Skip to main content

സഖാവ് പി കൃഷ്ണപിള്ള ഓർമ്മദിനം

കേരളത്തിലെ കമ്മ്യൂണിസ്റ്റ് പ്രസ്‌ഥാനത്തിന്റെ സ്‌ഥാപക നേതാവും അത്യുജ്ജ്വലനായ സംഘാടകനുമായിരുന്ന സഖാവ് പി കൃഷ്ണപിള്ളയുടെ ഓർമ്മദിനമാണ് ഇന്ന്. കേരളത്തിലാകെ സഞ്ചരിച്ചുകൊണ്ട് തൊഴിലാളി വർഗ്ഗ പ്രസ്‌ഥാനം കെട്ടിപ്പടുത്ത സഖാവിന്റെ ഓർമ്മ തലമുറകളെ സമരസജ്ജമാക്കിയ ഊർജ്ജപ്രവാഹമാണ്.
ദേശീയസ്വാതന്ത്ര്യ സമരത്തിൽ സജീവമായി പ്രവർത്തിച്ച സഖാവ്, ഉപ്പു സത്യഗ്രഹ കാലത്ത് വടകരയിൽ നിന്നും പയ്യന്നൂരിലേക്ക് സംഘടിപ്പിച്ച ജാഥയിലൂടെയാണ് പൊതു രാഷ്ട്രീയത്തിൽ അടയാളപ്പെടുത്തപ്പെട്ടത്. അന്ന് ഉപ്പു കുറുക്കാൻ നിയോഗിക്കപ്പെട്ട ഒരു വളണ്ടിയർ സംഘത്തിന്റെ ലീഡർ കൃഷ്ണപിള്ളയായിരുന്നു. ഇന്ത്യൻ നാഷണൽ കോൺഗ്രസ് പ്രവർത്തകനായി തുടങ്ങിയ അദ്ദേഹം പിന്നീട് കോണ്‍ഗ്രസ്‌ സോഷ്യലിസ്റ്റ്‌ പാര്‍ടി, കമ്മ്യൂണിസ്റ്റ്‌ പാര്‍ടി എന്നിവയുടെ രൂപീകരണത്തിൽ നിർണ്ണായകവും ചരിത്രപരവുമായ നേതൃത്വം നൽകി.
1937ല്‍ കോഴിക്കോട്ട്‌ രൂപീകരിക്കപ്പെട്ട ആദ്യത്തെ കമ്യൂണിസ്റ്റ്‌ പാര്‍ടി സെല്ലിന്റെ സെക്രട്ടറിയായി പ്രവർത്തിച്ച കൃഷ്ണപിള്ള 1939 ൽ പിണറായിയിലെ പാറപ്രത്ത് നടന്ന സമ്മേളനത്തില്‍ കമ്യൂണിസ്റ്റ്‌ പാര്‍ടിയുടെ കേരളഘടകത്തിന്റെ ആദ്യ സെക്രട്ടറിയായി തെരഞ്ഞെടുക്കപ്പെട്ടു. സഖാവിന്റെ നേതൃത്വത്തിൽ കോൺഗ്രസ് സോഷ്യലിസ്റ്റ് പാർടിയുടെ കേരള ഘടകം മുഴുവനായും കമ്മ്യൂണിസ്റ്റ് പാർടിയുടെ കേരള ഘടകമായി മാറുകയായിരുന്നു.
ഐതിഹാസികമായ പുന്നപ്ര-വയലാര്‍ സമരത്തിന്റെ പ്രചോദന കേന്ദ്രമായിരുന്നു കൃഷ്ണപിള്ള. സമരത്തിന് മുന്നോടിയായി നടന്ന 1946 സെപ്തംബർ 15 ന്റെ പണിമുടക്കവും ആക്ഷന്‍ കൌണ്‍സില്‍ രൂപീകരണവും ഒളിവു കാലത്ത് പാർടി സെക്രട്ടറി എന്ന നിലയില്‍ സഖാവിന്റെ നേതൃത്വത്തിൽ എടുത്ത തീരുമാനങ്ങളുടെ ഭാഗമായിരുന്നു. കൽക്കത്താ തീസിസിനുശേഷം കമ്മ്യൂണിസ്റ്റ് പാർടി നിരോധിക്കപ്പെട്ടതിനെ തുടർന്നുള്ള ആലപ്പുഴയിലെ ഒളിവുജീവിതത്തിനിടെയാണ് 1948 ആഗസ്‌റ്റ്‌ 19-ന്‌ സഖാവ് സര്‍പ്പദംശമേറ്റ്‌ മരണമടയുന്നത്.
കമ്മ്യൂണിസ്റ്റ് പാർടിയെ കേരളത്തിൽ ബഹുജന പിന്തുണയുള്ള വലിയ രാഷ്ട്രീയ ശക്തിയാക്കി മാറ്റുന്നതിൽ നിസ്തുലമായ പങ്കാണ് സഖാവ് കൃഷ്ണപിള്ള വഹിച്ചത്. ആധുനിക കേരളം രൂപപ്പെടുത്തുന്നതിൽ അദ്ദേഹത്തിന്റെ സംഭാവന അവിസ്മരണീയമാണ്. സഖാവിന്റെ ഉജ്ജ്വലമായ ഓർമ്മ നവകേരളത്തിലേക്കുള്ള നമ്മുടെ പ്രയാണത്തിന് കരുത്തുപകരും.

