Skip to main content

സ്വാതന്ത്ര്യം എല്ലാവർക്കും തുല്യമായി അവകാശപ്പെട്ടത്

ഇന്ത്യ സ്വതന്ത്രയായിട്ട് ഇന്ന് 76 വർഷം പൂർത്തിയാവുകയാണ്. സ്വാതന്ത്ര്യത്തിന്റെ 77 ാം വർഷത്തിലേക്ക് കടക്കുകയാണ് നമ്മൾ. വൈവിധ്യങ്ങളാൽ സമൃദ്ധമായ ഇന്ത്യ ഏഴര ദശാബ്ദത്തിലധികമായി ഒരു സ്വതന്ത്ര രാജ്യമായി നിലകൊള്ളുന്നു എന്നത് ഏതൊരു ഇന്ത്യക്കാരനെ സംബന്ധിച്ചും അഭിമാനകരമാണ്.

ആയുർദൈർഘ്യത്തിന്റെ, സാക്ഷരതയുടെ, വരുമാനത്തിന്റെ ഒക്കെ കാര്യത്തിൽ 1947 നെ അപേക്ഷിച്ച് ഈ 2023 ൽ നമ്മൾ വളരെയേറെ മെച്ചപ്പെട്ടിരിക്കുന്നു. ലോകത്തെ ഏറ്റവും വലിയ സാമ്പത്തിക - സൈനിക ശക്തികളുടെ പട്ടികയിൽ ഇന്ന് ഇന്ത്യയുണ്ട്. ആഗോള തലത്തിലെ വലിയ ടൂറിസം കേന്ദ്രമാണ് നമ്മൾ. ലോക ഐ ടി രംഗത്ത് ഇന്ത്യ അതിന്റെ സാന്നിധ്യം അറിയിച്ചുകൊണ്ടിരിക്കുകയാണ്. ബഹിരാകാശത്തും ചന്ദ്രനിലും ഒക്കെ നമ്മുടെ സാങ്കേതികവിദ്യയും ചെന്നെത്തിയിരിക്കുന്നു. ഇന്ത്യയിലെ ആയുർവ്വേദവും യോഗയും ചെറുധാന്യങ്ങളുമെല്ലാം ലോകശ്രദ്ധയിലെത്തി നിൽക്കുന്നു. തീർച്ചയായും ഇതൊക്കെ അഭിമാനകരമായ നേട്ടങ്ങളാണ്.

നമ്മോടൊപ്പവും തൊട്ടടുത്ത വർഷങ്ങളിലുമൊക്കെയായി സ്വാതന്ത്ര്യം നേടിയ പല രാജ്യങ്ങളും വലിയ പ്രതിസന്ധികളിൽ അകപ്പെട്ടപ്പോൾ പോലും നമ്മൾ പിടിച്ചു നിന്നു. ചെറിയ ഒരു ഘട്ടത്തിലൊഴികെ ജനാധിപത്യ രാജ്യമായി തന്നെ നമ്മൾ നിലകൊണ്ടു. ഇന്ന് ലോകത്തെ ഏറ്റവും വലിയ ജനാധിപത്യ രാജ്യമാണ് ഇന്ത്യ എന്നതിൽ ഓരോ ഇന്ത്യക്കാരനും അഭിമാനിക്കാം.

അതേസമയം തന്നെ ഏഴു പതിറ്റാണ്ടുകൾക്കു മുമ്പ് ഒരു രാഷ്ട്രം എന്ന നിലയിൽ പുതിയ ദിശയിലേക്കു നീങ്ങിയ പല രാജ്യങ്ങളോടും താരതമ്യം ചെയ്യുമ്പോൾ സാമ്പത്തിക, സാമൂഹിക, ശാസ്ത്ര, സാങ്കേതിക മേഖലകളിലെല്ലാം നമ്മൾ ഇനിയുമേറെ മുന്നേറാനുണ്ട് എന്ന വസ്തുത നാം കാണാതെ പോകരുത്. ആ തിരിച്ചറിവാകട്ടെ മുന്നോട്ടുള്ള നമ്മുടെ പ്രയാണത്തിൽ വലിയ ഊർജ്ജമായി തീരുകയും വേണം.

