Skip to main content

കേന്ദ്ര ബിജെപി സർക്കാരിന് യുഡിഎഫ് കൂട്ട് നിൽക്കുന്നത് എന്തിന്?

പ്രതിപക്ഷനേതാവ് വിഡി സതീശൻ്റെ കടുത്ത ആക്ഷേപം കിഫ്ബിയെക്കുറിച്ചാണ്. ബജറ്റിനു പുറത്തെടുത്ത തുക കടമെടുപ്പിൻ്റെ പരിധിയിൽ വരുമെന്നു പ്രതിപക്ഷം മുന്നറിയിപ്പു നൽകിയിരുന്നതാണ്. പ്രതിപക്ഷം പറഞ്ഞ അതേ കാര്യങ്ങളാണ് സി&എജി റിപ്പോർട്ടിലും പറഞ്ഞതെന്ന കാര്യം എന്റെ ഓർമ്മയിലും ഉണ്ടാകുമല്ലോ എന്നാണ് അദ്ദേഹം എഴുതിയത്.

അതു ശരി. സി&എജിക്ക് ഈ ബുദ്ധി ഉപദേശിച്ചു കൊടുത്തത് അങ്ങായിരുന്നല്ലേ? ഞാൻ എത്രയും നിനച്ചില്ല. ഏതായാലും അതു കുറച്ചു കടുത്തകൈ ആയിപ്പോയി. കൂടുതൽ വ്യക്തത ഇക്കാര്യത്തിൽ ഉണ്ടാവാൻ “7” ചോദ്യങ്ങൾ ചോദിക്കുകയാണ്. സമയമെടുത്തു മറുപടി നൽകുക. ആരോഗ്യകരമായ ഒരു സംവാദം നടക്കട്ടെ.

I. കിഫ്ബി ശിവദാസമേനോൻ ധനമന്ത്രി ആയിരുന്നപ്പോൾ രൂപീകൃതമായതാണ്. ആ നിയമത്തെ സമഗ്രമായി ഭേദഗതി ചെയ്തു പരിഷ്കരിക്കുകയാണു 2016ൽ ചെയ്തത്. നിയമ നിർമ്മാണത്തിൻ്റെ ഏതെങ്കിലും ഘട്ടത്തിൽ പ്രതിപക്ഷം “കിഫ്ബി വായ്പ കടമെടുപ്പിന്റെ പരിധിയിൽ വരും” എന്നു പറഞ്ഞിട്ടുണ്ടോ? നിയമസഭാ രേഖകളുണ്ടല്ലോ. പ്രസക്തമായ ഭാഗം ഉദ്ധരിക്കാൻ തയ്യാറാകുമോ? യഥാർത്ഥത്തിൽ സി&എജി റിപ്പോർട്ട് സംബന്ധിച്ച ചർച്ചയിൽ സി&എജിയുടെ വാദത്തെ പിന്താങ്ങുകയാണു യുഡിഎഫ് ചെയ്തത്.

II. കിഫ്ബിക്കെതിരെ ഞങ്ങൾ മുന്നേ മുന്നറിയിപ്പു തന്നിരുന്നതാണെന്ന് അവകാശപ്പെടുന്ന പ്രതിപക്ഷനേതാവ് ശ്രീ. ഉമ്മൻ ചാണ്ടി ധനമന്ത്രിയെന്ന നിലയിൽ അവതരിപ്പിച്ച 2016ലെ ബജറ്റ് വേളയിലും സഭയിലുണ്ടായിരുന്നു. ബജറ്റിൽ ഇങ്ങനെയൊരു പ്രസ്താവനയുണ്ട്. “കേരളത്തിൻ്റെ അടിസ്ഥാനസൗകര്യ വികസന പ്രവർത്തനങ്ങൾക്കു 30,000 കോടി രൂപ മൂലധനം സമാഹരിക്കുന്നതിനായി Kerala Infrastructure Investment Fundനെ സജ്ജമാക്കുന്നതാണ്”. എന്തുകൊണ്ട് അന്ന് മുന്നറിയിപ്പു നൽകിയില്ല. 2011ലെ ബജറ്റിൽ ഞാനാണ് ആദ്യമായി ഇത്തരമൊരു നിർദ്ദേശം മുന്നോട്ടുവച്ചത്. അന്നൊന്നും തോന്നാതിരുന്ന ജാഗ്രത ഇപ്പോൾ ഉണ്ടായത് ഈ വൻകിട പദ്ധതികൾ പൂർത്തീകരിച്ചാൽ ഉണ്ടാകുന്ന രാഷ്ട്രീയ പ്രത്യാഘാതങ്ങളെക്കുറിച്ചുള്ള വേവലാതിമൂലമല്ലേ?

