Skip to main content

കേരള വികസനത്തിന് ആധുനിക വിജ്ഞാനങ്ങൾ സ്വായത്തമാക്കണം അത് ഉൽപ്പാദനരംഗത്ത് പ്രയോഗിക്കണം അതുവഴി ഉൽപ്പാദനവും ഉൽപ്പാദനക്ഷമതയും വർധിക്കണം

മാനവ വികസന സൂചികയുടെ കാര്യത്തിലും സുസ്ഥിര വികസന നേട്ടങ്ങൾ കൈവരിക്കുന്നതിലും ദാരിദ്ര്യനിർമാർജനം, ആളോഹരി വരുമാനം തുടങ്ങിയവയിലുമെല്ലാം രാജ്യത്ത് മുന്നിൽ നിൽക്കുന്ന സംസ്ഥാനമായി കേരളം നിലനിന്നുവരികയാണ്. അതേസമയം, കാർഷിക–- വ്യാവസായിക മേഖലയുടെയും പശ്ചാത്തല സൗകര്യത്തിന്റെയും വികസനത്തിൽ കേരളം പിന്നിലായിരുന്നു. മാത്രമല്ല, ആധുനികമായ അറിവുകളെ ഉൽപ്പാദനരംഗത്ത് പ്രയോഗിക്കുന്ന കാര്യത്തിലും പിന്നണിയിൽത്തന്നെ നിലനിന്നു. ഒന്നാം പിണറായി സർക്കാർ നമ്മുടെ നേട്ടങ്ങളെ സംരക്ഷിക്കുന്നതിനും ദൗർബല്യങ്ങളെ പരിഹരിക്കുന്നതിനുമുള്ള ഇടപെടലുകൾ നടത്തി. ഈ പരിശ്രമം ലക്ഷ്യത്തിലെത്തുന്നുവെന്ന കാര്യമാണ് സൂര്യോദയ ബജറ്റ്‌ അവതരിപ്പിച്ചതിലൂടെ ധനമന്ത്രി പ്രഖ്യാപിച്ചത്.

കേരളം ഈ നേട്ടത്തിലേക്ക് എത്തിച്ചേർന്നത് ആഗോളവൽക്കരണ നയങ്ങളെ പിൻപറ്റിയല്ല. അതിൽനിന്ന്‌ വ്യത്യസ്തമായ ബദൽ സമീപനങ്ങൾ മുന്നോട്ടുവച്ചതിനാലാണ്. കേന്ദ്ര–- സംസ്ഥാന ബജറ്റുകൾ താരതമ്യം ചെയ്താൽ ഇക്കാര്യം വ്യക്തമാകും. നാടിന്റെ അടിസ്ഥാനമേഖലകളായ കാർഷിക മേഖലയോടും പൊതുമേഖലയോടും രണ്ട് ബജറ്റും സ്വീകരിക്കുന്ന സമീപനം ഇതിന്റെ നേർ സാക്ഷ്യപത്രമാണ്. കാർഷിക മേഖലയിലെ കോർപറേറ്റ്‌വൽക്കരണമാണ് കേന്ദ്ര ബജറ്റ് മുന്നോട്ടുവയ്‌ക്കുന്നത്. എന്നാൽ, സംസ്ഥാന ബജറ്റിൽ കൃഷിക്ക്‌ 1698 കോടി രൂപ നീക്കിവച്ചു. കഴിഞ്ഞ വർഷം 971.71 കോടി രൂപയായിരുന്നുവെന്നോർക്കണം. റബർ മേഖലയെ കേന്ദ്ര സർക്കാർ പൂർണമായും കൈയൊഴിഞ്ഞപ്പോൾ അതിന്റെ താങ്ങുവില സാമ്പത്തികപ്രതിസന്ധിക്കിടയിലും 10 രൂപ ഇവിടെ വർധിപ്പിച്ചു.