ഇന്ത്യയിലെ എല്ലാ വിഭാഗം ജനങ്ങളുടെയും പങ്കാളിത്തമാണ് നമ്മുടെ സാമ്രാജ്യത്വവിരുദ്ധ ദേശീയ പ്രസ്ഥാനത്തെ സവിശേഷമാക്കിയത്. അതിന്റെ ഫലമായി ഉയർന്നുവന്നതാണ് നാനാത്വത്തിൽ ഏകത്വം എന്ന ഇന്ത്യയുടെ സവിശേഷത. ഇന്ത്യയിലെ നാനാ ജാതി മതസ്ഥരും വിവിധങ്ങളായ പ്രദേശങ്ങളിൽ പെട്ടവരും വ്യത്യസ്തങ്ങളായ ഭാഷ, സംസ്‌കാരം, വിശ്വാസങ്ങൾ തുടങ്ങിയവ പിന്തുടരുന്നവരും ഉൾപ്പെട്ടതായിരുന്നു നമ്മുടെ സ്വാതന്ത്ര്യസമര പ്രസ്ഥാനം. അതുകൊണ്ടുതന്നെ സ്വാതന്ത്ര്യം എല്ലാവർക്കും തുല്യമായി അവകാശപ്പെട്ടതാണ്. ഏതെങ്കിലും പ്രത്യേക വിഭാഗത്തിനു മാത്രമായി സ്വാതന്ത്ര്യം ചുരുക്കപ്പെടാൻ പാടില്ല.

എല്ലാ മനുഷ്യരെയും തുല്യരായി കണ്ടും സമൂഹത്തിന്റെയാകെ പ്രശ്‌നങ്ങളെ ഒറ്റക്കെട്ടായി നിന്ന് പരിഹരിച്ചുമാണ് നമ്മുടെ കേരളം പല കാര്യങ്ങളിലും രാജ്യത്തിനാകെ മാതൃകയായി തീർന്നിരിക്കുന്നത്. നമ്മുടെ ഒരുമയും മതനിരപേക്ഷതയും ശാസ്ത്രീയചിന്തയും എല്ലാം അതിനുപകരിച്ചിട്ടുണ്ട്. അതുകൊണ്ടുതന്നെ മുന്നോട്ടുള്ള നമ്മുടെ യാത്രയിൽ അവയെ എല്ലാം കൂടുതൽ ശക്തിപ്പെടുത്തേണ്ടതുണ്ട്. അവയെ പിറകോട്ടടിപ്പിക്കാൻ പല നീക്കങ്ങളും നടക്കുന്നുണ്ട്. അത്തരം ശ്രമങ്ങളെ മുളയിലേ നുള്ളിക്കളയേണ്ടതുണ്ട്. അപ്പോൾ മാത്രമേ സ്വാതന്ത്ര്യം കൂടുതൽ അർത്ഥപൂർണ്ണമാവൂ.

സ്വാതന്ത്ര്യത്തിന്റെ 100 ാം വർഷം ആകുമ്പോഴേക്കും ലോകോത്തര നിലവാരമുള്ള വികസിത മധ്യവരുമാന സമൂഹമാക്കി കേരളത്തെ മാറ്റാനാണ്, വിജ്ഞാന സമ്പദ്ഘടനയായും നൂതനത്വ സമൂഹമായും പരിവർത്തിപ്പിക്കാനാണ് ഈ സർക്കാർ യത്‌നിക്കുന്നത്. നേട്ടങ്ങളെല്ലാം എല്ലാ ജനവിഭാഗങ്ങൾക്കും പ്രാപ്യമാകുന്നു എന്നുറപ്പുവരുത്തുകയുമാണ്.

