Skip to main content

മോദിയുടെ സ്വാതന്ത്ര്യദിനപ്രസംഗം കള്ളപ്രചാരണം കൊണ്ടു തീർത്ത പൂമാല

രാഷ്ട്രവും രാഷ്ട്രത്തിന്റെ ഏത് പ്രവർത്തനവും സ്വയം പുകഴ്ത്തലിനും തിരഞ്ഞെടുപ്പ് പ്രചാരണത്തിനുള്ള മറ്റൊരു അവസരവും മാത്രമാണെന്നാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി കരുതുന്നത്. ഇന്ത്യയുടെ എഴുപത്തിയേഴാം സ്വാതന്ത്ര്യദിനത്തിൽ ഡെൽഹിയിലെ ചെങ്കോട്ടയിൽ നടത്തിയ പ്രസംഗവും വ്യത്യസ്തമായില്ല. രാജ്യത്തിന്റെ ആകെ പ്രതീകമാകേണ്ട, മുഴുവൻ ജനങ്ങളെയും ഉൾക്കൊള്ളേണ്ട ഈ വേളകൾ വ്യാജപ്രചാരണങ്ങൾക്കും സ്വയം പുകഴ്ത്തലിനും ഉപയോഗിക്കുന്നത് രാജ്യത്തിന്റെ ശോഭ കെടുത്തും.

അടുത്ത സ്വാതന്ത്ര്യദിനത്തിലും താൻ തന്നെ ഇവിടെ പതാക ഉയർത്തും എന്ന് മോദി പറഞ്ഞു. പൊതുചടങ്ങിൽ നടത്തേണ്ടതാണോ ബിജെപിയുടെ ഈ അവകാശവാദം? രാംലീല മൈതാനിയിൽ ഒരു പൊതുയോഗം വിളിച്ചുകൂട്ടി ബിജെപിക്ക് അത് ചെയ്യാമല്ലോ! രാഷ്ട്രം എന്നാൽ തങ്ങളുടെ സ്വേച്ഛപ്രകാരം നടത്താവുന്ന ഒന്നാണെന്ന് കരുതിയ എല്ലാ സ്വേച്ഛാധിപതികളും ചരിത്രത്തിന്റെ ചവറ്റു കുട്ടയിലാണ് അവസാനിച്ചത് എന്ന് മോദി ഓർക്കുന്നത് നല്ലതാണ്.

പൊള്ളയായ അവകാശവാദങ്ങളാണ് മോദിയുടെ ഒരു ട്രേഡ് മാർക്ക്. ഇന്ത്യയിലെ വിവരസാങ്കേതിക വിദ്യയുടെ വ്യാപനമാണ് മോദിയുടെ ഒരു അവകാശവാദം. പക്ഷേ, ഇന്ത്യയിൽ ഡിജിറ്റൽ ഡിവൈഡ് വർധിച്ചു വരികയാണ് എന്നതാണ് വസ്തുത. ഈയിടെ പുറത്തിറങ്ങിയ നാഷണൽ സാമ്പിൾ സർവെ കണക്കുകൾ ( 78-ാംറിപ്പോർട്ട്) പ്രകാരം 15 മുതൽ 24 വയസ്സ് വരെ പ്രായമുള്ളവരുടെ ഇടയിൽ പ്രാഥമിക വിവരസാങ്കേതിക വിദ്യാപരിജ്ഞാനമുള്ളവർ വെറും മുപ്പത് ശതമാനം മാത്രമാണ്. ബാക്കി എഴുപത് ശതമാനം 15-24 വയസ്സുകാരും ഈ കഴിവിന് പുറത്താണ്. ഇതിലും പ്രായം കൂടുതലുള്ളവരുടെ സ്ഥിതി ഇതിലും മോശമാണെന്ന് പ്രത്യേകിച്ചും പറയേണ്ടതില്ലല്ലോ.

വിദ്യാഭ്യാസം, ബാങ്കിങ്, സർക്കാരുമായുള്ള ഇടപെടലുകൾ ഒക്കെ ഓൺലൈൻ ആയ ഇക്കാലത്ത് യുവാക്കളിൽ പോലും എഴുപത് ശതമാനത്തിലേറെ അടിസ്ഥാന ഐസിടി ജ്ഞാനം ഇല്ലാത്തവർ ആണെന്നത് നമ്മുടെ ഡിജിറ്റൽ ഡിവൈഡിൻറെ ആഴം വ്യക്തമാക്കുന്നു.