പൊതുമേഖലാ ഓഹരികൾ വിറ്റഴിച്ച് 50,000 കോടി രൂപ നേടുമെന്നാണ്‌ കേന്ദ്ര ബജറ്റിലെ പ്രഖ്യാപനം. എന്നാൽ, കേരളം പൊതുമേഖലാ സംരക്ഷണത്തിന്റെ ഭാഗമായി കെഎസ്ആർടിസിക്ക് മാത്രം 1120.54 കോടി രൂപ നീക്കിവച്ചു. സഹകരണ മേഖലയെ തകർക്കുന്ന നയമാണ് കേന്ദ്ര സർക്കാർ സ്വീകരിക്കുന്നതെങ്കിൽ അവയ്ക്കായി 134.42 കോടി രൂപ നീക്കിവച്ചും ബദൽനയങ്ങൾ മുന്നോട്ടുവച്ചും സഹകരണ മേഖലയെക്കൂടി ഉൾപ്പെടുത്തുന്നതാണ്‌ സംസ്ഥാന ബജറ്റ്.

തൊഴിലാളി ക്ഷേമത്തിൽനിന്ന് കേന്ദ്ര സർക്കാർ പിന്മാറുമ്പോൾ അതിനായി 464.44 കോടി രൂപയാണ് സംസ്ഥാന ബജറ്റിൽ നീക്കിവച്ചത്. വിവിധ തൊഴിൽമേഖലയിലെ ക്ഷേമ പെൻഷനുകൾ സാമ്പത്തിക ഉപരോധത്തിനിടയിലും വിതരണം ചെയ്യുമെന്ന് പ്രഖ്യാപിക്കുകയും ചെയ്തു. വിദ്യാഭ്യാസം, ആരോഗ്യം, സാമൂഹ്യ ക്ഷേമ പദ്ധതികൾ, പട്ടികജാതി–- പട്ടികവർഗ ക്ഷേമ പദ്ധതികൾ എന്നിവയ്ക്കുള്ള തുക കേന്ദ്ര സർക്കാർ വെട്ടിക്കുറച്ചു. ഗ്രാമീണ മേഖലയിലെ വികസന പദ്ധതികൾക്കും തൊഴിലുറപ്പ് പദ്ധതിക്കും ഇതേ അവസ്ഥതന്നെ. എന്നാൽ, കേരള ബജറ്റിൽ ഈ മേഖലയിൽ കൂടുതൽ തുക വകയിരുത്തി. ലൈഫ് പദ്ധതിക്ക് മാത്രമായി രണ്ടു വർഷത്തേക്ക് 10,000 കോടി രൂപയാണ് സംസ്ഥാന ബജറ്റിൽ നീക്കിവച്ചത്. പരമ്പരാഗത തൊഴിൽമേഖലയിലെ തൊഴിലാളികൾക്ക് 1280 രൂപ നിരക്കിൽ ധനസഹായം നൽകുന്നതിന് 90 കോടി രൂപ വകയിരുത്തി. അങ്കണവാടി ജീവനക്കാർക്കുള്ള പുതിയ ഇൻഷുറൻസ് പദ്ധതിയും കുടുംബശ്രീ പദ്ധതിക്കുള്ള പ്രത്യേക ഇടപെടലും ഇതിന്റെ തുടർച്ചയാണ്.
ജനകീയ താൽപ്പര്യങ്ങൾ സംരക്ഷിച്ച് മുന്നോട്ടുപോകുന്ന സംസ്ഥാന സർക്കാരിനെ വിദ്യാഭ്യാസ മേഖലയിൽ സ്വകാര്യ–- വിദേശ നിക്ഷേപത്തിന്റെ പേര് പറഞ്ഞ് അപകീർത്തിപ്പെടുത്താനുള്ള ഇടപെടലാണ് നടക്കുന്നത്. കേരള വികസനത്തിന് ആധുനിക വിജ്ഞാനങ്ങൾ സ്വായത്തമാക്കണം. അത് ഉൽപ്പാദനരംഗത്ത് പ്രയോഗിക്കണം. അതുവഴി ഉൽപ്പാദനവും ഉൽപ്പാദനക്ഷമതയും വർധിക്കണം. ഇവ നീതിയുക്തമായി വിതരണം ചെയ്യാനുമാകണം. അത് കണക്കിലെടുത്താണ്‌ വൈജ്ഞാനിക സമൂഹ സൃഷ്ടിയെന്ന കാഴ്ചപ്പാട് എൽഡിഎഫ് സർക്കാർ മുന്നോട്ടുവച്ചത്.

