Skip to main content

സഖാവ് അഴീക്കോടന്‍ രാഘവൻ രക്തസാക്ഷി ദിനം

കേരളത്തിലെ കമ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്റെ സമുന്നത നേതാവായിരുന്ന സ. അഴീക്കോടന്‍ രാഘവന്റെ രക്തസാക്ഷിത്വ വാര്‍ഷികദിനമാണ് ഇന്ന്. ഏവര്‍ക്കും പ്രിയപ്പെട്ട അഴീക്കോടന്‍ സഖാവിന്റെ ജീവന്‍ പൊലിഞ്ഞിട്ട് 53 വര്‍ഷം പിന്നിടുകയാണ്. 1972 സെപ്തംബര്‍ 23ന് രാത്രിയായിരുന്നു ആ അരുംകൊല. കൊല്ലപ്പെട്ട സമയത്ത് സിപിഐ എം സംസ്ഥാന സെക്രട്ടറിയറ്റ് അംഗവും ഐക്യമുന്നണിയുടെ കണ്‍വീനറുമായിരുന്നു അഴീക്കോടന്‍ രാഘവന്‍. പാര്‍ടി പരിപാടിയില്‍ പങ്കെടുക്കാനായി സഖാവ് തൃശൂരില്‍ എത്തുന്നുണ്ടെന്ന് മുന്‍കൂട്ടി മനസ്സിലാക്കിയ രാഷ്ട്രീയശത്രുക്കള്‍ ആസൂത്രണം ചെയ്തതായിരുന്നു കൊലപാതകം. വലതുപക്ഷ ശക്തികള്‍ ഇടതുപക്ഷ അരാജകവാദികളുമായി ചേര്‍ന്ന്‌ നടത്തിയ ആസൂത്രണമായിരുന്നു അരുംകൊലയ്ക്ക് ഇടയാക്കിയത്. കോണ്‍ഗ്രസ് നേതൃത്വത്തിന്റെ എല്ലാവിധ പിന്തുണയും അതിന് ഉണ്ടായിരുന്നു.

വളരെ സാധാരണമായ തൊഴിലാളികുടുംബത്തിലാണ് അഴീക്കോടന്‍ ജനിച്ചത്. കണ്ണൂര്‍ പട്ടണത്തിലെ തെക്കിബസാറിന് അടുത്തായിരുന്നു വീട്. ചെറുപ്രായത്തില്‍ത്തന്നെ ഉപജീവനത്തിന് ബീഡിത്തൊഴിലാളിയായി. ബീഡി തെറുപ്പിനൊപ്പം രാഷ്ട്രീയ ആദര്‍ശങ്ങളും വളര്‍ത്തി. അങ്ങനെ ബീഡിത്തൊഴിലാളികളുടെ സജീവ സംഘടനാപ്രവര്‍ത്തകനായി. 1946ല്‍ കമ്യൂണിസ്റ്റ് പാര്‍ടിയുടെ കണ്ണൂര്‍ ടൗണ്‍ സെക്രട്ടറിയായി. 1954ല്‍ മലബാര്‍ ട്രേഡ് യൂണിയന്‍ കൗണ്‍സിലിന്റെ സെക്രട്ടറിയായി. തുടര്‍ന്ന് പാര്‍ടി സംഘടനാരംഗത്ത് വിവിധ ചുമതലകള്‍ വഹിച്ചു. സമരപോരാട്ടങ്ങളില്‍ ആവേശകരമായ സാന്നിധ്യമായിരുന്നു അഴീക്കോടന്‍. പാര്‍ടിയെയും പ്രസ്ഥാനത്തെയും ബഹുദൂരം മുന്നോട്ടുനയിക്കുന്നതില്‍ ത്യാഗനിര്‍ഭരമായ പ്രവര്‍ത്തനമാണ് അഴീക്കോടന്‍ നടത്തിയത്. തൊഴിലാളികളെയും കര്‍ഷകരെയും സമൂഹത്തിലെ നാനാതുറയില്‍പ്പെട്ടവരെയും ഒരുമിച്ച് അണിനിരത്തി പ്രക്ഷോഭപാതകള്‍ക്ക് അദ്ദേഹം കരുത്തുപകര്‍ന്നു. പ്രതിസന്ധി മുറിച്ചുകടക്കുന്നതില്‍ അഴീക്കോടന്റെ നേതൃത്വവും അനുഭവസമ്പത്തും പാര്‍ടിക്ക് എന്നും മുതല്‍ക്കൂട്ടായിരുന്നു.

