ങൾക്കൊപ്പം രൂപപ്പെട്ട കോട്ടങ്ങൾ തിരുത്താൻ ശ്രദ്ധിക്കാതിരുന്നതാണ്‌. മറ്റൊരു ഭാഷയിൽ പറഞ്ഞാൽ സോഷ്യലിസ്റ്റ്‌ വ്യവസ്ഥയുടെ കുറ്റവും കുറവുമല്ല; അത്‌ കെട്ടിപ്പടുക്കാൻ ശ്രമിച്ചപ്പോൾ സംഭവിച്ച ഗുരുതരമായ വീഴ്‌ചകൾമൂലമാണ്‌ തിരിച്ചടിയുണ്ടായത്‌. അത്‌ തക്കസമയത്ത്‌ മനസ്സിലാക്കി തിരുത്തുന്നതിൽ അതത്‌ രാഷ്‌ട്രങ്ങളിലെ കമ്യൂണിസ്റ്റ്‌ പാർടികൾക്ക്‌ സംഭവിച്ച വീഴ്‌ചയും തിരിച്ചടിക്ക്‌ പിന്നിലുള്ള പ്രധാന കാരണങ്ങളിൽപ്പെടുന്നു.

​14–ാം പാർടി കോൺഗ്രസിൽ ഇ‍ൗ പ്രത്യയശാസ്‌ത്ര രേഖ അവതരിപ്പിക്കുകയും ചർച്ചകൾക്കും ഭേദഗതികൾക്കും വിശദീകരണവും മറുപടിയും നൽകുകയും ചെയ്‌ത യെച്ചൂരി ഉത്തമനായ ഒരു കമ്യൂണിസ്റ്റുകാരനെന്ന നിലയിൽ വളരുന്നതും ഇ‍ൗ പ്രവർത്തനങ്ങളിലൂടെ വെളിപ്പെട്ടു.

2004ൽ നടന്ന ലോക്‌സഭാ തെരഞ്ഞെടുപ്പിനെ തുടർന്ന്‌ ബിജെപി നേതൃത്വത്തിലുള്ള വാജ്‌പേയി സർക്കാർ രാജിവയ്‌ക്കുകയും മൻമോഹൻസിങ്ങിന്റെ നേതൃത്വത്തിലുള്ള യുപിഎ സർക്കാർ ചുമതലയേൽക്കുകയുമുണ്ടായി. അപ്പോൾ ഇടതുപക്ഷവും യുപിഎ സർക്കാരും തമ്മിലുള്ള ഏകോപനത്തിൽ പാർടിയുടെ മുതിർന്ന നേതാവ്‌ ഹർകിഷൻസിങ്‌ സുർജിത്തിനൊപ്പം യെച്ചൂരിയും പങ്കാളിയായിരുന്നു. യുപിഎ സർക്കാരിന്റെ പൊതുമിനിമം പരിപാടി തയ്യാറാക്കാൻ അന്ന്‌ ചുമതലപ്പെടുത്തിയത്‌ യെച്ചൂരിയെയും പി ചിദംബരത്തെയുമായിരുന്നു. അക്കാലത്ത്‌ സുർജിത്തിനോടൊപ്പം പ്രവർത്തിച്ച്‌ നേടിയ പരിചയവും പരിജ്ഞാനവും സഖാവിന്‌ പിൽക്കാലത്ത്‌ വളരെ പ്രയോജനപ്പെട്ടിട്ടുണ്ട്‌. വിശേഷിച്ച്‌ ബിജെപിയുടെ വർഗീയരാഷ്‌ട്രീയത്തിനെതിരായ വിസ്‌തൃതസമര പ്രസ്ഥാനം കെട്ടിപ്പടുക്കുന്നതിൽ.