ഉന്നത വിദ്യാഭ്യാസ മേഖലയെ ശക്തിപ്പെടുത്തിയും ആധുനികവൽക്കരിച്ചുകൊണ്ടും മാത്രമേ ഈ പ്രശ്നം പരിഹരിക്കാനാകൂ. ഇതിന്റെ അടിസ്ഥാനത്തിലാണ്, പ്രകടനപത്രികയിൽ കഴിഞ്ഞ തവണ പൊതുവിദ്യാഭ്യാസത്തിനാണ് ഊന്നൽ നൽകിയതെങ്കിൽ ഇത്തവണ ഉന്നത വിദ്യാഭ്യാസ രംഗത്തെ മെച്ചപ്പെടുത്തുന്നതിനുള്ള ഇടപെടലുണ്ടാകുമെന്ന് പ്രഖ്യാപിച്ചത്. അതിന്റെ ഭാഗമായാണ് കേരളത്തെ ഉന്നത വിദ്യാഭ്യാസ ഹബ്ബാക്കുമെന്ന പ്രഖ്യാപനം. അതിനായി കേരളത്തിലെ സർവകലാശാലകളും വിദേശ സർവകലാശാലകളും ഗവേഷണ കേന്ദ്രങ്ങളുമായുള്ള സമ്പർക്കവും അക്കാദമിക് സഹകരണവും പ്രോത്സാഹിപ്പിക്കുമെന്നുള്ള കാര്യവും മുന്നോട്ടുവച്ചത്. പ്രകടനപത്രികയിലെ ഈ കാഴ്ചപ്പാടിനെ അടിസ്ഥാനപ്പെടുത്തി തയ്യാറാക്കിയ നവകേരള രേഖയിൽ ഇങ്ങനെ പറഞ്ഞു: ""അധ്യാപനത്തിനും ഗവേഷണത്തിനും വിദ്യാർഥികളുടെ പരസ്പര കൈമാറ്റത്തിനുമുള്ള ശൃംഖല ദേശീയ, അന്താരാഷ്ട്ര തലത്തിൽത്തന്നെ വികസിപ്പിക്കുക പ്രധാനമാണ്''. ലോകത്ത് ഏതു ഭാഗത്തുണ്ടാകുന്ന അറിവുകളും സമൂഹത്തിന്റെയാകെ സമ്പത്താണെന്ന് കണ്ടുകൊണ്ടുള്ള സമീപനമാണിത്. ഇത്തരത്തിലുള്ള പരസ്പരവിനിമയം അക്കാദമിക് മേഖലയിൽ സജീവമായി ഇന്ന് നടന്നുവരുന്നുണ്ട്.

