Skip to main content

തിരഞ്ഞെടുപ്പിൽ ജയിക്കാൻ ബിജെപി രാജ്യത്തെ വർഗീയ കലാപഭൂമിയാക്കുമ്പോൾ ജനങ്ങളുടെ വിഷയങ്ങൾ ഉയർത്തി സിപിഐ എം സമരരംഗത്ത്‌ ഇറങ്ങും

മതാന്ധതയുടെയും വർഗീയതയുടെയും ഇരുട്ടിലേക്ക്‌ രാജ്യം അതിവേഗം നയിക്കപ്പെടുന്ന ഘട്ടത്തിലാണ്‌ സിപിഐ എം കേന്ദ്ര കമ്മിറ്റി യോഗം ഈ മാസം നാലുമുതൽ മൂന്ന്‌ ദിവസം ഡൽഹിയിൽ ചേർന്നത്‌. മണിപ്പുരിലും ഹരിയാനയിലെ നൂഹിലും ഗുരുഗ്രാമിലും അശാന്തി കത്തിപ്പടരുന്ന ഘട്ടത്തിലാണ്‌ യോഗം ചേർന്നത്‌ എന്നതിനാൽ സ്വാഭാവികമായും ഈ വിഷയങ്ങളും ചർച്ചയ്‌ക്കു വന്നു. മണിപ്പുരിൽ അശാന്തി പടർന്നിട്ട്‌ 100 ദിവസം പിന്നിട്ടു. വർഗീയ സംഘർഷങ്ങൾക്ക് അപ്പുറമുള്ള വംശീയ ഉന്മൂലനത്തിന്റെ ചേരുവകളിലേക്ക്‌ മണിപ്പുർ വഴുതിവീണിരിക്കുന്നുവെന്ന നിരീക്ഷണങ്ങളും പുറത്തുവരുന്നുണ്ട്‌. എന്നിട്ടും പ്രധാനമന്ത്രി നരേന്ദ്ര മോദി മൗനംപാലിക്കുകയാണ്‌. രണ്ട്‌ യുവതികളെ നഗ്‌നരാക്കി നടത്തിച്ച വീഡിയോ പുറത്തുവന്നശേഷം പാർലമെന്റിനു പുറത്ത്‌ 36 സെക്കൻഡ്‌ പ്രതികരണം നടത്താൻ തയ്യാറായ പ്രധാനമന്ത്രി പിന്നീട്‌ ഇതുവരെയും മണിപ്പുരിനെക്കുറിച്ച്‌ സംസാരിച്ചിട്ടില്ല. സമാധാനം സ്ഥാപിക്കാനായുള്ള ഒരാഹ്വാനം നടത്താൻപോലും ഇതുവരെയും പ്രധാനമന്ത്രി തയ്യാറായിട്ടില്ല. മണിപ്പുർ സന്ദർശിക്കാനും വിസമ്മതിച്ചു. സിപിഐ എം –-സിപിഐ പ്രതിനിധി സംഘവും ‘ഇന്ത്യ’ എന്ന പ്രതിപക്ഷ സഖ്യത്തിന്റെ പ്രതിനിധി സംഘവും സന്ദർശിച്ചെങ്കിലും പ്രധാനമന്ത്രിയോ എൻഡിഎ പ്രതിനിധി സംഘമോ ഇതുവരെയും മണിപ്പുരിൽ എത്തിയിട്ടില്ല. പ്രധാനമന്ത്രിയുടെ മൗനവും ഫലപ്രദമായി ഇടപെടുന്നതിൽ കേന്ദ്ര സർക്കാർ കാണിക്കുന്ന ബോധപൂർവമായ അനാസ്ഥയും മണിപ്പുരിനെ അശാന്തമാക്കുന്നതിൽ ഇവർക്കുള്ള പങ്കാണ്‌ വ്യക്തമാക്കുന്നത്‌.

