Skip to main content

സിപിഐ എമ്മിനെപ്പോലെ കോൺഗ്രസും ഇലക്‌ടറൽ ബോണ്ട് സ്വീകരിച്ചില്ലായിരുന്നുവെങ്കിൽ മോദി സർക്കാരിനെ ഈ വിഷയത്തിൽ പ്രതിക്കൂട്ടിലാക്കാനും ജനമധ്യത്തിൽ തുറന്നു കാട്ടാനും എളുപ്പം സാധിക്കുമായിരുന്നു

കലുഷിതമായ ഇന്ത്യൻ രാഷ്ട്രീയ സാഹചര്യത്തിൽ ജനങ്ങൾക്ക് വഴി കാട്ടുന്നത് ഇടതുപക്ഷമാണെന്ന് ഓരോ ദിവസം കഴിയുംതോറും തെളിഞ്ഞു വരികയാണ്. കഴിഞ്ഞയാഴ്ച പൊതുസമൂഹത്തിൽ ഏറെ ചർച്ചയായ രണ്ട് വിഷയങ്ങളെക്കുറിച്ചുതന്നെയാണ് ഇവിടെ വീണ്ടും പരാമർശിക്കുന്നത്. തെരഞ്ഞെടുപ്പ് ബോണ്ടുകളും അത് ചർച്ചയാകാതിരിക്കാൻ മോദി സർക്കാർ നടപ്പിലാക്കുന്ന പൗരത്വ ഭേദഗതി നിയമവും. നവ ഉദാരവാദ മുതലാളിത്ത നയങ്ങളും മതവർഗീയതയും തമ്മിലുള്ള വിഷമയമായ കൂടിച്ചേരലാണ് ഇവിടെ ദൃശ്യമാകുന്നത്. ഈ കൂട്ടുകെട്ടിനെ തുറന്നെതിർക്കാൻ മതനിരപേക്ഷ ജനാധിപത്യത്തിൽ വിശ്വസിക്കുന്ന സിപിഐ എം തയ്യാറാകുമ്പോൾ കോൺഗ്രസ് ഉൾപ്പെടെയുള്ള ബൂർഷ്വാ ജനാധിപത്യ പാർടികൾക്ക് അതിന് കഴിയുന്നില്ലെന്ന് ഈ രണ്ട് വിഷയങ്ങളോടുമുള്ള അവരുടെ സമീപനങ്ങൾ വ്യക്തമാക്കുന്നു.

സിപിഐ എമ്മിന് സ്വാധീനമുള്ള ത്രിപുരയിൽ മുഖ്യഎതിരാളി ബിജെപിയാണ്. പശ്ചിമ ബംഗാളിൽ തൃണമൂൽ കോൺഗ്രസും കേരളത്തിൽ കോൺഗ്രസ് നേതൃത്വത്തിലുള്ള യുഡിഎഫുമാണ് പ്രധാന എതിരാളികൾ. സിപിഐ എമ്മിനെയും ഇടതുപക്ഷത്തെയും എതിർക്കുന്ന ഈ മൂന്നുകക്ഷികളും ഒരുപോലെ ഇലക്‌ടറൽ ബോണ്ടുകൾ സ്വീകരിച്ചവരാണ്. ബിജെപിക്കാണ് ഇലക്‌ടറൽ ബോണ്ടുകളിൽ പകുതിയിലധികം ലഭിച്ചതെങ്കിൽ രണ്ടാംസ്ഥാനം കോൺഗ്രസിനാണ്. മൂന്നാംസ്ഥാനം തൃണമൂൽ കോൺഗ്രസിനും. രാജ്യത്തെ പരമോന്നത കോടതി ഭരണഘടനാ വിരുദ്ധമെന്നുപറഞ്ഞ് റദ്ദാക്കിയ ബോണ്ടുകൾ സ്വീകരിച്ചത് ഏത് രാഷ്ട്രീയ പാർടിയായാലും അത് തെറ്റാണ് എന്നാണ് സിപിഐ എം നിലപാട്. നവഉദാരവാദത്തോടും കോർപറേറ്റിസത്തോടും ഈ മൂന്നു കക്ഷികൾക്കുമുള്ള പ്രതിപത്തി ആവർത്തിച്ച് വ്യക്തമാക്കുന്നതാണ് തെരഞ്ഞെടുപ്പ് ബോണ്ടുകൾ സ്വീകരിക്കാനുള്ള ഈ പാർടികളുടെ തീരുമാനം. കേന്ദ്രത്തിൽ ഭരണമുള്ള ബിജെപിയാകട്ടെ ഇഡി, ഐടി, സിബിഐ തുടങ്ങിയ ഏജൻസികളെ കയറൂരിവിട്ട് റെയ്ഡ് ഉൾപ്പെടെ നടത്തി പണം പിടിച്ചുപറിക്കുകയായിരുന്നുവെന്നതിന് ഏറെ തെളിവുകൾ ഇതിനകം പുറത്തുവന്നിട്ടുണ്ട്. ഈ ആനുകൂല്യം ബിജെപി ഇതര കക്ഷികൾക്ക് ഇല്ലായിരുന്നുവെന്നത് വസ്തുതയാണ്. എന്നാൽ, കരാറുകളും മറ്റും അനുവദിക്കുന്നതിന് കൈക്കൂലിയായി ഇലക്‌ടറൽ ബോണ്ടുകൾ വാങ്ങുന്ന ബിജെപിയുടെ രീതി കോൺഗ്രസും തൃണമൂൽ കോൺഗ്രസും സമാനമായ ബൂർഷ്വാ ജനാധിപത്യ കക്ഷികളും സ്വീകരിച്ചിട്ടില്ല എന്നു പറയാനുമാവില്ല.

