Skip to main content

സഖാവ് ശിവദാസ മേനോൻ ദിനം

സിപിഐ എം നേതാവും മുൻമന്ത്രിയുമായിരുന്ന ടി ശിവദാസമേനോൻ വിടപറഞ്ഞിട്ട്‌ ഇന്നേക്ക് ഒരുവർഷം പൂർത്തിയാകുകയാണ്. പതിറ്റാണ്ടുകളോളം കേരള രാഷ്‌ട്രീയത്തിൽ നിറസാന്നിധ്യമായിരുന്ന അദ്ദേഹം നാടിനുവേണ്ടി നടത്തിയ ഉജ്വല പോരാട്ടങ്ങൾ ജനങ്ങളുടെ പ്രിയങ്കരനായ നേതാവാക്കി. അധ്യാപകൻ, അധ്യാപകസംഘടനാ നേതാവ്, സിപിഐ എം പാലക്കാട് ജില്ലാ സെക്രട്ടറി, സംസ്ഥാന സെക്രട്ടറിയറ്റംഗം, മന്ത്രി എന്നീ നിലകളിലെല്ലാം പ്രവർത്തിച്ചു. സമരമുഖങ്ങളിൽ ആവേശം നിറയ്‌ക്കുന്ന പോരാളി, മികച്ച ഭരണാധികാരി, ഉത്തമ കമ്യൂണിസ്റ്റ്, ഉജ്വലവാഗ്മി, അടിപതറാത്ത സമരപോരാളി തുടങ്ങി സ്വജീവിതംകൊണ്ട് ടി ശിവദാസമേനോൻ ആർജിച്ച വിശേഷണങ്ങൾ നിരവധി. പാർടി കേഡർമാരെ പ്രത്യയശാസ്‌ത്ര ബോധമുള്ളവരാക്കുന്ന ക്രാന്തദർശിയായ രാഷ്‌ട്രീയ അധ്യാപകൻ എന്ന നിലയിലും എക്കാലവും തിളങ്ങിനിന്നു.
1932ൽ പഴയ വള്ളുവനാട്ടിലെ മണ്ണാർക്കാട്ട്‌ സമ്പന്ന ജന്മി കുടുംബത്തിൽ പിറന്ന ശിവദാസമേനോൻ ചെറുപ്പത്തിൽത്തന്നെ ജന്മിത്തത്തിനെതിരായ പോരാട്ടങ്ങളുടെ ഭാഗമായി. കമ്യൂണിസ്റ്റ്-പുരോഗമന ആശയങ്ങളിലേക്ക് നടന്നടുത്തു. അധ്യാപക പ്രസ്ഥാനത്തിന്റെ നേതാവെന്ന നിലയിൽ അദ്ദേഹം നടത്തിയ പ്രവർത്തനം ചരിത്രത്തിന്റെ ഭാഗമാണ്‌. 1973ൽ രൂപീകൃതമായ, സ്വകാര്യ സ്കൂൾ അധ്യാപകരുടെ സംഘടനയായ കെപിടിയുവിന്റെ സ്ഥാപകനേതാവായിരുന്നു. അക്കാലത്ത് നടന്ന അധ്യാപകരുടെ 54 ദിവസംനീണ്ട പണിമുടക്ക് സമരത്തിന്റെ മുൻനിര നേതാവുമായിരുന്നു. ഈ പണിമുടക്കോടെയാണ് ആ സംഘടന രൂപം കൊള്ളുന്നത്. 1955 മുതൽ മണ്ണാർക്കാട് കെടിഎം ഹൈസ്കൂളിൽ അധ്യാപകനായും പിന്നീട് പ്രധാനാധ്യാപകനായും പ്രവർത്തിച്ച മേനോൻ മികച്ച അധ്യാപകനെന്ന നിലയിലും നാടിന്റെ പ്രശംസ പിടിച്ചുപറ്റി. അടിയന്തരാവസ്ഥയ്‌ക്കുശേഷം 1977ൽ പാലക്കാടുനിന്ന്‌ ലോക്‌സഭയിലേക്ക് മത്സരിക്കുന്നതുവരെ അധ്യാപനരംഗത്ത്‌ തുടർന്നു. 1987ൽ നായനാർ മന്ത്രിസഭയിൽ വൈദ്യുതി–ഗ്രാമവികസന മന്ത്രിയായും 96ൽ ധന–എക്‌സൈസ്‌ മന്ത്രിയായും പ്രവർത്തിച്ചു. പ്രതിപക്ഷ ചീഫ് വിപ്പായും പ്രവർത്തിച്ചു. മലമ്പുഴ മണ്ഡലത്തിന്‌ ചുവപ്പ്‌ കൂട്ടിയാണ്‌ മൂന്നുവട്ടം നിയമസഭയിലെത്തിയത്‌. സിഐടിയു സംസ്ഥാന വൈസ്‌ പ്രസിഡന്റായും ഏറെക്കാലം പ്രവർത്തിച്ചു. വിവിധ വിഷയങ്ങളിലെ ആഴത്തിലുള്ള അറിവും പറയുന്ന കാര്യങ്ങളിലെ വ്യക്തതയും അദ്ദേഹത്തെ ജനങ്ങളുടെ പ്രിയ നേതാവാക്കി. പ്രത്യയശാസ്‌ത്രപരമായ കാര്യങ്ങൾതൊട്ട് ഫലിതങ്ങൾവരെ അവതരിപ്പിക്കുന്ന അദ്ദേഹത്തിന്റെ പ്രസംഗം ശ്രദ്ധേയമായിരുന്നു.