III. ശിവദാസമേനോൻ്റെ കാലത്തും തുടർന്നു വന്ന യുഡിഎഫ് സർക്കാരിൻ്റെ കാലത്തും കിഫ്ബി വായ്പയെടുത്തിട്ടുണ്ട്. അന്ന് ആ വായ്പ സംസ്ഥാന സർക്കാരിന്റെ കടത്തിന്റെ ഭാഗമായി കണക്കിൽ ഉൾപ്പെടുത്തിയിരുന്നോ? ധനഉത്തരവാദിത്വ നിയമം നിലവിൽ വന്നതിനുശേഷം ഏപ്പോഴെങ്കിലും ഏതെങ്കിലും പൊതുമേഖലാ സ്ഥാപനത്തിൻ്റെ വായ്പ സർക്കാരിൻ്റെ വായ്പാ പരിധിയിൽ ഉൾപ്പെടുത്തിയ സംഭവം ഉണ്ടായിട്ടുണ്ടോ? കേരളം പോകട്ടെ. ഇന്ത്യയിലെ ഏതെങ്കിലും സംസ്ഥാന സർക്കാരിൻ്റെ കാര്യത്തിൽ ഇന്നു ബിജെപി സർക്കാർ ഇത്തരമൊരു സമീപനം സ്വീകരിച്ചതായി ചൂണ്ടിക്കാണിക്കാനാകുമോ? എന്തിനാണു ബിജെപി നയത്തെ വെള്ളപൂശുന്നത്?

IV. കേന്ദ്ര സർക്കാർ “ഓഫ് ബജറ്റ്”, “എക്സ്ട്രാ ബജറ്റ്” വായ്പകൾ എടുക്കാറുണ്ടല്ലോ? എന്നെങ്കിലും അവ കേന്ദ്ര സർക്കാർ കടത്തിലോ കടമെടുപ്പു പരിധിയിലോ ഉൾക്കൊള്ളിച്ചിട്ടുണ്ടോ? നിർമ്മലാ സീതാരാമൻ മന്ത്രി ആയതിനുശേഷം ഈ തുകകൾ ഒരു അനുബന്ധമായി നൽകുന്ന പതിവ് തുടങ്ങി. എന്നാൽ 2019-20ൽ ഈ ലിസ്റ്റിൽപ്പെടാത്ത 3 ലക്ഷം കോടിയോളം രൂപ ബജറ്റിനു പുറത്തു കേന്ദ്ര സർക്കാർ വായ്പ എടുത്തൂവെന്ന് സി&എജി തന്നെ ചൂണ്ടിക്കാണിച്ചിട്ടുണ്ട്. സി&എജി ഈ തുകകൾ കേന്ദ്രത്തിൻ്റെ കടത്തിൽ ഉൾപ്പെടുത്തണമെന്ന് ആവശ്യപ്പെട്ടിട്ടുണ്ടോ? എന്നാൽ കേരളത്തിൻ്റെ കാര്യം വരുമ്പോൾ എന്തിനാണ് ഇരട്ടത്താപ്പ്? ഇതിനെയല്ലേ യുഡിഎഫ് പിന്താങ്ങുന്നത്?

V. ഇനി സംസ്ഥാനങ്ങളുടെമേൽ എന്തു വായ്പാ നിബന്ധനയും അടിച്ചേൽപ്പിക്കാൻ കേന്ദ്ര സർക്കാരിന് അധികാരമുണ്ട് എന്നാണു യുഡിഎഫിന്റെ അഭിപ്രായം എന്നിരിക്കട്ടെ. പക്ഷേ, അവയ്ക്കു മുൻകാല പ്രാബല്യം നൽകുന്നത് എന്തടിസ്ഥാനത്തിലാണു ന്യായീകരിക്കുക? ഇപ്പോൾ കേന്ദ്ര സർക്കാർ ചെയ്തിരിക്കുന്നത് എന്താണെന്നോ? 2016 മുതൽ കിഫ്ബി എടുത്ത എല്ലാ വായ്പകളും ഇന്നു സംസ്ഥാനത്തിന്റെ വായ്പാ പരിധിയിൽ ഉൾപ്പെടുത്തി സംസ്ഥാനത്തിന്റെ വായ്പ വെട്ടിച്ചുരുക്കുന്ന നടപടിയാണ് സ്വീകരിച്ചിരിക്കുന്നത്. ഇതിനെ എങ്ങനെയാണ് പ്രതിപക്ഷനേതാവേ ന്യായീകരിക്കാൻ കഴിയുന്നത്? സ്വാഭാവിക നീതി എന്നൊന്നില്ലേ?