മുൻകേന്ദ്ര ധനമന്ത്രി പരേതനായ അരുൺ ജെയ്റ്റലി ഇലക്‌ടറൽ ബോണ്ടുമായി രംഗത്തുവന്നപ്പോൾത്തന്നെ രാഷ്ട്രീയ അഴിമതിക്ക് നിയമസാധുത നൽകുന്ന പരിപാടിയാണ് ഇതെന്നും അത് റദ്ദാക്കണമെന്നും ആവശ്യപ്പെട്ട പാർടിയാണ് സിപിഐ എം. മാത്രമല്ല അത് റദ്ദാക്കണമെന്നാവശ്യപ്പെട്ട് സുപ്രീംകോടതിയെ സമീപിക്കുകയും ചെയ്തു. ഈ വിഷയത്തിൽ കോടതിയിലെത്തിയ ഏകരാഷ്ട്രീയ പാർടിയും സിപിഐ എം ആണ്. ഇലക്‌ടറൽ ബോണ്ടു വഴി നയാപൈസപോലും സ്വീകരിക്കില്ലെന്ന ധീരമായ നിലപാടും സിപിഐ എമ്മും സിപിഐയും സ്വീകരിക്കുകയും ചെയ്തു. ഇലക്‌ടറൽ ബോണ്ടുകൾ സ്വീകരിക്കാൻ സ്‌റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയിൽ അക്കൗണ്ട് തുറക്കാൻ പോലും സിപിഐ എം തയ്യാറായിട്ടില്ലെന്ന കാര്യം വീണ്ടും ഓർമിപ്പിക്കട്ടെ.