2003ൽ ആന്റണി മുഖ്യമന്ത്രിയായിരിക്കെ മുത്തങ്ങയിൽ ആദിവാസികൾക്കുനേരെ നടന്ന വെടിവയ്‌പിനെതിരെ പ്രതിഷേധം തീർത്ത ശിവദാസമേനോനെ മറക്കാനാകില്ല. പ്രതിഷേധത്തിന്റെ ഭാഗമായി പാലക്കാട് എസ്‌പി ഓഫീസിലേക്ക് നടത്തിയ മാർച്ചിന് നേതൃത്വം നൽകിയപ്പോൾ ശിവദാസമേനോനെ പൊലീസ് വളഞ്ഞിട്ട് തല്ലി. ജീവൻപോലും നഷ്ടപ്പെടുമോയെന്ന് കേരളം ഭയക്കുന്നത്ര ഭീകരമർദനമാണ് അന്നുണ്ടായത്. ചോരയിൽ കുളിച്ച അദ്ദേഹത്തെ ഉന്തുവണ്ടിയിൽ തള്ളി പാലക്കാട്‌ ജില്ലാ ആശുപത്രിയിലേക്ക്‌ കൊണ്ടുപോകുന്ന ചിത്രം ഇന്നും കേരളം മറന്നിട്ടില്ല. തെരഞ്ഞെടുപ്പ് രംഗത്തേക്കുള്ള ശിവദാസമേനോന്റെ പ്രവേശനത്തിനുമുണ്ട് പ്രത്യേകത. 1961ൽ മണ്ണാർക്കാട് പഞ്ചായത്ത് തെരഞ്ഞെടുപ്പിൽ അമ്മാവനെതിരെ കമ്യൂണിസ്റ്റ് സ്ഥാനാർഥിയായാണ് കന്നിയങ്കം. വാശിയേറിയ മത്സരത്തിൽ മേനോൻ ജയിച്ചു. അവിഭക്ത പാർടി പെരിന്തൽമണ്ണ താലൂക്ക് കൗൺസിൽ അംഗമായിരുന്ന മേനോൻ പാർടി ഭിന്നിപ്പിനെ തുടർന്ന്‌ സിപിഐ എമ്മിൽ ഉറച്ചുനിന്നു. താലൂക്ക് സെക്രട്ടറിയായി. തുടർന്ന് ജില്ലാ കമ്മിറ്റിയിൽ. വ്യത്യസ്ത മേഖലകളിലെ പോരാട്ടാനുഭവങ്ങളുമായി ജനങ്ങളിൽ നിറഞ്ഞ അദ്ദേഹം 1980ൽ ജില്ലാ സെക്രട്ടറിയായി.

