Skip to main content

കേരളത്തെ സാമ്പത്തികമായി ഞെക്കിക്കൊല്ലാനുള്ള ശ്രമത്തിലാണ് കേന്ദ്രം

കേരളത്തിന്റെ വികസനപ്രവർത്തനങ്ങളെ ദുർബലപ്പെടുത്തുന്ന പ്രവർത്തനമാണ് കേന്ദ്ര സർക്കാർ സ്വീകരിക്കുന്നത്. കിഫ്ബിയുടെയും കൺസോർഷ്യത്തിന്റെയും നിക്ഷേപത്തെപ്പോലും സംസ്ഥാന സർക്കാരിന്റെ കടത്തിന്റെ പരിധിയിൽപ്പെടുത്തി സംസ്ഥാന വികസനത്തെത്തന്നെ തടസ്സപ്പെടുത്തുകയെന്ന നയമാണ് കേന്ദ്ര സർക്കാർ സ്വീകരിക്കുന്നത്. പൊതു കടമെടുപ്പുപരിധിയിൽ ഒരു ശതമാനം താൽക്കാലിക വർധനയെങ്കിലും അനുവദിക്കണമെന്ന ആവശ്യവും കേന്ദ്രം തള്ളിയിരിക്കുകയാണ്. 3591 കോടി രൂപയുടെ ഗ്രാന്റുകളിലെ കുടിശ്ശിക ഉൾപ്പെടെ 15,000 കോടിയുടെ സാമ്പത്തിക അനുമതികളും കേരളം ആവശ്യപ്പെടുകയുണ്ടായി. ഇതും നിരസിക്കപ്പെട്ടിരിക്കുകയാണ്.
റവന്യു കമ്മി ഗ്രാന്റിനത്തിൽ കഴിഞ്ഞവർഷത്തെ അപേക്ഷിച്ച് 8400 കോടി രൂപ കുറയുകയാണ്‌ ഉണ്ടായത്. ജിഎസ്ടി നഷ്ട പരിഹാരം നിർത്തിയതോടെ 12,000 കോടിയുടെ കുറവുമുണ്ടായി. കിഫ്ബി സോഷ്യൽ സെക്യൂരിറ്റി കടങ്ങൾമൂലം 6000 കോടിയും പബ്ലിക് അക്കൗണ്ടിലുള്ള പണം പൊതുകടത്തിൽപ്പെടുത്തിയതുമൂലം 12,000 കോടിയും കുറവ് വന്നു. പൊതു കടമെടുപ്പിൽ നിയമപ്രകാരം അവകാശപ്പെട്ട തുകയിൽ 8000 കോടിയുടെ വരുമാന നഷ്ടം ഉണ്ടാകുന്നതിന് പുറമേയാണ്‌ ഇത്.യുജിസി ശമ്പള പരിഷ്കരണം നടപ്പാക്കിയതിന്റെ ഭാഗമായി സർവകലാശാലാ കോളേജുകൾക്ക് സംസ്ഥാനം നൽകിയതും കേന്ദ്രം അനുവദിക്കേണ്ടതുമായ 751 കോടിയും ലഭിച്ചിട്ടില്ല. മൂലധന നിക്ഷേപത്തിന്റെ ഭാഗമായി ലഭിക്കേണ്ട 1925 കോടിയും കുടിശ്ശികയായി കിടക്കുകയാണ്. 10–-ാം ധന കമീഷൻ 3.9 ശതമാനം നികുതി വിഹിതമാണ് അനുവദിച്ചിരുന്നത്. എന്നാൽ, ഇന്നത് 1.9 ശതമാനമായി കുറച്ചിരിക്കുകയാണ്.