കോൺഗ്രസ് സർക്കാരിന്റെ കാലത്ത് കൺകറന്റ് ലിസ്റ്റിലേക്ക് വിദ്യാഭ്യാസം മാറി. അതോടെ കേന്ദ്ര സർക്കാരിന്റെ നയങ്ങൾ സംസ്ഥാനത്തേക്ക് അടിച്ചേൽപ്പിക്കുന്ന സ്ഥിതിയുണ്ടായി. അത് നടപ്പാക്കിയില്ലെങ്കിൽ പണം നിഷേധിക്കുന്ന നിലപാട് കേന്ദ്ര സർക്കാർ സ്വീകരിക്കുകയാണ്‌. ഇത് സംസ്ഥാനങ്ങൾക്ക് ബദൽനയങ്ങൾ വികസിപ്പിക്കുന്നതിന് പ്രതിരോധം സൃഷ്ടിക്കുന്നുണ്ട്. വർത്തമാനകാലത്ത് സ്വയംഭരണ കോളേജുകളും സ്വകാര്യ സർവകലാശാലകളും ആരംഭിക്കുന്നതിന് സംസ്ഥാന സർക്കാരിന്റെ അംഗീകാരം വേണ്ട. എന്നാൽ, സ്വകാര്യ സർവകലാശാലകൾക്ക് ചില നിയന്ത്രണങ്ങളേർപ്പെടുത്താനുള്ള സാധ്യത സംസ്ഥാന സർക്കാരിനുണ്ട്. ഇന്ത്യയിൽ ഇത്തരം നിരവധി യൂണിവേഴ്സിറ്റികൾ പ്രവർത്തിക്കുന്നുണ്ട്. കേരളത്തിൽനിന്നുൾപ്പെടെയുള്ള വിദ്യാർഥികൾ അവിടെ പഠിക്കുന്നുമുണ്ട്. ഈ സവിശേഷ സാഹചര്യത്തിലാണ് സ്വകാര്യ സർവകലാശാല അനുവദിക്കുന്ന കാര്യം ബജറ്റിൽ പറഞ്ഞിട്ടുള്ളത്.

നമ്മുടെ സംസ്ഥാനത്ത് രൂപപ്പെട്ടിരിക്കുന്ന മറ്റൊരു പ്രവണത വിദേശത്തേക്ക് വിദ്യാർഥികൾ പഠനത്തിനായി പോകുന്നുവെന്നാണ്. 2022-–ൽ രാജ്യത്തുനിന്ന്‌ 13.2 ലക്ഷം കുട്ടികൾ വിദേശത്ത് പഠിക്കാൻ പോയി. കേരളത്തിൽനിന്ന് അമ്പതിനായിരത്തിലേറെ വിദ്യാർഥികൾ അതിലുണ്ട്. മറ്റ് സംസ്ഥാനങ്ങളിലും വിവിധ വിഷയങ്ങളിലായി ആയിരക്കണക്കിന് വിദ്യാർഥികൾ പഠിക്കുന്നുണ്ട്. കൂടുതൽ വിദ്യാർഥികൾ പോകാനുള്ള തയ്യാറെടുപ്പിലുമാണ്. നമ്മുടെ കോളേജുകളിലെ സീറ്റിൽ വിദ്യാർഥികളില്ലാതെ ഒഴിഞ്ഞു കിടക്കുന്നുണ്ട്. അതേസമയം, പുതിയ തലമുറ കോഴ്സുകൾ പഠിക്കുന്നതിന് വിദേശത്തുനിന്നും സംസ്ഥാനത്തിന് പുറത്തുനിന്നും വിദ്യാർഥികൾ വരുന്ന സ്ഥിതിയും നിലനിൽക്കുന്നുണ്ട്. ഈ സാഹചര്യങ്ങളെല്ലാം കണക്കിലെടുത്തുകൊണ്ടാണ് ബജറ്റിൽ ""തുല്യതയുടെയും സുതാര്യതയുടെയും തത്വങ്ങൾ അടിസ്ഥാനമാക്കി പുതിയ യുജിസി മാർഗനിർദേശമനുസരിച്ച്, കേരളത്തിൽ വിദേശ സർവകലാശാലകൾ സ്ഥാപിക്കുന്നതിലുള്ള അവസരങ്ങൾ പരിശോധിക്കും'' എന്നും പറഞ്ഞത്.
നമ്മുടെ നാടിന്റെ താൽപ്പര്യങ്ങൾക്കനുസൃതമായ അത്തരം സാധ്യതകളെ ഉപയോഗപ്പെടുത്താനാകുമോയെന്ന പരിശോധനയാണ് ഇതുകൊണ്ട് ലക്ഷ്യംവച്ചിട്ടുള്ളത്. ഉന്നത വിദ്യാഭ്യാസ രംഗത്തിന്റെ നവീകരണത്തിനായി നിയമിച്ച മൂന്ന് വിദ്യാഭ്യാസ കമീഷനുകളുടെ റിപ്പോർട്ടുകളിലും ഇത്തരം ചർച്ചകൾ ഉയർന്നുവന്നിരുന്നു. അതിന്റെകൂടി അടിസ്ഥാനത്തിലാണ് ഇത് മുന്നോട്ടുവയ്‌ക്കുന്നത്.

