Skip to main content

മറ്റുള്ളവരുടെ ചിഹ്നത്തെക്കുറിച്ചല്ല സ്വന്തം ചിഹ്നം ഉപേക്ഷിച്ച് പോകുന്ന നൂറുകണക്കിന് കോൺഗ്രസ് ജനപ്രതിനിധികളെപ്പറ്റിയാണ് പ്രതിപക്ഷ നേതാവ് ഉൽക്കണ്‌ഠപ്പെടേണ്ടത്

ഇടതുപക്ഷം, ചിഹ്നവും ദേശീയ പാർടി പദവിയും നിലനിർത്താൻ മാത്രമാണ് മത്സരിക്കുന്നതെന്ന് പ്രതിപക്ഷ നേതാവ് തുടർച്ചയായി പരിഹസിക്കുന്നത് കണ്ടു. സിപിഐ എം കാലഹരണപ്പെട്ട പാർടിയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. തങ്ങൾ രാജ്യം ഭരിക്കുന്നതിനാണ് മത്സരിക്കുന്നതെന്ന് അഭിമാനത്തോടെ അദ്ദേഹം പറയുന്നതും കണ്ടു. മലയാള മനോരമയ്‌ക്കുപോലും അത് ദഹിക്കാത്തതുകൊണ്ടായിരിക്കും കോൺഗ്രസിന് ഒറ്റയ്‌ക്ക് ബിജെപിയെ നേരിടാൻ കഴിയില്ലെന്ന് വിശദീകരിച്ചു കൊടുക്കേണ്ടിവന്നത്. ചിഹ്നമുണ്ടായിട്ട് കോൺഗ്രസിന് എന്തുകാര്യം എന്ന ചോദ്യം ഉയർന്നുവരുന്നത് അരുണാചൽപ്രദേശിലെ വാർത്തകൾ കേൾക്കുമ്പോഴാണ്. ചെറിയ ഇടവേള ഒഴിവാക്കിയാൽ ദീർഘകാലം തുടർച്ചയായി കോൺഗ്രസ് ഭരണത്തിലിരുന്ന സംസ്ഥാനമാണ് അരുണാചൽ. 2014 നിയമസഭാ തെരഞ്ഞെടുപ്പിൽ 60ൽ 42 സീറ്റോടെ വൻ ഭൂരിപക്ഷത്തിലാണ് കോൺഗ്രസ് ഭരണം നിലനിർത്തിയത്. പേമ ഖണ്ഡു മുഖ്യമന്ത്രിയായി മന്ത്രിസഭ അധികാരത്തിൽ വന്നു.

അതേവർഷം നടന്ന ലോക്‌സഭാ തെരഞ്ഞെടുപ്പിലാണ് നരേന്ദ്ര മോദിയുടെ നേതൃത്വത്തിൽ ബിജെപി അധികാരത്തിൽ വന്നത്. അധികം കഴിയുന്നതിനുമുമ്പ് പേമ ഖണ്ഡുവും ഒന്നൊഴികെയുള്ള എംഎൽഎമാരും ചേർന്ന് പീപ്പിൾ പാർടി ഓഫ് അരുണാചൽ പ്രദേശിലേക്ക് മാറി പുതിയ മന്ത്രിസഭ രൂപീകരിച്ചു. പിന്നീട് 11 എംഎൽഎമാർ മാത്രമുണ്ടായിരുന്ന ബിജെപിയിലേക്ക് എല്ലാവരും ഒഴുകി. 60ൽ 42 സീറ്റിന്റെ പിൻബലത്തിൽ കോൺഗ്രസിന്റെ മുഖ്യമന്ത്രിയായ പേമ ഖണ്ഡു അതേ നിയമസഭയിൽ കോൺഗ്രസിനെ പ്രതിപക്ഷംപോലുമല്ലാതാക്കി ബിജെപിയുടെ മുഖ്യമന്ത്രിയായി! യഥാർഥത്തിൽ കോൺഗ്രസ് മുക്ത അരുണാചൽ സൃഷ്ടിച്ചത് കോൺഗ്രസ് തന്നെയെന്നത് എത്ര വിരോധാഭാസമാണ്. 2019ൽ നടന്ന അസംബ്ലി തെരഞ്ഞെടുപ്പിൽ നാലിൽ ഒതുങ്ങിയ കോൺഗ്രസിന്റെ മൂന്ന്‌ എംഎൽഎമാരും പിന്നീട് ബിജെപിയിലെത്തി. ലോക്‌സഭാ തെരഞ്ഞെടുപ്പിനൊപ്പം അവിടെ നിയമസഭാ തെരഞ്ഞെടുപ്പും നടക്കുമ്പോൾ ഇപ്പോൾ ബിജെപി നേതാവായ തങ്ങളുടെ പഴയ നേതാവ് പേമ ഖണ്ഡുവിനെതിരെ സ്ഥാനാർഥിയെ നിർത്താൻപോലും കോൺഗ്രസ് തയ്യാറായില്ല. ഇതുൾപ്പെടെ പത്തു സീറ്റിൽ ബിജെപിയെ എതിരില്ലാതെ കോൺഗ്രസ് വിജയിപ്പിച്ചു. സ്വന്തമായ ചിഹ്നം ഇപ്പോഴും കോൺഗ്രസിനുണ്ടെങ്കിലും അത് മാറ്റിവച്ച് താമരയെ ചിഹ്നമായി സ്വീകരിച്ചെന്നു ചുരുക്കം. എങ്ങാനും ജയിച്ചാൽ ബിജെപിയിൽത്തന്നെ എത്തുമെന്ന് ഉറപ്പുള്ളവരെ പണമൊക്കെ ചെലവഴിച്ച് മത്സരിപ്പിക്കുന്നതിനേക്കാളും നല്ലത് സ്ഥാനാർഥിയെ നിർത്താതെതന്നെ ബിജെപിയെ വിജയിപ്പിക്കലാണെന്ന് ഹൈക്കമാൻഡും കരുതിക്കാണും !