സംസ്ഥാനം തിരിച്ചുള്ള കണക്ക് നോക്കുമ്പോൾ 15-24 വയസ്സിലുള്ള ജനതയിൽ എഴുപത്തഞ്ച് ശതമാനത്തിനും ഈ ഐസിടി ജ്ഞാനമുള്ള കേരളം മാത്രമാണ് വ്യത്യസ്തം. കേരളത്തിലെ വിദ്യാഭ്യാസ സംവിധാനം കഴിഞ്ഞ ഏതാനും പതിറ്റാണ്ടുകൾ ഇക്കാര്യത്തിൽ നൽകിയ ശ്രദ്ധയുടെ ഫലമാണ് ഇത്.

ഈ പട്ടികയിൽ ഏറ്റവും താഴെ നിൽക്കുന്നത് ബിജെപിയുടെ മാതൃകാസംസ്ഥാനമായ ഉത്തർപ്രദേശ് ആണെന്നതിൽ അത്ഭുതമില്ല. യുപിയിലെ 15-24 വയസ്സുകാരിൽ വെറും 16 ശതമാനം പേർക്കാണ് പ്രാഥമിക കമ്പ്യൂട്ടർ പരിജ്ഞാനമുള്ളത്. വിദ്യാർത്ഥികൾ ആയിരിക്കേണ്ട ഈ പ്രായത്തിലെ എൺപത്തിനാല് ശതമാനത്തിന് പോലും പ്രാഥമിക കമ്പ്യൂട്ടർ പരിജ്ഞാനമില്ലാത്ത രാജ്യത്ത് എന്ത് ഡിജിറ്റൽ ഇന്ത്യയെ കുറിച്ചാണ് നരേന്ദ്ര മോദി സംസാരിക്കുന്നത്?

മോദിയുടെ എല്ലാ പ്രസംഗങ്ങളും എന്നപോലെ സ്വാതന്ത്ര്യദിനത്തിലെ മുഴുവൻ പ്രസംഗവും കള്ളപ്രചാരണം കൊണ്ടു തീർത്ത ഒരു പൂമാലയാണ്. അടുത്ത വർഷം തന്റെ റിപ്പോർട്ട് കാർഡ് വയ്ക്കും എന്നാണ് മോദി പറയുന്നത്. ഇന്ത്യയുടെ സാമ്പത്തിക വളർച്ചയുടെ തോത് ഉയർന്നതാണെന്ന് വീമ്പിളക്കുന്ന പ്രധാനമന്ത്രി മോദിയോട് ലളിതമായ ഒരുചോദ്യം ചോദിച്ചോട്ടെ? ആളോഹരി വരുമാനത്തിന്റെ കാര്യത്തിൽ ഇന്ത്യയുടെ സ്ഥാനം ലോകരാജ്യങ്ങൾക്കിടയിൽ എവിടെ എന്ന് പറയാമോ? 142-ാമതാണ്.

അദാനിമാരുടേയും അമ്പാനിമാരുടേയും അതിഭീമമായ കൊള്ളസമ്പാദ്യത്തോട് അതിദരിദ്രരുടെ തുച്ഛവരുമാനവും കൂട്ടി, അതിനെ ജനസംഖ്യകൊണ്ട് ഭാഗിച്ചാണ് പ്രതിശീർഷ ആളോഹരി വരുമാനം കണക്കാക്കുന്നത് എന്ന പരിമിതി ഉണ്ട്. എന്നാലും ജനങ്ങളുടെ അവസ്ഥ താരതമ്യപ്പെടുത്താൻ സമ്പദ്ഘടനയുടെ മൊത്തംവലിപ്പത്തേക്കാൾ ആളോഹരിവരുമാനമാണ് കൂടുതൽ സഹായകരം.

അതുകൊണ്ട് ഈ പത്തുവർഷം ഭരണം കൊണ്ട് ജനങ്ങളെ ഭിന്നിപ്പിക്കുകയും അദാനിമാർക്ക് നേട്ടം ഉണ്ടാക്കുകയുമല്ലാത്ത എന്താണ് ചെയ്തത് എന്ന് മോദി വ്യക്തമാക്കേണ്ട അവസരമാണ് ഇത്.