VI. ക്ഷേമ കേരളത്തിൻ്റെ ഇനിയുള്ള വികസനത്തിനു പശ്ചാത്തലസൗകര്യങ്ങളിലെ പിന്നോക്കാവസ്ഥ വലിയ പ്രതിബന്ധമാണ്. ഇത് എന്നെങ്കിലും പരിഹരിച്ചാൽ പോരാ. ഇന്നു തന്നെ പരിഹരിക്കണം. തീരദേശ ഹൈവേ ഒഴികെ ഒരു കിഫ്ബി പ്രൊജക്ടുകളും അനാവശ്യമാണെന്നു യുഡിഎഫ് അഭിപ്രായപ്പെട്ടിട്ടില്ല. (തീരദേശ ഹൈവേയുടെ കാര്യത്തിൽ മലബാറിലെ പല യുഡിഎഫ് എംഎൽഎമാരും തങ്ങളുടെ മണ്ഡലത്തിൽ പുതിയ ഹൈവേയെ സ്വാഗതം ചെയ്തിട്ടുണ്ടെന്നതു മറ്റൊരു കാര്യം). കിഫ്ബി തെറ്റാണെങ്കിൽ യുഡിഎഫിന് ഒരു ബദൽ മാർഗ്ഗം ചൂണ്ടിക്കാണിക്കാൻ ഉണ്ടോ? ഉണ്ടെങ്കിൽ പറഞ്ഞാട്ടെ, ഇതാണു ഞങ്ങൾ കേരളത്തിലെ ജനങ്ങളോടു പറയുന്നത്: ഭരണകക്ഷി - പ്രതിപക്ഷ വ്യത്യാസമില്ലാതെ കേരളത്തിലെ എല്ലാ മണ്ഡലങ്ങളിലും നടക്കുന്ന സമാനതകളില്ലാത്ത വികസന പ്രവർത്തനങ്ങൾ തുടരണമോ? വേണമെങ്കിൽ യുഡിഎഫ് നയത്തെ തിരുത്തിക്കണം. അതിനുള്ള രാഷ്ട്രീയ പ്രഹരം നൽകണം.

VII. യുഡിഎഫിൻ്റെ ബദലായി പറഞ്ഞു കേട്ടിട്ടുള്ളത് ആന്വിറ്റി മാതൃകയിൽ ഇത്തരം വലിയ പ്രൊജക്ടുകൾക്കു ടെണ്ടർ വിളിക്കണം എന്നതാണ്. കരാറുകാരൻ വായ്പയെടുത്തു പണിയണം. സർക്കാർ 15-20 വർഷംകൊണ്ട് പണം നൽകും. ഇതു തന്നെയല്ലേ കിഫ്ബി മാതൃകയും? 70,000 കോടി രൂപയുടെ പ്രൊജക്ടുകൾ നിർമ്മിക്കുന്നതിനു കിഫ്ബിയെ ചുമതലപ്പെടുത്തിയിരിക്കുന്നു. ഈ തുക അടുത്ത 20-25 വർഷംകൊണ്ട് വർഷംതോറും ഗ്രാന്റായി കിഫ്ബിക്കു നൽകും. 25 ശതമാനത്തോളം വരുന്ന തുക കിഫ്ബി ചില പ്രൊജക്ടുകളുടെ തിരിച്ചടവായി ഉറപ്പാക്കുകയും ചെയ്യും. ഇത്തരം ഒരു പദ്ധതി പ്രയോഗികമാണെന്നുള്ളതു തെളിഞ്ഞു കഴിഞ്ഞതാണല്ലോ. ഇതു പൊളിക്കാൻ എന്തിനാണ് യുഡിഎഫ് കേന്ദ്ര ബിജെപി സർക്കാരിനു കൂട്ടുനിൽക്കുന്നത്? ഇതു ബിജെപിയുടെ കാവിയെ വെള്ളപൂശുന്ന രാഷ്ട്രീയമാണെന്നു പറയുമ്പോൾ അലോസരപ്പെട്ടിട്ടു കാര്യമില്ല.

