Skip to main content

തെരഞ്ഞെടുപ്പ് ഒരുമിച്ചു നടത്തുന്നതിന്റെ ഫലമായി തെരഞ്ഞെടുപ്പു ചെലവ് ചുരുക്കാമെന്ന വാദം ശുദ്ധ ഭോഷ്കാണ്

“ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ്” എന്നതു നടപ്പാക്കുകയാണെങ്കിൽ സർക്കാർ ദുർവ്യയം ഒഴിവാക്കപ്പെടുന്നതാണു വലിയ നേട്ടമായി കേന്ദ്രമന്ത്രിമാർ തന്നെ വിശദീകരിക്കുന്നത്. എന്താണു വസ്തുത?

തെരഞ്ഞെടുപ്പ് ചെലവുകൾ വർദ്ധിച്ചുവരുന്നൂവെന്നത് അവിതർക്കിതമാണ്. 1951-52ലെ ആദ്യ ലോകസഭാ തെരഞ്ഞെടുപ്പിനു 10 കോടി രൂപയേ ചെലവ് വന്നുള്ളൂ. 1971ലെ അഞ്ചാമത് ലോകസഭാ തെരഞ്ഞെടുപ്പുവരെ സർക്കാരിന്റെ തെരഞ്ഞെടുപ്പ് ചെലവ് ഏതാണ്ട് ഇതേ തോതിൽ തുടർന്നു. പിന്നെ അനുക്രമമായ വളർച്ചയാണ് കാണാൻ കഴിയുന്നത്. 1989ലെ 9-ാം ലോകസഭാ തെരഞ്ഞെടുപ്പിലാണ് ആദ്യമായി 100 കോടി കടന്നത്. 2004ലെ 14-ാം ലോകസഭാ തെരഞ്ഞെടുപ്പിൽ ആദ്യമായി 1000 കോടി കടന്നു. 2014ലെ 16-ാമതു ലോകസഭാ തെരഞ്ഞെടുപ്പിലാണ് റെക്കോർഡ് തുക കുതിച്ചുചാട്ടമുണ്ടായത്. സർക്കാർ ചെലവ് 3870 കോടി രൂപയായി. 2019ൽ 8966 കോടി രൂപയാണ് കേന്ദ്ര സർക്കാരിനു ചെലവായത്.

സംസ്ഥാന നിയമസഭകളിലേക്കുള്ള തെരഞ്ഞെടുപ്പിന്റെ ചെലവ് സംസ്ഥാന സർക്കാരുകളാണു വഹിക്കുന്നത്. അത് എത്രയെന്നു കൃത്യമായ കണക്കുകൾ ഇല്ല. പാർലമെന്റിലേക്കും നിയമസഭകളിലേക്കുമുള്ള തെരഞ്ഞെടുപ്പുകൾ ഒരുമിച്ചാക്കിയാൽ ചെലവിൽ ഗണ്യമായ കുറവ് ഉണ്ടാക്കാൻ കഴിയുമെന്നാണു വാദം. ഇവരുടെ അടിസ്ഥാന അനുമാനം നിയമസഭാ തെരഞ്ഞെടുപ്പിന് ലോകസഭാ തെരഞ്ഞെടുപ്പിനു തുല്യമായ തുക സംസ്ഥാന സർക്കാരുകൾ ചെലവഴിക്കുന്നുണ്ട് എന്നതാണ്. കേന്ദ്രമന്ത്രിമാർ വരെ ആവർത്തിക്കുന്ന ഒരു അബദ്ധധാരണയാണിത്.

2019ലെ ലോകസഭാ തെരഞ്ഞെടുപ്പിലെ ചെലവായ 8966 കോടി രൂപയിൽ 5430 കോടി രൂപ ഇലക്ട്രോണിക് വോട്ടിംഗ് മെഷീനുകൾക്കാണു ചെലവായത്. എന്നുവച്ചാൽ തെരഞ്ഞെടുപ്പിന്റെ മൊത്തം ചെലവിന്റെ 60 ശതമാനം വോട്ടിംഗ് യന്ത്രങ്ങൾക്കു വേണ്ടിയാണ്. ഇതേ യന്ത്രങ്ങളാണ് നിയമസഭാ തെരഞ്ഞെടുപ്പിനും ഉപയോഗിക്കുന്നത്. വോട്ടിംഗ് യന്ത്രത്തിന്റെ ആയുസ് 15 വർഷമാണ്. 2019ൽ വാങ്ങിയവ 2024ലെ തെരഞ്ഞെടുപ്പിലും ഉപയോഗിക്കാം. എന്നാൽ ലോകസഭ-നിയമസഭ തെരഞ്ഞെടുപ്പുകൾ ഒരുമിച്ചു നടത്തുകയാണെങ്കിലോ? ഇത്രതന്നെ വോട്ടിംഗ് യന്ത്രങ്ങൾ പുതിയതായി വാങ്ങേണ്ടിവരും. കാരണം നിയമസഭാ തെരഞ്ഞെടുപ്പിൽ പ്രത്യേക വോട്ടിംഗ് യന്ത്രങ്ങൾ വേണ്ടിവരും. 5000-6000 കോടി രൂപയെങ്കിലും ഈ ഇനത്തിൽ അധികച്ചെലവ് ഉണ്ടാവും. ലോകസഭ-നിയമസഭ തെരഞ്ഞെടുപ്പ് ഒരുമിച്ചു നടത്തിയാൽ വോട്ടിംഗ് യന്ത്രത്തിന്റെ കാര്യത്തിലെങ്കിലും ചെലവ് ഇരട്ടിയാക്കുകയാണു ചെയ്യുക.