ഇപ്പോൾ നവഫാസിസ്റ്റ്‌ പ്രവണതകൾ പ്രകടിപ്പിക്കുന്ന സംഘപരിവാർ നിയന്ത്രിത ഭരണമാണ്‌ ഇന്ത്യയിലും ഭൂരിപക്ഷം സംസ്ഥാനങ്ങളിലും. ഇതിനെതിരായ വിശാല സമരവേദി കെട്ടിപ്പടുക്കണമെന്ന മുഖ്യകടമയാണ്‌ 24–ാം പാർടി കോൺഗ്രസ്‌ മുന്നോട്ടുവച്ചത്‌. ഇ‍ൗ കടമ നിർവഹിക്കുന്നതിനാകട്ടെ, പാർടിയുടെ സ്വതന്ത്രശക്തിയും സ്വാധീനവും വർധിപ്പിക്കണമെന്നും പാർടി കോൺഗ്രസ്‌ ചൂണ്ടിക്കാട്ടി. ഇടതുപക്ഷ ജനാധിപത്യ സമരമുന്നണി കരുപ്പിടിപ്പിക്കുന്നതും ഇതിനുപുറമെ പ്രധാന കർത്തവ്യമായി നമ്മുടെ മുന്നിലുണ്ട്‌.

ഇന്ന്‌ ഇന്ത്യയിൽ ഒരേയൊരു ഇടതുപക്ഷ ജനാധിപത്യമുന്നണി ഗവൺമെന്റ്‌ നിലവിലുള്ളത്‌ കേരളത്തിലാണ്‌. അതിന്‌ കൈവരിക്കാൻ കഴിഞ്ഞ ഭരണത്തുടർച്ച ഏതാനും മാസങ്ങൾക്കുള്ളിൽ നടക്കാൻ പോകുന്ന നിയമസഭാ തെരഞ്ഞെടുപ്പിലും നിലനിർത്താനാകുമോ എന്നത്‌ വളരെ സുപ്രധാനമായ കാര്യമാണ്‌. പിണറായി സർക്കാരിന്റെ ബദൽനയങ്ങൾ ഇന്ത്യൻ ഇടതുപക്ഷത്തിന്‌ കരുത്തുപകരുന്നുണ്ട്‌. കേന്ദ്ര അവഗണനയും ഭരണഘടനാവിരുദ്ധ തടസ്സങ്ങളും അതിജീവിച്ചുകൊണ്ട്‌ ക്ലേശകരമായ സാഹചര്യങ്ങളിൽ പ്രവർത്തിക്കുന്ന എൽഡിഎഫ്‌ സർക്കാരിന്റെ വിജയത്തുടർച്ചയും പാർടിക്കും ഇടതുപക്ഷത്തിനും വളരെ പ്രധാനമാണ്. എൽഡിഎഫിന്റെ ശക്തിയും മുന്നേറ്റവും സഖാവ് യെച്ചൂരി എന്നും താൽപ്പര്യമെടുത്തിട്ടുള്ള കാര്യമാണ്. താമസിയാതെ നടക്കാൻ പോകുന്ന ത്രിതലപഞ്ചായത്ത്‌ തെരഞ്ഞെടുപ്പിലും തുടർന്ന്‌ വരുന്ന നിയമസഭാ തെരഞ്ഞെടുപ്പിലും അശരണരുടെ അത്താണിയായ എൽഡിഎഫിനെ കൂടുതൽ ശക്തിപ്പെടുത്താനുള്ള ഉ‍ൗർജസ്വലമായ പ്രവർത്തനം നമ്മുടെ വളരെ പ്രധാനപ്പെട്ട കടമയാണ്‌.

തമിഴ്നാട്‌, ബംഗാൾ, അസം, പുതുച്ചേരി തെരഞ്ഞെടുപ്പുകളും അതിനുമുമ്പേ നടക്കുന്ന ബിഹാർ നിയമസഭാ തെരഞ്ഞെടുപ്പും ഇന്ത്യയുടെ ഭാവിരാഷ്ട്രീയത്തിൽ വലിയ സ്വാധീനം ചെലുത്തും. അതിലെല്ലാം ഇടതുപക്ഷ പുരോഗമനശക്തികളുടെയും വർഗീയവിരുദ്ധ ശക്തികളുടെയും മുന്നേറ്റവും വിജയവുമാണ് നമ്മുടെ അടിയന്തരലക്ഷ്യം. യെച്ചൂരിയുടെ കർമോന്മുഖത ഇ‍ൗ കടമകൾ ഏറ്റെടുക്കാൻ നമുക്ക്‌ മാതൃകയാകും എന്നതിൽ സംശയമില്ല. പത്തുലക്ഷത്തിലധികം വരുന്ന സിപിഐ എം അംഗങ്ങളെയാകെ സജീവമാക്കിക്കൊണ്ടും പാർടി അംഗങ്ങൾ പ്രവർത്തിക്കുന്ന എല്ലാത്തരം സംഘടനകളെയും ഉ‍ൗർജസ്വലമാക്കിക്കൊണ്ടും രാഷ്‌ട്രീയസമരങ്ങളെ സാംസ്‌കാരികോന്മുഖംകൂടിയായി വികസിപ്പിച്ചുകൊണ്ടും വർത്തമാനകാല രാഷ്‌ട്രീയ–സാംസ്‌കാരിക കടമകൾ സൂക്ഷ്‌മതയോടെ ഏറ്റെടുക്കാൻ, യെച്ചൂരിയുടെ രാഷ്‌ട്രീയജീവിതത്തിലെ ചടുലമായ മാതൃകകൾ നമുക്ക്‌ പ്രചോദനമാകുമെന്ന്‌ ഉറപ്പാണ്‌.
 