അധ്യാപകപ്രസ്ഥാനം കെട്ടിപ്പടുക്കാൻ ടി ശിവദാസമേനോൻ ത്യാഗോജ്വല പങ്കുവഹിച്ചു. യുഡിഎഫ് ഭരണകാലത്ത്‌ യൂണിവേഴ്സിറ്റി കോളേജിൽ പൊലീസ് വിദ്യാർഥിവേട്ട നടത്തിയപ്പോൾ വിദ്യാർഥികളെ രക്ഷിക്കാൻ നടത്തിയ ഇടപെടലുകൾ മറക്കാനാകില്ല. നായനാർ മന്ത്രിസഭയിൽ രണ്ടുതവണ മന്ത്രിയായിരുന്നു. പ്രതികൂല സാഹചര്യങ്ങളെ സ്വതസിദ്ധ നയചാതുരിയും നർമബോധവും ദൃഢമായ കമ്യൂണിസ്റ്റ് ആശയബോധവുംകൊണ്ട് അദ്ദേഹം സമർഥമായി മുറിച്ചുകടന്നു. നിയമസഭയെ മികച്ച രീതിയിൽ പഠിക്കാനും പഠിപ്പിക്കാനും ഉപയോഗപ്പെടുത്തിയ ധനമന്ത്രിയായിരുന്നു. കെ എം മാണി ഉൾപ്പെടെ അന്നത്തെ പ്രതിപക്ഷനിരയിലെ നേതാക്കളുമായി നടത്തിയ ആശയസംവാദം ചരിത്രരേഖയാണ്. ശിവദാസമേനോൻ ധനമന്ത്രിയായിരുന്നപ്പോഴാണ് കേരളത്തിലെ എല്ലാ പഞ്ചായത്തിലും പ്രാഥമികാരോഗ്യ കേന്ദ്രങ്ങളും ആയുർവേദ, ഹോമിയോ ആശുപത്രികൾക്കും തുടക്കമിട്ടത്. വിഭാഗീയതയില്ലാത്ത പാർടിയുണ്ടെങ്കിലേ സമൂഹത്തിൽ കമ്യൂണിസ്റ്റ് മുന്നേറ്റമുണ്ടാക്കാനാകൂ എന്ന തിരിച്ചറിവോടെ വിഭാഗീയതയ്‌ക്കെതിരെ അടിപതറാത്ത നിലപാട് സ്വീകരിച്ചു.

പിയേഴ്സ് ലെസ്‌ലി കമ്പനിയുടെ മാനേജരായിരുന്ന വെള്ളോലി ശങ്കരൻകുട്ടിപ്പണിക്കരുടെയും കല്യാണിക്കുട്ടിയമ്മയുടെയും രണ്ട് മക്കളിലൊരാളായി 1932ലാണ് ശിവദാസമേനോൻ ജനിച്ചത്. മണ്ണാർക്കാട് പെരുമ്പടാരി സർക്കാർ വിദ്യാലയത്തിലെ പ്രാഥമിക പഠനത്തിനുശേഷം കോഴിക്കോട് ബിഇഎം സ്കൂളിലും സാമൂതിരി ഹൈസ്കൂളിലും സെക്കൻഡറി വിദ്യാഭ്യാസം പൂർത്തിയാക്കി. പാലക്കാട് വിക്ടോറിയ കോളേജിൽനിന്ന് ബിരുദവും കോഴിക്കോട് ട്രെയ്നിങ് കോളേജിൽനിന്ന് ബിഎഡും നേടി. 1977ൽ ലോക്‌സഭയിലേക്ക് മത്സരിച്ചപ്പോൾ അധ്യാപക ജോലിയിൽനിന്ന് പിരിഞ്ഞു.

അവിഭക്ത കമ്യൂണിസ്റ്റ് പാർടിയുടെ പെരിന്തൽമണ്ണ താലൂക്ക് കൗൺസിൽ അംഗമായിരുന്ന അദ്ദേഹത്തെ മണ്ണാർക്കാട്ടും പരിസരപ്രദേശങ്ങളിലും പാർടി കെട്ടിപ്പടുക്കാനും അധ്യാപക സംഘടനയെ ശക്തിപ്പെടുത്താനും പാർടി നിയോഗിച്ചു. അധ്യാപക സംഘടനയായിരുന്ന പിഎസ്‌ടിഎ സംസ്ഥാന വൈസ് പ്രസിഡന്റ്, കെപിടിഎഫ് വൈസ് പ്രസിഡന്റ്, കെപിടിയു ജനറൽ സെക്രട്ടറി, സംസ്ഥാന വൈസ് പ്രസിഡന്റ് എന്നീ നിലകളിലും പ്രവർത്തിച്ചു. സഖാവിന്റെ ത്യാഗോജ്വലമായ പോരാട്ട സ്‌മരണകൾക്കു മുന്നിൽ അഭിവാദ്യം.
 