2016 ൽ കേരളത്തിന്റെ മൊത്തം ആഭ്യന്തര ഉത്പാദനം ഏകദേശം 5.6 ലക്ഷം കോടി രൂപയായിരുന്നു. ഏറ്റവും ഒടുവിലത്തെ കണക്കുകൾ പ്രകാരം അത് 10.17 ലക്ഷം കോടി രൂപയിലേക്കെത്തിയിരിക്കുന്നു. അതായത്, കഴിഞ്ഞ 7 വർഷംകൊണ്ട് 84 ശതമാനം വർദ്ധനവ്. 2016 ൽ കേരളത്തിന്റെ പ്രതിശീർഷ വരുമാനം 1.48 ലക്ഷം രൂപയായിരുന്നു. ഇന്നത് 2.28 ലക്ഷം രൂപയായി ഉയർന്നിരിക്കുന്നു. 54 ശതമാനത്തിലധികം വർദ്ധനവ്. കേരളത്തിന്റെ കടത്തെ ജി എസ് ഡി പിയുടെ 39 ശതമാനത്തിൽ നിന്നും 35 ശതമാനത്തിൽ താഴെയെത്തിക്കാൻ നമുക്ക് കഴിഞ്ഞിട്ടുണ്ട്. ഈ വിധത്തിൽ എല്ലാ തലങ്ങളിലും കേരളത്തിന്റെ സാമ്പത്തിക വളർച്ചയുടെയും അതിനടിസ്ഥാനം നൽകുന്ന വികസന പ്രവർത്തനങ്ങളുടെയും ഫലം ഉണ്ടായിക്കൊണ്ടിരിക്കുകയാണ്.

വ്യവസായ സംരംഭങ്ങൾ പ്രോത്സാഹിപ്പിക്കാനാണ് സംരംഭക വർഷം പദ്ധതി നടപ്പാക്കിയത്. ഒരു വർഷംകൊണ്ട് ഒരു ലക്ഷം സംരംഭങ്ങൾ ആരംഭിക്കാനാണ് നമ്മൾ ലക്ഷ്യമിട്ടിരുന്നത്. എന്നാൽ, ആദ്യത്തെ എട്ട് മാസം കൊണ്ടുതന്നെ ലക്ഷ്യത്തെ മറികടക്കാൻ നമുക്കു സാധിച്ചു. 1,40,000 ത്തോളം സംരംഭങ്ങളാണ് സംരംഭകവർഷം പദ്ധതിയിലൂടെ ആരംഭിച്ചിട്ടുള്ളത്. അവയിലൂടെ 8,300 കോടിയിലധികം രൂപയുടെ നിക്ഷേപങ്ങൾ സമാഹരിക്കുകയും മൂന്ന് ലക്ഷത്തോളം തൊഴിലവസരങ്ങൾ സൃഷ്ടിക്കുകയും ചെയ്തിട്ടുണ്ട്. ഈ പദ്ധതിയുടെ തുടർച്ച എന്ന നിലയിൽ തെരഞ്ഞെടുക്കപ്പെട്ട ആയിരം സംരംഭങ്ങളെ, ആകെ ഒരു ലക്ഷം കോടി രൂപയുടെ വിറ്റുവരവുള്ള യൂണിറ്റുകളാക്കി ഉയർത്തുന്നതിനുള്ള മിഷൻ തൗസൻഡ് പദ്ധതി നടപ്പിലാക്കി വരികയാണ്.

കേരളത്തിലെ ഐ ടി മേഖലയും കുതിപ്പിന്റെ പാതയിലാണ്. കഴിഞ്ഞ ഏഴ് വർഷം കൊണ്ട് 85,540 കോടി രൂപയുടെ ഐ ടി കയറ്റുമതിയാണ് കേരളത്തിൽ നിന്നുണ്ടായത്. ഈ കാലയളവിൽ 7,304 കോടി രൂപയുടെ നിക്ഷേപവും 62,000 തൊഴിലവസരങ്ങളും ഐ ടി മേഖലിൽ സൃഷ്ടിക്കപ്പെട്ടു. ഐ ടി സ്‌പേസിന്റെ കാര്യത്തിലാകട്ടെ ഇക്കാലയളവിൽ 75 ലക്ഷത്തോളം ചതുരശ്രയടിയുടെ വർദ്ധനവുണ്ടായിട്ടുണ്ട്. നമ്മുടെ യുവാക്കളെ തൊഴിൽ നൈപുണ്യം സിദ്ധിച്ചവരാക്കുക എന്ന ലക്ഷ്യത്തോടെ ഇൻഡസ്ട്രി ഓൺ ക്യാമ്പസ്, കണക്ട് കരിയർ ടു ക്യാമ്പസ്, യങ് ഇന്നവേറ്റേഴ്‌സ് പ്രോഗ്രാം എന്നിവ നടപ്പാക്കിവരികയാണ്.