സംഘര്‍ഷഭരിതമായ രാഷ്ട്രീയ കാലാവസ്ഥയിലാണ് 1956ല്‍ സഖാവ് പാര്‍ടിയുടെ കണ്ണൂര്‍ ജില്ലാ സെക്രട്ടറിയാകുന്നത്. 1959ല്‍ സംസ്ഥാന കേന്ദ്രത്തിലേക്ക് പ്രവര്‍ത്തനം മാറ്റി. 1967ല്‍ ഐക്യമുന്നണി കോ -ഓര്‍ഡിനേഷന്‍ കമ്മിറ്റിയുടെ കണ്‍വീനറായി. മുന്നണിരാഷ്ട്രീയം കൈകാര്യം ചെയ്യുന്നതില്‍ അസാമാന്യപാടവമാണ് സഖാവ് പ്രകടിപ്പിച്ചത്. എതിരാളികളുടെ ആക്രമണങ്ങളെ നിരവധിതവണ നേരിട്ടു. അശേഷം പതറാതെതന്നെ മുന്നോട്ടുപോയി. വിവിധ കാലങ്ങളിലായി നിരവധി പ്രാവശ്യം ജയിലില്‍ അടയ്ക്കപ്പെട്ടു. 1948ല്‍ അറസ്റ്റ് ചെയ്യപ്പെടുകയും ക്രൂരമര്‍ദനത്തിന് വിധേയമാകേണ്ടി വരികയും ചെയ്തു. 1950, 1962, 1964 വര്‍ഷങ്ങളിലും ജയില്‍വാസം അനുഭവിച്ചു.

കമ്യൂണിസ്റ്റ് പാര്‍ടിയിലുണ്ടായ പ്രത്യയശാസ്ത്രപരവും സംഘടനാപരവുമായ വിഷയങ്ങളില്‍ ശരിയായ മാര്‍ക്സിസ്റ്റ് നിലപാടെടുക്കാന്‍ അദ്ദേഹത്തിന്‌ കഴിഞ്ഞിരുന്നു. വലത് റിവിഷനിസത്തിനും ഇടത് തീവ്രവാദത്തിനുമെതിരെ നിരന്തരം പോരാടുകയുണ്ടായി. ശരിയായ രാഷ്ട്രീയനിലപാട് ഉയര്‍ത്തിപ്പിടിച്ച് പാര്‍ടിയെയും പ്രസ്ഥാനത്തെയും നയിച്ചു. ജീവിതത്തിന്റെ വിവിധതുറയില്‍ അഴീക്കോടന്‍ തന്റേതായ സംഭാവനകള്‍ അടയാളപ്പെടുത്തിയിട്ടുണ്ട്. സഹകരണമേഖലയിലും സജീവമായി ഇടപെട്ടിരുന്നു. ട്രാന്‍സ്പോര്‍ട്ട് മേഖലയിലെ തൊഴിലാളികളുടെ സംഘടനാപ്രവര്‍ത്തനത്തിന് അദ്ദേഹം കൃത്യമായ ദിശാബോധം നല്‍കി.

1969ല്‍ ദേശാഭിമാനി പ്രിന്റിങ്‌ ആന്‍ഡ് പബ്ലിഷിങ് കമ്പനിയുടെ ഭരണസമിതി ചെയര്‍മാനായിരുന്നു. ദേശാഭിമാനിയെ ബഹുജന പത്രമാക്കുന്നതിന്‌ നടന്ന പ്രവര്‍ത്തനങ്ങളില്‍ സവിശേഷമായി ഇടപെട്ടു. എതിരാളികളുടെ നുണപ്രചാരണങ്ങളെ നേരിടുന്നതിന് ദേശാഭിമാനിയെ ശക്തിപ്പെടുത്തേണ്ടതിന്റെ പ്രാധാന്യം ഓരോ ഘട്ടത്തിലും അദ്ദേഹം ഓര്‍മപ്പെടുത്തി.

