കേരളത്തിന് അർഹതപ്പെട്ട വായ്‌പാനുമതി പൂർണമായും ലഭ്യമാക്കണമെന്ന് ആവശ്യപ്പെട്ട് സംസ്ഥാന സർക്കാർ വീണ്ടും കേന്ദ്രത്തിന് കത്തയച്ചു. ജിഡിപിയുടെ 3 ശതമാനം വെച്ച് 33,420 കോടി രൂപയുടെ വായ്‌പാനുമതിയാണ് കേന്ദ്രത്തോട് ആവശ്യപ്പെട്ടത്. 32,402 കോടി രൂപ പൊതുവിപണിയിൽനിന്ന് വായ്‌പ എടുക്കാമെന്ന് കഴിഞ്ഞ മാർച്ചിൽ മാർച്ചിൽ കേന്ദ്രം സംസ്ഥാനത്തെ അറിയിക്കുകയും ചെയ്‌തു. എന്നാൽ ഇപ്പോൾ കണക്ക് പ്രകാരം ആദ്യ ഒമ്പതുമാസം 15,390 കോടി രൂപയേ അനുവദിക്കാനാകൂയെന്ന് കേന്ദ്രം നിലപാട് മാറ്റി.
പബ്ലിക് അക്കൗണ്ടിൽനിന്ന് മുമ്പ് വിനിയോഗിച്ച തുക എന്നപേരിൽ 13,178 കോടി രൂപയാണ് വെട്ടിക്കുറച്ചത്. അക്കൗണ്ടന്റ് ജനറൽ അംഗീകരിച്ച കണക്കനുസരിച്ച് 6578 കോടി രൂപയുടെ നിക്ഷേപം മാത്രമാണ് പബ്ലിക് അക്കൗണ്ടിലുള്ളത്. ഈ കണക്ക് അനുസരിച്ച് പോലും കേരളത്തിന് 7191 കോടി രൂപയുടെ വായ്‌പാനുമതിക്കുകൂടി അവകാശമുണ്ടെന്ന് കേന്ദ്രത്തിനയച്ച കത്തിൽ കേരളം ചൂണ്ടിക്കാട്ടി. നേരത്തെ സംസ്ഥാനങ്ങൾക്ക് അഞ്ചു ശതമാനംവരെ വായ്‌പ അനുവദിച്ചിരുന്നു. അതാണ് കഴിഞ്ഞവർഷം മൂന്നാക്കിയത്. എന്നാൽ ഇപ്പോൾ കേരളത്തിന് രണ്ടു ശതമാനമായി കുറഞ്ഞു.