Skip to main content

സ്കൂൾ ഉച്ചഭക്ഷണ പദ്ധതിയുടെ ഫണ്ട് വിതരണവുമായി ബന്ധപ്പെട്ട് പ്രതിപക്ഷം അവാസ്തവം പ്രചരിപ്പിക്കുന്നു

സ്കൂൾ ഉച്ചഭക്ഷണ പദ്ധതിയുടെ ഫണ്ട് വിതരണവുമായി ബന്ധപ്പെട്ട് പ്രതിപക്ഷ നേതാവ് വി ഡി സതീശനും ശ്രീ.രമേശ്‌ ചെന്നിത്തലയും അവാസ്തവം പ്രചരിപ്പിക്കുകയാണ്. സ്കൂൾ ഉച്ചഭക്ഷണ പദ്ധതിയുടെ പരിധിയിൽ വരുന്ന 12038 സ്കൂളുകൾക്ക് പദ്ധതി നടത്തിപ്പുമായി ബന്ധപ്പെട്ട് കുടിശ്ശികയൊന്നും തന്നെ നിലവിൽ നൽകുവാനില്ല. സ്കൂളുകൾക്ക്, ജൂൺ, ജൂലൈ, ആഗസ്റ്റ്, സെപ്റ്റംബർ മാസങ്ങളിലെ പദ്ധതി നടത്തിപ്പ് ചെലവിനുള്ള തുക പൂർണ്ണമായും സർക്കാർ നൽകിയിട്ടുണ്ട്. നടപ്പ് മാസത്തെ (ഒക്ടോബർ) ചെലവുകളുമായി ബന്ധപ്പെട്ട ബില്ലുകളും മറ്റും നവംബർ 5 നകമാണ് സ്കൂളുകൾ അതത് ഉപജില്ലകാര്യാലയങ്ങൾക്ക് സമർപ്പിക്കേണ്ടത്. പ്രസ്തുത ബില്ലുകളും ബന്ധപ്പെട്ട മറ്റ് രേഖകളും പരിശോധിച്ച് നിർദിഷ്ട സമയപരിധിക്കുളിൽ തന്നെ അർഹമായ തുക സ്കൂളുകൾക്ക് അനുവദിക്കുന്നതാണ്.
ഉച്ചഭക്ഷണം പാചകം ചെയ്യുവാൻ സ്കൂളുകളിൽ നിയോഗിച്ചിട്ടുള്ള തൊഴിലാളികൾക്ക് ആഗസ്റ്റ് മാസം വരെയുള്ള വേതനം നൽകിയിട്ടുണ്ട്. സെപ്റ്റംബർ മാസത്തെ വേതനം എത്രയും വേഗം നൽകുന്നതിനുള്ള നടപടികൾ സ്വീകരിച്ചിട്ടുണ്ട്. സ്കൂളുകൾ പ്രവർത്തിക്കാതിരുന്ന വേനലവധിക്കാലത്ത് പാചകത്തൊഴിലാളികൾക്ക് പ്രതിമാസം 2000 രൂപ വീതം സമാശ്വാസവും ഓണത്തിന് 1300 രൂപ വീതം ഫെസ്റ്റിവൽ അലവൻസും സംസ്ഥാന സർക്കാർ നൽകുകയുണ്ടായി. കേരളമൊഴികെ മറ്റൊരു സംസ്ഥാനത്തും സ്കൂൾ വെക്കേഷൻ കാലത്ത് ഉച്ചഭക്ഷണ പാചകത്തൊഴിലാളികൾക്ക് ധനസഹായം നൽകുന്ന രീതി നിലവിലില്ല. മാത്രവുമല്ല, പാചകത്തൊഴിലാളികൾക്ക് ഏറ്റവും ഉയർന്ന വേതനം നൽകുന്ന സംസ്ഥാനം കൂടിയാണ് കേരളം. കേന്ദ്ര, സംസ്ഥാന വിഹിതങ്ങൾ ചേർത്ത് പ്രതിമാസം 1000 രൂപ മാത്രം വേതനം നൽകുവാനാണ് കേന്ദ്രമാർഗ്ഗനിർദ്ദേശങ്ങളിൽ നിഷ്കർഷിക്കുന്നത്. എന്നാൽ ഒരു തൊഴിലാളിക്ക് പ്രതിമാസം 12000 രൂപ മുതൽ 13500 രൂപ വരെ സംസ്ഥാന സർക്കാർ വേതനം നൽകിവരുന്നു.