രാജ്യത്തെ വല്ലാതെ വേദനിപ്പിച്ച സംസ്ഥാനമാണല്ലോ മണിപ്പുർ. ദേവാലയങ്ങൾ തകർത്തും സ്ത്രീകളെ അപമാനിച്ചും കുഞ്ഞുങ്ങളെവരെ കൊലപ്പെടുത്തിയും വംശഹത്യ നടത്തിയ സ്ഥലം. അതിനെതിരെ പൊതുവെ എല്ലാവരും പ്രതിഷേധിച്ചു. ഇപ്പോൾ ഈസ്റ്റർ പ്രവൃത്തിദിനമാക്കാൻ ശ്രമിച്ചപ്പോഴുണ്ടായ പ്രതിഷേധത്തെ തുടർന്ന് ആ തീരുമാനം മാറ്റി. ഞെട്ടിക്കുന്ന തീരുമാനമെന്നാണ് പ്രതിപക്ഷ നേതാവ് പറഞ്ഞത്. എന്നാൽ, ഞെട്ടിപ്പിക്കുന്ന അനുഭവങ്ങളുടെ ബിജെപി ഭരണവും അതിന് നേതൃത്വം നൽകിയ മുഖ്യമന്ത്രിയെയും മണിപ്പുരിന് സമ്മാനിച്ചത് കോൺഗ്രസാണെന്നത് മറന്നുപോകരുത്. 2017 മാർച്ചിൽ നടന്ന നിയമസഭാ തെരഞ്ഞെടുപ്പിൽ 60 സീറ്റിൽ 28 സീറ്റിലും വിജയിച്ച കോൺഗ്രസ് ഒന്നാമത്തെ കക്ഷിയായി. ഭൂരിപക്ഷത്തിന് മൂന്ന് സീറ്റ് മാത്രം കുറവ്. 21 സീറ്റ് മാത്രമാണ് ബിജെപിക്ക് ലഭിച്ചത്. എന്നാൽ, കോൺഗ്രസ് നേതൃത്വം കുറ്റകരമായ അനാസ്ഥ കാണിച്ചു. ഭൂരിപക്ഷം ഉറപ്പിച്ച് സർക്കാരുണ്ടാക്കാൻ ശ്രമിച്ചില്ല. 21 സീറ്റ് മാത്രമുണ്ടായ ബിജെപി പ്രാദേശിക പാർടി എംഎൽഎമാരെ ഒപ്പംചേർത്ത് സർക്കാർ രൂപീകരിച്ചു. കോൺഗ്രസ് നേതാവും മന്ത്രിയുമായിരുന്ന ബിരേൻ സിങ് മുഖ്യമന്ത്രിയായി. മണിപ്പുരിന്റെ ചരിത്രത്തിലാദ്യമായി ബിജെപിയെ അധികാരത്തിലെത്താൻ കോൺഗ്രസ് സഹായിച്ചു.