കോൺഗ്രസും ബിജെപിയും മുന്നോട്ടു വയ്‌ക്കുന്ന സ്വതന്ത്രകമ്പോള വ്യവസ്ഥ സ്വാഭാവികമായും കുത്തക മുതലാളിത്തത്തെ വളർത്തും. പണവും സമ്പത്തും വാരിക്കൂട്ടുന്ന ഈ വിഭാഗം അതുപയോഗിച്ച് തടിച്ചു കൊഴുക്കുകയും ഈ പണശക്തി ഉപയോഗിച്ച് ഭരണത്തെ അവർക്ക് അനുകൂലമാക്കി മാറ്റാൻ ശ്രമിക്കുകയും ചെയ്യും. കാൾ മാർക്സ് മുതൽ തോമസ് പിക്കറ്റി വരെയുള്ളവർ ഈ നിരീക്ഷണം നടത്തിയവരാണ്. ഇത്തരം കുത്തകമുതലാളിമാർക്ക് പണംനൽകി ഭരണത്തെയും ജനാധിപത്യത്തെയും അട്ടിമറിക്കാനുള്ള നിയമപരമായ മാർഗമാണ് ഇലക്‌ടറൽ ബോണ്ടു വഴി മോദി സർക്കാർ നൽകിയിരിക്കുന്നത്. സോവിയറ്റ് തകർച്ചയ്‌ക്കുശേഷം ഉരുത്തിരിഞ്ഞ മൃഗീയ മുതലാളിത്തം, പിടിച്ചുപറി മുതലാളിത്തം തുടങ്ങിയ സംജ്ഞകൾ ഇന്ത്യയെ സംബന്ധിച്ചു ശരിയാണെന്ന് ഇലക്‌ടറൽ ബോണ്ടുകൾ സംബന്ധിച്ച വെളിപ്പെടുത്തലുകൾ സാക്ഷ്യപ്പെടുത്തുന്നു. ഇഡി, ഐടി, സിബിഐ തുടങ്ങിയ ഏജൻസികളെക്കൊണ്ട് റെയ്ഡ് നടത്തി ഇലക്‌ടറൽ ബോണ്ട് വഴി പണം പിടുങ്ങുക, റെയ്ഡ് തടയാൻ ഇലക്‌ടറൽ ബോണ്ട് വാങ്ങിപ്പിക്കുക, വൻകിട പദ്ധതികളുടെ കരാർ ലഭിക്കാൻ ഇലക്‌ടറൽ ബോണ്ടു വഴി പണം നൽകുക, കരാർ കിട്ടിയാൽ പ്രത്യുപകാരമായി ബോണ്ട് വാങ്ങുക തുടങ്ങി എല്ലാ മാർഗങ്ങളും സ്വീകരിക്കപ്പെട്ടതായി തെളിയുകയുണ്ടായി.

ബോണ്ടുകളുടെ ആൽഫ ന്യൂമെറിക് നമ്പർ പുറത്തുവരുന്നതോടെ ഇക്കാര്യത്തിൽ കൂടുതൽ തെളിവുകൾ ലഭിക്കുകയും ചെയ്യും. അതായത് അന്തിമമായി പണാധിപത്യംകൊണ്ട് ജനാധിപത്യത്തെ തന്നെ അട്ടിമറിക്കാനുള്ള പദ്ധതിയായിരുന്നു ഇലക്‌ടറൽ ബോണ്ട്. അതോടൊപ്പം ജനാധിപത്യ ഇന്ത്യ വർഷങ്ങളായി വളർത്തിയെടുത്ത ഇഡി, സിബിഐ, ഐടി തുടങ്ങിയ സ്ഥാപനങ്ങളുടെയും സർക്കാർ വിഭാഗങ്ങളുടെയും വിശ്വാസ്യത തകർക്കുകയും ചെയ്തു. ആ ഗണത്തിലേക്ക് ഇന്ത്യയിലെ ഏറ്റവും വലിയ പൊതുമേഖലാ ബാങ്കിനെയും ബിജെപി സർക്കാർ തള്ളിയിട്ടിരിക്കുകയാണിപ്പോൾ.