സംസ്ഥാനത്തിന്റെ കടത്തെ നിയന്ത്രിക്കുന്ന കേന്ദ്ര സർക്കാരിന്റെ കടം ഭീമമാണ്. ബജറ്റ് വഴി ചെലവഴിക്കുന്ന തുകയുടെ 40 ശതമാനത്തിലധികം കടമെടുക്കുന്നതാണ്. 2023 –-24 ബജറ്റിലെ 45 ലക്ഷം കോടി രൂപയിൽ 17.99 ലക്ഷം കോടിയും കടമാണ്. കേരളത്തിന്റെ കടത്തിന്റെ പരിധിയിൽ കിഫ്ബിയെയും മറ്റും ഉൾപ്പെടുത്തുമ്പോൾ നാഷണൽ ഹൈവേ അതോറിറ്റി, ഫുഡ് കോർപറേഷൻ ഓഫ് ഇന്ത്യ തുടങ്ങിയവ എടുക്കുന്ന കടം കേന്ദ്ര സർക്കാരിന്റെ കടത്തിന്റെ പരിധിയിൽ വരില്ല. കേരളത്തിന്റെ കടം ജിഎസ്‌ഡിപിയുടെ മൂന്നു ശതമാനംമാത്രം ആയിരിക്കണമെന്നാണ് കേന്ദ്രം പറയുന്നത്. എന്നാൽ, കേന്ദ്രത്തിന്റെ കമ്മിയായി വിഭാവനം ചെയ്തിരിക്കുന്നത് 6.4 ശതമാനമാണ്. എഫ്ആർബിഎം ആക്ടുപ്രകാരം കേന്ദ്രത്തിന്റെ കമ്മി മൂന്നു ശതമാനം ആയിരിക്കണമെന്ന നിബന്ധനയുള്ളപ്പോഴാണ് ഇത്തരമൊരു നിലപാട് സ്വീകരിക്കുന്നത്.

നമ്മുടെ സംസ്ഥാനത്തിന്റെ 2020–-21ലെ വരുമാനത്തിൽ 44 ശതമാനമായിരുന്നു കേന്ദ്രവിഹിതം. എന്നാൽ, 2021–- 22 ആകുമ്പോഴേക്കും അത് 41 ശതമാനമായി. ഈ സാമ്പത്തികവർഷം 29 ആയി കുറയുമെന്നാണ് കണക്കാക്കപ്പെടുന്നത്. ബിഹാർ പോലുള്ള സംസ്ഥാനങ്ങൾക്ക് 77 ശതമാനം ലഭിക്കുമ്പോഴാണ് കേരളത്തിന് ഇത്തരമൊരു സ്ഥിതിവിശേഷമുള്ളത്. രാജ്യത്തിന്റെ മൊത്തം വരുമാനത്തിന്റെ 62.7 ശതമാനവും കേന്ദ്രത്തിനു ലഭിക്കുമ്പോൾ സംസ്ഥാനങ്ങൾക്ക് ലഭിക്കുന്നത് 37 ശതമാനംമാത്രമാണ്. രാജ്യത്തെ മൊത്തം ചെലവിന്റെ 62.4 ശതമാനവും സംസ്ഥാന സർക്കാർ വഹിക്കുമ്പോഴാണ് ഈ അവസ്ഥ.

കേന്ദ്ര സർക്കാരിന്റെ ഇത്തരം നയങ്ങൾ നിലനിൽക്കുമ്പോഴും സംസ്ഥാനത്തിന് പിടിച്ചുനിൽക്കാനാകുന്നത് സർക്കാരിന്റെ സാധ്യതകൾക്ക്‌ അനുസരിച്ചുള്ള വരുമാന വർധനയുണ്ടാക്കാൻ കഴിയുന്നതുകൊണ്ടാണ്‌. 2022– 23 സാമ്പത്തിക വർഷം തനതുവരുമാനമായി 70,000 കോടി രൂപ ലഭിച്ചെന്ന് അക്കൗണ്ടന്റ് ജനറൽ സാക്ഷ്യപ്പെടുത്തിയിരിക്കുകയാണ്. 2020–21ലെ 47,157 കോടിയിൽനിന്ന് 50 ശതമാനം വർധനയോടെയാണ് നേട്ടം. ധനമേഖലയുടെ കരുത്തു പരിശോധിക്കുന്ന മൂന്ന്‌ ശ്രേണിയിലും കേരളം മുന്നിലായിരുന്നു. കഴിഞ്ഞവർഷം ധനകമ്മി 2.2 ശതമാനം. റവന്യു കമ്മി 0.67 ശതമാനവും. മുമ്പ് 2.6 ശതമാനംവരെയായിരുന്നതാണ് ഒന്നിന് താഴെയെത്തിയത്. ജിഎസ്ടി വകുപ്പ് പുനഃസംഘടിപ്പിച്ചുകൊണ്ട് നികുതി വരുമാനം വർധിപ്പിക്കാനും നികുതി വെട്ടിപ്പുകൾ തടയാനും സാധിച്ചു. ആറുമാസത്തിനുള്ളിൽ നികുതി വെട്ടിപ്പുകാരിൽനിന്ന് 1000 കോടി രൂപ സർക്കാരിന് ലഭിച്ചു.