മണിപ്പുരിൽ സമാധാനം സ്ഥാപിക്കുന്നതിൽ സംസ്ഥാന സർക്കാർ പൂർണമായും പരാജയപ്പെട്ടിരിക്കുകയാണ്‌. ബിരേൻ സിങ് സർക്കാരിന്‌ ഒരുനിമിഷംപോലും അധികാരത്തിൽ തുടരാൻ അവകാശമില്ല. ബിരേൻ സിങ് സർക്കാരിനെ പിരിച്ചുവിടണമെന്നാണ്‌ സിപിഐ എം കേന്ദ്ര കമ്മിറ്റി ആവർത്തിച്ച്‌ ആവശ്യപ്പെട്ടത്‌. ബിരേൻ സിങ് സർക്കാരിനെ വഴിവിട്ട്‌ സംരക്ഷിക്കുകയാണ്‌ പ്രധാനമന്ത്രി മോദിയും ബിജെപിയും. ഇനിയെങ്കിലും സമാധാനം പുനഃസ്ഥാപിക്കാനുള്ള ആദ്യ നടപടിയെന്ന നിലയിൽ മഖ്യമന്ത്രിയെ പുറത്താക്കാൻ കേന്ദ്രം തയ്യാറാകണം. മണിപ്പുരിൽ അന്വേഷണത്തിന്‌ മേൽനോട്ടം വഹിക്കാൻ സുപ്രീംകോടതി തീരുമാനിച്ചത്‌ ആശ്വാസം പകരുന്ന വാർത്തയാണ്‌. ഗുരുതരമായ മനുഷ്യാവകാശ പ്രശ്‌നങ്ങൾ പരിഹരിക്കാൻ മൂന്ന്‌ മുൻ വനിതാ ജഡ്‌ജിമാരുടെ സമിതി രൂപീകരിക്കാനുള്ള തീരുമാനവും സ്വാഗതാർഹമാണ്‌.

സിപിഐ എം കേന്ദ്ര കമ്മിറ്റി യോഗം നടന്നുകൊണ്ടിരിക്കെ അയൽസംസ്ഥാനമായ ഹരിയാനയിൽനിന്നും വന്നുകൊണ്ടിരുന്ന വാർത്തകൾ ഭയപ്പെടുത്തുന്നത്‌ ആയിരുന്നു. സംഘപരിവാർ സംഘടനകളായ വിശ്വഹിന്ദു പരിഷത്തും ബജ്‌റംഗദളും നടത്തിയ ഒരു യാത്രയ്‌ക്കുനേരെ ആക്രമണം നടന്നെന്ന്‌ ആരോപിച്ചാണ്‌ വർഗീയലഹള ആരംഭിച്ചത്‌. ആറുപേർ കൊല്ലപ്പെട്ടു. ഇത്‌ അവസരമാക്കി മുസ്ലിങ്ങൾക്കെതിരെ ക്രൂരമായ ബുൾഡോസർ രാഷ്ട്രീയം പുറത്തെടുക്കുകയായിരുന്നു ബിജെപിയും സംഘപരിവാറും. ഡൽഹിയോട്‌ അടുത്തുകിടക്കുന്ന ഹരിയാനയിലെ മേവാത്ത്‌ മേഖലയിലാണ്‌ ഈ മുസ്ലിംവേട്ട നടന്നത്‌. വർഗീയ സംഘർഷങ്ങളോ അസ്വസ്ഥതകളോ പൊട്ടിപ്പുറപ്പെട്ടാൽ ഉടൻ മുസ്ലിങ്ങളെ തെരഞ്ഞുപിടിച്ച്‌ ആക്രമിക്കുകയും അവരുടെ വീടും കടകളും സ്ഥാപനങ്ങളും ബുൾഡോസർ ഉപയോഗിച്ച്‌ നശിപ്പിക്കുകയും ചെയ്യുകയെന്നത്‌ ബിജെപി സർക്കാരുകളുടെ പൊതുരീതിയായി മാറിയിരിക്കുന്നു. നേരത്തേ ഉത്തർപ്രദേശിലും മധ്യപ്രദേശിലും ഡൽഹിയിലും കൈക്കൊണ്ട ഈ രീതി ഇപ്പോൾ ഹരിയാനയിലും ആവർത്തിക്കപ്പെട്ടിരിക്കുന്നു. അനധികൃതമായി നിർമിച്ചതാണെന്നു പറഞ്ഞാണ്‌ കെട്ടിടങ്ങളും വീടുകളും തകർത്തിട്ടുള്ളത്‌. എന്നാൽ, അവർക്ക്‌ വീട്‌ ഒഴിഞ്ഞുപോകുന്നതിന്‌ മുൻകൂട്ടി നോട്ടീസ്‌ നൽകിയില്ലെന്നു മാത്രമല്ല, സാധനങ്ങളും മറ്റും മാറ്റാനുള്ള സാവകാശംപോലും നൽകിയില്ല. മുഖ്യമന്ത്രി മനോഹർലാൽ ഖട്ടറിന്റെ നിർദേശപ്രകാരമാണത്രെ ഒരു ചട്ടവും പാലിക്കാതെയുള്ള ഇടിച്ചുനിരത്തൽ. നിയമപരമായി ഉടമസ്ഥാവകാശവും കോടതിയിൽനിന്ന്‌ സ്‌റ്റേ നേടിയവരുടെ കടകളും വീടുകളുംപോലും തകർക്കപ്പെട്ടവയിൽ ഉൾപ്പെടും.