സഖാവിന്റെ രക്തസാക്ഷിത്വദിനത്തിലാണ് സ്ഥിരം വരിക്കാരെ ചേര്‍ക്കുന്നതിനുള്ള ദേശാഭിമാനി പത്രപ്രചാരണ പ്രവര്‍ത്തനം ആരംഭിക്കുന്നത്. കേരളത്തിലെ ഏറ്റവും വലിയ ബഹുജനപത്രമായി ദേശാഭിമാനിയെ വളര്‍ത്തിയെടുക്കുകയെന്ന അഴീക്കോടന്‍ ഉള്‍പ്പെടെയുള്ള നേതാക്കളുടെ സ്വപ്‌നം സാക്ഷാല്‍ക്കരിക്കുന്നതിനുള്ള പ്രവര്‍ത്തനങ്ങളില്‍ മുഴുകിയാകട്ടെ അഴീക്കോടന്‍ ദിനാചരണം.

സിപിഐ എം ഭരണത്തിലിരുന്നപ്പോഴും പ്രതിപക്ഷത്തായപ്പോഴും മുന്നണിയുടെ സംസ്ഥാന കണ്‍വീനറായിരുന്ന പക്വമതിയും രാഷ്ട്രീയ നയതന്ത്രജ്ഞനുമായിരുന്നു അദ്ദേഹം. അതുകൊണ്ടുതന്നെ ജനങ്ങളുടെ പ്രിയങ്കരനായ നേതാവുമായി. സിപിഐ എമ്മിനെ താഴ്ത്തിക്കെട്ടാനും ഇടതുപക്ഷചേരിയെ ശിഥിലമാക്കാനും ഇല്ലാത്ത അഴിമതിക്കഥകള്‍ കമ്യൂണിസ്റ്റ് നേതൃത്വത്തിനെതിരെ ശത്രുപക്ഷവും മാധ്യമങ്ങളും പ്രചരിപ്പിച്ചു. എന്നാല്‍, തൃശൂര്‍ ചെട്ടിയങ്ങാടി തെരുവില്‍ കുത്തേറ്റുമരിച്ച സഖാവിന്റെ മൃതദേഹം, ഓലമേഞ്ഞ വീട്ടില്‍ പൊതുദര്‍ശനത്തിന്‌ വച്ചപ്പോഴാണ് അത്രമേല്‍ നിസ്വാര്‍ഥനായ നേതാവായിരുന്നു എന്നത് നാടറിഞ്ഞത്.

അഴീക്കോടന്‍ ഉള്‍പ്പെടെയുള്ള നേതാക്കള്‍ ലക്ഷ്യംവച്ച വിധത്തില്‍ സിപിഐ എമ്മിന്റെയും ഇടതുപക്ഷ മുന്നണിയുടെയും ബഹുജനപിന്തുണ വലിയ തോതില്‍ വര്‍ധിച്ചു. ചരിത്രത്തില്‍ ഇല്ലാത്ത വിധമുള്ള വികസനപ്രവര്‍ത്തനമാണ് കേരളത്തില്‍ ഇടതുപക്ഷ ജനാധിപത്യ മുന്നണിയുടെ ഭരണത്തില്‍ നടക്കുന്നത്. എല്ലാ മേഖലയിലും നാം നേട്ടങ്ങള്‍ കൊയ്തു. കമ്യൂണിസ്റ്റ് പാര്‍ടിയുടെയും ഇടതുപക്ഷ ജനാധിപത്യമുന്നണിയുടെയും അതിന്റെ നേതൃത്വത്തിലുള്ള ഗവണ്‍മെന്റുകളുടെയും ദീര്‍ഘദര്‍ശിത്വം കേരളത്തെ പുരോഗതിയിലേക്ക്‌ കൊണ്ടുപോയി. രണ്ടാം പിണറായി സർക്കാർ അധികാരമേറ്റെടുത്ത 2021 മെയ് 20ലെ ആദ്യ മന്ത്രിസഭായോഗം തീരുമാനിച്ചത് അതിദരിദ്രരില്ലാത്ത കേരളം സാക്ഷാൽക്കരിക്കുമെന്നാണ്. ഈ വര്‍ഷം നവംബര്‍ ഒന്നിന് കേരളപ്പിറവിദിനത്തില്‍ അതിദരിദ്രരില്ലാത്ത കേരളം എന്ന പദവിയില്‍ നാമെത്തും.

