Skip to main content

കേരളത്തിലെ പാവങ്ങൾക്ക് തൊഴിലുറപ്പ് നിഷേധിക്കാൻ ബിജെപി ശ്രമിക്കുന്നു

തൊഴിലുറപ്പ് കേരളത്തിനു നഷ്ടപ്പെടുമോ? 2021-22ൽ 10.5 കോടി പ്രവൃത്തി ദിനങ്ങളാണ് കേരളത്തിന്റെ ലേബർ ബജറ്റായി കേന്ദ്ര സർക്കാർ അനുവദിച്ചത്. 2022-23ൽ അത് 9.61 കോടി പ്രവൃത്തി ദിനങ്ങളായി കുറഞ്ഞു. 2023-24ൽ വീണ്ടും 6 കോടിയായി വെട്ടിക്കുറച്ചിരിക്കുകയാണ്.

ഈ കുറവ് തൊഴിലുറപ്പിന്റെ ബജറ്റിൽ വരുത്തിയ വെട്ടിക്കുറവിന്റെ ഫലമാണ്, അല്ലാതെ, കേരളത്തോടുള്ള വിവേചനമല്ലായെന്നു ചിലർ വാദിച്ചേക്കാം. ശരിയാണ്. മുൻ വർഷങ്ങളിൽ ഏതാണ്ട് 90,000 കോടി രൂപ തൊഴിലുറപ്പിനു ചെലവാക്കിയ സ്ഥാനത്തു നടപ്പുവർഷം 60,000 കോടിയേ വകയിരുത്തിയിട്ടുള്ളൂ. പക്ഷേ, കേരളം പോലുള്ള സംസ്ഥാനങ്ങളുടെമേലാണ് ഡെമോക്ലസിന്റെ വാള് വീഴുകയെന്നു വ്യക്തം. കാരണം കേന്ദ്ര സർക്കാർ വിവിധ സംസ്ഥാനങ്ങളിലെ ദരിദ്രരുടെ എണ്ണവും തൊഴിൽദിനങ്ങളും വിലയിരുത്തുന്നതിനു മുൻ ഗ്രാമവികസന സെക്രട്ടറി അമജീത് സിൻഹ അധ്യക്ഷനായി ഒരു കമ്മിറ്റിയെ നിയോഗിച്ചിരുന്നു. രാജ്യത്തെ മൊത്തം തൊഴിലുറപ്പ് തൊഴിൽദിനങ്ങളെ ജനസംഖ്യാ അടിസ്ഥാനത്തിലല്ല, ദാരിദ്ര്യരേഖയ്ക്കു കീഴിലുള്ള ജനങ്ങളുടെ എണ്ണത്തിന്റെ അനുപാതത്തിൽ വേണം വീതംവയ്ക്കാൻ എന്നായിരുന്നു ഈ കമ്മിറ്റിയുടെ ശുപാർശ. ഇങ്ങനെ വന്നാൽ കേരളത്തിലെ തൊഴിൽദിനങ്ങൾ ഏതാണ്ട് ഇല്ലാതാകും. കാരണം കേന്ദ്ര സർക്കാരിന്റെ പുതിയ മാനദണ്ഡ പ്രകാരമുള്ള ദാരിദ്രരുടെ എണ്ണം കേരളത്തിൽ 0.55 ശതമാനമേ വരൂ.

തൊഴിലുറപ്പ് പദ്ധതി കേരളത്തിലെ പാവങ്ങളുടെ അത്താണിയാണ്. 16 ലക്ഷത്തിൽപ്പരം കുടുംബങ്ങളാണ് ഉപജീവനത്തിനായി തൊഴിലുറപ്പിനെ കേരളത്തിൽ ആശ്രയിക്കുന്നത്. ഈ പദ്ധതി ഏറ്റവും നന്നായി നടപ്പാക്കുന്ന സംസ്ഥാനവും കേരളമാണ്. കൃത്യമായ സാമൂഹ്യ ഓഡിറ്റ് നടക്കുന്നുണ്ട്. അതുപ്രകാരം കണ്ടുപിടിച്ചിട്ടുള്ള ക്രമക്കേട് കേവലം 1% മാത്രമാണ്. തൊഴിലുറപ്പിനെ സംരക്ഷിക്കുന്നതിനു കേരളത്തിലെ മുഴുവൻ ജനങ്ങളും ബിജെപി നയത്തിനെതിരെ അണിനിരക്കേണ്ടതുണ്ട്. അല്ലാത്തപക്ഷം 2005ൽ ഒന്നാം യുപിഎ സർക്കാരിന്റെ കാലത്ത് ഇടതുപക്ഷത്തിന്റെ ഇടപെടലിന്റെ ഫലമായി കേരളത്തിനു ലഭിച്ച ഒരു സുപ്രധാന നേട്ടം നമുക്കു നഷ്ടപ്പെടും.

