Skip to main content

മലപ്പുറം ജില്ലാ സഹകരണ ബാങ്കിനെ കേരള ബാങ്കിൽ ലയിപ്പിച്ച സർക്കാർ തീരുമാനം ഹൈക്കോടതി അംഗീകരിച്ചത്, സഹകാരി സമൂഹത്തിന്റെ വിജയം സർക്കാർ തീരുമാനങ്ങൾക്കെതിരെ കള്ളപ്രചാരണം നടത്തിയവർക്കേറ്റ തിരിച്ചടിയാണിത്‌

മലപ്പുറം ജില്ലാ സഹകരണ ബാങ്കിനെ കേരള ബാങ്കിൽ ലയിപ്പിച്ച സർക്കാർ തീരുമാനം ഹൈക്കോടതി അംഗീകരിച്ചത് സഹകാരി സമൂഹത്തിന്റെ വിജയമാണ്. സർക്കാർ തീരുമാനങ്ങൾക്കെതിരെ കള്ളപ്രചാരണം നടത്തിയവർക്കേറ്റ തിരിച്ചടിയുമാണിത്‌. 2023 ജനുവരിയിലാണ് മലപ്പുറം ജില്ലാ ബാങ്കിനെ കേരള ബാങ്കിൽ ലയിപ്പിച്ചത്.

ജില്ലാ ബാങ്കിന്റെ മുൻ പ്രസിഡന്റും മലപ്പുറം യുഡിഎഫ് കൺവീനറും യുഡിഎഫ് നിയന്ത്രണത്തിലുള്ള 93 സഹകരണ സംഘങ്ങളുമാണ് ലയനത്തിന്റെ നിയമ നടപടികൾക്കെതിരെ കോടതിയെ സമീപിച്ചത്. ആ നിയമപോരാട്ടങ്ങളിൽ സർക്കാരിന്റെ ഭാഗത്താണ് ന്യായമെന്ന് ഒരിക്കൽക്കൂടി തെളിഞ്ഞിരിക്കുകയാണ്. കേസ് നൽകിയവർ ഉന്നയിച്ച ആക്ഷേപങ്ങൾ ഒന്നും നിലനിൽക്കുന്നതല്ലെന്നാണ് കോടതി പ്രഖ്യാപിച്ചിരിക്കുന്നത്. നേരത്തേ ജസ്റ്റിസ് പി ഗോപിനാഥന്റെ സിംഗിൾ ബെഞ്ച് ലയനം ശരിവച്ചിരുന്നു. ഇത് ചോദ്യം ചെയ്താണ് ഡിവിഷൻ ബെഞ്ചിനെ സമീപിച്ചത്.

മലപ്പുറം ജില്ലാ ബാങ്കിനെ സംസ്ഥാന സഹകരണ ബാങ്കിൽ ലയിപ്പിക്കുന്നതിന് അനുമതി നൽകിയ ഉത്തരവിനെതിരെ രാഷ്ട്രീയ ലക്ഷ്യംമാത്രം മുന്നിൽക്കണ്ട് യുഡിഎഫ് കോടതിയെ സമീപിക്കുകയായിരുന്നു. സഹകരണ നിയമത്തിൽ 14(എ) യിലും 74(എച്ച്)ലും വരുത്തിയ നിയമഭേദഗതികൾ, ബാങ്ക് റെഗുലേഷൻ നിയമത്തിൽ 2020ൽ വരുത്തിയ ഭേദഗതികൾക്കും ഡിഐജിസി ആക്ട് 1961ലെ വ്യവസ്ഥകൾക്കും എതിരായതിനാൽ അത് റദ്ദാക്കണമെന്ന വാദമാണ് ജില്ലാ ബാങ്കിന്റെ പ്രസിഡന്റായിരുന്ന ലത്തീഫ് കേസിൽ ഉന്നയിച്ചത്.