ധനരംഗത്തെ അവഗണനയ്ക്കൊപ്പംതന്നെ കേന്ദ്ര പദ്ധതികളുടെ കാര്യത്തിലും തികഞ്ഞ അവഗണന നിലനിൽക്കുകയാണ്. എയിംസ് ഇനിയും ലഭിച്ചിട്ടില്ല. 11 വർഷംമുമ്പ്‌ തുടക്കംകുറിച്ച ഇംഗ്ലീഷ് ആൻഡ്‌ ഫോറിൻ ലാംഗ്വേജ് സിറ്റിയുടെ മലപ്പുറം കേന്ദ്രത്തെക്കുറിച്ച്‌ കേൾക്കാനേയില്ല. ആദ്യ ബാച്ച് തുടങ്ങിയിരുന്നെങ്കിലും അതും നിർത്തലാക്കി.

പാലക്കാട് കോച്ച് ഫാക്ടറിയുടെ സ്ഥിതിയും വ്യത്യസ്തമല്ല. അന്നത്തെ എൽഡിഎഫ് സർക്കാർ 439 ഏക്കർ ഏറ്റെടുത്ത് സൗജന്യമായി കൈമാറുകയും ചെയ്തു. പിറവം ഉപതെരഞ്ഞെടുപ്പ് ലക്ഷ്യമിട്ട് 2012 ഫെബ്രുവരി 21ന് പദ്ധതിക്ക് തറക്കല്ലിട്ടെങ്കിലും നയാ പൈസ ചെലവഴിക്കാൻ രണ്ടാം യുപിഎ സർക്കാർ തയ്യാറായില്ല. കോച്ച് ഫാക്ടറി ഇല്ലെന്നാണ് ഇപ്പോൾ പ്രഖ്യാപിച്ചിരിക്കുന്നത്.
കേന്ദ്ര സർക്കാർ സ്ഥാപനമായ കഞ്ചിക്കോട് ഇൻസ്ട്രുമെന്റേഷൻ സംസ്ഥാന സർക്കാരിന് കൈമാറാമെന്ന ധാരണപത്രം ഒപ്പിട്ടിട്ട് അഞ്ചുവർഷമായി. തിരുവനന്തപുരം വിമാനത്താവളം കേരളത്തിന്റെ പൊതുതാൽപ്പര്യം അവഗണിച്ച് അദാനി ഗ്രൂപ്പിന് വിറ്റുതുലയ്‌ക്കുന്ന നടപടിയും കേന്ദ്ര സർക്കാർ സ്വീകരിച്ചു. നിരവധി സർവീസ്‌ നടത്തിയിരുന്ന കരിപ്പൂർ വിമാനത്താവളം ചിത്രത്തിൽനിന്നുതന്നെ അപ്രത്യക്ഷമാകുകയാണ്. കണ്ണൂരിൽ വിദേശ വിമാന സർവീസുകൾ ഉൾപ്പെടെ കൂടുതൽ സർവീസുകൾ ആരംഭിക്കാൻ കമ്പനികൾ തയ്യാറായിട്ടും അനുവദിക്കാതെ വിമാനത്താവളത്തെ ഞെക്കിക്കൊല്ലാനുള്ള പ്രവർത്തനങ്ങളാണ് നടക്കുന്നത്. ഭൂമിയും സൗകര്യങ്ങളും സംസ്ഥാന സർക്കാർ നൽകിയിട്ടും പ്രതിരോധ വകുപ്പിനു കീഴിലുള്ള ഹിന്ദുസ്ഥാൻ എയ്‌റോനോട്ടിക്സ് ലിമിറ്റഡ് കാസർകോട്‌ യൂണിറ്റും പ്രാവർത്തികമാക്കുന്നതിനുള്ള നടപടിയും സ്വീകരിച്ചില്ല.