ഉന്മൂലനമാണോ ലക്ഷ്യമെന്ന ചോദ്യം പഞ്ചാബ്‌-ഹരിയാന ഹൈക്കോടതി ഉയർത്തുന്ന സാഹചര്യംവരെയുണ്ടായി. കോടതി ഇടപെട്ടതുകൊണ്ടുമാത്രമാണ്‌ ഹരിയാനയിലെ ബുൾഡോസർരാജിന്‌ താൽക്കാലിക അന്ത്യമായിട്ടുള്ളത്‌. ഡബിൾ എൻജിൻ സർക്കാർ എന്നാൽ ബുൾഡോസർരാജും വർഗീയലഹളകളും വംശീയ ഉന്മൂലനവുമാണെന്ന്‌ മണിപ്പുരും ഹരിയാനയും തെളിയിക്കുകയാണ്‌. ഗുജറാത്തിൽ സംഭവിച്ചത്‌ ഇപ്പോൾ ഇന്ത്യയാകെ പടരുകയാണ്‌. ആക്രമണം അഴിച്ചുവിട്ടവർക്കും അതിന്‌ പ്രേരണ നൽകിയവർക്കുമെതിരെ കർശന നടപടി സ്വീകരിക്കുന്നതിനു പകരം ന്യൂനപക്ഷങ്ങളെ ഇല്ലാതാക്കാനുള്ള അവസരമായി ഉപയോഗിക്കുകയാണ്‌. ഇതിനെതിരെ മതനിരപേക്ഷ ജനാധിപത്യശക്തികൾ ഒറ്റക്കെട്ടായി രംഗത്തുവരണം.

സംഘപരിവാർ പ്രചരിപ്പിക്കുന്ന വർഗീയവിഷം എത്രമാത്രം ആപൽക്കരമാണെന്ന്‌ ബോധ്യപ്പെടുത്തുന്നതാണ്‌ റെയിൽവേ സുരക്ഷാസേനയിലെ ഉദ്യോഗസ്ഥനായ ചേതൻ സിങ്ങിന്റെ നടപടി. ജയ്‌പുരിൽനിന്ന്‌ മുംബൈയിലേക്ക്‌ പോകുന്ന ട്രെയിനിൽ സുരക്ഷാ ചുമതലയുള്ള ഉദ്യോഗസ്ഥനാണ്‌ മേലുദ്യോഗസ്ഥനെയും മൂന്ന്‌ മുസ്ലിംയാത്രക്കാരെയും വെടിവച്ചുകൊന്നത്‌. അപരമത വിദ്വേഷവും മുസ്ലിംവിരോധവും എങ്ങനെയാണ്‌ മനുഷ്യമനസ്സിനെ മനുഷ്യത്വരഹിതമാക്കുന്നത്‌ എന്നതിനുള്ള ഉദാഹരണംകൂടിയാണ്‌ ഇത്‌. ആർഎസ്‌എസും ബിജെപിയും മുസ്ലിങ്ങളെ രാക്ഷസവൽക്കരിച്ചു നടത്തുന്ന പ്രചാരണത്തിന്റെ ഫലമാണ്‌ മതനിരപേക്ഷ റിപ്പബ്ലിക്കിന്റെ അടിത്തറ തകർക്കുന്ന ഇത്തരം നടപടികൾ. രാഷ്ട്രപിതാവിനെ വധിച്ച ഗോഡ്സേമാരുടെ ശിഷ്യന്മാർ ആകാനാണ്‌ ചേതൻ സിങ്ങിനെപ്പോലുള്ളവർ മത്സരിക്കുന്നത്‌. സുരക്ഷാസേനയെയും വർഗീയ വൈറസ്‌ ബാധിച്ചിരിക്കുന്നുവെന്ന മുന്നറിയിപ്പും ഈ സംഭവം നൽകുന്നുണ്ട്‌. ഇതിനെതിരെ കരുതിയിരിക്കാൻ മലയാളികൾ ജാഗ്രത പുലർത്തണമെന്നു മാത്രമാണ്‌ പറയാനുള്ളത്‌. സംഘപരിവാറിന്റെ വെറുപ്പും വിദ്വേഷവും വളർത്തുന്ന അജൻഡയിലേക്ക്‌ വഴുതിവീഴരുതെന്ന്‌ മാത്രമാണ്‌ ശാസ്‌ത്ര ചിന്താഗതിയെ വെല്ലുവിളിച്ച്‌ നാമജപഘോഷയാത്രയും മറ്റും നടത്തുന്നവരോടും അഭ്യർഥിക്കാനുള്ളത്‌.