ആദ്യം 14 ജില്ലാ ബാങ്കുകളെ സംസ്ഥാന സഹകരണ ബാങ്കിൽ ലയിപ്പിക്കാൻ തത്വത്തിൽ അനുമതി നൽകിയ റിസർവ് ബാങ്ക് ഈ കേസിൽ പരാതിക്കാരന് അനുകൂലമായ സമീപനമാണ് സ്വീകരിച്ചത്. സഹകരണ നിയമത്തിൽ വരുത്തിയ ഭേദഗതി ബാങ്കിങ് റെഗുലേഷൻ (ഭേദഗതി) ആക്ടിലെ 45, 46 എന്നിവയ്ക്ക് വിരുദ്ധമാണെന്ന വാദവും ഉന്നയിച്ചിരുന്നു.

ഈ വിഷയങ്ങൾ പരിശോധിച്ച ഹൈക്കോടതി സിംഗിൾ ബെഞ്ച് സഹകരണ നിയമത്തിലെ 14(എ) 74(എച്ച്) എന്നീ വ്യവസ്ഥകൾ ഭരണഘടനാപരമായി സംസ്ഥാനങ്ങളുടെ നിയമനിർമാണ പരിധിയിൽ വരുന്നതാണെന്നും അവ ഒരു കാരണവശാലും ബാങ്കിങ്‌ വിഷയങ്ങളുമായി ബന്ധപ്പെട്ട് വരുന്നവയല്ലെന്നും അസന്ദിഗ്ധമായി പ്രഖ്യാപിച്ചു. മാത്രമല്ല ഭരണഘടനയുടെ ഏഴാം ഷെഡ്യൂൾ ലിസ്റ്റ് 1 എൻട്രി 43ൽ ‘സഹകരണ സ്ഥാപനങ്ങളെ' വ്യക്തമായി ഒഴിവാക്കിയിട്ടുള്ളതാണെന്നും സഹകരണ നിയമത്തിലെ ഭേദഗതികൾ നിയമപരമാണെന്നും ഹൈക്കോടതി നിരീക്ഷിക്കുകയുണ്ടായി.

റിസർവ് ബാങ്കിന്റെ വാദങ്ങളും സിംഗിൾ ബെഞ്ച് നിരാകരിച്ചിരുന്നു. സിംഗിൾ ബെഞ്ച് വിധിക്കെതിരെയാണ് റിസർവ് ബാങ്ക് ഉൾപ്പെടെയുള്ളവർ ഹൈക്കോടതിയിൽ വീണ്ടും അപ്പീൽ ഫയൽ ചെയ്‌തത്. അതാണ് കോടതി തള്ളിയത്. 13 ജില്ലാ ബാങ്കുകളെ കേരള ബാങ്കിൽ ലയിപ്പിക്കുന്നതിന് റിസർവ് ബാങ്ക് നൽകിയ അനുമതി തുടരുന്ന സാഹചര്യത്തിൽ സിംഗിൾ ബെഞ്ച് വിധി ചോദ്യംചെയ്ത്‌ റിസർവ് ബാങ്ക് അപ്പീൽ സമർപ്പിച്ചത് കൗതുകകരമാണെന്നും ചിലപ്പോൾ ആശയക്കുഴപ്പംമൂലമാകാം ഇത് സംഭവിച്ചതെന്നും ഈ വിധിയോടെ ആശയക്കുഴപ്പം മാറുമെന്നും ഹൈക്കോടതി നിരീക്ഷിച്ചിട്ടുണ്ട്. ബാങ്കിങ്‌ കാര്യങ്ങൾക്കു മാത്രമാണ് കേന്ദ്ര നിയമം ബാധകമെന്നും സഹകരണ നിയമഭേദഗതിയിൽ ഇടപെടാനാകില്ലെന്ന സിംഗിൾ ബെഞ്ച് വിധിയിലെ നിലപാട്‌ ശരിയാണെന്നും ഡിവിഷൻ ബെഞ്ച് വ്യക്തമാക്കിയിട്ടുണ്ട്. സഹകരണ ബാങ്കുകളെ സംബന്ധിച്ച് കേരളം കാലങ്ങളായി ഉന്നയിക്കുന്ന കാര്യമാണിത്.
 