കേരള ജനതയുടെ ജീവിതത്തിന്റെ ഒരു പ്രധാന ഘടകമായി നിൽക്കുന്ന റബർ മേഖല കടുത്ത പ്രതിസന്ധിയിലാണ്. റബറിന് സഹായമൊന്നും ലഭ്യമാക്കാനാകില്ലെന്ന് കേന്ദ്ര സർക്കാർ തന്നെ പ്രഖ്യാപിച്ചു കഴിഞ്ഞു. ഇത്തരം സ്ഥാപനങ്ങൾ നാടിന്‌ ആവശ്യമില്ലെന്ന നിലപാടാണ് മോദി സർക്കാരിന്റെ പ്രഖ്യാപനം. റബർ കർഷകരെ സഹായിക്കുന്നില്ലെന്ന് മാത്രമല്ല, ഇറക്കുമതി നയം ഉദാരമാക്കി റബർ കർഷകരെ കൂടുതൽ പ്രതിസന്ധിയിലേക്ക് നയിക്കുന്ന നടപടികളാണ് കേന്ദ്രം സ്വീകരിക്കുന്നത്.
കേന്ദ്ര സർക്കാർ സ്വകാര്യവൽക്കരിക്കാൻ ശ്രമിച്ച വെള്ളൂർ എച്ച്എൻഎൽ സംസ്ഥാന സർക്കാർ ഏറ്റെടുത്ത് കേരള പേപ്പർ പ്രോഡക്ട് കമ്പനിയാക്കി മാറ്റി. 180 കോടിയോളം ബാധ്യത തീർത്താണ് ഇതിനെ സംരക്ഷിച്ചത്. നിലവിൽ 13 ദിനപത്രങ്ങൾ കടലാസ് വാങ്ങുന്ന കമ്പനിയായി ഇത് മാറിക്കഴിഞ്ഞു.

സംസ്ഥാനത്തെ സാമ്പത്തികമായി ഞെക്കിക്കൊല്ലാനുള്ള നടപടികളുമായാണ് കേന്ദ്ര സർക്കാർ നീങ്ങുന്നത്. ആ ഘട്ടത്തിലും അധികവരുമാനം കണ്ടെത്തി മുന്നോട്ടുപോകാനുള്ള ശക്തമായ പ്രവർത്തനത്തിലാണ് സംസ്ഥാന സർക്കാർ. കേന്ദ്ര സർക്കാർ വിൽക്കാൻവച്ച സ്ഥാപനങ്ങൾപോലും ഏറ്റെടുത്ത് നവീകരിക്കുന്ന നയവും സംസ്ഥാന സർക്കാർ സ്വീകരിക്കുന്നുണ്ട്. ഇതുമായി സഹകരിക്കാൻപോലും കേന്ദ്രം തയ്യാറാകുന്നില്ല. കേരളത്തിനു പ്രഖ്യാപിച്ച പദ്ധതികൾ മാത്രമല്ല, തറക്കല്ലിട്ട പദ്ധതികൾ പോലും ഉപേക്ഷിക്കപ്പെടുന്ന സ്ഥിതിയാണ്‌ ഉള്ളത്. ഈ സാഹചര്യത്തിൽ ഇത്തരം നയങ്ങൾക്കെതിരെ കേരളത്തിന്റെ താൽപ്പര്യങ്ങളുടെ അടിസ്ഥാനത്തിൽ യോജിച്ചു പൊരുതേണ്ടതുണ്ട്. എന്നാൽ, സംസ്ഥാന സർക്കാർ നടത്തുന്ന പ്രവർത്തനങ്ങളെ രാഷ്ട്രീയ ലക്ഷ്യത്തോടെ ദുർബലപ്പെടുത്താനാണ് യുഡിഎഫ് ശ്രമിക്കുന്നത്.