2024ലെ തെരഞ്ഞെടുപ്പിൽ വിജയിക്കാനുള്ള ഏകമാർഗം വർഗീയസ്‌പർധയും കലാപവും വഴിയുള്ള ധ്രുവീകരണം മാത്രമാണ്‌ ബിജെപി കരുതുന്നുവെന്നതിന്റെ ഉദാഹരണമാണ്‌ മണിപ്പുരിലെയും ഹരിയാനയിലെയും സംഭവങ്ങൾ. മോദിയുടെ വീരസ്യം കൊണ്ടുമാത്രം അടുത്ത തെരഞ്ഞെടുപ്പിൽ വിജയം നേടാനാകില്ലെന്ന്‌ ബിജെപിക്കും ആർഎസ്‌എസിനും ബോധ്യപ്പെട്ടിരിക്കുകയാണ്‌. അതിനാലാണ്‌ വാരാണസിയിലെ ഗ്യാൻവ്യാപി പള്ളി സംബന്ധിച്ച തർക്കം അവർ കുത്തിപ്പൊക്കുന്നത്‌. പ്രധാനമന്ത്രി ലോക്‌സഭയിൽ പ്രതിനിധാനംചെയ്യുന്ന മണ്ഡലമാണ്‌ വാരാണസി. ‘ഇന്ത്യ’യുടെ രൂപീകരണവും നിതീഷ്‌ കുമാർ ഉത്തർപ്രദേശിൽനിന്നും ജനവിധി തേടുമെന്ന വാർത്തകളും മറ്റും ബിജെപിയുടെ ഉറക്കംകെടുത്തുന്നുണ്ട്‌. അതിന്റെ പശ്ചാത്തലത്തിലാണ്‌ അയോധ്യയുടെ രണ്ടാംഭാഗം എന്നനിലയിൽ ഗ്യാൻവ്യാപി പള്ളി വിഷയം യോഗിയും ബിജെപിയും ഉയർത്തുന്നത്‌. ഗ്യാൻവ്യാപിയിൽ മുസ്ലിങ്ങൾ തെറ്റുതിരുത്താൻ തയ്യാറാകണമെന്ന്‌ യോഗി നടത്തിയ പ്രസ്‌താവന ഇതിന്റെ ഭാഗമാണ്‌.