ആഗോളവല്‍ക്കരണനയങ്ങള്‍ക്ക് ബദൽ ഉയര്‍ത്തിക്കൊണ്ട് കേരളത്തില്‍ എല്‍ഡിഎഫ് സര്‍ക്കാര്‍ പ്രവര്‍ത്തിക്കുകയാണ്. കേരളം മിക്ക സൂചികകളിലും ഒന്നാംസ്ഥാനത്താണ്. സര്‍ക്കാരിന്റെ ഇടപെടലുകളെ തുരങ്കംവയ്‌ക്കാന്‍ യുഡിഎഫും ബിജെപിയും ഒരുപോലെ കിണഞ്ഞുശ്രമിക്കുന്നു. അതിന് വലതുപക്ഷ മാധ്യമങ്ങളുടെ നിര്‍ലോഭമായ പിന്തുണയും അവര്‍ക്ക്‌ കിട്ടുന്നു. അവാസ്തവമായ കാര്യങ്ങളും വ്യാജവാര്‍ത്തകളും നിരന്തരം സൃഷ്ടിച്ച് സര്‍ക്കാരിനെ ഇകഴ്‌ത്താനാണ് അവരുടെ കൂട്ടായ ശ്രമം. ജമാഅത്തെ ഇസ്ലാമിയുടെ പിന്തുണ നേടി നാടിനെ വര്‍ഗീയവേദിയാക്കി മാറ്റാനാണ് യുഡിഎഫ് ശ്രമിക്കുന്നത്. ന്യൂനപക്ഷവര്‍ഗീയതയെ പൂര്‍ണമായും ആശ്രയിക്കുന്ന നിലയിലേക്ക് ലീഗും കോണ്‍ഗ്രസും മാറിയിരിക്കുന്നു. കേന്ദ്ര സർക്കാരിന്റെ സാമ്പത്തിക ഉപരോധവും ജിഎസ്ടി നിരക്ക് പരിഷ്കരണത്തിന്റെ ഭാഗമായി സംഭവിക്കുന്ന വരുമാനനഷ്ടവും അത് പരിഹരിക്കുന്നതിൽ കേന്ദ്ര സർക്കാരിന്റെ നിഷേധാത്മകനിലപാടും പ്രതിസന്ധി സൃഷ്ടിക്കുന്നുണ്ടെങ്കിലും കേരളം വലിയ വികസനക്കുതിപ്പിലേക്കാണ് നീങ്ങുന്നത്.

ജനജീവിതം അനുദിനം ബുദ്ധിമുട്ടിലാക്കുന്ന സമീപനമാണ് കേന്ദ്രത്തിലെ ബിജെപി സര്‍ക്കാര്‍ തുടര്‍ച്ചയായി കൈക്കൊള്ളുന്നത്. മൂന്നാംതവണയും അധികാരത്തിലെത്തിയതോടെ ജനഹിതവും ഭരണഘടനയും അട്ടിമറിച്ച് ഇന്ത്യയെത്തന്നെ ഇല്ലാതാക്കാനാണ് അവരുടെ ശ്രമം. കേന്ദ്ര സര്‍ക്കാര്‍ മുന്നോട്ടുവയ്ക്കുന്ന കോര്‍പറേറ്റ്–ഹിന്ദുത്വ അജന്‍ഡയ്ക്കെതിരെ ശക്തമായ പ്രക്ഷോഭങ്ങള്‍ ഉയര്‍ന്നുകൊണ്ടിരിക്കുകയാണ്. ബിജെപി സര്‍ക്കാരിനെതിരെ നടക്കുന്ന പോരാട്ടങ്ങള്‍ക്ക് സഖാവ് അഴീക്കോടന്റെ സ്മരണ കരുത്തുപകരുമെന്ന കാര്യത്തില്‍ സംശയമില്ല. ആ ഓര്‍മകള്‍ക്കുമുന്നില്‍ രക്തപുഷ്പങ്ങൾ അര്‍പ്പിക്കുന്നു.
 