കൂടുതൽ ലേഖനങ്ങൾ

വിദ്യാഭ്യാസ ആവശ്യങ്ങൾക്കല്ലാതെ കുട്ടികളെ മറ്റ് ഔദ്യോഗിക കൃത്യനിർവ്വഹണങ്ങൾക്ക് ഉപയോഗിക്കുന്നത് അവരുടെ പഠനാവകാശ ലംഘനമാണ്

സ. വി ശിവൻകുട്ടി

വോട്ടർ പട്ടിക പുതുക്കൽ ഉൾപ്പെടെയുള്ള തിരഞ്ഞെടുപ്പ് അനുബന്ധ ജോലികൾക്കായി എൻ.എസ്.എസ്, എൻ.സി.സി വോളണ്ടിയർമാരായ വിദ്യാർത്ഥികളെ നിയോഗിക്കാനുള്ള ആവശ്യം പഠനത്തെ തടസപ്പെടുത്തും. സംസ്ഥാനത്തെ സ്കൂളുകളിൽ അധ്യയനം പൂർണ്ണതോതിൽ നടന്നുകൊണ്ടിരിക്കുന്ന സമയമാണിത്.

മതേതരത്വവും ബഹുസ്വരതയും ഫെഡറലിസവുമടക്കമുള്ള നമ്മുടെ ഭരണഘടനയുടെ മൂല്യങ്ങളെ അട്ടിമറിക്കാൻ എല്ലാ വഴിക്കും മതരാഷ്ട്രവാദികൾ ശ്രമിക്കുന്ന ഈ കാലത്ത് ഭരണഘടനാദിനം ഏറെ പ്രസക്തമാണ്

സ. കെ എൻ ബാലഗോപാൽ

ഇന്ത്യൻ ഭരണഘടന നമ്മുടെ രാജ്യത്തിന്റെ ആശയവും ഉള്ളടക്കവും പ്രതിഫലിപ്പിക്കുന്നു. ഡോ. ബി ആർ അംബേദ്കർ ഉൾപ്പെടെയുള്ള മഹാമനീഷികളായ ഭരണഘടനകർത്താക്കൾ വിഭാവനം ചെയ്ത ആധുനികവും ബഹുസ്വരവുമായ ഇന്ത്യയെന്ന ദേശരാഷ്ട്രത്തിൻ്റെ വിളംബരമാണ് ഇന്ത്യൻ ഭരണഘടന.

ഹിന്ദി അടിച്ചേൽപ്പിക്കാനുള്ള ശ്രമങ്ങൾ, സമ്പത്തിന്റെ കേന്ദ്രീകരണം, അർഹതപ്പെട്ട ഫണ്ട് തടഞ്ഞുവെക്കൽ, ജമ്മു കശ്മീർ സംസ്ഥാനത്തെ കേന്ദ്രഭരണ പ്രദേശമാക്കാനുള്ള നടപടികൾ എന്നിവയെല്ലാം ഭരണഘടനയെ ദുർബലപ്പെടുത്താനുള്ള ശ്രമങ്ങളാണ്

സ. പി രാജീവ്

എഴുതപ്പെട്ട വാക്കുകളിലല്ല, പ്രയോഗത്തിന്റെ രീതികളിലാണ് ഭരണഘടനയുടെ ജീവൻ എന്ന് ഡോ. അംബേദ്കർ നൽകിയ മുന്നറിയിപ്പ് ഭരണഘടന അംഗീകരിച്ചതിന്റെ 76-ാം വാർഷികത്തിൽ ഏറെ പ്രസക്തമാണ്.

ജനങ്ങൾ ജനങ്ങൾക്കായി നിർമ്മിച്ച ഭരണഘടനയെ സംരക്ഷിക്കേണ്ട ഉത്തരവാദിത്തം ജനങ്ങളിൽ തന്നെയാണ് നിക്ഷിപ്തമായിരിക്കുന്നത്, നമ്മുടെ രാജ്യത്തിൻ്റെ ബഹുസ്വരതയും ജനാധിപത്യവും കാത്തുസൂക്ഷിക്കാനുള്ള പ്രതിരോധം തീർക്കാൻ ഓരോ പൗരനും തയ്യാറാവേണ്ട സമയമാണിത്

സ. പിണറായി വിജയൻ

ഇന്നു ഭരണഘടനാ ദിനം. നീണ്ട ചർച്ചകൾക്കും ആശയവിനിമയങ്ങൾക്കും ഒടുവിലാണ് സ്വാതന്ത്ര്യസമരം ലക്ഷ്യമാക്കിയ നീതിയും സമത്വവും പൗരസ്വാതന്ത്ര്യവും സാക്ഷാൽക്കാരിക്കാനുതകുന്ന ഭരണഘടന തയ്യാറാക്കപ്പെട്ടത്.