Skip to main content

പുതുപ്പള്ളിയും മാറും

ഓണക്കാലത്തും കേരളം തെരഞ്ഞെടുപ്പ്‌ ചർച്ചയിലാണ്‌. പുതുപ്പള്ളി നിയമസഭാ മണ്ഡലത്തിലെ ഉപതെരഞ്ഞെടുപ്പാണ്‌ ഇതിനു കാരണം. ഓണാഘോഷവും മണർകാട്‌ എട്ട്‌ നോമ്പ്‌ പെരുന്നാളും അയ്യൻകാളി ജയന്തിയും ശ്രീനാരായണഗുരു ജയന്തിയും ചട്ടമ്പിസ്വാമി ജയന്തിയും ഒന്നും പരിഗണിക്കാതെയാണ് കമീഷൻ ഉപതെരഞ്ഞെടുപ്പ്‌ പ്രഖ്യാപിച്ചത്‌.

മുൻ മുഖ്യമന്ത്രിയും സമുന്നത കോൺഗ്രസ്‌ നേതാവുമായ ഉമ്മൻചാണ്ടി അര നൂറ്റാണ്ട്‌ തുടർച്ചയായി പ്രതിനിധാനംചെയ്‌ത മണ്ഡലമാണ്‌ കോട്ടയം ജില്ലയിലെ പുതുപ്പള്ളി മണ്ഡലം. എന്നാൽ, ഉമ്മൻചാണ്ടിയില്ലാത്ത ഈ ഉപതെരഞ്ഞെടുപ്പ്‌ രാഷ്ട്രീയ സമവാക്യങ്ങൾ പൊളിച്ചെഴുതുന്നതായിരിക്കും. ഉമ്മൻചാണ്ടിയുടെ മകൻ ചാണ്ടി ഉമ്മനാണ്‌ യുഡിഎഫ്‌ സ്ഥാനാർഥി. എൽഡിഎഫിന്റെ സ്ഥാനാർഥി സിപിഐ എമ്മിലെ ജെയ്‌ക് സി തോമസും. ബിജെപി സ്ഥാനാർഥി അവരുടെ ജില്ലാ പ്രസിഡന്റ്‌ ലിജിൻ ലാൽ ആണ്‌. സ്ഥാനാർഥികൾ പൂർണമായും രംഗത്ത്‌ ഇറങ്ങിയതോടെ തെരഞ്ഞെടുപ്പ്‌ മൽസരചിത്രം ഏതാണ്ട്‌ തെളിഞ്ഞിട്ടുണ്ട്‌.

സഹതാപതരംഗം സൃഷ്ടിച്ച്‌ പരമാവധി വോട്ട്‌ നേടുകയെന്ന ഏകതന്ത്രമാണ്‌ കോൺഗ്രസ്‌ മണ്ഡലത്തിൽ പയറ്റുന്നത്‌. ഉമ്മൻചാണ്ടി മരിച്ച്‌ 21-ാം ദിവസമാണ്‌ തെരഞ്ഞെടുപ്പ്‌ പ്രഖ്യാപിച്ചത്‌. ഉമ്മൻചാണ്ടിയുടെ കുടുംബത്തിൽ നിന്നായിരിക്കും സ്ഥാനാർഥിയെന്ന്‌ നേരത്തേ തന്നെ കോൺഗ്രസ്‌ നേതാക്കൾ പ്രഖ്യാപിച്ചിരുന്നു. കുടുംബവാഴ്‌ചയെന്നത്‌ ആ പാർടിയിൽ പുതിയ കാര്യമല്ല. കോൺഗ്രസ്‌ അധ്യക്ഷൻ കഴിഞ്ഞ ദിവസം പ്രഖ്യാപിച്ച കോൺഗ്രസ്‌ പ്രവർത്തക സമിതിയിൽ മൂന്നുപേർ ഒരു കുടുംബത്തിൽ നിന്നാണ്‌. കേരളത്തിലും ഉദാഹരണങ്ങൾ നിരവധിയാണ്‌. ജി കാർത്തികേയൻ മരിച്ചപ്പോൾ അദ്ദേഹത്തിന്റെ മകനെയും പി ടി തോമസ്‌ മരിച്ചപ്പോൾ അദ്ദേഹത്തിന്റെ ഭാര്യയെയുമാണ്‌ കോൺഗ്രസ്‌ സ്ഥാനാർഥിയാക്കിയത്‌. പുതുപ്പള്ളിയിലും അതുതന്നെ ആവർത്തിച്ചു.

