Skip to main content

രാഷ്ട്രീയ നേട്ടത്തിനായി കേന്ദ്രത്തിലെയും മണിപ്പൂരിലെയും ബിജെപി സർക്കാരുകൾ ചെയ്യുന്ന കാര്യങ്ങൾ പൂർണമായും ദേശതാല്പര്യത്തിന് എതിരാണ്

രാഷ്ട്രീയ നേട്ടത്തിനായി കേന്ദ്രത്തിലെയും മണിപ്പൂരിലെയും ബിജെപി സർക്കാരുകൾ ചെയ്യുന്ന കാര്യങ്ങൾ പൂർണമായും ദേശതാല്പര്യത്തിന് എതിരാണ്. സങ്കീർണമായ സാമൂഹ്യസാഹചര്യമുള്ള ഒരു സംസ്ഥാനത്ത് തീക്കളി നടത്തുകയാണ് ബിജെപി. മണിപ്പൂരിലെയും വടക്കു കിഴക്കൻ സംസ്ഥാനങ്ങളിലെയും സമാധാനം ഇത് ഇല്ലാതാക്കും എന്നു മാത്രമല്ല, ഇന്ത്യൻ സൈന്യത്തിന്റെ തന്നെ ആത്മവീര്യത്തെ ഇത് കെടുത്തും എന്നത് അങ്ങേയറ്റം ആശങ്കാജനകമാണ്.

മണിപ്പുരിലെ നിരോധിത സായുധസംഘമായ കാംഗ്ളേയ് യാവോൽ കൻബാ ലുപ് (കെവൈകെഎൽ) എന്ന മെയ്തി സംഘടനയിലെ പന്ത്രണ്ടു പേരെ, ആൾക്കൂട്ടം പ്രതിഷേധിച്ചു എന്നപേരിൽ സൈന്യത്തിനുതന്നെ വിട്ടയക്കേണ്ടിവന്ന സാഹചര്യം മണിപ്പൂരിനെ സമാധാനത്തിലേക്കല്ല നയിക്കുക. 2015ൽ മണിപ്പുരിൽ ഇന്ത്യൻ സൈന്യത്തിന്റെ വാഹനവ്യൂഹത്തെ ആക്രമിച്ച് പതിനെട്ട് സൈനികരെ വധിച്ച ഭീകരവാദി സംഘമാണ് ഇത്.

ഇവരെക്കുറിച്ചുള്ള ഒരു രഹസ്യന്വേഷണ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് ഇംഫാൽ ഈസ്റ്റ് ജില്ലയിലെ ഇവർ ക്യാമ്പ് ചെയ്തിരുന്ന കേന്ദ്രം ഇന്നലെ വളഞ്ഞത് എന്ന് ഇന്ത്യൻ സൈന്യം ഒരു ട്വീറ്റിൽ പറഞ്ഞു. തുടർന്ന് കെവൈകെഎലിന്റെ പന്ത്രണ്ടു കേഡറുകളെ അറസ്റ്റുചെയ്തു. ഇതിനുപുറമേ അവിടെനിന്ന് ആയുധങ്ങളും വെടിക്കോപ്പുകളും യുദ്ധസമാനമായ സംഭരണശാലകളും ഉൾപ്പടെ സൈന്യം പിടികൂടി. 2015ൽ സൈനികരെ ആക്രമിച്ചു കൊലപ്പെടുത്തിയ സംഭവത്തിൻറെ ആസൂത്രകനായിരുന്ന 'കേണൽ' മൊയിരെങ്ഥേം താംബ എന്ന ആളെ അടക്കമാണ് പിടികൂടിയത് എന്നും തുടർന്ന് ആ സ്ഥലം വളഞ്ഞ ഒരു പ്രാദേശിക നേതാവിന്റെ നേതൃത്വത്തിലുള്ള ആയിരത്തഞ്ഞൂറോളം വരുന്ന ആൾക്കൂട്ടം, സൈന്യത്തിന്റെ നിയമപ്രകാരമുള്ള നടപടികൾ പൂർത്തിയാക്കാൻ തങ്ങളെ അനുവദിക്കണം എന്ന് ജനക്കൂട്ടത്തോട് നടത്തിയ ആവർത്തിച്ചുള്ള അഭ്യർത്ഥന നിയമവിരുദ്ധ ജനക്കൂട്ടം ചെവിക്കൊള്ളാതെ വന്നതോടെ ഈ മെയ്തി തീവ്രവാദികളെ പ്രാദേശിക നേതാവിന് കൈമാറി എന്നാണ് സൈന്യം ഈ ട്വീറ്റിലൂടെ പറഞ്ഞത്. സംഭവത്തിന്റെ ഒരു ആകാശദൃശ്യം കാണിക്കുന്ന വിഡിയോയും സൈന്യം പുറത്ത് വിട്ടിട്ടുണ്ട്.