ജനാധിപത്യത്തിന് ഇത്രമേൽ പരിക്കേൽപ്പിക്കുന്ന ഒരു സംവിധാനത്തെ അംഗീകരിക്കുന്ന സമീപനം ആരുടെ ഭാഗത്തുനിന്ന്‌ ഉണ്ടായാലും അത് ജനാധിപത്യഹത്യക്ക് കൂട്ടുനിൽക്കലാണ്. കോൺഗ്രസ് ചെയ്തതും അതാണ്. ഇപ്പോൾ ഇലക്‌ടറൽ ബോണ്ടിനെതിരെ സംസാരിക്കുന്ന കോൺഗ്രസ് ഇലക്‌ടറൽ ബോണ്ട് വഴി പണം വാങ്ങാൻ തയ്യാറായി. അതിനായി എസ്ബിഐയിൽ അക്കൗണ്ട് തുറന്നു. രാഷ്ട്രീയ അഴിമതിക്ക് നിയമസാധുത നൽകിയ മോദി സർക്കാരിന്റെ നടപടിക്ക് പൊതുസ്വീകാര്യത ഉണ്ടെന്ന് വരുത്താൻ കോൺഗ്രസിന്റെ ഈ സമീപനം കാരണമായി. ബൊഫോഴ്സ് അഴിമതിക്കെതിരെ വി പി സിങ്ങിന്റെ നേതൃത്വത്തിൽ ഉയർന്ന പ്രതിഷേധംപോലെ കോൺഗ്രസിന് ഇലക്‌ടറൽ ബോണ്ട് വിഷയത്തിൽ പ്രതിഷേധം ഉയർത്താൻ കഴിയാത്തത് അവരും കോർപറേറ്റുകളിൽനിന്നും ബോണ്ടുകൾ വാങ്ങിയതുകൊണ്ടാണ്. "ഞങ്ങൾ മാത്രമല്ല നിങ്ങളും വാങ്ങിയില്ലേ’ എന്ന ആഖ്യാനം ആഭ്യന്തര മന്ത്രി അമിത്ഷായെ പോലുള്ളവർക്ക് ഉയർത്താൻ കഴിയുന്നത് കോൺഗ്രസും തൃണമൂൽ കോൺഗ്രസും മറ്റും കോടികൾ ബോണ്ടു വഴി വാങ്ങിയതിനാലാണ്. എൻസിപി അടക്കമുള്ള പാർടികൾ പോലും കൈപ്പറ്റിയ ബോണ്ട്‌ വിവരം പുറത്തുവിട്ടിട്ടും കോൺഗ്രസ്‌ അതിനു തയ്യാറായില്ല.

മോദി സർക്കാരിനെതിരെ ശക്തമായി ഉയരേണ്ട രോഷത്തെ ദുർബലമാക്കുന്ന സമീപനമാണ് കോൺഗ്രസിന്റെ ഭാഗത്തുനിന്ന്‌ ഉണ്ടായിട്ടുള്ളത്. ഇതിന് പ്രധാനകാരണം കോൺഗ്രസിന്റെയും ബിജെപിയുടെയും സാമ്പത്തികനയം ഒന്നുതന്നെയാണെന്നതാണ്. കോർപറേറ്റ് കൊള്ളയ്‌ക്ക് വഴി ഒരുക്കുന്ന നവഉദാര നയങ്ങളാണ് ഇരുവരും അവരുടെ സാമ്പത്തിക നയമായി സ്വീകരിക്കുന്നത്. മോദി സർക്കാരിന്റെ ഈ ഭീമൻ അഴിമതിക്കെതിരെ വൻ പോരാട്ടം നടത്താനുള്ള പ്രതിപക്ഷത്തിന്റെ കരുത്ത് ചോർത്തിക്കളയുന്ന സമീപനമാണ് കോൺഗ്രസിന്റെ ഭാഗത്തുനിന്ന്‌ ഉണ്ടായതെന്നർഥം. സിപിഐ എമ്മിനെപ്പോലെ കോൺഗ്രസും ഇലക്‌ടറൽ ബോണ്ട് സ്വീകരിച്ചില്ലായിരുന്നുവെങ്കിൽ മോദി സർക്കാരിനെ ഈ വിഷയത്തിൽ പ്രതിക്കൂട്ടിലാക്കാനും ജനമധ്യത്തിൽ തുറന്നു കാട്ടാനും എളുപ്പം സാധിക്കുമായിരുന്നു. മോദി സർക്കാരിനോട് പൊരുതാനുള്ള പ്രത്യയശാസ്ത്ര ദൃഢത കോൺഗ്രസിന് ഇല്ലെന്നർഥം.

