Skip to main content

വിലക്കയറ്റം സൃഷ്‌ടിക്കുന്ന കേന്ദ്രനയങ്ങൾ തിരുത്തണമെന്നും കേരളത്തോടുള്ള കേന്ദ്ര അവഗണന അവസാനിപ്പിക്കണമെന്നും ആവശ്യപ്പെട്ട്‌ എൽഡിഎഫിന്റെ നേതൃത്വത്തിൽ ഏരിയ കേന്ദ്രങ്ങളിലെ കേന്ദ്ര സർക്കാർ ഓഫീസുകൾക്കു മുന്നിൽ പ്രതിഷേധം സംഘടിപ്പിക്കുകയാണ് | 21.04.2022

വിലക്കയറ്റം സൃഷ്‌ടിക്കുന്ന കേന്ദ്രനയങ്ങൾ തിരുത്തണമെന്നും കേരളത്തോടുള്ള കേന്ദ്ര അവഗണന അവസാനിപ്പിക്കണമെന്നും ആവശ്യപ്പെട്ട്‌ എൽഡിഎഫിന്റെ നേതൃത്വത്തിൽ ഏരിയ കേന്ദ്രങ്ങളിലെ കേന്ദ്ര സർക്കാർ ഓഫീസുകൾക്കു മുന്നിൽ പ്രതിഷേധം സംഘടിപ്പിക്കുകയാണ്.

രാജ്യത്ത്‌ എല്ലാ മേഖലയിലും വിലക്കയറ്റം രൂക്ഷമാകുകയാണ്‌. ജനങ്ങളെയാകെ തീരാദുരിതത്തിലേക്ക്‌ തള്ളിവിട്ടുകൊണ്ട്‌ കോർപറേറ്റ്‌ കൊള്ള കൊഴുപ്പിക്കുകയാണ്‌ മോദി സർക്കാർ. ഇന്ധനവിലയിൽ തുടങ്ങി അവശ്യമരുന്നുകളുടെ വിലവരെ വർധിപ്പിച്ചു. എല്ലാ മേഖലയിലും വിലവർധന സൃഷ്ടിക്കുന്ന നയങ്ങളാണ്‌ മോദി സർക്കാർ നിരന്തരം നടപ്പാക്കുന്നത്‌. പെട്രോൾ–-ഡീസൽ വില ഓരോ ദിവസവും വർധിപ്പിക്കുന്നു. ഒരു ലിറ്റർ പെട്രോളിന്റെ വില 118 രൂപയിൽ എത്തുകയാണ്‌. ഡീസൽ വില 103 പിന്നിട്ടു. പാചകവാതകവിലയും വർധിപ്പിച്ചു. പെട്രോൾ–-ഡീസൽ വിലവർധന ഉപ്പുമുതൽ കർപ്പൂരംവരെ സകലതിന്റെയും വിലക്കയറ്റത്തിനിടയാക്കും. നേരത്തേതന്നെ തീപിടിച്ചിരിക്കുന്ന വിലകൾ ഇപ്പോൾ ആളിപ്പടരുകയാണ്‌. ഭക്ഷ്യസാധനങ്ങൾ, ഭക്ഷ്യ എണ്ണ, ഔഷധങ്ങൾ, നിർമിത ഉൽപ്പന്നങ്ങൾ എന്നിവയ്‌ക്കെല്ലാം വില കുതിക്കുകയാണ്. പാചകവാതകത്തിന്റെ വിലവർധന കുടുംബങ്ങളുടെ ജീവിതച്ചെലവ്‌ ആകെ താളംതെറ്റിക്കും. ഗാർഹികാവശ്യത്തിനുള്ള സിലിണ്ടറിന്‌ മാസംതോറും വില കൂട്ടുകയാണ്‌. 960 രൂപയാണ്‌ ഇപ്പോഴത്തെ വില. രണ്ടു വർഷമായി പാചകവാതക സബ്‌സിഡി നിർത്തിയിരിക്കയാണ്‌.