മുഗളന്മാർ ക്ഷേത്രം തകർത്തുനിർമിച്ചതാണ്‌ ഗ്യാൻവ്യാപി പള്ളിയെന്ന ആഖ്യാനമാണ്‌ ഇവർ വർഗീയധ്രുവീകരണം ലക്ഷ്യമിട്ട്‌ ഉയർത്തുന്നത്‌. എന്നാൽ, അപകടകരമായ ഈ നീക്കം തടയാൻ പരമോന്നത കോടതിക്ക്‌ കഴിയുമായിരുന്നു. 1991ലെ നിയമം പാലിക്കാൻ പരമോന്നത കോടതി അനുശാസിക്കാത്തതിൽ സിപിഐ എം കേന്ദ്ര കമ്മിറ്റി യോഗം ഞെട്ടലും ആശ്ചര്യവും രേഖപ്പെടുത്തുകയുണ്ടായി. അയോധ്യ വിഷയം രാജ്യത്ത്‌ വൻതോതിലുള്ള വർഗീയസംഘർഷം സൃഷ്ടിച്ചവേളയിലാണ്‌ സ്വാതന്ത്ര്യത്തിനുശേഷമുള്ള ആരാധനാലയങ്ങളുടെ പദവിയിൽ മാറ്റംവരുത്തരുതെന്ന്‌ അനുശാസിക്കുന്ന 1991ലെ ആരാധനാലയ നിയമം പാസാക്കിയത്‌. അയോധ്യ കേസിൽ പരമോന്നത കോടതി വിധി പറഞ്ഞവേളയിലും 1991ലെ നിയമം കർശനമായി പാലിക്കണമെന്ന്‌ നിഷ്‌കർഷിച്ചിരുന്നു. എന്നാൽ, ഇപ്പോൾ ഗ്യാൻവ്യാപി പള്ളിയിൽ ആർക്കിയോളജിക്കൽ സർവേ ഓഫ്‌ ഇന്ത്യയുടെ സർവേ അനുവദിച്ച കീഴ്‌ക്കോടതികളുടെ നടപടി സുപ്രീംകോടതിയും അനുവദിച്ചിരിക്കുകയാണ്‌. ഈ അനുകൂല സാഹചര്യം മുതലെടുത്ത്‌ വർഗീയധ്രുവീകരണം ശക്തമാക്കാനാണ്‌ യുപി മുഖ്യമന്ത്രി ശ്രമിക്കുന്നത്‌.

ഒരുഭാഗത്ത്‌ വർഗീയത ആയുധമാക്കുമ്പോൾത്തന്നെ സംസ്ഥാനങ്ങളുടെ അധികാരങ്ങൾ ഒന്നൊന്നായി കവരാനും ദേശീയ സമ്പത്ത്‌ സ്വകാര്യമേഖലയ്‌ക്ക്‌ ചുളുവിലയ്‌ക്ക്‌ കൈമാറാനും ശ്രമങ്ങൾ നടക്കുകയാണെന്നും സിപിഐ എം കേന്ദ്ര കമ്മിറ്റി യോഗം വിലയിരുത്തി. തെരഞ്ഞെടുപ്പിൽ ജയിക്കാൻ ബിജെപി രാജ്യത്തെ വർഗീയ കലാപഭൂമിയാക്കുമ്പോൾ ജനങ്ങളുടെ വിഷയങ്ങൾ സജീവമായി ഉയർത്തി സമരരംഗത്തേക്ക്‌ ഇറങ്ങാനാണ്‌ സിപിഐ എം തീരുമാനിച്ചിട്ടുള്ളത്‌. വിലക്കയറ്റത്തിനും തൊഴിലില്ലായ്‌മയ്‌ക്കും എതിരെ സെപ്‌തംബർ ഒന്നുമുതൽ ഏഴുവരെ നടത്തുന്ന പ്രക്ഷോഭം ഉൾപ്പെടെ നിരവധി ജനകീയ സമരങ്ങൾക്ക്‌ സിപിഐ എമ്മും ഇടതുപക്ഷ പാർടികളും ട്രേഡ്‌ യൂണിയനുകളും വരുംദിവസങ്ങളിൽ നേതൃത്വം നൽകും. ജനങ്ങളെ കണ്ണീരണിയിക്കാനല്ല അവരുടെ കണ്ണീരൊപ്പാനാണ്‌ സിപിഐ എമ്മും ഇടതുപക്ഷവും ശ്രമിക്കുക.