ഇതു തന്നെയാണ് കോൺഗ്രസിന്റെ മൃദുഹിന്ദുത്വ സമീപനത്തിലും നിഴലിച്ചു കാണുന്നത്. ഭൂരിപക്ഷ ഹിന്ദുവോട്ട് നഷ്ടപ്പെടാതിരിക്കാൻ എന്ന വാദമുയർത്തിയാണ് പരസ്യമായ മൃദുഹിന്ദുത്വ സമീപനം സ്വീകരിക്കുന്നത്. ലോക്‌സഭാ തെരഞ്ഞെടുപ്പിന് തൊട്ടുമുമ്പ് പൗരത്വ ഭേദഗതി നിയമം നടപ്പിലാക്കുക വഴി വർഗീയ ധ്രുവീകരണമാണ് ബിജെപി ലക്ഷ്യമാക്കുന്നത്. എന്നിട്ടും അതിനെ തുറന്നെതിർക്കാൻ കോൺഗ്രസ് തയ്യാറാകുന്നില്ല. പൗരത്വ ഭേദഗതി നിയമത്തിന്റെ ചട്ടം പ്രാബല്യത്തിൽ വന്നതിനുശേഷം അതിനെ വിമർശിക്കാനോ അത് നടപ്പിലാക്കരുതെന്ന് പറയാനോ കോൺഗ്രസ് തയ്യാറായിട്ടില്ല'. ഔദ്യോഗികമായി എഐസിസിയുടെതായി ഒരു പ്രസ്താവന ഈ ദിശയിൽ ഇതുവരെ ഉണ്ടായിട്ടില്ല. ഇതു സംബന്ധിച്ച മാധ്യമ പ്രവർത്തകരുടെ ചോദ്യത്തിൽനിന്ന്‌ കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ ഒഴിഞ്ഞു മാറുകയാണുണ്ടായത്. ഭാരത് ജോഡോ ന്യായ് യാത്ര മുംബൈയിൽ സമാപിച്ചപ്പോൾ രാഹുൽ ഗാന്ധി നടത്തിയ പ്രസംഗത്തിലും ഈ വിഷയം പരാമർശിക്കുകയുണ്ടായില്ല. നിയമം പാസാക്കി അത് നടപ്പിലാക്കാൻ നാല് വർഷം കാത്തിരുന്നത് എന്തിനാണ് എന്ന തരത്തിലുള്ള പ്രസ്താവനകളാണ് കോൺഗ്രസ് നേതൃത്വത്തിൽനിന്നും ഉണ്ടാകുന്നത്.

ഇതിൽനിന്നും ഒരുകാര്യം വ്യക്തമാണ്. ബിജെപിക്കെതിരെ പൊരുതാനുള്ള പ്രത്യയശാസ്ത്ര പദ്ധതി കോൺഗ്രസിനില്ല. അതുകൊണ്ടാണ് ബിജെപിയുമായി നേരിട്ട് ഏറ്റുമുട്ടുന്ന സംസ്ഥാനങ്ങളിൽ കോൺഗ്രസ് ദയനീയമായി പരാജയപ്പെടുന്നത്. മധ്യപ്രദേശ്, ഛത്തീസ്ഗഢ്, രാജസ്ഥാൻ തെരഞ്ഞെടുപ്പിൽ കോൺഗ്രസ് തോറ്റത് അതിനാലാണ്. കഴിഞ്ഞ രണ്ട് ലോക്‌സഭാ തെരഞ്ഞെടുപ്പിലും കോൺഗ്രസ് ബിജെപിയുമായി നേരിട്ട് ഏറ്റുമുട്ടിയ ഇരുന്നൂറോളം സീറ്റിൽ 180ൽ അധികം സീറ്റിലും ജയിച്ചത് ബിജെപിയാണ്. ബിജെപിയെ തോൽപ്പിക്കാനുള്ള പ്രത്യയശാസ്ത്ര പദ്ധതിയോ സംഘടനയോ നേതൃത്വമോ ഇന്ന് കോൺഗ്രസിനില്ല. അതിനാലാണ് കോൺഗ്രസിൽനിന്ന്‌ ദിനമെന്നോണം ബിജെപിയിലേക്ക് നേതാക്കളുടെ ഒഴുക്ക് തുടരുന്നത്. ഇന്നത്തെ കോൺഗ്രസ് നാളത്തെ ബിജെപിയാണെന്നത് ഒരു യാഥാർഥ്യമായി അംഗീകരിക്കേണ്ടി വരുന്നത് വേദനാജനകമാണ്. മതനിരപേക്ഷ ജനാധിപത്യ ഇന്ത്യക്ക് ഒട്ടും ശുഭകരമല്ല കോൺഗ്രസിന്റെ ഈ പതനം.
 