കോവിഡ്‌ മഹാമാരിയിൽപ്പെട്ട്‌ രാജ്യത്തെ സമസ്‌ത മേഖലയും പ്രതിസന്ധിയിലായ ഘട്ടത്തിൽ സാധാരണക്കാർ ജീവിതം തിരിച്ചുപിടിക്കാൻ പാടുപെടുമ്പോഴാണ്‌ മോദി സർക്കാർ വിലവർധന സൃഷ്ടിച്ച്‌ സാധാരണക്കാരെ വീണ്ടും ദുരിതക്കയത്തിലേക്ക്‌ തള്ളിവിടുന്നത്‌. ദുരിതകാലത്ത് ജനങ്ങൾക്ക് എങ്ങനെയൊക്കെ ആശ്വാസം നൽകാനാകുമെന്നാണ് ഏതു സർക്കാരും ചിന്തിക്കേണ്ടത്. പക്ഷേ, മോദി ഭരണത്തിൽ നേരെ തിരിച്ചാണ് ആലോചന. എങ്ങനെ ജനങ്ങളെ ദ്രോഹിക്കാമെന്നാണ്‌ ഓരോ ദിവസവും ആലോചിക്കുന്നത്‌. അതിന്റെ ഏറ്റവും പ്രധാന തെളിവാണ് ഇന്ധനവില വർധന. ജനാധിപത്യഭരണത്തിന്റെ പേരിലുള്ള പകൽക്കൊള്ളയാണ്‌ രാജ്യത്ത്‌ അരങ്ങേറുന്നത്‌. ഏറ്റവുമൊടുവിൽ പുറത്തുവന്ന ഔദ്യോഗിക കണക്കുപ്രകാരം മൊത്തവില സൂചികയെ അടിസ്ഥാനമാക്കിയുള്ള വിലക്കയറ്റനിരക്ക് (പണപ്പെരുപ്പം) മാർച്ചിൽ 14.55 ശതമാനമായി വർധിച്ചു. നാലുമാസത്തിനിടെ ഏറ്റവും കൂടിയ നിരക്ക്. ഉപഭോക്‌തൃ വിലസൂചികയെ അടിസ്ഥാനമാക്കിയുള്ള വില 6.95 ശതമാനവും വർധിച്ചു. 17 മാസത്തിനിടയിലെ ഏറ്റവും വലിയ വർധന. ഉപഭോക്‌തൃവില വരുംദിവസങ്ങളിൽ വീണ്ടും ഉയരുന്നതോടെ ജനജീവിതം കൂടുതൽ ദുസ്സഹമാകും. ചില്ലറവ്യാപാര മേഖലയിൽ തുടർച്ചയായി വില കൂടുകയാണ്‌. പഴം, പച്ചക്കറി, ഭക്ഷ്യധാന്യങ്ങൾ എന്നിവയുടെയൊക്കെ വില കൂടി.

