Skip to main content

സംവാദത്തിന് ഭയമുണ്ടെങ്കിൽ അത് തുറന്ന് പറയണം, ആക്ഷേപവും പരിഹാസവും കൊണ്ട് നേരിടാമെന്ന് കരുതരുത്

നീണ്ട 53 വർഷം പുതുപ്പള്ളി നിയോജകമണ്ഡലത്തെ പ്രതിനിധീകരിക്കുകയും അതിൽ പ്രധാനപ്പെട്ട കാലയളവുകളിൽ സംസ്ഥാന ഭരണത്തിന്റെ നിർണായകശക്തിയാകുകയും ചെയ്ത ഒരു രാഷ്ട്രീയ നേതാവിന്റെ വിയോഗത്തെത്തുടർന്നുണ്ടായ ഉപതിരഞ്ഞെടുപ്പിൽ സ്വഭാവികമായും ആ നാട്ടിൽ ചർച്ചയാകേണ്ടത് ആ നാടിനുണ്ടായ നേട്ടങ്ങളും കുറവുകളുമൊക്കെയാകണം. ഇനിയെങ്ങനെ മുന്നോട്ട് പോകണം എന്നാകണം. എന്നാൽ അത്തരമൊരു തുറന്ന ചർച്ചക്കുവേണ്ടി ഇടതുപക്ഷ മുന്നണി സ്ഥാനാർത്ഥിയായ ജെയ്ക് സി തോമസ് യുഡിഎഫ് സ്ഥാനാർത്ഥിയെയും നേതൃത്വത്തേയും ക്ഷണിക്കുമ്പോൾ അദ്ദേഹത്തെ നാലാംകിട നേതാവെന്ന് വിളിച്ച് ആക്ഷേപിക്കുകയാണ് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ. ഇതിലൂടെ എന്താണ് പ്രതിപക്ഷ നേതാവ് ഉദ്ദേശിക്കുന്നത് ?

പുതുപ്പള്ളിയിൽ ജനിച്ചു വളർന്ന് വിദ്യാർത്ഥി രാഷ്ട്രീയത്തിന്റെ സംസ്ഥാന നേതൃത്വത്തിലേക്ക് ഉയർന്നു വന്നയാളാണ് ജെയ്ക്ക്. കഴിഞ്ഞ രണ്ട് തിരഞ്ഞെടുപ്പുകളിലും ശ്രീ. ഉമ്മൻചാണ്ടിക്കെതിരെ മത്സരിക്കുകയും അദ്ദേഹത്തിന്റെ ഭൂരിപക്ഷം 2021ലെ തിരഞ്ഞെടുപ്പിൽ 9044 ലേക്ക് ചുരുക്കുകയും ചെയ്തയാളാണ്. കഴിഞ്ഞ തെരഞ്ഞെടുപ്പിൽ ആകെ പോൾ ചെയ്ത 131797 വോട്ടുകളിൽ 54328 വോട്ടുകൾ നേടിയ ആളാണ് ജയ്ക്ക്. അതായത് പുതുപ്പള്ളിയിലെ വോട്ടർമാരിൽ 41.22% പേർ പിന്തുണച്ച ഒരു യുവ രാഷ്ട്രീയ നേതാവ്. അങ്ങനെയുള്ള ആൾ ജനാധിപത്യസംവാദത്തിന് ക്ഷണിക്കുമ്പോൾ അത് പുതുപ്പള്ളിയുടെ ഒരു വലിയ വിഭാഗത്തിന്റെ ക്ഷണമായിട്ടല്ലേ കാണേണ്ടത്? ആക്ഷേപവാക്കുകൾ കൊണ്ട് ആ സംവാദക്ഷണത്തിനെ നിരാകരിക്കാൻ ശ്രമിക്കുന്നത് യുഡിഎഫിന്റെ തീരുമാനമാണോ? തെരഞ്ഞെടുപ്പിൽ ജയ്ക്കിനോട് മത്സരിക്കാൻ തൊട്ടുകൂടായ്മ ഇല്ലാത്ത യുഡിഎഫിന് അദ്ദേഹത്തോട് വികസനത്തെക്കുറിച്ച് സംവദിക്കാനുള്ള വിമുഖത എന്തുകൊണ്ടാണ്?

ശ്രീ. ഉമ്മൻചാണ്ടി തന്നെ ജെയ്ക്കിനെ വിശേഷിപ്പിച്ചത് തനിക്ക് തിരഞ്ഞെടുപ്പ് രാഷ്ട്രീയത്തിൽ എതിരിടേണ്ടി വന്ന ഏറ്റവും മികച്ച പോരാളി എന്നാണ്. അയാളെ സതീശന് ഇപ്പോൾ നാലാം കിട നേതാവായി തോന്നുന്നത് എന്തുകൊണ്ടാണ്?

ജെയ്ക്ക് സംവാദത്തിന് ക്ഷണിച്ചത് വി.ഡി. സതീശനെയോ കെ. സുധാകരനെയോ അല്ലല്ലോ, പുതുപ്പള്ളിയിലെ അദ്ദേഹത്തിന്റെ എതിർ സ്ഥാനാർഥിയെ അല്ലേ? സ്ഥാനാർഥികൾ തമ്മിലുള്ള ആരോഗ്യകരമായ അത്തരം സംവാദങ്ങൾ അല്ലേ തെരഞ്ഞെടുപ്പിൽ നടക്കേണ്ടത്? അതിനിടയിൽ സതീശൻ ചാടിവീണ് യുഡിഎഫ് സ്ഥാനാർഥിയെ രക്ഷിച്ചുകൊണ്ട് പോകുന്നതിന്റെ കാരണമെന്താണ്? യുഡിഎഫ് സ്ഥാനാർഥിയുടെ സംവാദശേഷിയിലും വികസന കാഴ്ചപ്പാടിലും ഉള്ള അദ്ദേഹത്തിന്റെ വിശ്വാസക്കുറവാണോ?