കൂടുതൽ ലേഖനങ്ങൾ

വിദ്യാഭ്യാസ ആവശ്യങ്ങൾക്കല്ലാതെ കുട്ടികളെ മറ്റ് ഔദ്യോഗിക കൃത്യനിർവ്വഹണങ്ങൾക്ക് ഉപയോഗിക്കുന്നത് അവരുടെ പഠനാവകാശ ലംഘനമാണ്

സ. വി ശിവൻകുട്ടി

വോട്ടർ പട്ടിക പുതുക്കൽ ഉൾപ്പെടെയുള്ള തിരഞ്ഞെടുപ്പ് അനുബന്ധ ജോലികൾക്കായി എൻ.എസ്.എസ്, എൻ.സി.സി വോളണ്ടിയർമാരായ വിദ്യാർത്ഥികളെ നിയോഗിക്കാനുള്ള ആവശ്യം പഠനത്തെ തടസപ്പെടുത്തും. സംസ്ഥാനത്തെ സ്കൂളുകളിൽ അധ്യയനം പൂർണ്ണതോതിൽ നടന്നുകൊണ്ടിരിക്കുന്ന സമയമാണിത്.

മതേതരത്വവും ബഹുസ്വരതയും ഫെഡറലിസവുമടക്കമുള്ള നമ്മുടെ ഭരണഘടനയുടെ മൂല്യങ്ങളെ അട്ടിമറിക്കാൻ എല്ലാ വഴിക്കും മതരാഷ്ട്രവാദികൾ ശ്രമിക്കുന്ന ഈ കാലത്ത് ഭരണഘടനാദിനം ഏറെ പ്രസക്തമാണ്

സ. കെ എൻ ബാലഗോപാൽ

ഇന്ത്യൻ ഭരണഘടന നമ്മുടെ രാജ്യത്തിന്റെ ആശയവും ഉള്ളടക്കവും പ്രതിഫലിപ്പിക്കുന്നു. ഡോ. ബി ആർ അംബേദ്കർ ഉൾപ്പെടെയുള്ള മഹാമനീഷികളായ ഭരണഘടനകർത്താക്കൾ വിഭാവനം ചെയ്ത ആധുനികവും ബഹുസ്വരവുമായ ഇന്ത്യയെന്ന ദേശരാഷ്ട്രത്തിൻ്റെ വിളംബരമാണ് ഇന്ത്യൻ ഭരണഘടന.

ഹിന്ദി അടിച്ചേൽപ്പിക്കാനുള്ള ശ്രമങ്ങൾ, സമ്പത്തിന്റെ കേന്ദ്രീകരണം, അർഹതപ്പെട്ട ഫണ്ട് തടഞ്ഞുവെക്കൽ, ജമ്മു കശ്മീർ സംസ്ഥാനത്തെ കേന്ദ്രഭരണ പ്രദേശമാക്കാനുള്ള നടപടികൾ എന്നിവയെല്ലാം ഭരണഘടനയെ ദുർബലപ്പെടുത്താനുള്ള ശ്രമങ്ങളാണ്

സ. പി രാജീവ്

എഴുതപ്പെട്ട വാക്കുകളിലല്ല, പ്രയോഗത്തിന്റെ രീതികളിലാണ് ഭരണഘടനയുടെ ജീവൻ എന്ന് ഡോ. അംബേദ്കർ നൽകിയ മുന്നറിയിപ്പ് ഭരണഘടന അംഗീകരിച്ചതിന്റെ 76-ാം വാർഷികത്തിൽ ഏറെ പ്രസക്തമാണ്.

ജനങ്ങൾ ജനങ്ങൾക്കായി നിർമ്മിച്ച ഭരണഘടനയെ സംരക്ഷിക്കേണ്ട ഉത്തരവാദിത്തം ജനങ്ങളിൽ തന്നെയാണ് നിക്ഷിപ്തമായിരിക്കുന്നത്, നമ്മുടെ രാജ്യത്തിൻ്റെ ബഹുസ്വരതയും ജനാധിപത്യവും കാത്തുസൂക്ഷിക്കാനുള്ള പ്രതിരോധം തീർക്കാൻ ഓരോ പൗരനും തയ്യാറാവേണ്ട സമയമാണിത്

സ. പിണറായി വിജയൻ

ഇന്നു ഭരണഘടനാ ദിനം. നീണ്ട ചർച്ചകൾക്കും ആശയവിനിമയങ്ങൾക്കും ഒടുവിലാണ് സ്വാതന്ത്ര്യസമരം ലക്ഷ്യമാക്കിയ നീതിയും സമത്വവും പൗരസ്വാതന്ത്ര്യവും സാക്ഷാൽക്കാരിക്കാനുതകുന്ന ഭരണഘടന തയ്യാറാക്കപ്പെട്ടത്.