വിദ്യാഭ്യാസ മേഖലയിൽനിന്നുൾപ്പെടെ സർക്കാർ പിന്മാറി ധനമൂലധന ശക്തികൾക്ക് അവയെ വിട്ടുകൊടുക്കുക എന്നതാണ്‌ ആഗോളവൽക്കരണനയം. എന്നാൽ, സംസ്ഥാന ബജറ്റിൽ അത്തരമൊരു പിന്മാറ്റമില്ല. കഴിഞ്ഞ ബജറ്റിൽ ഉന്നത വിദ്യാഭ്യാസ മേഖലയ്‌ക്കായി 4916.99 കോടി രൂപയാണ് നീക്കിവച്ചത്. ഇത്തവണ സാമ്പത്തിക ഉപരോധത്തിനിടയിലും 4927 കോടി രൂപ നീക്കിവച്ചിട്ടുണ്ട്. ഇത്തരത്തിൽ നമ്മുടെ വിദ്യാഭ്യാസ ഘടനയെ സംരക്ഷിക്കുന്നതിനോടൊപ്പം പുതിയ സാധ്യതകളെ ഉപയോഗിക്കാനാകുമോയെന്ന അന്വേഷണമാണ്‌ ബജറ്റിലുള്ളത്‌. ആഗോളവൽക്കരണ നയത്തെ സ്വീകരിക്കുകയല്ല, പുതിയ സാഹചര്യത്തിലും നാടിന്റെ താൽപ്പര്യത്തിന് അനുയോജ്യമായ വിധത്തിൽ പുതിയ നിക്ഷേപങ്ങളെ കൊണ്ടുവരുന്ന വിധം ഇടപെടാനാകുമോയെന്ന പരിശ്രമമാണ് മുന്നോട്ടുവയ്‌ക്കുന്നത്. ഇത് മാത്രമല്ല, വിദ്യാഭ്യാസ സ്ഥാപനങ്ങളിലേക്ക് പൂർവ വിദ്യാർഥികളുടെ സഹായമുൾപ്പെടെ കൊണ്ടുവരാനുള്ള സാധ്യതകളെയും പരിശോധിക്കുന്ന ബജറ്റാണിത് എന്നോർക്കണം. കേന്ദ്ര ഉപരോധത്തിന്റെ ഘട്ടത്തിൽ സംസ്ഥാനത്തെ ജനതയുടെ വിദ്യാഭ്യാസ താൽപ്പര്യങ്ങളെ സംരക്ഷിക്കുന്നതിന് വിവിധ സാധ്യതകളുടെ അന്വേഷണംകൂടിയാണ് ബജറ്റ് മുന്നോട്ടുവയ്‌ക്കുന്നത്.