കൂടുതൽ ലേഖനങ്ങൾ

ഭവനരഹിതരില്ലാത്ത കേരളം എന്ന മഹത്തായ ലക്ഷ്യത്തിനായി എൽഡിഎഫ് സർക്കാർ 2016ൽ ആവിഷ്കരിച്ച ലൈഫ് പദ്ധതിയിലൂടെ 5 ലക്ഷം വീടുകൾ നിർമ്മാണം പൂർത്തീകരിച്ചിരിച്ചു

സ. പിണറായി വിജയൻ

ഭവനരഹിതരില്ലാത്ത കേരളം എന്ന മഹത്തായ ലക്ഷ്യത്തിനായി എൽഡിഎഫ് സർക്കാർ 2016ൽ ആവിഷ്കരിച്ച ലൈഫ് പദ്ധതിയിലൂടെ 5 ലക്ഷം വീടുകൾ നിർമ്മാണം പൂർത്തീകരിച്ചിരിക്കുകയാണ്. ഈ അഭിമാന നേട്ടത്തിന്റെ സംസ്ഥാനതല പ്രഖ്യാപനമാണ് ഫെബ്രുവരി 24-ന് തിരുവനന്തപുരത്ത് വെച്ച് നടത്തുന്നത്.

കഴിഞ്ഞ 10 വർഷക്കാലം കൊണ്ട് കേരളം കൈവരിച്ച നേട്ടങ്ങൾ തകർക്കുകയും അഴിമതിയും വർഗീയതയും പിടിമുറുക്കിയ പഴയ കാലത്തേക്ക്‌ സംസ്ഥാനത്തെ മടക്കികൊണ്ടുപോകുകയും ചെയ്യുക എന്നതാണ് ഭരണമാറ്റം എന്നു പറയുന്നവരുടെ ലക്ഷ്യം

സ. എം എ ബേബി

കഴിഞ്ഞ 10 വർഷക്കാലം കൊണ്ട് കേരളം കൈവരിച്ച നേട്ടങ്ങൾ തകർക്കുകയും അഴിമതിയും വർഗീയതയും പിടിമുറുക്കിയ പഴയ കാലത്തേക്ക്‌ സംസ്ഥാനത്തെ മടക്കികൊണ്ടുപോകുകയും ചെയ്യുക എന്നതാണ് ഭരണമാറ്റം എന്നു പറയുന്നവരുടെ ലക്ഷ്യം.

കേരളത്തിന്റെ ഭാവി വികസന വഴികൾ രൂപപ്പെടുത്തുന്നതിനുള്ള സുപ്രധാന വേദിയായ അഞ്ചാമത് കേരള പഠന കോൺഗ്രസിന്റെ ഉദ്ഘാടനം നിർവ്വഹിച്ചു

സ. പിണറായി വിജയൻ

കേരളത്തിന്റെ ഭാവി വികസന വഴികൾ രൂപപ്പെടുത്തുന്നതിനുള്ള സുപ്രധാന വേദിയായ അഞ്ചാമത് കേരള പഠന കോൺഗ്രസിന്റെ ഉദ്ഘാടനം നിർവ്വഹിച്ചു. കേരളത്തെ കേവലമൊരു ഉപഭോക്തൃ സംസ്ഥാനമായി മാത്രം കാണാതെ, ലോകനിലവാരത്തിലുള്ള ഉൽപ്പന്നങ്ങളും സേവനങ്ങളും സൃഷ്ടിക്കുന്ന ആഗോള വൈജ്ഞാനിക ഹബ്ബായി മാറ്റുകയാണ് നമ്മുടെ ലക്ഷ്യം.

മേപ്പാടി ഉരുൾപൊട്ടലിൽ ഉപജീവനമാർഗ്ഗം നഷ്ടപ്പെട്ടവർക്ക് ആശ്വാസമായി സർക്കാർ പ്രത്യേക നഷ്ടപരിഹാര പാക്കേജ് അനുവദിച്ചു

സ. പിണറായി വിജയൻ

മേപ്പാടി ഉരുൾപൊട്ടലിൽ ഉപജീവനമാർഗ്ഗം നഷ്ടപ്പെട്ടവർക്ക് ആശ്വാസമായി സർക്കാർ പ്രത്യേക നഷ്ടപരിഹാര പാക്കേജ് അനുവദിച്ചു. ദുരന്തത്തിൽ കടമുറികൾ നഷ്ടപ്പെട്ട കെട്ടിട ഉടമകൾക്കും സംരംഭകർക്കും അർഹമായ ധനസഹായം ഉറപ്പാക്കുന്നതാണ് പാക്കേജ്.