കഴിഞ്ഞ കുറേ നാളുകളായി ജനാധിപത്യപരമായ ഒരു രാഷ്ട്രീയ സംവാദത്തിനും പ്രതിപക്ഷ നേതാവ് തയ്യാറാകുന്നത് കാണാനാകുന്നില്ല. ചോദ്യങ്ങളുന്നയിക്കുന്നവരെ ആക്ഷേപിച്ചും പരിഹസിച്ചും എതിരിടുന്ന രീതിയാണ് കാണുന്നത്. ഇതിപ്പോൾ ആ ഘട്ടവും പിന്നിട്ട് വരേണ്യതയുടെ പത്തായപ്പുറത്ത് കയറി മറ്റുള്ളവർക്ക് നേരെ പരമപുച്ഛം വാരി വിതറുന്ന അവസ്ഥയിലെത്തി.

പക്ഷെ, പ്രബുദ്ധരായ കേരള ജനത ചരിത്രപരമായി ആർജിച്ചെടുത്ത ആധുനിക ജനാധിപത്യമൂല്യങ്ങളെ അവഗണിക്കുന്നത് പ്രതിപക്ഷ നേതാവിന് വിനയാകും. സംവാദത്തിന് ഭയമുണ്ടെങ്കിൽ അത് തുറന്ന് പറയണം. ആക്ഷേപവും പരിഹാസവും കൊണ്ട് നേരിടാമെന്ന് കരുതരുത്. ജനാധിപത്യത്തിൽ ജനമാണ് യജമാനർ. അവർ എല്ലാം കാണുന്നുണ്ട്.

കൂടുതൽ ലേഖനങ്ങൾ

മണ്ഡല പുനർനിർണയം എന്ന പേരിൽ കേന്ദ്ര സർക്കാർ ധൃതിയിൽ നടത്താൻ ശ്രമിക്കുന്നത് സാധാരണ ഭരണപരിഷ്കാരം എന്ന നിലയിൽ ചുരുക്കി കാണാനാവില്ല, കേന്ദ്ര സർക്കാർ ഈ ജനാധിപത്യവിരുദ്ധ നീക്കത്തിൽ നിന്ന് പിന്മാറണം

സ. പിണറായി വിജയൻ

മണ്ഡല പുനർനിർണയം എന്ന പേരിൽ കേന്ദ്ര സർക്കാർ ധൃതിയിൽ നടത്താൻ ശ്രമിക്കുന്നത് സാധാരണ ഭരണപരിഷ്കാരം എന്ന നിലയിൽ ചുരുക്കി കാണാനാവില്ല. അത് രാജ്യത്തിന്റെ ഫെഡറൽ സംവിധാനത്തെ തന്നെ അട്ടിമറിക്കാനുള്ള നീക്കമാണ് എന്ന ഗുരുതരമായ സംശയമാണ് ഉയർന്നിട്ടുള്ളത്.

സഖാവ് പണിക്കൻ രാജന് അന്ത്യാഭിവാദ്യങ്ങൾ

സ. എം വി ഗോവിന്ദൻ മാസ്റ്റർ

സഖാവ് പണിക്കൻ രാജൻ വിടവാങ്ങി. അവിഭക്ത ധർമ്മടം ലോക്കൽ കമ്മിറ്റി സെക്രട്ടറിയായി ദീർഘകാലം പ്രവർത്തിച്ച സഖാവ് തലശ്ശേരി പരിസരത്തെ വർഗ്ഗീയ കലാപത്തിൻ്റെ അനുരണനങ്ങൾ ധർമ്മടത്ത് ബാധിക്കാതിരിക്കാനും മതന്യൂനപക്ഷ സംരക്ഷണത്തിന് പാർടിയെ അണിനിരത്തുന്നതിലും മുഖ്യപങ്ക് വഹിച്ചു.

അധ്യാപകരുടെ ജാതീയ അധിക്ഷേപത്തെ തുടർന്ന് ജീവനൊടുക്കിയ നെടുമങ്ങാട് ഉഴമലയ്ക്കൽ സ്വദശിയും അഞ്ചരക്കണ്ടി ദന്തൽ കോളജ് വിദ്യാർഥിയുമായ നിതിൻ രാജിന്റെ കുടുംബത്തിന് സിപിഐ എം വീട് നിർമ്മിച്ചു നൽകും

അധ്യാപകരുടെ ജാതീയ അധിക്ഷേപത്തെ തുടർന്ന് ജീവനൊടുക്കിയ നെടുമങ്ങാട് ഉഴമലയ്ക്കൽ സ്വദശിയും അഞ്ചരക്കണ്ടി ദന്തൽ കോളജ് വിദ്യാർഥിയുമായ നിതിൻ രാജിന്റെ കുടുംബത്തിന് സിപിഐ എം വീട് നിർമ്മിച്ചു നൽകും.