കൂടുതൽ ലേഖനങ്ങൾ

വിദ്യാഭ്യാസ ആവശ്യങ്ങൾക്കല്ലാതെ കുട്ടികളെ മറ്റ് ഔദ്യോഗിക കൃത്യനിർവ്വഹണങ്ങൾക്ക് ഉപയോഗിക്കുന്നത് അവരുടെ പഠനാവകാശ ലംഘനമാണ്

സ. വി ശിവൻകുട്ടി

വോട്ടർ പട്ടിക പുതുക്കൽ ഉൾപ്പെടെയുള്ള തിരഞ്ഞെടുപ്പ് അനുബന്ധ ജോലികൾക്കായി എൻ.എസ്.എസ്, എൻ.സി.സി വോളണ്ടിയർമാരായ വിദ്യാർത്ഥികളെ നിയോഗിക്കാനുള്ള ആവശ്യം പഠനത്തെ തടസപ്പെടുത്തും. സംസ്ഥാനത്തെ സ്കൂളുകളിൽ അധ്യയനം പൂർണ്ണതോതിൽ നടന്നുകൊണ്ടിരിക്കുന്ന സമയമാണിത്.

മതേതരത്വവും ബഹുസ്വരതയും ഫെഡറലിസവുമടക്കമുള്ള നമ്മുടെ ഭരണഘടനയുടെ മൂല്യങ്ങളെ അട്ടിമറിക്കാൻ എല്ലാ വഴിക്കും മതരാഷ്ട്രവാദികൾ ശ്രമിക്കുന്ന ഈ കാലത്ത് ഭരണഘടനാദിനം ഏറെ പ്രസക്തമാണ്

സ. കെ എൻ ബാലഗോപാൽ

ഇന്ത്യൻ ഭരണഘടന നമ്മുടെ രാജ്യത്തിന്റെ ആശയവും ഉള്ളടക്കവും പ്രതിഫലിപ്പിക്കുന്നു. ഡോ. ബി ആർ അംബേദ്കർ ഉൾപ്പെടെയുള്ള മഹാമനീഷികളായ ഭരണഘടനകർത്താക്കൾ വിഭാവനം ചെയ്ത ആധുനികവും ബഹുസ്വരവുമായ ഇന്ത്യയെന്ന ദേശരാഷ്ട്രത്തിൻ്റെ വിളംബരമാണ് ഇന്ത്യൻ ഭരണഘടന.

ഹിന്ദി അടിച്ചേൽപ്പിക്കാനുള്ള ശ്രമങ്ങൾ, സമ്പത്തിന്റെ കേന്ദ്രീകരണം, അർഹതപ്പെട്ട ഫണ്ട് തടഞ്ഞുവെക്കൽ, ജമ്മു കശ്മീർ സംസ്ഥാനത്തെ കേന്ദ്രഭരണ പ്രദേശമാക്കാനുള്ള നടപടികൾ എന്നിവയെല്ലാം ഭരണഘടനയെ ദുർബലപ്പെടുത്താനുള്ള ശ്രമങ്ങളാണ്

സ. പി രാജീവ്

എഴുതപ്പെട്ട വാക്കുകളിലല്ല, പ്രയോഗത്തിന്റെ രീതികളിലാണ് ഭരണഘടനയുടെ ജീവൻ എന്ന് ഡോ. അംബേദ്കർ നൽകിയ മുന്നറിയിപ്പ് ഭരണഘടന അംഗീകരിച്ചതിന്റെ 76-ാം വാർഷികത്തിൽ ഏറെ പ്രസക്തമാണ്.

ജനങ്ങൾ ജനങ്ങൾക്കായി നിർമ്മിച്ച ഭരണഘടനയെ സംരക്ഷിക്കേണ്ട ഉത്തരവാദിത്തം ജനങ്ങളിൽ തന്നെയാണ് നിക്ഷിപ്തമായിരിക്കുന്നത്, നമ്മുടെ രാജ്യത്തിൻ്റെ ബഹുസ്വരതയും ജനാധിപത്യവും കാത്തുസൂക്ഷിക്കാനുള്ള പ്രതിരോധം തീർക്കാൻ ഓരോ പൗരനും തയ്യാറാവേണ്ട സമയമാണിത്

സ. പിണറായി വിജയൻ

ഇന്നു ഭരണഘടനാ ദിനം. നീണ്ട ചർച്ചകൾക്കും ആശയവിനിമയങ്ങൾക്കും ഒടുവിലാണ് സ്വാതന്ത്ര്യസമരം ലക്ഷ്യമാക്കിയ നീതിയും സമത്വവും പൗരസ്വാതന്ത്ര്യവും സാക്ഷാൽക്കാരിക്കാനുതകുന്ന ഭരണഘടന തയ്യാറാക്കപ്പെട്ടത്.