ഉപതെരഞ്ഞെടുപ്പിനെ രാഷ്ട്രീയ പോരാട്ടമാക്കാൻ കോൺഗ്രസ്‌ ഇഷ്ടപ്പെടുന്നില്ല. കേന്ദ്രം ഭരിക്കുന്ന കക്ഷിയുടെ ഹിന്ദുത്വ വർഗീയതയോ അവരുടെ ജനവിരുദ്ധ സാമ്പത്തിക നയങ്ങളോ കേരളത്തെ വരിഞ്ഞുമുറുക്കുന്ന കേന്ദ്രനയങ്ങളോ അവർ ചർച്ചയാക്കുന്നില്ല. എന്നാൽ, സംസ്ഥാന സർക്കാരിനെ വിമർശിക്കാൻ ഇവർക്ക്‌ ആയിരം നാവാണുതാനും. ബിജെപിയുമായി കൂട്ടുപിടിച്ചായാലും കേരളത്തിലെ ഇടതുപക്ഷ ജനാധിപത്യ മുന്നണി സർക്കാർ തകർന്നാൽ മതിയെന്ന വികാരമാണ്‌ അവർ പ്രകടിപ്പിക്കുന്നത്‌. അതിന്റെ പ്രതിഫലനമാണ്‌ പുതുപ്പള്ളി മണ്ഡലത്തിനടുത്തു തന്നെയുള്ള കിടങ്ങൂർ പഞ്ചായത്തിൽ കണ്ടത്‌. ബിജെപിയുടെ പിന്തുണയോടെ പഞ്ചായത്ത്‌ പ്രസിഡന്റ്‌ സ്ഥാനം യുഡിഎഫ്‌ നേടിയിരിക്കുകയാണ്‌. ബിജെപിയുടെ ഹിന്ദുത്വ രാഷ്ട്രീയം എതിർക്കപ്പെടേണ്ടതല്ല എന്ന ബോധ്യത്തിൽനിന്നാണ്‌ യുഡിഎഫ്‌ – ബിജെപി സഖ്യം രൂപപ്പെടുന്നത്‌.

പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പിനെ സിപിഐ എമ്മും ഇടതുപക്ഷവും കാണുന്നത്‌ രാഷ്ട്രീയ പോരാട്ടമായാണ്‌. കേരളത്തിന്റെ മൊത്തം വികസനത്തിനൊപ്പം പുതുപ്പള്ളിയുടെ വികസനവും എൽഡിഎഫ്‌ മണ്ഡലത്തിൽ സജീവ ചർച്ചാവിഷയമാക്കുന്നുണ്ട്‌. യുഡിഎഫിന്റെ വികസനവിരോധവും അതിന്റെ ഭാഗമായി പുതുപ്പള്ളിയിലെ വികസനമില്ലായ്‌മയും എൽഡിഎഫ്‌ പ്രധാന പ്രചാരണ വിഷയമാക്കുന്നു. പിണറായി സർക്കാരുകൾ ആവിഷ്‌കരിച്ച്‌ നടപ്പാക്കിവരുന്ന എല്ലാ വികസനപ്രവർത്തനങ്ങളെയും എതിർക്കുക എന്നതാണ്‌ യുഡിഎഫിന്റെ പ്രധാന അജൻഡ. ദേശീയപാത വികസനം, കെ – റെയിൽ, കെ – ഫോൺ, ഗെയിൽ പൈപ്പ്‌ലൈൻ തുടങ്ങി കേരളത്തിനും കേരളീയർക്കും ഗുണകരമാകുന്ന എല്ലാ പദ്ധതികളെയും എതിർക്കുന്ന നിഷേധാത്മകമായ നിലപാടാണ്‌ പ്രതിപക്ഷം സ്വീകരിക്കുന്നത്‌. കെ – ഫോൺ ഉൾപ്പെടെ കേരളത്തിലെ പിന്നാക്കം നിൽക്കുന്നവർക്ക്‌ ഏറെ ഗുണകരമായ പദ്ധതിയുടെ ഉദ്‌ഘാടനചടങ്ങ്‌ ബഹിഷ്‌കരിക്കുകയെന്ന നടപടിപോലും കോൺഗ്രസ്‌ സ്വീകരിച്ചു. വികസനത്തെ അന്ധമായി എതിർക്കുന്ന ഇതുപോലൊരു പ്രതിപക്ഷത്തെ ലോകത്ത്‌ ഒരിടത്തും കാണാൻ കഴിയുമെന്ന്‌ തോന്നുന്നില്ല.