സ്കൂൾ ഉച്ചഭക്ഷണ പദ്ധതി ഒരു കേന്ദ്രാവിഷ്‌കൃത പദ്ധതിയാണ്. നടത്തിപ്പ് ചെലവിന്റെ 60 ശതമാനം വഹിക്കേണ്ടത് കേന്ദ്രസർക്കാരാണ്. എന്നാൽ, സംസ്ഥാനത്തിന് അർഹതപ്പെട്ട കേന്ദ്രവിഹിതം സമയബന്ധിതമായി നൽകുന്നതിലും തുക പൂർണ്ണമായും അനുവദിക്കുന്നതിലും ഗുരുതരമായ അലംഭാവമാണ് കേന്ദ്രസർക്കാരിന്റെ ഭാഗത്ത് നിന്നുണ്ടാകുന്നത്. പദ്ധതിക്ക് നടപ്പ് വർഷം കേന്ദ്രവിഹിതമായി സംസ്ഥാനത്തിന് ലഭിക്കേണ്ടത് 284.31 കോടി രൂപയാണ്. ചട്ടങ്ങൾ പ്രകാരം ഇത് 60%, 40% എന്നിങ്ങനെ രണ്ട് ഗഡുക്കളായി അനുവദിക്കേണ്ടതാണ്. ഇത് പ്രകാരം, ആദ്യ ഗഡുവായി ലഭിക്കേണ്ടിയിരുന്നത് 170.59 കോടി രൂപയാണ്. ഈ തുക ലഭിച്ചിരുന്നെങ്കിൽ അതിന്റെ ആനുപാതിക സംസ്ഥാന വിഹിതവും ചേർത്ത്‌ 268.48 കോടി രൂപ സ്കൂളുകൾക്കും മറ്റും അനുവദിക്കുവാനും നവംബർ 30 വരെ പദ്ധതി നടത്തിപ്പ് സുഗമമായി മുന്നോട്ട് കൊണ്ടുപോകുവാനും സാധിക്കുമായിരുന്നു. എന്നാൽ, അനുവദിക്കേണ്ട 170.59 കോടി രൂപയുടെ സ്ഥാനത്ത് ആദ്യ ഗഡുവായി കേന്ദ്രസർക്കാർ നൽകിയിയത് 54.17 കോടി രൂപ മാത്രമാണ്. അത് അനുവദിച്ചതാകട്ടെ സെപ്റ്റംബർ മാസം ഒടുവിലും.
കേന്ദ്രവിഹിതമായ 54.17 കോടി രൂപയുടെ ആനുപാതിക സംസ്ഥാന വിഹിതം 30.99 കോടി രൂപയാണ്. എന്നാൽ, ഇതിന് പകരം 172.14 കോടി രൂപയാണ് സംസ്ഥാന വിഹിതമായി സർക്കാർ അനുവദിച്ചത്. ഇതിന്റെ ഫലമായാണ് സ്കൂളുകൾക്ക് സെപ്തംബർ വരെയുള്ള തുകയും പാചകത്തൊഴിലാളികൾക്ക് ആഗസ്റ്റ് മാസം വരെയുള്ള വേതനം നൽകുവാൻ സാധിച്ചത്. കേന്ദ്രാവഗണനയ്ക്കിടയിലും ഒരു കേന്ദ്രാവിഷ്‌കൃത പദ്ധതി തടസ്സപ്പെടാതെ മുന്നോട്ടു കൊണ്ടുപോകുന്നതിന് സംസ്ഥാന സർക്കാർ ചെലുത്തുന്ന ജാഗ്രതയും പരിശ്രമവും പൊതുസമൂഹം തിരിച്ചറിയുന്നുണ്ട്.
 