അഞ്ച് വർഷം കൊണ്ട് കിഫ്ബി മുഖേന 50,000 കോടി രൂപയുടെ വികസന പ്രവർത്തനങ്ങൾ ഏറ്റെടുക്കാനായിരുന്നു നമ്മൾ 2016 ൽ ലക്ഷ്യമിട്ടിരുന്നത്. എന്നാൽ, ലക്ഷ്യത്തെ മറികടന്നുകൊണ്ട് 2021 ഓടെ 65,000 ത്തിലധികം കോടി രൂപയുടെ വികസന പ്രവർത്തനങ്ങൾ ഏറ്റെടുക്കാൻ നമുക്കു കഴിഞ്ഞു. 2016 മുതൽ 2023 വരെയുള്ള 7 വർഷങ്ങൾ കൊണ്ട് ആകെ 81,000 ത്തോളം കോടി രൂപയുടെ 1,057 വികസന പ്രവർത്തനങ്ങളാണ് ഏറ്റെടുത്തിരിക്കുന്നത്.

അടിസ്ഥാന സൗകര്യ മേഖലയിൽ മാത്രമല്ല, ക്ഷേമ മേഖലയിലും സവിശേഷമായ ഇടപെടലുകൾ നടത്തിയാണ് സംസ്ഥാന സർക്കാർ മുന്നോട്ടുപോകുന്നത്. 2016 മുതൽക്കിങ്ങോട്ട് ലൈഫ് മിഷനിലൂടെ ലഭ്യമാക്കിയ നാല് ലക്ഷത്തിലധികം വീടുകൾ, സംസ്ഥാനത്താകെ വിതരണം ചെയ്ത മൂന്ന് ലക്ഷത്തോളം പട്ടയങ്ങൾ, പാവപ്പെട്ടവർക്കായി അനുവദിച്ച മൂന്നര ലക്ഷത്തോളം മുൻഗണനാ റേഷൻ കാർഡുകൾ, തുടങ്ങിയവയെല്ലാം അതിന്റെ ദൃഷ്ടാന്തങ്ങളാണ്.

ഇപ്പോഴാകട്ടെ അതിദാരിദ്ര്യം നിർമ്മാർജ്ജനം ചെയ്യാനുള്ള പ്രത്യേക പദ്ധതികൾ നടപ്പാക്കുകയാണ്. ആദ്യമായാണ് ഒരു ഇന്ത്യൻ സംസ്ഥാനം ഇത്തരമൊരു മുൻകൈയ്യെടുക്കുന്നത്. 64,006 കുടുംബങ്ങളെയാണ് അതിദരിദ്രരരായി കണ്ടെത്തിയിട്ടുള്ളത്. അവർക്കുള്ള സർക്കാർ രേഖകൾ ഇതിനോടകം ലഭ്യമാക്കിക്കഴിഞ്ഞു. അവരുടെ ജീവിതവും ജീവനോപാധികളും മെച്ചപ്പെടുത്തുന്നതിനുള്ള മൈക്രോപ്ലാനുകളുടെ രൂപീകരണവും പൂർത്തീകരിച്ചിട്ടുണ്ട്. വിവിധ വകുപ്പുകളുടെ സംയോജിത ഇടപെടലുകളിലൂടെ 2025 ഓടെ കേരളത്തിൽ നിന്നും അതിദാരിദ്ര്യം തുടച്ചുനീക്കാനാകുമെന്നാണ് സർക്കാർ പ്രതീക്ഷിക്കുന്നത്. അങ്ങനെ ഉൾക്കൊള്ളലും ഉൾച്ചേർക്കലും മുഖമുദ്ര ആയിട്ടുള്ള നവകേരളം യാഥാർത്ഥ്യമാക്കുകയാണ്.