വികസനത്തിന്‌ കേരളത്തിൽ വോട്ടുണ്ട്‌ എന്നതിനുള്ള പ്രത്യക്ഷ ഉദാഹരണമാണ്‌ രണ്ടാം പിണറായി സർക്കാർ. അത്‌ മനസ്സിലാക്കിയാണ്‌ എൽഡിഎഫ്‌ സർക്കാരിന്റെ എല്ലാ വികസനപ്രവർത്തനങ്ങളെയും യുഡിഎഫ്‌ എതിർക്കുന്നത്‌. കേരളത്തെ സാമ്പത്തികമായി തകർക്കുന്ന കേന്ദ്രത്തിന്റെ നിലപാടിനെതിരെ ധനമന്ത്രിക്ക്‌ നിവേദനം നൽകാൻപോലും യുഡിഎഫ്‌ എംപിമാർ പോകാത്തതും ഇതിനാലാണ്‌. കടുത്ത സമ്മർദത്തെ തുടർന്ന്‌ കേന്ദ്രം സഹായിക്കാൻ നിർബന്ധിക്കപ്പെട്ടാൽ കൂടുതൽ വികസനപ്രവർത്തനം നടത്താൻ പിണറായി സർക്കാരിന്‌ അവസരമൊരുങ്ങും; അത്‌ പാടില്ലെന്ന നിർബന്ധം യുഡിഎഫിനുണ്ട്‌. എൽഡിഎഫിന്റെ നേതൃത്വത്തിൽ കേരളം ഒരടി മുന്നേറരുത്‌ എന്ന നീചമനസ്സാണ്‌ യുഡിഎഫിന്റേത്‌. ഈ നയം പുതുപ്പള്ളിയിലെ ജനങ്ങൾ തിരിച്ചറിയും. വികസനത്തിന്‌ തുരങ്കംവയ്‌ക്കുന്ന യുഡിഎഫ്‌ രാഷ്ട്രീയത്തെ പുതുപ്പള്ളിയിലെ ജനങ്ങൾ ഇക്കുറി സ്വീകരിക്കില്ല.

കേരളത്തിന്റെ പൊതുവികസനത്തിനൊപ്പം പുതുപ്പള്ളി എത്തിയിട്ടില്ലെന്ന വികാരം ജനങ്ങൾക്കുണ്ട്‌. ഏത് അളവുകോൽവച്ച്‌ അളന്നാലും പുതുപ്പള്ളി വികസനകാര്യത്തിൽ പിന്നിലാണ്‌. കഴിഞ്ഞ ദിവസങ്ങളിൽ ‘ദേശാഭിമാനി’ പ്രസിദ്ധീകരിച്ച കുടിവെള്ള പ്രശ്‌നം സംബന്ധിച്ച വാർത്തകൾ ഈ വസ്‌തുതയ്‌ക്ക്‌ അടിവരയിടുന്നതാണ്‌. ‘നീറിക്കാടിയിലുമുണ്ട്‌ നീറുന്ന ജീവിതങ്ങൾ’ എന്ന തലക്കെട്ടിൽ വന്ന വാർത്തയിൽ പറയുന്നത്‌ പൈപ്പ്‌ ലൈനും കിണറും ജലടാങ്കും എല്ലാമുണ്ടായിട്ടും സ്ഥലവാസികൾ വെള്ളം ചുമന്നു പോകേണ്ട ഗതികേടിനെക്കുറിച്ചാണ്‌. പൊങ്ങൻപാറയിലെ ഒരു പാറമടയിൽനിന്ന്‌ 68 മോട്ടോർ ഘടിപ്പിച്ച്‌ മാലിന്യങ്ങൾ അടങ്ങിയ ജലം ഫിൽട്ടർ ചെയ്‌ത്‌ ഉപയോഗിക്കുന്നതിനെപ്പറ്റിയും റിപ്പോർട്ടിലുണ്ട്‌. ഇതെല്ലാം വിരൽചൂണ്ടുന്നത്‌ മണ്ഡലത്തിലെ പലയിടത്തും കുടിവെള്ള പ്രശ്‌നം രൂക്ഷമാണ്‌ എന്നുള്ളതാണ്‌. മഴക്കുറവുള്ള കാലാവസ്ഥയിൽ ഈ ജലപ്രശ്‌നം ഇനിയും രൂക്ഷമാകാനാണിട. ഒരു പ്രശ്‌നം ചൂണ്ടിക്കാട്ടിയെന്നേയുള്ളൂ.