കൂടുതൽ ലേഖനങ്ങൾ

നേപ്പാളിലെ ആഭ്യന്തര കലാപം മൂലം കുടുങ്ങിക്കിടക്കുന്ന ഇന്ത്യൻ പൗരന്മാരുടെയും മലയാളികളുടെയും സുരക്ഷയും തിരിച്ചുവരവും ഉറപ്പാക്കാൻ അടിയന്തര ഇടപെടൽ ആവശ്യപ്പെട്ട് വിദേശകാര്യ മന്ത്രിക്ക് കത്ത് നൽകി

സ. കെ രാധാകൃഷ്ണൻ എംപി

നേപ്പാളിലെ ആഭ്യന്തര കലാപം മൂലം കുടുങ്ങിക്കിടക്കുന്ന ഇന്ത്യൻ പൗരന്മാരുടെയും മലയാളികളുടെയും സുരക്ഷയും തിരിച്ചുവരവും ഉറപ്പാക്കാൻ അടിയന്തര ഇടപെടൽ ആവശ്യപ്പെട്ട് വിദേശകാര്യ മന്ത്രി ഡോ. എസ്. ജയ്ശങ്കറിന് കത്ത് നൽകി.

പട്ടികവർഗ്ഗ ഗവേഷക വിദ്യാർത്ഥികളുടെ ഫെല്ലോഷിപ്പ് വിതരണം ആറുമാസമായി തടസ്സപ്പെട്ടതിൽ അടിയന്തിര ഇടപെടൽ ആവശ്യപ്പെട്ട് കേന്ദ്രപട്ടികവർഗ്ഗകാര്യ മന്ത്രിക്ക് കത്ത് നൽകി

സ. കെ രാധാകൃഷ്ണൻ എംപി

പട്ടികവർഗ്ഗ ഗവേഷക വിദ്യാർത്ഥികൾക്കായി കേന്ദ്ര സർക്കാർ നടപ്പാക്കുന്ന നാഷണൽ ഫെല്ലോഷിപ്പ് ഫോർ ഹയർ എജ്യുക്കേഷൻ ഓഫ് എസ്.ടി.

കർഷകരുടേയും തൊഴിലാളികളുടെയും മറ്റ് അടിസ്ഥാന ജനവിഭാഗങ്ങളുടെയും വിമോചനത്തിനായി തന്റെ ജീവിതം ഉഴിഞ്ഞുവച്ച സഖാവ് സീതാറാം യെച്ചൂരിയുടെ ഉജ്ജ്വല സ്മരണയ്ക്കു മുന്നിൽ അഭിവാദ്യങ്ങൾ അർപ്പിക്കുന്നു

സ. പിണറായി വിജയൻ

സഖാവ് സീതാറാം യെച്ചൂരി വിടവാങ്ങിയിട്ട് ഇന്നേക്ക് ഒരു വർഷം തികയുകയാണ്. അനുപമമായ ധൈഷണികതയും സംഘടനാപാടവവും സമ്മേളിച്ച സഖാവ് സീതാറാം സംഘാടകൻ, സാമാജികൻ, രാഷ്ട്രതന്ത്രജ്ഞൻ തുടങ്ങിയ നിലകളിൽ നിറഞ്ഞു നിന്ന വ്യക്തിത്വമാണ്.