2022ൽ നടന്ന നിയമസഭാ തെരഞ്ഞെടുപ്പിൽ 32 സീറ്റോടെ ബിജെപി ഒറ്റയ്‌ക്ക് ഭൂരിപക്ഷം നേടി. കോൺഗ്രസ് കേവലം അഞ്ചു സീറ്റിൽ ഒതുങ്ങി. 2012ൽ 48 സീറ്റുണ്ടായിരുന്ന കോൺഗ്രസിന്റെ നേതൃനിരയിലെ നല്ലൊരു പങ്കും ബിജെപിയായി മാറി. അവരാണ് ഇപ്പോഴത്തെ മണിപ്പുർ സൃഷ്ടിച്ചതെന്ന് ഓർക്കുമ്പോൾ ഞെട്ടൽ ആത്മഹർഷമാകാനിടയുണ്ട്. മറ്റുള്ളവരുടെ ചിഹ്നത്തെക്കുറിച്ചല്ല, സ്വന്തം ചിഹ്നം ഉപേക്ഷിച്ച് പോകുന്ന നൂറുകണക്കിന് കോൺഗ്രസ് ജനപ്രതിനിധികളെപ്പറ്റിയാണ് പ്രതിപക്ഷ നേതാവ് ഉൽക്കണ്‌ഠപ്പെടേണ്ടത്. പ്രതിപക്ഷ നേതാവിന്റെ അടുത്ത പരിഹാസം സിപിഐ എം കാലഹരണപ്പെടുന്നതിനെക്കുറിച്ചാണ്. സിപിഐ എമ്മും ഇടതുപക്ഷവും ദുർബലമായിട്ടുണ്ടെന്ന കാര്യം ഞങ്ങൾ അംഗീകരിക്കുന്നതും അതിനെ മറികടക്കാൻ പരിശ്രമിക്കുന്നതുമാണ്. എന്നാൽ, യഥാർഥത്തിൽ ആരാണ് വല്ലാതെ ദുർബലമായത്. സിപിഐ എമ്മിന് പാർലമെന്റിൽ ഏറ്റവും കൂടുതൽ അംഗങ്ങളുണ്ടായത് 2004ൽ ആണ്. ഒരു സ്വതന്ത്രനടക്കം 44 പേർ, അതായത് മൊത്തം പാർലമെന്റ്‌ അംഗങ്ങളുടെ 8.1 ശതമാനം. ഇപ്പോഴത് മൂന്നു പേരായി ചുരുങ്ങി. അതായത് 0.55 ശതമാനമായി, 7.55 ശതമാനത്തിന്റെ കുറവ്.

1977 വരെ തുടർച്ചയായി രാജ്യം ഭരിച്ച പാർടിയാണ് കോൺഗ്രസ്‌. 1984ൽ 415 എംപിമാരോടെ കോൺഗ്രസ് പുതിയ ചരിത്രം സൃഷ്ടിച്ചു. മൊത്തം പാർലമെന്റ്‌ അംഗങ്ങളുടെ 76.42 ശതമാനവും കോൺഗ്രസ് അംഗങ്ങളായിരുന്നു. കഴിഞ്ഞ തെരഞ്ഞെടുപ്പിൽ കോൺഗ്രസിന് 52 പേരെ മാത്രമേ വിജയിപ്പിക്കാൻ കഴിഞ്ഞുള്ളൂ. അതായത് കേവലം 9.57 ശതമാനംമാത്രം. 66.85 ശതമാനം പേരുടെ കുറവാണ് നാലു ദശകംകൊണ്ടുണ്ടായത്. ആന ഉറുമ്പിനേക്കാളും മെലിഞ്ഞിരിക്കുന്നുവെന്ന് വെല്ലുവിളിക്കുമ്പോൾ ഓർക്കണമെന്ന് ചുരുക്കം. കഴിഞ്ഞ രണ്ടു ലോക്‌സഭയിലും കോൺഗ്രസിന് പ്രതിപക്ഷ നേതാവ് സ്ഥാനം പോലും ഇല്ലാതായത് എന്തുകൊണ്ടാണെന്നെങ്കിലും അഹങ്കാരത്തോടെ ഇടതുപക്ഷത്തെ പരിഹസിക്കുമ്പോൾ ഓർക്കുന്നത് നന്നായിരിക്കും. 78.42 ശതമാനം എംപിമാരുണ്ടായിരുന്ന കോൺഗ്രസിന് പത്തുശതമാനം എംപിമാരെപ്പോലും വിജയിപ്പിക്കാൻ കഴിഞ്ഞ രണ്ടു ലോക്‌സഭയിലും കഴിഞ്ഞില്ലെന്ന് ചുരുക്കം.