മണ്ഡലത്തിലെ ജനങ്ങൾ ഇത്തരം ചെറുതും വലുതുമായ പ്രശ്‌നങ്ങൾ അഭിമുഖീകരിക്കുന്നുണ്ട്‌. ജനങ്ങൾ അഭിമുഖീകരിക്കുന്ന ഇത്തരം വിഷയങ്ങൾ പരിഹരിക്കപ്പെടണമെങ്കിൽ വികസനത്തോട്‌ വെറുപ്പും വിദ്വേഷവുമില്ലാത്ത എൽഡിഎഫ്‌ സ്ഥാനാർഥി വിജയിക്കണം. അതിനാലാണ്‌ എൽഡിഎഫ്‌ ‘പുതിയ പുതുപ്പള്ളി’ എന്ന മുദ്രാവാക്യം ഉയർത്തിയത്‌. പുതിയ പുതുപ്പള്ളിയുടെ സാക്ഷാൽക്കാരത്തിനായി സമഗ്രമായ വികസനരേഖതന്നെ എൽഡിഎഫ്‌ ജനങ്ങൾക്കു മുമ്പിൽ അവതരിപ്പിച്ചിട്ടുണ്ട്‌. പുതിയ പുതുപ്പള്ളിയുടെ ഒരു മാസ്റ്റർ പ്ലാൻ തന്നെയാണ്‌ എൽഡിഎഫ്‌ മുന്നോട്ടുവച്ചിട്ടുള്ളത്‌. മാറുന്ന കാലത്തിന്‌ പറ്റിയ ഇടമായി പുതുപ്പള്ളിയെ മാറ്റിയെടുക്കുമെന്ന നിശ്ച‌യദാർഢ്യമാണ്‌ ഈ രേഖ മുന്നോട്ടുവയ്‌ക്കുന്നത്‌. ഈ രേഖയിലെ കാര്യങ്ങൾ ജനങ്ങളിലെത്തിക്കുന്നതിന്‌ വിവിധയിടങ്ങളിൽ വികസനസന്ദേശ സദസ്സുകൾ നടത്തിവരികയാണ്‌ എൽഡിഎഫ്‌. ഉമ്മൻചാണ്ടി പഠിച്ച, എൽഡിഎഫ്‌ സർക്കാർ പുതുക്കിപ്പണിത സെന്റ്‌ ജോർജ്‌ സ്കൂളിൽ വച്ചാണ്‌ വികസനസന്ദേശ സദസ്സുകൾക്ക്‌ തുടക്കമിട്ടത്‌. ഉമ്മൻചാണ്ടി പഠിച്ച സ്കൂൾപോലും പുതുക്കിപ്പണിയാനും ലോകനിലവാരത്തിലേക്ക്‌ ഉയർത്താനും എൽഡിഎഫ്‌ സർക്കാർ അധികാരത്തിൽ വരേണ്ടി വന്നുവെന്ന്‌ പുതുപ്പള്ളിക്കാർ മനസ്സിലാക്കുന്നുണ്ട്‌.

എൽഡിഎഫും സ്ഥാനാർഥി ജെയ്‌ക് സി തോമസും തുടക്കം മുതൽതന്നെ യുഡിഎഫിനെ വികസന സംവാദത്തിന്‌ ക്ഷണിച്ചിരുന്നു. എന്നാൽ, ജെയ്‌ക്കിനെ നാലാംകിടക്കാരനെന്ന്‌ അധിക്ഷേപിച്ച്‌ വ്യക്തിഹത്യക്കാണ്‌ പ്രതിപക്ഷ നേതാവ്‌ തയ്യാറായത്‌. കഴിഞ്ഞ തെരഞ്ഞെടുപ്പിൽ ഉമ്മൻചാണ്ടിയുടെ ഭൂരിപക്ഷം 9044 വോട്ടായി കുറച്ച, ‘തനിക്ക്‌ തെരഞ്ഞെടുപ്പ്‌ രാഷ്ട്രീയത്തിൽ നേരിടേണ്ടിവന്ന ഏറ്റവും ശക്തനായ എതിരാളി’ എന്ന്‌ ഉമ്മൻചാണ്ടി തന്നെ വിശേഷിപ്പിച്ച ജെയ്‌ക്കിനെയാണ്‌ നാലാംകിടക്കാരൻ എന്ന്‌ പ്രതിപക്ഷ നേതാവ്‌ പറഞ്ഞത്‌. ഇതിനു മറുപടിയായി എൽഡിഎഫ്‌ നേതാക്കൾ ചാണ്ടി ഉമ്മനെ വിമർശിക്കുമെന്നും അതോടെ വൈകാരികതയും സഹതാപവും ഊതിക്കത്തിച്ച്‌ വോട്ട്‌ നേടാമെന്നുമുള്ള കണക്കുകൂട്ടലാണ്‌ യുഡിഎഫ്‌ നേതാക്കൾക്ക്‌ ഉണ്ടായിരുന്നത്‌. എന്നാൽ, ആ കെണിയിൽ വീഴാൻ എൽഡിഎഫ്‌ തയ്യാറായില്ല.