ഇതുപറയുമ്പോൾ ഇടതുപക്ഷത്തിനു തൊഴിലുറപ്പിന്റെ കാര്യത്തിൽ എന്തുപങ്കെന്ന ചോദ്യവുമായി ചിലർ വന്നേക്കാം. അവർ തൊഴിലുറപ്പ് നിയമത്തിന്റെ ആദ്യ കരട് ബില്ല് ഒന്നു വായിക്കുക. അതിൽ തൊഴിലുറപ്പ് പദ്ധതി ദാരിദ്ര്യരേഖയ്ക്കു താഴെയുള്ളവർക്കുവേണ്ടിയാണു വ്യവസ്ഥ ചെയ്തിരുന്നത്. ഇതിനെതിരെ നിശിതവിമർശനം ഉയർത്തിയത് ഇടതുപക്ഷമാണ്. താഴ്ന്ന കൂലിക്കുപോലും വേല ചെയ്യാൻ തയ്യാറുള്ളവരല്ലേ ഈ പദ്ധതിയിൽ ചേരാൻ മുന്നോട്ടുവരൂ. ഇവരെ വീണ്ടും ഏതെങ്കിലും രേഖയുടെ അടിസ്ഥാനത്തിൽ വേർതിരിക്കുന്നതിന്റെ ആവശ്യമെന്ത്? തൊഴിൽ ആവശ്യപ്പെടുന്ന ഏതൊരാൾക്കും 100 ദിവസത്തെ പ്രവൃത്തി ദിനങ്ങൾ അവകാശമാകണം. ഈ കാഴ്ചപ്പാടാണ് അംഗീകാരം നേടിയത്.

ദാരിദ്ര്യരേഖയ്ക്കു കീഴിൽ അന്ന് കേരളത്തിൽ 10 ലക്ഷം കുടുംബങ്ങളേ ഉണ്ടായിരുന്നുള്ളൂവെന്ന് ഓർക്കണം. അത് അതിവേഗത്തിൽ കുറഞ്ഞ് ഇന്ന് ഏതാണ്ട് ഇല്ലാതായിരിക്കുകയാണ്. ഇത് ഉപയോഗപ്പെടുത്തി കേരളത്തിലെ പാവങ്ങൾക്ക് തൊഴിലുറപ്പിനെ നിഷേധിക്കുന്നതിനാണ് ഇന്നിപ്പോൾ ബിജെപി ശ്രമിക്കുന്നത്.

കൂടുതൽ ലേഖനങ്ങൾ

പ്രവാസി മലയാളികൾക്ക് വേണ്ടി അടിയന്തരമായി ഇടപെടണം

സ. പിണറായി വിജയൻ

ഇസ്രയേലും അമേരിക്കയും ഇറാനെതിരെ നടത്തിയ ആക്രമണത്തേയും പ്രത്യാക്രമണത്തേയും തുടർന്ന് ഗൾഫ് മേഖലയിലാകെ രൂപപ്പെട്ടിരിക്കുന്ന സംഘർഷാവസ്ഥയിൽ വലിയ ആശങ്കയാണ് ഉയർന്നിട്ടുള്ളത്. ഈ സാഹചര്യത്തിൽ പ്രവാസി മലയാളികൾക്ക് വേണ്ടി അടിയന്തരമായി ഇടപെടാൻ അഭ്യർത്ഥിച്ചു പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് കത്തയച്ചു.

ഒരു ജനതയുടെ അതിജീവന സ്വപ്നങ്ങൾ യാഥാർത്ഥ്യമാക്കി മുണ്ടക്കൈ ടൗൺഷിപ്പ് മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്തു

ഒരു ജനതയുടെ അതിജീവന സ്വപ്നങ്ങൾ യാഥാർത്ഥ്യമാക്കി മുണ്ടക്കൈ ടൗൺഷിപ്പ് മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്തു. അസാധ്യത്തെ ഇച്ഛാശക്തികൊണ്ട് സാധ്യമാക്കിയ സന്തോഷകരമായ സന്ദർഭമാണിത്. ആദ്യഘട്ടം നൽകിയത് 178 വീടാണ്. 7 സെന്റിന്റെ പട്ടയവും നൽകുന്നു.

ഗുജറാത്ത് വംശഹത്യയിൽ രക്തസാക്ഷിയായ എഹ്സാൻ ജാഫ്രി മതനിരപേക്ഷ ഇന്ത്യയുടെ എക്കാലത്തെയും കരുത്തുറ്റ പ്രതീകമാണ്

സ. പിണറായി വിജയൻ

എഹ്സാൻ ജാഫ്രിയുടെ ഓർമ്മദിനമാണ് ഇന്ന്.
ഗുജറാത്ത് വംശഹത്യയിൽ രക്തസാക്ഷിയായ എഹ്സാൻ ജാഫ്രി മതനിരപേക്ഷ ഇന്ത്യയുടെ എക്കാലത്തെയും കരുത്തുറ്റ പ്രതീകമാണ്. അഹമ്മദാബാദിലെ ഗുൽബർഗ് സൊസൈറ്റിയിൽ സംഘപരിവാർ നടത്തിയ തീവെപ്പിൽ മുൻ കോൺഗ്രസ്സ് എംപിയായ ജാഫ്രിയുൾപ്പെടെ 69 പേരായിരുന്നു വെന്തുമരിച്ചത്.

കേരളത്തിൽ എൽഡിഎഫിന്റെ തെരഞ്ഞെടുപ്പ് പ്രചാരണം സ. പിണറായി വിജയൻ നയിക്കും

സ. എം എ ബേബി

കേരളത്തിൽ എൽഡിഎഫിന്റെ തെരഞ്ഞെടുപ്പ് പ്രചാരണം മുഖ്യന്ത്രി സ. പിണറായി വിജയൻ നയിക്കും. സ്ഥാനാർഥി നിർണയ ചർച്ചകൾ ഉടൻ ആരംഭിക്കും. എൽഡിഎഫ് സർക്കാരിന്റെ വികസന - ക്ഷേമ പ്രവർത്തനങ്ങൾ രാജ്യത്തിനാകെ മാതൃകയാണ്. പൊതുജനാരോഗ്യത്തിൽ എൽഡിഎഫിന്റെ ഈ നേട്ടങ്ങൾ കോൺഗ്രസിനും ബിജെപിക്കും ഉൾക്കൊള്ളാൻ കഴിയുന്നില്ല.