റഷ്യ–ഉക്രയ്ൻ യുദ്ധത്തെത്തുടർന്ന് രാജ്യാന്തരവിപണിയിൽ വില കൂടിയതാണ് ഇപ്പോൾ പെട്രോൾ–-ഡീസൽ വില കൂട്ടാൻ കാരണമായി കേന്ദ്ര സർക്കാർ പറയുന്നത്‌. അങ്ങനെയെങ്കിൽ രാജ്യാന്തര വിപണിയിൽ കുറയുമ്പോൾ എന്തുകൊണ്ട് ഇവിടെ വില കുറയ്‌ക്കുന്നില്ല? 2014-–-2015 മുതൽ 2020–-21 വരെ രാജ്യാന്തര വിപണിയിൽ വലിയ വിലവർധന ഇല്ലായിരുന്നു. എന്നാൽ, അതിന്റെ നേട്ടം ജനങ്ങൾക്ക് കിട്ടാതിരിക്കാൻ അടിക്കടി നികുതി വർധിപ്പിക്കുകയാണ് കേന്ദ്രം ചെയ്തത്. ഇക്കാലയളവിൽ കേന്ദ്രം ഏതാണ്ട് 16.7 ലക്ഷം കോടി രൂപ പെട്രോളിയം നികുതിയിനത്തിൽ സമാഹരിച്ചു. 2019–---20ൽ കേന്ദ്രത്തിനു ലഭിച്ചത് 1.78 ലക്ഷം കോടി. 2020–-21ൽ അത് 3.72 ലക്ഷം കോടിയായി വർധിച്ചു. അടിസ്ഥാന കേന്ദ്ര എക്സൈസ് നികുതി, സ്പെഷ്യൽ അഡീഷണൽ എക്സൈസ് നികുതി, റോഡ് ഇൻഫ്രാ സ്ട്രക്ചർ സെസ്, കാർഷിക-–-വികസന സെസുകൾ എന്നിവ ഉൾക്കൊള്ളുന്നതാണ് പെട്രോളിയം നികുതി. ഇപ്പോൾ, പെട്രോൾ നികുതിയുടെ 96 ശതമാനവും ഡീസൽ നികുതിയുടെ 94 ശതമാനവും സെസുകളും സർചാർജുമാണ്‌. ഇത് സംസ്ഥാനങ്ങൾക്ക് പങ്കുവയ്‌ക്കേണ്ടതുമില്ല. ഇതൊക്കെ കുറച്ചാൽ വില കുറയ്ക്കാം. പക്ഷേ, കേന്ദ്രം അതിനു തയ്യാറാകുന്നില്ല. കോർപറേറ്റുകൾക്ക്‌ ലക്ഷക്കണക്കിന്‌ കോടി രൂപയുടെ നികുതിയിളവ്‌ നൽകുന്ന സർക്കാർ ധനകമ്മി നികത്താൻ ജനങ്ങളെ കൊള്ളയടിക്കുകയാണ്‌.

ജീവൻരക്ഷാ മരുന്നുകളുടെ വില അടുത്തിടെയാണ്‌ വർധിപ്പിച്ചത്‌. ജീവൻ നിലനിർത്താനുള്ള ജനങ്ങളുടെ അവകാശത്തെപ്പോലും ഇല്ലാതാക്കുകയാണ് മോദി സർക്കാർ. അവശ്യമരുന്നുകളുടെ ദേശീയ പട്ടികയിൽപ്പെടുത്തിയിട്ടുള്ള പാരസെറ്റമോൾ മുതൽ സാധാരണ ഉപയോഗിച്ചുവരുന്ന ആന്റിബയോട്ടിക്കുകളായ അസിത്രോമൈസിന്റെയും ഡോക്‌സിസൈക്ലിന്റെയും രക്താതിമർദം, പ്രമേഹം എന്നിവയ്‌ക്കുള്ള മരുന്നുകളുടെ വില 10.7 ശതമാനം വർധിപ്പിച്ചു. എണ്ണൂറോളം മരുന്നിന്റെ വില 20 ശതമാനത്തിലേറെയാണ്‌ കൂട്ടിയത്‌. മരുന്നുകമ്പനികൾക്ക്‌ അമിതലാഭം നേടുന്നതിനായി വില വർധിപ്പിച്ചപ്പോൾ ജനങ്ങളുടെ ജീവൻകൊണ്ട്‌ സർക്കാർ പന്താടുകയായിരുന്നു. പ്രതിസന്ധിയിലായ കാർഷികമേഖലയെ രക്ഷിക്കുന്നതിനു പകരം കർഷകരെ കൂടുതൽ പ്രതിസന്ധിയിലാക്കിക്കൊണ്ട്‌ വളങ്ങളുടെ വിലയും വർധിപ്പിച്ചു.