കൂടുതൽ ലേഖനങ്ങൾ

മോദി- ഷാ ഭരണം ഇന്ത്യയിൽ നടത്തുന്ന ഏകാധിപത്യ നടപടികൾ ഓരോന്നായി ഇപ്പോൾ സുപ്രീംകോടതി ഇടപെടലോടെ തുറന്നുകാട്ടപ്പെടുകയാണ്

സ. എം ബി രാജേഷ് 

ഇതാ, മുഖമടച്ച മറ്റൊരു പ്രഹരം കൂടി മോദി ഭരണകൂടത്തിന് ലഭിച്ചിരിക്കുന്നു. സത്യത്തിന്റെ ധീരനായ പോരാളിയും ന്യൂസ്ക്ലിക്ക് സ്ഥാപകനുമായ പ്രബീർ പുർക്കായസ്ഥയെ മോചിപ്പിക്കാൻ സുപ്രീംകോടതി ഉത്തരവിട്ട വാർത്ത ഏറെ ആഹ്ലാദം ഉണ്ടാക്കുന്നതാണ്.

ആരെയും എത്രകാലം വേണമെങ്കിലും ജയിലിലിടാൻ സാധിക്കുമെന്ന യൂണിയൻ ഗവണ്മെൻ്റിൻ്റെ ധാർഷ്ട്യത്തിന് നിയമത്തിൻ്റെ പിന്തുണയോടെ തിരിച്ചടി നൽകാൻ പ്രബീർ പുർക്കയസ്തയ്ക്ക് സാധിച്ചു

സ. പി രാജീവ്

മാധ്യമപ്രവർത്തകനായ പ്രബീർ പുർക്കയസ്തയുടെ അറസ്റ്റ് അസാധുവാക്കിക്കൊണ്ടുള്ള സുപ്രീംകോടതി വിധി യൂണിയൻ ഗവണ്മെൻ്റിനേറ്റ ശക്തമായ തിരിച്ചടിയായി മാറുകയാണ്.

പ്രബീർ പുർകായസ്ഥയുടെ അറസ്റ്റ് റദ്ദാക്കിയ സുപ്രീംകോടതി നടപടി രാജ്യത്തെ കുറ്റാന്വേഷണ ഏജൻസികൾക്ക് ആകെയുള്ള അടി

സ. ടി എം തോമസ് ഐസക്

പ്രബീർ പുർകായസ്ഥയുടെ അറസ്റ്റ് റദ്ദാക്കിയ സുപ്രീംകോടതി നടപടി സത്യത്തിൽ ഡൽഹി പോലീസിന് മാത്രമല്ല, രാജ്യത്തെ കുറ്റാന്വേഷണ ഏജൻസികൾക്ക് ആകെയുള്ള അടിയാണ്.

പ്രബീർ പുർകായസ്ഥയുടെ അറസ്റ്റ് റദ്ദാക്കിയ സുപ്രീംകോടതി നടപടി പത്രസ്വാതന്ത്ര്യത്തിനും ആവിഷ്കാരസ്വാതന്ത്ര്യത്തിനുമെതിരെ മോദി സർക്കാർ നടപ്പാക്കിയ ഏകാധിപത്യ നടപടികളെ കൂടുതൽ ചോദ്യം ചെയ്യാനുള്ള അവസരം ഒരുക്കും

സ. എം എ ബേബി

ന്യൂസ്ക്ലിക്ക് എന്ന ഓൺലൈൻ വാർത്താ പോർട്ടൽ സ്ഥാപകനും എഡിറ്ററുമായ പ്രബീർ പുർകായസ്ഥയുടെ യുഎപിഎ പ്രകാരമുള്ള അറസ്റ്റും തടവും നിയമവിരുദ്ധമാണെന്നും അദ്ദേഹത്തെ ഉടൻ വിട്ടയക്കണമെന്നും സുപ്രീംകോടതി ഉത്തരവിട്ടു. കഴിഞ്ഞ ഒക്ടോബർ മുതൽ പ്രബീർ ദില്ലിയിലെ തിഹാർ ജയിലിൽ ആയിരുന്നു.