വിവിധ മേഖലകളിൽ കേരളം ഇപ്പോൾ കൈവരിച്ചുകൊണ്ടിരിക്കുന്ന നേട്ടങ്ങളെ കൂടുതൽ മെച്ചപ്പെടുത്തിയാണ് നമ്മൾ നവകേരളം ഒരുക്കുക. അതിന് ഓരോ കേരളീയന്റെയും ആത്മാർത്ഥമായ സഹായവും സഹകരണവും ഉണ്ടാവണം. സ്വാതന്ത്ര്യ സമരകാലത്ത് മറ്റെന്തിനേക്കാളും രാജ്യത്തിന്റെ സ്വാതന്ത്ര്യലബ്ധിക്കു പ്രാധാന്യം കൊടുത്തവരാണ് നമ്മുടെ പൂർവ്വികർ. ഈയൊരു ഘട്ടത്തിൽ നവകേരള നിർമ്മിതിക്കാണ് നമ്മൾ പ്രാധാന്യം കൊടുക്കേണ്ടത്.

അതിനായി നമ്മൾ ഓരോരുത്തരും പുനരർപ്പണം ചെയ്യുകയാണ്. നമ്മുടെ സ്വാതന്ത്ര്യത്തെയും ഐക്യത്തെയും ജനാധിപത്യത്തെയും മതനിരപേക്ഷതയെയും ശാസ്ത്രചിന്തയെയും ഒക്കെ ശക്തിപ്പെടുത്തുകകൂടി ചെയ്യുമെന്നു പ്രതിജ്ഞ ചെയ്തുകൊണ്ട് ഈ 77 ാം സ്വാതന്ത്ര്യ ദിനാഘോഷങ്ങളെ അർത്ഥവത്താക്കാം. എല്ലാവർക്കും എന്റെ സ്വാതന്ത്ര്യ ദിനാശംസകൾ. ജയ് കേരളം! ജയ് ഭാരതം!

കൂടുതൽ ലേഖനങ്ങൾ

ഒറ്റച്ചാട്ടത്തിന് ബിജെപിയിൽ എത്താൻ തക്കം പാർത്തിരിക്കുന്ന പാർടിയാണ് കോൺഗ്രസ്സ്

സ. പിണറായി വിജയൻ

ഒറ്റച്ചാട്ടത്തിന് ബിജെപിയിൽ എത്താൻ തക്കം പാർത്തിരിക്കുന്ന പാർടിയാണ് കോൺഗ്രസ്സ്. ആ ചാട്ടമാണ് തൃശൂർ ജില്ലയിലെ മറ്റത്തൂരിൽ കണ്ടത്. കോൺഗ്രസ്സ് സ്ഥാനാർഥികളായി മത്സരിച്ച് പഞ്ചായത്തംഗങ്ങളായ മുഴുവൻ പേരും കൂറുമാറി ബിജെപി പാളയത്തിലെത്തി ഭരണം പിടിച്ചു. എട്ടു കോൺഗ്രസംഗങ്ങൾ മാത്രമേ അവിടെ യുഡിഎഫിനുള്ളൂ.

സഖാവ് കെ എം സുധാകരൻ്റെ വിയോഗത്തിൽ ദുഃഖിതരായ കുടുംബാംഗങ്ങളുടെയും പാർടി സഖാക്കളുടെയും വേദനയിൽ പങ്കുചേരുന്നു

സ. എം വി ഗോവിന്ദൻ മാസ്റ്റർ

പാർടി മുൻ സംസ്ഥാന കമ്മിറ്റി അംഗവും പ്രമുഖ ട്രേഡ് യൂണിയൻ നേതാവുമായിരുന്ന പ്രിയ സഖാവ് കെ എം സുധാകരൻ നമ്മെ വിട്ടുപിരിഞ്ഞു.

പുന്നെല്ലിനൊപ്പം ചോരമണക്കുന്ന വീരേതിഹാസം രചിച്ച കീഴ്‌വെണ്‍മണിയിലെ പോരാളികൾക്ക് ലാൽസലാം

സവര്‍ണഭീകരതയുടെയും ജാതി വിരുദ്ധ പോരാട്ടങ്ങളുടെയും പേരായ കീഴ്‌‌‌വെണ്‍മണി കൂട്ടകൊല്ലക്ക് ഇന്ന് 57 വർഷം. കൂലിയിൽ ഒരു പിടി (600 ഗ്രാം) നെല്ല് അധികം ചോദിച്ചതിനാണ് ജാതി-ജന്മി ശക്തികൾ 44 മനുഷ്യരെ ജീവനോടെ ചുട്ടെരിച്ചത്.