കൂടുതൽ ലേഖനങ്ങൾ

തായാട്ട് കൊച്ചുവേലായുധന്റെ കുടുംബത്തിന് സിപിഐ എം നിർമിച്ച വീട് സ. എം വി ഗോവിന്ദൻ മാസ്റ്റർ കൈമാറി

തായാട്ട് കൊച്ചുവേലായുധന്റെ കുടുംബത്തിന് സിപിഐ എം നിർമിച്ച വീട് പാർടി സംസ്ഥാന സെക്രട്ടറി സ. എം വി ഗോവിന്ദൻ മാസ്റ്റർ കൈമാറി. നാട്ടുകാരുടെയും ചേർപ്പ് ഏരിയയിലെ പാർടി അംഗങ്ങളുടെയും സഹായത്തോടെയാണ് വീട് നിർമിച്ചത്. വീടിൻ്റെ നിർമ്മാണം 75 ദിവസംകൊണ്ട് പൂർത്തിയാക്കാനായി.

വെനസ്വേലയിലെ അമേരിക്കൻ കടന്നാക്രമണം ഭീകരപ്രവർത്തനം

സ. പിണറായി വിജയൻ

വെനസ്വേലയിൽ അമേരിക്ക നടത്തിയത് നഗ്നമായ സാമ്രാജ്യത്വ ആക്രമണമാണ്. വിവിധ തന്ത്രപ്രധാന കേന്ദ്രങ്ങളിൽ അമേരിക്ക ബോംബാക്രമണം നടത്തി. സ്വന്തം താത്പര്യങ്ങൾ സംരക്ഷിക്കുന്നതിനായി തെക്കൻ അർദ്ധഗോളത്തിൽ ശത്രുത വളർത്താൻ ശ്രമിക്കുന്ന ഒരു 'തെമ്മാടി രാഷ്ട്രമായി' അമേരിക്ക മാറിയിരിക്കുകയാണ്. ഇത് ഭീകരപ്രവർത്തനമാണ്.

വെനസ്വേലയ്ക്ക് നേരെയുള്ള അമേരിക്കൻ ആക്രമണം ന​ഗ്നമായ സാമ്രാജ്യത്വ അധിനിവേശം

സ. എം എ ബേബി

വെനസ്വേലയ്ക്ക് നേരെയുള്ള അമേരിക്കൻ ആക്രമണം ന​ഗ്നമായ സാമ്രാജ്യത്വ അധിനിവേശമാണ്. അമേരിക്ക തെമ്മാടിരാഷ്ട്രമായി പെരുമാറുന്നു. അമേരിക്കൻ ഏകാധിപത്യത്തിന് കീഴ്പ്പെടുത്തുക എന്നതാണ് വെനസ്വേല ആക്രമണത്തിന് പിന്നിലെ ലക്ഷ്യം. ഇന്ന് വെനസ്വേലയ്ക്ക് നേരെ നടന്ന ആക്രമണം നാളെ മറ്റ് രാജ്യങ്ങൾക്ക് നേരെയും നടക്കാം.

എകെജി പഠന ഗവേഷണ കേന്ദ്രത്തിന്റെ ആഭിമുഖ്യത്തിൽ നടക്കുന്ന അഞ്ചാമത് അന്തർ ദേശീയ കേരള പഠന കോൺഗ്രസിന്റെ വെബ്‌സൈറ്റും ഓൺലൈൻ രജിസ്‌ട്രേഷൻ സംവിധാനവും സ. എം എ ബേബി പ്രകാശനം ചെയ്തു

എകെജി പഠന ഗവേഷണ കേന്ദ്രത്തിന്റെ ആഭിമുഖ്യത്തിൽ 2026 ഫെബ്രുവരി 21,22 തീയതികളിൽ നടക്കുന്ന അഞ്ചാമത് അന്തർ ദേശീയ കേരള പഠന കോൺഗ്രസിന്റെ വെബ്‌സൈറ്റും ഓൺലൈൻ രജിസ്‌ട്രേഷൻ സംവിധാനവും സിപിഐ എം ജനറൽ സെക്രട്ടറി സ. എം എ ബേബി പ്രകാശനം ചെയ്തു. പാർടി കേന്ദ്ര കമ്മിറ്റി അംഗം സ. ടി എം തോമസ് ഐസക് പങ്കെടുത്തു.