ഇന്ത്യയിൽ എല്ലാ സംസ്ഥാനങ്ങളിലും ദീർഘകാലം അധികാരത്തിലിരുന്ന കോൺഗ്രസ് ഇപ്പോൾ യഥാർഥത്തിൽ രണ്ടു സംസ്ഥാനങ്ങളിൽ മാത്രമേ ഭരണത്തിലുള്ളൂ. ഹിമാചലിലെ ഭരണം സാങ്കേതികമായി തുടരുന്നുവെന്നേയുള്ളൂ. ഫലത്തിൽ ഇന്ത്യയാകെ നിറഞ്ഞുനിന്ന ആ പാർടി ദക്ഷിണേന്ത്യയിലെ രണ്ടു സംസ്ഥാനങ്ങളിൽമാത്രം അധികാരത്തിലുള്ള ഒന്നായി വല്ലാതെ മെലിഞ്ഞു.

നരസിംഹറാവുവിന് മുമ്പുള്ള എല്ലാ പ്രധാനമന്ത്രിമാരെയും സംഭാവന ചെയ്ത, നെഹ്റു കുടുംബത്തിന്റെ കേന്ദ്രമായ യുപിയിലെ കോൺഗ്രസിന്റെ അവസ്ഥ എത്ര പരിതാപകരമാണ്. 1984ൽ 85ൽ 83 സീറ്റുംനേടി ചരിത്രം സൃഷ്ടിച്ച കോൺഗ്രസ് അടുത്ത ലോക്‌സഭാ തെരഞ്ഞെടുപ്പിൽ 15 സീറ്റിൽ ഒതുങ്ങി. 2014ൽ രണ്ടു സീറ്റ് മാത്രം കിട്ടിയ കോൺഗ്രസ് 2019ൽ സോണിയ ഗാന്ധിയുടെ റായ്ബറേലിയിൽമാത്രം വിജയിച്ച വളരെ ചെറിയ പാർടിയായി. ഇത്തവണ അവിടെ മത്സരിക്കാതെ സോണിയ രാജ്യസഭയിലേക്ക് മാറി. അമേഠിയിൽ കഴിഞ്ഞ തവണ പരാജയപ്പെട്ട രാഹുൽ ഗാന്ധിയും ഇത്തവണ യുപിയിൽ മത്സരിക്കുമോയെന്ന് വ്യക്തമാക്കാൻ ഇതുവരെയും ധൈര്യം കാണിച്ചിട്ടില്ല. മത്സരിക്കാനെങ്കിലും ധൈര്യമുള്ള കേരളത്തിലെ സ്ഥിതിയും മാറിക്കൊണ്ടിരിക്കുന്നുവെന്നതാണ് യാഥാർഥ്യം.

കഴിഞ്ഞ ലോക്‌സഭാ തെരഞ്ഞെടുപ്പിലെ പ്രത്യേക സാഹചര്യമാണ് കേരളത്തിൽ കോൺഗ്രസിന് വിജയമൊരുക്കിയത്. 1996ലെ പ്രതിപക്ഷ നേതാവിന് 37 കോൺഗ്രസ് അംഗങ്ങളുടെ പിന്തുണയുണ്ടായിരുന്നെങ്കിൽ 2006ലെ പ്രതിപക്ഷ നേതാവിന് 24 പേരുടെ മാത്രമായി ചുരുങ്ങി. വലിയ ശക്തി പറയുന്ന ഇപ്പോഴത്തെ പ്രതിപക്ഷ നേതാവിന്റെ പുറകിൽ സ്വന്തം പാർടിയുടെ 21 പേരേയുള്ളൂ. 2001ലെ കോൺഗ്രസ് മുഖ്യമന്ത്രിക്ക് സ്വന്തം പാർടിയിലെ 64 എംഎൽഎമാരുടെ പിന്തുണയുണ്ടായിരുന്നെങ്കിൽ 2011ൽ അത് 39 ആയി. ഭരണമുന്നണിയെ നയിക്കുന്ന പാർടി ഒന്നാമത്തെ പാർടിയല്ലാതായ ആദ്യ നിയമസഭ കൂടിയായി 2011 മാറി.