കൂടുതൽ ലേഖനങ്ങൾ

യാത്രക്കാരുടെ, പ്രത്യേകിച്ച് വനിതാ യാത്രക്കാരുടെ, സുരക്ഷ ഉറപ്പാക്കാൻ റെയിൽവേ മന്ത്രിയോട് അടിയന്തര ഇടപെടൽ ആവശ്യപ്പെട്ട് സ. കെ രാധാകൃഷ്ണൻ എംപി കത്ത് നൽകി

വർക്കലയ്ക്ക് സമീപം ട്രെയിനിൽ വെച്ച് യുവതിക്ക് നേരെയുണ്ടായ ആക്രമണത്തിന്റെ പശ്ചാത്തലത്തിൽ, യാത്രക്കാരുടെ, പ്രത്യേകിച്ച് വനിതാ യാത്രക്കാരുടെ, സുരക്ഷ ഉറപ്പാക്കാൻ റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവിനോട് അടിയന്തര ഇടപെടൽ ആവശ്യപ്പെട്ട് സ. കെ രാധാകൃഷ്ണൻ എംപി കത്ത് നൽകി.

പ്രായമായവർക്ക് വീടുകളിൽ സുരക്ഷയൊരുക്കും

സ. പിണറായി വിജയൻ

വിഷന്‍ 2031 ന്റെ ഭാഗമായി സമഗ്ര പുരോഗതിയാണ് സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്. ഇന്ത്യയിലെ തന്നെ ഏറ്റവും ഉയര്‍ന്ന നിലവാരമുള്ള പൊലീസ് സേനയാണ് കേരളത്തിലുള്ളത്. അതിന്റെ അടിസ്ഥാനത്തിലാണ് ദേശീയതലത്തിലുള്ള പല അംഗീകാരങ്ങളും പൊലീസ് സേനക്ക് ലഭിച്ചത്.

സഖാവ് ഇ പി ജയരാജന്റെ ആത്മകഥ കഥാകൃത്ത് ടി പത്മനാഭന് നൽകി സ. പിണറായി വിജയൻ പ്രകാശനം ചെയ്തു

സഖാവ് ഇ പി ജയരാജന്റെ ആത്മകഥ ‘ഇതാണെന്റെ ജീവിതം’ കഥാകൃത്ത് ടി പത്മനാഭന് നൽകി മുഖ്യമന്ത്രി സ. പിണറായി വിജയൻ പ്രകാശനം ചെയ്തു.

കേന്ദ്ര പദ്ധതികളുമായി ബന്ധപ്പെട്ട് കേന്ദ്രം കേരളത്തോടു കാണിക്കുന്ന അവഗണനയുടെ ഏറ്റവും പുതിയ ഉദാഹരണമാണ് തപാൽ വകുപ്പിൽ കേരളത്തെ തരം താഴ്ത്തുന്ന നിലപാട്

സ. ജോൺ ബ്രിട്ടാസ് എംപി

കേന്ദ്ര തപാൽ വകുപ്പ് 17.10.2025ൽ പുറത്തിറക്കിയ ഉത്തരവ് പ്രകാരം നിലവിൽ ഏറ്റവും ഉയർന്ന L1 പാഴ്സൽ ഹബ്ബ് പദവിയുള്ള തിരുവന്തപുരത്തെയും, കോഴിക്കോടെയും തപാൽ വകുപ്പിന്റെ പാഴ്സൽ സെൻററുകൾ L2 പദവിയിലേക്ക് തരംതാഴ്ത്തുവാനും തിരുവല്ല, ആലപ്പുഴ, തൊടുപുഴ എന്നിവിടങ്ങളിലെ നിലവിലെ L2 പദവിയിലുള്ള പാഴ്സൽ ഹബ്ബുകൾ നിർത്