കൂടുതൽ ലേഖനങ്ങൾ

സിപിഐ എം മലപ്പുറം ജില്ലാ സമ്മേളനത്തിൻ്റെ ഭാഗമായി സംഘടിപ്പിച്ച സെമിനാർ "സന്ധിയില്ലാത്ത സമരകാലം" സ. എം എ ബേബി ഉദ്ഘാടനം ചെയ്തു

സിപിഐ എം മലപ്പുറം ജില്ലാ സമ്മേളനത്തിൻ്റെ ഭാഗമായി സംഘടിപ്പിച്ച സെമിനാർ "സന്ധിയില്ലാത്ത സമരകാലം" പാർടി പോളിറ്റ് ബ്യൂറോ അംഗം സ. എം എ ബേബി ഉദ്ഘാടനം ചെയ്തു. പാർടി കേന്ദ്ര കമ്മിറ്റി അംഗം സ. വിജു കൃഷ്ണൻ, മന്ത്രി ശ്രീ. വി അബ്ദുറഹ്മാൻ, സ. സി കെ ശശീന്ദ്രൻ, സ. എം ഷാജർ എന്നിവർ സംസാരിച്ചു.

മാർക്‌സ്‌ തുടങ്ങിയ പഠനവും പ്രവർത്തനവും കണ്ണിമുറിയാതെ തുടരുക എന്നതാണ് പുതിയ കാലത്തിന്റെ പ്രധാന കടമ

സ. എം എ ബേബി

മാർക്‌സ്‌ തുടങ്ങിയ പഠനവും പ്രവർത്തനവും കണ്ണിമുറിയാതെ തുടരുകയാണ്‌ പുതിയ കാലത്തിന്റെ പ്രധാന കടമ. വർത്തമാനകാലത്തെ മാർക്‌സിസം പഠിക്കാൻ മാർക്‌സിസത്തിന്റെ ചരിത്രം നന്നായി മനസ്സിലാക്കണം. ഭാവിയിൽ സമൂഹം എങ്ങനെയായിരിക്കുമെന്ന് മാർക്‌സും എംഗൽസും പറഞ്ഞിട്ടില്ല. അവർ അവരുടെ കാലത്തെ വ്യാഖ്യാനിച്ചു.

സംഘപരിവാറിന്റെ കേരളവിരുദ്ധ രാഷ്ട്രീയ അജണ്ടകളെ ജനങ്ങൾ പ്രതിരോധിക്കും

സ. എം സ്വരാജ്

കേരളത്തിന്റെ ഉന്നതവിദ്യാഭ്യാസമേഖലയെ തകർത്തുകൊണ്ട്, സംഘപരിവാർ തിട്ടൂരം നടപ്പാക്കാനുള്ള ധൃതിപിടിച്ച പദ്ധതികളാണ് ചാൻസിലർ പദവിയുള്ള ഗവർണറും അദ്ദേഹത്തിന്റെ നോമിനികളായ വൈസ് ചാൻസിലർമാരും സർവ്വകലാശാലകളിൽ നടപ്പാക്കാൻ ശ്രമിക്കുന്നത്.

ഭരണഘടനാശിൽപിയായ ഡോ. ബി ആർ അംബേദ്‌കറോട്‌ സംഘപരിവാർ തുടക്കംമുതൽ പുലർത്തുന്ന അസഹിഷ്‌ണുതയാണ്‌ പാർലമെന്റിൽ ആഭ്യന്തരമന്ത്രി അമിത്‌ഷായുടെ വാക്കുകളിലൂടെ പുറത്തുവന്നത്

സ. കെ രാധാകൃഷ്‌ണൻ എംപി

ഭരണഘടനാശിൽപിയായ ഡോ. ബി ആർ അംബേദ്‌കറോട്‌ സംഘപരിവാർ തുടക്കംമുതൽ പുലർത്തുന്ന അസഹിഷ്‌ണുതയാണ്‌ പാർലമെന്റിൽ ആഭ്യന്തരമന്ത്രി അമിത്‌ഷായുടെ വാക്കുകളിലൂടെ പുറത്തുവന്നത്. മതവാദവും മനുവാദവും ഭരണഘടനയിൽ ഉൾപ്പെടുത്തണമെന്ന്‌ സംഘപരിവാറിന്‌ താൽപര്യം ഉണ്ടായിരുന്നു; അംബേദ്‌കറാകട്ടെ മനുസ്‌മൃതി കത്തിച്ച ആളും.