രാജ്യമാകെ നിറഞ്ഞുനിന്ന പാർടി തൊഴുത്തുപോലും വേണ്ടാത്തയത്ര മെലിഞ്ഞുപോയെന്ന് സ്വയം തിരിച്ചറിയണം. കഴിഞ്ഞ ദിവസം ഡൽഹിയിൽ ബിജെപി ഇതര പാർടികൾ പ്രകടിപ്പിച്ച വിശാല യോജിപ്പിനെ ദുർബലപ്പെടുത്തുന്നതിനാണ് ഇടതുപക്ഷ വിരോധത്താൽ അന്ധത ബാധിച്ച കേരളത്തിലെ കോൺഗ്രസ് നേതൃത്വം ചെയ്യുന്നതെന്ന് ജനങ്ങൾ തിരിച്ചറിയും. അരുണാചൽ മോഡലിൽ ഒന്നിച്ച് ബിജെപിയാകാവുന്ന സംവിധാനമായി കോൺഗ്രസിനെ മാറ്റാനാണ് കേരളത്തിലെ നേതൃത്വം ഇപ്പോൾ ശ്രമിക്കുന്നതെന്ന് ചുരുക്കം.
 

കൂടുതൽ ലേഖനങ്ങൾ

'വർക്ക് നിയർ ഹോം' പദ്ധതി; വികസനം ഏതാനും നഗരങ്ങളിൽ ഒതുക്കുകയല്ല, മറിച്ച് എല്ലാ പ്രദേശങ്ങളിലേയ്ക്കും എത്തിക്കുകയാണ് സർക്കാർ

സ. പിണറായി വിജയൻ

കാലത്തിന്റെ മാറ്റം ഏറ്റവും കൂടുതൽ പ്രതിഫലിക്കുന്ന മേഖലകളിൽ ഒന്നാണ് തൊഴിൽ. കുറച്ചു വർഷങ്ങൾക്കു മുൻപ് നിലനിന്നിരുന്ന തൊഴിലുകളും തൊഴിൽ രീതികളും മാറുകയാണ്.

സഖാവ് പി ഗോവിന്ദപ്പിള്ളയുടെ ഓർമകൾക്കു മുന്നിൽ സ്‌മരണാഞ്ജലി

സ. എം വി ഗോവിന്ദൻ മാസ്റ്റർ

കേരളത്തിന്റെ രാഷ്ട്രീയ, സാമൂഹ്യ, സാഹിത്യ, വൈജ്ഞാനിക മണ്ഡലങ്ങളിൽ സജീവ സാന്നിധ്യമായിരുന്ന സഖാവ് പി ഗോവിന്ദപ്പിള്ള ഓർമയായിട്ട് ഇന്നേക്ക് പന്ത്രണ്ട്‌ വർഷം. പി ജി എന്ന രണ്ടക്ഷരത്തിൽ അറിയപ്പെട്ട അദ്ദേഹം മാർക്സിസ്റ്റ് സൈദ്ധാന്തികനും സഞ്ചരിക്കുന്ന വിശ്വവിജ്ഞാനകോശവുമായിരുന്നു.

രാജ്യത്ത് ആദ്യമായി കോളേജ് വിദ്യാര്‍ത്ഥികള്‍ക്കായി പ്രത്യേക സ്‌പോര്‍ട്സ് ലീഗ് കേരളത്തിൽ

സ. ആർ ബിന്ദു

രാജ്യത്ത് ആദ്യമായി കോളേജ് വിദ്യാര്‍ത്ഥികള്‍ക്കായി പ്രത്യേക സ്‌പോര്‍ട്സ് ലീഗ് ആരംഭിക്കുകയാണ് കേരളത്തിൽ. മികച്ച കായിക സംസ്‌കാരം വാര്‍ത്തെടുക്കുന്നതിനൊപ്പം കോളേജുകളിലെ അടിസ്ഥാനസൗകര്യ വികസനം കൂടി ലക്ഷ്യമിട്ടാണ് കായിക വകുപ്പുമായി ചേർന്ന് കോളേജ് ലീഗിന് ഉന്നതവിദ്യാഭ്യാസ വകുപ്പ് തുടക്കമിടുന്നത്.