കൂടുതൽ ലേഖനങ്ങൾ

കേരളപ്പിറവി ദിനത്തില്‍, ആരും വിശക്കാത്ത, ഒറ്റപ്പെടാത്ത, എല്ലാവര്‍ക്കും തുല്യ അവസരങ്ങളുള്ള ഒരു കേരളത്തിനായി നമുക്ക് ഒരുമിച്ച് പ്രവര്‍ത്തിക്കാം

സ. പിണറായി വിജയൻ

കേരള സംസ്ഥാനം രൂപീകൃതമായിട്ട് 69 വര്‍ഷങ്ങള്‍ പൂര്‍ത്തിയാവുകയാണ്. വിസ്തൃതിയില്‍ ചെറിയ സംസ്ഥാനങ്ങളുടെ പട്ടികയിലാണ് കേരളമെങ്കിലും ലോകമാകെ ശ്രദ്ധിക്കുന്ന ഒട്ടനവധി നേട്ടങ്ങള്‍ സ്വന്തമാക്കാന്‍ നമുക്ക് കഴിഞ്ഞു. അതിലേറ്റവും പ്രധാന നേട്ടവുമായാണ് ഇത്തവണ ലോകമാകെ മലയാളികള്‍ കേരളപ്പിറവി ആഘോഷിക്കുന്നത്.

തെലങ്കാനയിലെ മുതിർന്ന സിപിഐ എം നേതാവ് സമിനേനി രാമറാവുവിനെ കോൺഗ്രസ് ഗുണ്ടകൾ കൊലപ്പെടുത്തിയെന്ന വാർത്ത ഞെട്ടിക്കുന്നതും അങ്ങേയറ്റം പ്രതിഷേധാർഹവും

സ. എം വി ഗോവിന്ദൻ മാസ്റ്റർ

തെലങ്കാനയിലെ മുതിർന്ന സിപിഐ എം നേതാവ് സമിനേനി രാമറാവുവിനെ കോൺഗ്രസ് ഗുണ്ടകൾ കൊലപ്പെടുത്തിയെന്ന വാർത്ത ഞെട്ടിക്കുന്നതും അങ്ങേയറ്റം പ്രതിഷേധാർഹവുമാണ്. പ്രാദേശിക തെരഞ്ഞെടുപ്പിൽ പരാജയപ്പെടുമെന്ന ഭയത്തിലാണ് കോൺഗ്രസ് ഗുണ്ടാസംഘം കൊലപാതകം ആസൂത്രണം ചെയ്തത്.

സംസ്ഥാന സ്‌കൂൾ ഒളിമ്പിക്സിൽ സബ്‌ജൂനിയർ പെൺകുട്ടികളുടെ 100 മീറ്റർ ഓട്ടത്തിൽ മീറ്റ് റെക്കോഡ് നേടിയ ദേവപ്രിയ ഷൈബുവിന് സിപിഐ എം നിർമിച്ചു നൽകുന്ന വീടിന്‌ മുതിർന്ന സിപിഐ എം നേതാവ് സ. എം എം മണി തറക്കല്ലിട്ടു

സംസ്ഥാന സ്‌കൂൾ ഒളിമ്പിക്സിൽ സബ്‌ജൂനിയർ പെൺകുട്ടികളുടെ 100 മീറ്റർ ഓട്ടത്തിൽ മീറ്റ് റെക്കോഡ് നേടിയ ദേവപ്രിയ ഷൈബുവിന് സിപിഐ എം നിർമിച്ചു നൽകുന്ന വീടിന്‌ മുതിർന്ന സിപിഐ എം നേതാവ് സ. എം എം മണി തറക്കല്ലിട്ടു. പാർടി ഇടുക്കി ജില്ലാ സെക്രട്ടറി സ. സി വി വർഗീസ്, ദേവപ്രിയ ഷൈബു എന്നിവർ സമീപം.