കൂടുതൽ പോളിംഗ് ബൂത്തുകൾ വേണ്ടിവരും. കാരണം രണ്ട് സഭകളിലേക്കും വോട്ടിംഗ് വേണ്ടിവരുമ്പോൾ പോളിംഗ് സ്വാഭാവികമായി പതുക്കെയാകും. അപ്പോൾ പകൽകൊണ്ട് വോട്ടിംഗ് പൂർത്തീകരിക്കണമെങ്കിൽ പോളിംഗ് സ്റ്റേഷനുകളുടെ എണ്ണം കൂട്ടിയേ തീരൂ. ആനുപാതികമായി കൂടുതൽ ഉദ്യോഗസ്ഥരും വേണ്ടിവരും.

ലോകസഭ-നിയമസഭ തെരഞ്ഞെടുപ്പിനോടൊപ്പം തദ്ദേശഭരണ തെരഞ്ഞെടുപ്പുകൂടി ഒരുമിച്ചു നടത്താൻ തീരുമാനിച്ചാൽ അത്രയും കൂടുതൽ വോട്ടിംങ് യന്ത്രങ്ങളും ചെലവുകളും കൂടുതലായി വേണ്ടിവരും. ചുരുക്കത്തിൽ തെരഞ്ഞെടുപ്പ് ഒരുമിച്ചു നടത്തുന്നതിന്റെ ഫലമായി തെരഞ്ഞെടുപ്പു ചെലവ് ചുരുക്കാമെന്ന വാദം ശുദ്ധ ഭോഷ്കാണ്.

നമ്മൾ ഓർക്കേണ്ടുന്ന മറ്റൊരു അടിസ്ഥാന കാര്യമുണ്ട്. തെരഞ്ഞെടുപ്പിനു വേണ്ടിവരുന്ന ചെലവ് ഒരു ധൂർത്താണോ? പാർലമെന്ററി ജനാധിപത്യത്തിന് അനിവാര്യമായ വിലയാണിത്. തെരഞ്ഞെടുപ്പു വേണ്ടെന്നുവച്ചാൽ മുഴുവൻ ചെലവും ലാഭിക്കാല്ലോ? ആരെങ്കിലും അത്തരമൊരു വാദം മുന്നോട്ടുവയ്ക്കുമോ?

തെരഞ്ഞെടുപ്പു ചെലവ് സർക്കാരിന്റെ മൊത്തം ചെലവിന്റെ ആനുപാതമായി കണക്കാക്കിയാൽ ഭയപ്പെടുന്നപോലെ വർദ്ധന ഉണ്ടായിട്ടില്ലായെന്നു കാണാവുന്നതാണ്. 2019ലെ ലോകസഭാ തെരഞ്ഞെടുപ്പിനുവേണ്ടിവന്ന 8976 കോടി രൂപ സർക്കാരിന്റെ 2019ലെ മൊത്തം ബജറ്റ് ചെലവിന്റെ 0.33 ശതമാനമേ വരികയുള്ളൂ. കേന്ദ്ര സർക്കാരിന്റെ മൊത്തം ചെലവിന്റെ നിസാരമൊരു ശതമാനമേ തെരഞ്ഞെടുപ്പു ചെലവു വരുന്നുള്ളൂ. പക്ഷേ, 1980-81ലും 1996-97ലും തെരഞ്ഞെടുപ്പ് ചെലവ് കേന്ദ്ര സർക്കാരിന്റെ ബജറ്റ് യഥാക്രമം 0.30ഉം 0.36ഉം ശതമാനം വന്നിരുന്നു.