വിലക്കയറ്റം ഏറ്റവും കൂടുതൽ ബാധിക്കുന്നത്‌ ഉപഭോക്‌തൃ സംസ്ഥാനമായ കേരളത്തെയാണ്‌. എല്ലാ സാധനത്തിനും ഇതര സംസ്ഥാനങ്ങളെ ആശ്രയിക്കുന്നതിനാൽ ചരക്കുകൂലി വർധനമൂലം നിത്യോപയോഗ സാധനങ്ങളുടെ വില വർധിക്കുന്നു. പൊതുവിതരണശൃംഖല ശക്തിപ്പെടുത്തി വിലക്കയറ്റം പിടിച്ചുനിർത്താൻ എൽഡിഎഫ്‌ സർക്കാർ ശ്രമിക്കുന്നതുകൊണ്ടാണ്‌ വൻ വിലക്കയറ്റം കേരളത്തിൽ അനുഭവപ്പെടാത്തത്‌. കമ്പോളത്തിൽ സർക്കാർ ഇടപെടൽ ഇല്ലാതാക്കുക എന്നതാണ് കേന്ദ്ര സർക്കാർ നയമെങ്കിൽ ഇടപെട്ട് മുന്നോട്ടുപോകുക എന്നതാണ് കേരള സർക്കാർ സ്വീകരിക്കുന്ന സമീപനം. ഇതിന്റെ അടിസ്ഥാനത്തിലാണ് സിവിൽ സപ്ലൈസ് കോർപറേഷൻ 70 പുതിയ വിൽപ്പനശാല ആരംഭിച്ചതും 97 എണ്ണം നവീകരിച്ചതും. അതോടൊപ്പംതന്നെ സഹകരണമേഖലയുമായി യോജിച്ച് ഉത്സവകാലങ്ങളിൽ പൊതുവിപണിയിൽ സവിശേഷമായ ഇടപെടലും നടത്തി. കേരളത്തിലെ വിവിധ താലൂക്കുകളിൽ 700 കേന്ദ്രത്തിൽ സഞ്ചരിക്കുന്ന മാവേലി സ്റ്റോർ എത്തിച്ചേർന്നു. പൊതുവിതരണ സമ്പ്രദായത്തെ സാങ്കേതികവിദ്യയുടെ സഹായത്തോടെ നവീകരിക്കുന്നതിനുള്ള നടപടികളും സ്വീകരിച്ചു. ഓൺലൈനായി സാധനങ്ങൾ വാങ്ങുന്നതിനുള്ള സൗകര്യങ്ങളും സർക്കാർ ഒരുക്കി.

വിലക്കയറ്റം തടഞ്ഞുനിർത്തുന്നത് ഉൾപ്പെടെയുള്ള കേന്ദ്ര സർക്കാർ നയങ്ങൾക്കെതിരെ ബദൽ ഉയർത്തിക്കൊണ്ട് സംസ്ഥാന സർക്കാർ മുന്നോട്ടുപോകുമ്പോൾ കേരളത്തിന്റെ വികസനത്തെ തകർക്കുന്ന നടപടിയാണ് കേന്ദ്ര സർക്കാർ സ്വീകരിക്കുന്നത്. കേന്ദ്ര സർക്കാരിന്റെ നവലിബറൽ നയങ്ങൾ ശക്തമായ ഈ കാലഘട്ടത്തിൽ സംസ്ഥാനങ്ങളെ സാമ്പത്തികമായി തളർത്തുന്ന നയമാണ് കേന്ദ്ര സർക്കാർ സ്വീകരിക്കുന്നത്. സർചാർജുകളും സെസുകളും ഉയർത്തുന്നതുവഴി സംസ്ഥാനങ്ങൾക്ക് ഭരണഘടനാപരമായി ലഭിക്കേണ്ട നികുതിവിഹിതത്തിൽ അന്യായമായ കുറവ് വരുത്തുകയാണ്. ജിഎസ്ടി നടപ്പാക്കിയതിലൂടെ സംസ്ഥാനങ്ങളുടെ നികുതി അധികാരം വെട്ടിച്ചുരുക്കി. സാമൂഹ്യക്ഷേമ ചെലവുകൾ ഏറ്റവുമധികം നിർവഹിക്കുന്ന കേരളംപോലുള്ള സംസ്ഥാനത്തിന് ഈ നയങ്ങൾ കനത്ത ആഘാതമാണ് ഏൽപ്പിക്കുന്നത്. പശ്ചാത്തലസൗകര്യ വികസനത്തിന്റെ കാര്യത്തിൽ കേരളത്തോട് കേന്ദ്ര സർക്കാർ എക്കാലത്തും ചിറ്റമ്മ നയമാണ് സ്വീകരിക്കുന്നത്. മുൻ കോൺഗ്രസ്‌ സർക്കാരുകളുടെ അതേ നയമാണ് ബിജെപി സർക്കാരും തുടരുന്നത്. ഉപഭോക്തൃ സംസ്ഥാനമായ കേരളത്തിന് കേന്ദ്ര സർക്കാർ അടിക്കടി വരുത്തുന്ന ഇന്ധനവില വർധന താങ്ങാനാകാത്തവിധം ദുസ്സഹമാണ്. ജീവിതച്ചെലവും സർക്കാരിന്റെ ചെലവും ഏറുമ്പോൾ തന്നെ നികുതി വിഹിതവും കുറയുകയാണ്. ഇത്തരത്തിൽ ലോകശ്രദ്ധയാകർഷിച്ച കേരളത്തിന്റെ വികസന പരിപ്രേക്ഷ്യത്തെ തകർക്കുന്ന സമീപനമാണ് കേന്ദ്രത്തിന്റെ ഭാഗത്തുനിന്നുണ്ടാകുന്നത്.