ഈ ഘട്ടത്തിലാണ്‌ വികസനമെന്ന എൽഡിഎഫിന്റെ മുദ്രാവാക്യം ഒരു കെണിയാണെന്ന്‌ രമേശ്‌ ചെന്നിത്തല വിശേഷിപ്പിച്ചത്‌. അതായത്‌ വികസനം ചർച്ചയായാൽ യുഡിഎഫിന്‌ രക്ഷയില്ല എന്ന സന്ദേശമാണ്‌ ചെന്നിത്തല നൽകിയത്‌. ഉമ്മൻചാണ്ടിയെ പുകഴ്‌ത്തിയ താല്‍ക്കാലിക ജീവനക്കാരിയെ പിരിച്ചുവിട്ടുവെന്ന മനോരമയുടെ കള്ളക്കഥയും ഏശിയില്ല. ഏതായാലും വികസനത്തിനായി പുതുപ്പള്ളിയിലെ ജനങ്ങൾ വിധിയെഴുതും. കേരളത്തിന്റെ വികസനക്കുതിപ്പിനൊപ്പം അണിചേരാൻ ഇനി പുതുപ്പള്ളിയും ഉണ്ടാകും.

കൂടുതൽ ലേഖനങ്ങൾ

'വർക്ക് നിയർ ഹോം' പദ്ധതി; വികസനം ഏതാനും നഗരങ്ങളിൽ ഒതുക്കുകയല്ല, മറിച്ച് എല്ലാ പ്രദേശങ്ങളിലേയ്ക്കും എത്തിക്കുകയാണ് സർക്കാർ

സ. പിണറായി വിജയൻ

കാലത്തിന്റെ മാറ്റം ഏറ്റവും കൂടുതൽ പ്രതിഫലിക്കുന്ന മേഖലകളിൽ ഒന്നാണ് തൊഴിൽ. കുറച്ചു വർഷങ്ങൾക്കു മുൻപ് നിലനിന്നിരുന്ന തൊഴിലുകളും തൊഴിൽ രീതികളും മാറുകയാണ്.

സഖാവ് പി ഗോവിന്ദപ്പിള്ളയുടെ ഓർമകൾക്കു മുന്നിൽ സ്‌മരണാഞ്ജലി

സ. എം വി ഗോവിന്ദൻ മാസ്റ്റർ

കേരളത്തിന്റെ രാഷ്ട്രീയ, സാമൂഹ്യ, സാഹിത്യ, വൈജ്ഞാനിക മണ്ഡലങ്ങളിൽ സജീവ സാന്നിധ്യമായിരുന്ന സഖാവ് പി ഗോവിന്ദപ്പിള്ള ഓർമയായിട്ട് ഇന്നേക്ക് പന്ത്രണ്ട്‌ വർഷം. പി ജി എന്ന രണ്ടക്ഷരത്തിൽ അറിയപ്പെട്ട അദ്ദേഹം മാർക്സിസ്റ്റ് സൈദ്ധാന്തികനും സഞ്ചരിക്കുന്ന വിശ്വവിജ്ഞാനകോശവുമായിരുന്നു.

രാജ്യത്ത് ആദ്യമായി കോളേജ് വിദ്യാര്‍ത്ഥികള്‍ക്കായി പ്രത്യേക സ്‌പോര്‍ട്സ് ലീഗ് കേരളത്തിൽ

സ. ആർ ബിന്ദു

രാജ്യത്ത് ആദ്യമായി കോളേജ് വിദ്യാര്‍ത്ഥികള്‍ക്കായി പ്രത്യേക സ്‌പോര്‍ട്സ് ലീഗ് ആരംഭിക്കുകയാണ് കേരളത്തിൽ. മികച്ച കായിക സംസ്‌കാരം വാര്‍ത്തെടുക്കുന്നതിനൊപ്പം കോളേജുകളിലെ അടിസ്ഥാനസൗകര്യ വികസനം കൂടി ലക്ഷ്യമിട്ടാണ് കായിക വകുപ്പുമായി ചേർന്ന് കോളേജ് ലീഗിന് ഉന്നതവിദ്യാഭ്യാസ വകുപ്പ് തുടക്കമിടുന്നത്.