ബിജെപിയുടെ രാഷ്ട്രീയനേട്ടത്തിനായി ഇന്ത്യൻ സൈന്യത്തെക്കൊണ്ട് ഇങ്ങനെ ചെയ്യിക്കുന്നത് രാജ്യത്ത് വലിയ അരക്ഷിതാവസ്ഥ ഉണ്ടാക്കും. മണിപ്പൂരിലെ കുക്കി ആദിവാസികളും ഭൂരിപക്ഷവിഭാഗമായ മെയ്തികളും തമ്മിലുള്ള സംഘർഷം സങ്കീർണമായ കാര്യമാണ്. രണ്ടു വിഭാഗത്തിലും സായുധസേനകളുണ്ട്. ഈ പ്രശ്നത്തെ ബിജെപിയുടെ രാഷ്ട്രീയ നേട്ടത്തിനായി ആളിക്കത്തിക്കാതെ അവിടെ സമാധാനം ഉണ്ടാക്കുകയാണ് വേണ്ടത്. മണിപ്പൂർ മുഖ്യമന്ത്രി ഉടൻതന്നെ സ്ഥാനം രാജിവക്കണം.

ഇത്രയും ഗുരുതരമായ ഒരു പ്രശ്നം ഒരു സംസ്ഥാനത്ത് നടക്കുമ്പോൾ അതിൽ ഇടപെടാതെ, അതിനെക്കുറിച്ച് മിണ്ടാതെ പ്രധാനമന്ത്രി മാറി നിൽക്കുന്നത് വലിയ വീഴ്ചയാണ്. പ്രധാനമന്ത്രി അടിയന്തിരമായി ഇക്കാര്യത്തിൽ നേരിട്ട് ഇടപെടണം, ഇക്കാര്യത്തെക്കുറിച്ച് ഒരു പ്രസ്താവന നടത്തണം.
 

കൂടുതൽ ലേഖനങ്ങൾ

ഭരണഘടനയുടെ ആമുഖത്തിൽനിന്നും സോഷ്യലിസവും മതേതരത്വവും ഒഴിവാക്കണമെന്ന ആർഎസ്എസ് ജനറൽ സെക്രട്ടറി ദത്താത്രേയ ഹൊസബാളെയുടെ പ്രസ്താവന അപലപനീയം

സ. പിണറായി വിജയൻ

ഭരണഘടനയുടെ ആമുഖത്തിൽനിന്നും സോഷ്യലിസവും മതേതരത്വവും ഒഴിവാക്കണമെന്ന ആർഎസ്എസ് ജനറൽ സെക്രട്ടറി ദത്താത്രേയ ഹൊസബാളെയുടെ പ്രസ്താവന അപലപനീയമാണ്. ഭരണഘടനയുടെ ആമുഖം പുനപരിശോധിക്കാനുള്ള ഈ ആഹ്വാനം ഇന്ത്യൻ റിപ്പബ്ലിക്കിനോടുള്ള വെല്ലുവിളിയാണ്.

കേരളത്തിന്റെ വികസനം, മതനിരപേക്ഷത എന്നീ ആശയങ്ങളിൽ ഊന്നിയാണ് എൽഡിഎഫ് ഉപതെരഞ്ഞെടുപ്പിനെ നേരിട്ടത്

സ. എം വി ഗോവിന്ദൻ മാസ്റ്റർ

നിലമ്പൂർ ഉപതെരഞ്ഞെടുപ്പിൽ യുഡിഎഫ് സ്ഥാനാർഥി ആര്യാടൻ ഷൗക്കത്ത് വിജയിച്ചു. 11,077 വോട്ടിന്റെ ഭൂരിപക്ഷത്തിനാണ് എൽഡിഎഫ് സ്ഥാനാർഥി എം സ്വരാജിനെ അദ്ദേഹം പരാജയപ്പെടുത്തിയത്. എന്തുകൊണ്ട് വിജയിക്കാൻ കഴിഞ്ഞില്ലെന്ന കാര്യം പാർടിതലത്തിലും മുന്നണിതലത്തിലും പരിശോധിക്കും.

അടിയന്തരാവസ്ഥയെ നേരിട്ട എണ്ണമറ്റ ജനാധിപത്യ പോരാളികൾക്ക് അത്‌ ഭരണകൂട ഭീകരതയേൽപ്പിച്ച പൊള്ളുന്ന ഓർമയാണ്

സ. പിണറായി വിജയൻ

അടിയന്തരാവസ്ഥയെ നേരിട്ട എണ്ണമറ്റ ജനാധിപത്യ പോരാളികൾക്ക് അത്‌ ഭരണകൂട ഭീകരതയേൽപ്പിച്ച പൊള്ളുന്ന ഓർമയാണ്. ഒരു പ്രത്യേക സാഹചര്യത്തിൽ അവിചാരിതമായി വന്നുപെട്ട ദുരവസ്ഥയായിരുന്നില്ല 1975 ജൂൺ 25-ലെ അടിയന്തരാവസ്ഥ പ്രഖ്യാപനം.