മറ്റൊരു കാര്യവുംകൂടി എടുത്തു പറയേണ്ടതുണ്ട്. തെരഞ്ഞെടുപ്പിനുവേണ്ടി കേന്ദ്ര സർക്കാർ ചെലവാക്കിയ പണം മുഴുവൻ തെരഞ്ഞെടുപ്പു വർഷത്തെ സർക്കാർ ചെലവിന്റെ വിഹിതമായിട്ടാണു മുകളിൽ കണക്കുകൂട്ടിയത്. യഥാർത്ഥത്തിൽ ഇങ്ങനെയല്ല കാര്യങ്ങൾ. 2019ലെ 8966 കോടി രൂപ ചെലവു വന്നതിൽ 2682 കോടി രൂപ 2017-18ലും 4820 കോടി രൂപ 2018-19ലുമാണു ചെലവഴിച്ചത്. തെരഞ്ഞെടുപ്പ് നടന്ന 2019-20ൽ 1464 രൂപയേ ചെലവായിട്ടുള്ളൂ. യഥാർത്ഥത്തിൽ അഞ്ച് വർഷത്തെ സർക്കാരിന്റെ ചെലവിൽ എത്ര ശതമാനം തെരഞ്ഞെടുപ്പു ചെലവ് വന്നൂവെന്നാണു കണക്ക് കൂട്ടേണ്ടത്. അങ്ങനെ കൂട്ടുമ്പോൾ അത് കേവലം 0.07 ശതമാനം മാത്രമാണ്.

തെരഞ്ഞെടുപ്പു ചെലവിന്റെ മൊത്തം തുക കാണിച്ച് മനുഷ്യരെ വിരട്ടാനാണ് ബിജെപി ശ്രമിക്കുന്നത്.

കൂടുതൽ ലേഖനങ്ങൾ

സംഘപരിവാറിനെതിരെ നെഞ്ചുവിരിച്ചു പ്രതിരോധിക്കുന്ന ഡിവൈഎഫ്ഐയെയും അതിന്റെ നേതാക്കളെയുമാണ് മീഡിയാവണ്ണും ജമായത്തെ ഇസ്ലാമിയും ചേർന്ന് വർഗീയച്ചാപ്പയടിക്കാൻ ശ്രമിക്കുന്നത്

സ. ടി എം തോമസ് ഐസക്

സഖാവ് എം സ്വരാജിനെതിരെ മീഡിയാ വൺ നടത്തിയ ആസൂത്രിതമായ വ്യാജപ്രചരണം വസ്തുതാപരമായി തുറന്നു കാണിക്കുന്ന ന്യൂസ് ബുള്ളറ്റ് കേരളയുടെ വീഡിയോ, കോപ്പി റൈറ്റ് ലംഘനമാണെന്ന് ആരോപിച്ച് മീഡിയാ വൺ സ്ട്രൈക്ക് ചെയ്തിരിക്കുന്നു.

ഭൂരിപക്ഷ വർഗീയതയെ ചൂണ്ടിക്കാട്ടി ന്യൂനപക്ഷ വർഗീയത വളർത്തുന്നത് പൊതുസമൂഹത്തെ വർഗീയവൽക്കരിക്കാൻ കാരണമാകും

സ. എം വി ഗോവിന്ദൻ മാസ്റ്റർ

ഹിന്ദുരാഷ്ട്ര വാദികളായ ആർഎസ്‌എസ് ശതാബ്ദി ആഘോഷിക്കാനിരിക്കെ പൊതുസമൂഹത്തെ വർഗീയവൽക്കരിക്കാനുള്ള ബഹുമുഖ ശ്രമങ്ങളാണ് നടന്നുവരുന്നത്.

കേന്ദ്ര സർക്കാരിൻ്റെ കേരള വിരുദ്ധ നയം തിരുത്താൻ ജനങ്ങളുടെയാകെ പ്രതിഷേധം അനിവാര്യമാണ്

സ. പിണറായി വിജയൻ

കേരളത്തോടുള്ള കേന്ദ്ര സർക്കാരിൻ്റെ നിഷേധാത്മക നിലപാട് തുടരുകയാണ്. ഓണക്കാലത്ത് കേരളത്തിനു പ്രത്യേകമായി അധിക അരിവിഹിതം അനുവദിക്കണമെന്ന ആവശ്യം പോലും തള്ളിക്കളഞ്ഞിരിക്കുന്നു.

പി കെ സി എന്ന മൂന്നക്ഷരത്തിൽ അറിഞ്ഞ കമ്യൂണിസ്റ്റിന്റെ ജീവിതത്തെ പരിചയപ്പെടുമ്പോൾ ഉജ്വലമായ പോരാട്ടസമര ചരിത്രത്തെയാണ് സ്പർശിക്കുന്നത്

സ. എം വി ഗോവിന്ദൻ മാസ്റ്റർ

പുന്നപ്ര–വയലാർ സമരത്തിന്റെ നായകൻ സ. പി കെ ചന്ദ്രാനന്ദൻ കേരളത്തിലെ കമ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്റെ വളർച്ചയ്ക്ക് അതുല്യസംഭാവന നൽകിയ നേതാക്കളിൽ ഒരാളാണ്. സഖാവ് നമ്മെ വിട്ടുപിരിഞ്ഞിട്ട് 11 വർഷമാകുന്നു.