കൂടുതൽ ലേഖനങ്ങൾ

വിദ്യാഭ്യാസ ആവശ്യങ്ങൾക്കല്ലാതെ കുട്ടികളെ മറ്റ് ഔദ്യോഗിക കൃത്യനിർവ്വഹണങ്ങൾക്ക് ഉപയോഗിക്കുന്നത് അവരുടെ പഠനാവകാശ ലംഘനമാണ്

സ. വി ശിവൻകുട്ടി

വോട്ടർ പട്ടിക പുതുക്കൽ ഉൾപ്പെടെയുള്ള തിരഞ്ഞെടുപ്പ് അനുബന്ധ ജോലികൾക്കായി എൻ.എസ്.എസ്, എൻ.സി.സി വോളണ്ടിയർമാരായ വിദ്യാർത്ഥികളെ നിയോഗിക്കാനുള്ള ആവശ്യം പഠനത്തെ തടസപ്പെടുത്തും. സംസ്ഥാനത്തെ സ്കൂളുകളിൽ അധ്യയനം പൂർണ്ണതോതിൽ നടന്നുകൊണ്ടിരിക്കുന്ന സമയമാണിത്.

മതേതരത്വവും ബഹുസ്വരതയും ഫെഡറലിസവുമടക്കമുള്ള നമ്മുടെ ഭരണഘടനയുടെ മൂല്യങ്ങളെ അട്ടിമറിക്കാൻ എല്ലാ വഴിക്കും മതരാഷ്ട്രവാദികൾ ശ്രമിക്കുന്ന ഈ കാലത്ത് ഭരണഘടനാദിനം ഏറെ പ്രസക്തമാണ്

സ. കെ എൻ ബാലഗോപാൽ

ഇന്ത്യൻ ഭരണഘടന നമ്മുടെ രാജ്യത്തിന്റെ ആശയവും ഉള്ളടക്കവും പ്രതിഫലിപ്പിക്കുന്നു. ഡോ. ബി ആർ അംബേദ്കർ ഉൾപ്പെടെയുള്ള മഹാമനീഷികളായ ഭരണഘടനകർത്താക്കൾ വിഭാവനം ചെയ്ത ആധുനികവും ബഹുസ്വരവുമായ ഇന്ത്യയെന്ന ദേശരാഷ്ട്രത്തിൻ്റെ വിളംബരമാണ് ഇന്ത്യൻ ഭരണഘടന.

ഹിന്ദി അടിച്ചേൽപ്പിക്കാനുള്ള ശ്രമങ്ങൾ, സമ്പത്തിന്റെ കേന്ദ്രീകരണം, അർഹതപ്പെട്ട ഫണ്ട് തടഞ്ഞുവെക്കൽ, ജമ്മു കശ്മീർ സംസ്ഥാനത്തെ കേന്ദ്രഭരണ പ്രദേശമാക്കാനുള്ള നടപടികൾ എന്നിവയെല്ലാം ഭരണഘടനയെ ദുർബലപ്പെടുത്താനുള്ള ശ്രമങ്ങളാണ്

സ. പി രാജീവ്

എഴുതപ്പെട്ട വാക്കുകളിലല്ല, പ്രയോഗത്തിന്റെ രീതികളിലാണ് ഭരണഘടനയുടെ ജീവൻ എന്ന് ഡോ. അംബേദ്കർ നൽകിയ മുന്നറിയിപ്പ് ഭരണഘടന അംഗീകരിച്ചതിന്റെ 76-ാം വാർഷികത്തിൽ ഏറെ പ്രസക്തമാണ്.

ജനങ്ങൾ ജനങ്ങൾക്കായി നിർമ്മിച്ച ഭരണഘടനയെ സംരക്ഷിക്കേണ്ട ഉത്തരവാദിത്തം ജനങ്ങളിൽ തന്നെയാണ് നിക്ഷിപ്തമായിരിക്കുന്നത്, നമ്മുടെ രാജ്യത്തിൻ്റെ ബഹുസ്വരതയും ജനാധിപത്യവും കാത്തുസൂക്ഷിക്കാനുള്ള പ്രതിരോധം തീർക്കാൻ ഓരോ പൗരനും തയ്യാറാവേണ്ട സമയമാണിത്

സ. പിണറായി വിജയൻ

ഇന്നു ഭരണഘടനാ ദിനം. നീണ്ട ചർച്ചകൾക്കും ആശയവിനിമയങ്ങൾക്കും ഒടുവിലാണ് സ്വാതന്ത്ര്യസമരം ലക്ഷ്യമാക്കിയ നീതിയും സമത്വവും പൗരസ്വാതന്ത്ര്യവും സാക്ഷാൽക്കാരിക്കാനുതകുന്ന ഭരണഘടന തയ്യാറാക്കപ്പെട്ടത്.