പതിനഞ്ചാം ധനകമ്മീഷൻ ശുപാർശപ്രകാരം കേരളത്തിന്റെ നികുതി വിഹിതം 1.92 ശതമാനമാണ്. ഇത് 14-ാം ധനകമ്മീഷൻ ശുപാർശ ചെയ്ത 2.50 ശതമാനത്തിൽനിന്നും വലിയ ഇടിവാണ്. കേന്ദ്രം കോർപറേറ്റുകൾക്ക് നികുതി ഇളവും സ്വത്തിനു മുകളിലുള്ള നികുതി ഇല്ലാതാക്കിയും അതിസമ്പന്നർക്കുള്ള നികുതി നിരക്ക് കുറച്ചുകൊണ്ടും സംസ്ഥാനങ്ങൾക്ക് ലഭ്യമാകേണ്ട നകുതി വിഹിതത്തിൽ ഇടിവുണ്ടാകുന്ന ഇരട്ടപ്രഹരം കേരളം നേരിടുന്നു.

സംസ്ഥാനത്തിന്റെ സുപ്രധാന വികസനപദ്ധതിയായ സിൽവർ ലൈൻ ഉൾപ്പെടെയുള്ള പല പദ്ധതിക്കും അനുമതി നൽകുന്നില്ല. വില അടിക്കടി വർധിപ്പിക്കുന്നതുൾപ്പെടെയുള്ള കേന്ദ്ര സർക്കാരിന്റെ ജനവിരുദ്ധനയങ്ങൾ തിരുത്തിയാൽ മാത്രമേ ജനങ്ങളുടെ ജീവിതനിലവാരം ഉറപ്പുവരുത്താനാകൂ. വിലക്കയറ്റം സൃഷ്ടിക്കുന്ന കേന്ദ്ര സർക്കാരിന്റെ നയങ്ങൾ തിരുത്തണമെന്നും കേരളത്തോടുള്ള അവഗണന അവസാനിപ്പിക്കണമെന്ന്‌ ആവശ്യപ്പെട്ടും എൽഡിഎഫിന്റെ നേതൃത്വത്തിൽ വ്യാഴാഴ്‌ച സംസ്ഥാന വ്യാപകമായി ഏരിയ കേന്ദ്രങ്ങളിലെ കേന്ദ്ര സർക്കാർ ഓഫീസുകൾക്കുമുന്നിൽ പ്രക്ഷോഭം സംഘടിപ്പിക്കുകയാണ്‌. ഈ ജനകീയ പ്രതിഷേധത്തിൽ എല്ലാ വിഭാഗം ആളുകളും പങ്കെടുത്തുകൊണ്ട്‌ കേന്ദ്ര സർക്കാരിന്‌ ശക്തമായ താക്കീത്‌ നൽകാനാകണം.