സർക്കാർ ഇടപെടലിലൂടെ പൊതുവിദ്യാഭ്യാസ സ്ഥാപനങ്ങളെ ശക്തിപ്പെടുത്തുകയാണ് ഒന്നാം പിണറായി സർക്കാർ ചെയ്തത്. അതിന്റെ തുടർച്ചയിൽ ഉന്നത വിദ്യാഭ്യാസത്തെ ശക്തിപ്പെടുത്തുകയെന്നതാണ് രണ്ടാം പിണറായി സർക്കാരിന്റെ ലക്ഷ്യമെന്നും പ്രകടനപത്രികയിൽ പറഞ്ഞിട്ടുണ്ട്. സ്ഥിതിവിവര കണക്കുകൾക്കപ്പുറത്തെ വൈജ്ഞാനിക സമൂഹമായി കേരളത്തെ മാറ്റാനുള്ള സാധ്യതകളുടെ അന്വേഷണംകൂടി മുന്നോട്ടുവയ്‌ക്കുന്നുവെന്നതാണ് ഈ ബജറ്റിന്റെ സവിശേഷത.
 

കൂടുതൽ ലേഖനങ്ങൾ

കേന്ദ്ര ബജറ്റ് ജനവിരുദ്ധം

സ. ടി എം തോമസ് ഐസക്

ബിജെപിയുടെ ശിങ്കിടി മുതലാളിമാർക്കും സിൽബന്ധി സംസ്ഥാനങ്ങൾക്കും വേണ്ടിയുള്ള ഒരു ജനവിരുധ കേന്ദ്ര ബജറ്റാണ്‌ ഇന്ന്‌ അവതരിപ്പിച്ചത്‌.

ബിജെപി രാജ്യത്ത് നടത്തിക്കൊണ്ടിരിക്കുന്ന മതരാഷ്ട്രവാദ നിലപാടുകൾക്കെതിരെ സിപിഐ എം ശക്തമായ ആശയപ്രചരണം നടത്തും

സ. എം വി ഗോവിന്ദൻ മാസ്റ്റർ

ബിജെപി രാജ്യത്ത് നടത്തിക്കൊണ്ടിരിക്കുന്ന മതരാഷ്ട്രവാദ നിലപാടുകൾക്കെതിരെ ശക്തമായ ആശയപ്രചരണം നടത്തും. സമൂഹത്തിന്റെ വിവിധ മേഖലകളിൽ കടന്നുകൂടി വർഗീയവത്കരണത്തിനുള്ള ശ്രമമാണ് ആർഎസ്എസും ബിജെപിയും നടത്തുന്നത്. ഇതിനെ ചെറുക്കാനാണ് തീരുമാനം.

രാഷ്ട്രീയ നിലനില്‍പ്പ് ലക്ഷ്യമിട്ട് ബഹുഭൂരിപക്ഷം സംസ്ഥാനങ്ങളെയും അവഗണിക്കുന്നതാണ് കേന്ദ്ര ബജറ്റ്

സ. പിണറായി വിജയൻ

ഒറ്റ നോട്ടത്തിൽ തന്നെ സംസ്ഥാനങ്ങള്‍ക്കിടയില്‍ വിവേചനപരമായ സമീപനം കൈക്കൊള്ളുന്ന ബജറ്റാണ് കേന്ദ്ര ധനമന്ത്രി നിർമ്മല സീതാരാമൻ പാർലമെന്റിൽ അവതരിപ്പിച്ചത്.

ബ്ലൂ ഇക്കണോമിയുടെ പേരിൽ തീരമേഖലയെ ദ്രോഹിക്കുന്ന കേന്ദ്ര നിലപാട് തിരുത്തിക്കും

സ. എം വി ഗോവിന്ദൻ മാസ്റ്റർ

നീല സമ്പദ്‌വ്യവസ്ഥയുടെ (ബ്ലൂ ഇക്കണോമി) പേരുപറഞ്ഞ്‌ കേന്ദ്രം തുടരുന്ന ദ്രോഹനടപടികൾ തിരുത്തിക്കാൻ ലക്ഷക്കണക്കായ മത്സ്യത്തൊഴിലാളികളെ അണിനിരത്തി സിപിഐ എം ശക്തമായ പ്രക്ഷോഭം നടത്തും.