കൂടുതൽ ലേഖനങ്ങൾ

പതിനാറാം ധനകമീഷൻ: സംസ്ഥാനത്തിന് അർഹമായ പരിഗണന കിട്ടണം

സ. കെ എൻ ബാലഗോപാൽ

നിതി ആയോഗ്‌ മുൻ വൈസ്‌ ചെയർമാൻ ഡോ. അരവിന്ദ്‌ പനഗാരിയ ചെയർമാനായ പതിനാറാം ധനകമീഷൻ റിപ്പോർട്ട്‌ തയ്യാറാക്കുന്നതിന്‌ മുന്നോടിയായുള്ള ചർച്ചകൾക്കായി കേരളത്തിലെത്തി മടങ്ങി. സംസ്ഥാനങ്ങൾക്കുള്ള ധനവിഹിതം സംബന്ധിച്ച ധന കമീഷന്റെ റിപ്പോർട്ടിനും തീർപ്പുകൾക്കും (അവാർഡുകൾ) വലിയ പ്രധാന്യമാണുള്ളത്‌.

സംസ്ഥാനങ്ങളുടെ ധനപരമായ ഫെഡറലിസം ശക്തിപ്പെടുത്തണം, ധനകമീഷന്‌ സിപിഐ എം നിവേദനം നൽകി

സംസ്ഥാനങ്ങളുടെ ധനപരമായ ഫെഡറലിസവും സാമ്പത്തിക സ്വയംഭരണവും ശക്തിപ്പെടുത്തുന്ന നിർദേശങ്ങൾ ഉണ്ടാകണമെന്ന്‌ പതിനാറാം ധനകമീഷനോട്‌ സിപിഐ എം ആവശ്യപ്പെട്ടു. നികുതി വരുമാനം വിഭജിക്കുന്നതിലെ മാനദണ്ഡങ്ങളിലും മാറ്റം വരുത്തണം. ഇതുൾപ്പെടെയുള്ള സിപിഐ എം സംസ്ഥാന കമ്മിറ്റിയുടെ നിർദേശങ്ങൾ മുൻ ധനമന്ത്രി സ.

ഇന്ത്യയിലെ ബാങ്കുകളുടെ കിട്ടാക്കടം 4,50,670 കോടി രൂപയെന്ന് കേന്ദ്രധനമന്ത്രാലയം

ഇന്ത്യയിലെ ബാങ്കുകളുടെ കിട്ടാക്കടം 4,50,670 കോടി രൂപയെന്ന് കേന്ദ്രധനമന്ത്രാലയം. സ. ജോൺ ബ്രിട്ടാസ് എംപി രാജ്യസഭയിൽ ഉന്നയിച്ച ചോദ്യത്തിന് മറുപടിയായാണ് കേന്ദ്ര ധനസഹമന്ത്രി പങ്കജ് ചൗധരി കിട്ടാക്കടത്തിന്റെയും എഴുതി തള്ളിയ വായ്പകളുടെയും വിശദാംശങ്ങൾ നൽകിയത്.

ജില്ലാ സമ്മേളനങ്ങൾക്ക് തുടക്കം

കൊടിയ വർഗീയതയും തീവ്രവലതുപക്ഷവൽകരണവുമടക്കം പുതിയകാല വെല്ലുവിളികൾക്കുനേരെ പോരാടാൻ കൂടുതൽ കരുത്തോടെ സിപിഐ എം ഇനി ജില്ലാ സമ്മേളനങ്ങളിലേക്ക്‌. ഇന്ന് കൊല്ലത്ത്‌ പതാക ഉയർന്നതോടെ ആരംഭിച്ച സംസ്ഥാനത്തെ ജില്ലാ സമ്മേളനങ്ങൾക്ക്‌ 2025 ഫെബ്രുവരി 9 മുതൽ 11 വരെ നടക്കുന്ന തൃശൂർ സമ്മേളനത്തോടെ പരിസമാപ്തിയാകും.