Skip to main content

കേരളത്തെ ശത്രുതാ മനോഭാവത്തോടെയാണ് കോണ്‍ഗ്രസും ബിജെപിയും കാണുന്നത്

കേരളത്തെ ശത്രുതാ മനോഭാവത്തോടെയാണ് കോണ്‍ഗ്രസും ബിജെപിയും കാണുന്നത്. ഇതിനെതിരെയുള്ള വികാരം പൊതുവെ ഉയര്‍ന്നു വന്നിരിക്കുകയാന്. അതിനനുസൃതമായ വിധിയായിരിക്കും സംസ്ഥാനത്തുണ്ടാവുക. ആ വിധിയെ യുഡിഎഫും ബിജെപിയും ഒരുപോലെ ഭയപ്പെടുകയാണ്. തെരഞ്ഞെടുപ്പ് ചര്‍ച്ചകളില്‍ നിന്ന് ദേശീയ രാഷ്ട്രീയ പ്രശ്‌നങ്ങളും നാട് നേരിടുന്ന വെല്ലുവിളികളും ഒഴിവാക്കാനാണ് ഈ രണ്ട് കൂട്ടരും നിരന്തരമായി ശ്രമിക്കുന്നത്.

'ആകാശ കുസുമവും' 'മലര്‍പ്പൊടിക്കാരന്റെ സ്വപ്നവും' അല്ല കിഫ്ബി എന്നാണ് തെളിയിച്ചത്. ഈ നാടിന്റെ അതിജീവനത്തിന്റെയും വികസനത്തിന്റെയും പര്യായമായി കിഫ്ബിയെ മാറ്റാനാണ് കഴിഞ്ഞത്. ഇപ്പോള്‍ കിഫ്ബിയുടെ പേരിലാണ് സര്‍ക്കാരിന് മുകളില്‍ ചിലര്‍ പുറപ്പെടുന്നത്. വേറെ ചിലര്‍ ഇഡി, ഇന്‍കം ടാക്‌സ്, സിഎജി തുടങ്ങി പല റഡാറും കിഫ്ബിയിലേക്ക് തിരിച്ചുവച്ചിരിക്കുകയാണ്. പക്ഷെ എത്ര തപ്പിയിട്ടും ഒന്നുംകിട്ടുന്നില്ല എന്നുമാത്രം. കിഫ്ബി എന്നത് കഴിഞ്ഞ കാല്‍നൂറ്റാണ്ടായി കേരളത്തിലുള്ള ഒരു സംവിധാനമാണ്. വിവിധകാരണങ്ങള്‍ കൊണ്ട് സ്ഥാപനം രൂപംകൊടുത്തതിന്റെ പ്രഖ്യാപിത ലക്ഷ്യങ്ങള്‍ തുടക്കത്തില്‍ നേടാന്‍ കഴിഞ്ഞിരുന്നില്ല. 2016 ല്‍കൊണ്ടുവന്ന കിഫ്ബി ഭേദഗതി ആക്ട് വഴി ഇതിനെ ശക്തിപ്പെടുത്തി.

കിഫ്ബി അതിനെ എല്‍പ്പിച്ച ഉത്തരവാദിത്തം ഭംഗിയായി നിറവേറ്റി തുടങ്ങിയപ്പോള്‍ പലര്‍ക്കും അസ്വസ്ഥത തുടങ്ങി. സംസ്ഥാനത്തെമ്പാടുമുള്ള സര്‍ക്കാര്‍ സ്‌കൂളുകളും ആശുപത്രികളും ഒക്കെ ലോകനിലവാരത്തിലേക്കുയര്‍ന്നപ്പോള്‍ ചിലര്‍ക്ക് ഇരിക്കപ്പൊറുതിയില്ലാതായി. വികസനപ്രവര്‍ത്തനങ്ങള്‍ക്ക് ഭരണപക്ഷ പ്രതിപക്ഷ ഭേദം ഉണ്ടായിട്ടില്ല. കിഫ്ബിയുടെ വികസന പദ്ധതികള്‍ ഇല്ലാത്ത ഏതെങ്കിലും നിയമസഭ മണ്ഡലം ഉണ്ടോ. ആ പ്രവര്‍ത്തനങ്ങളെ സ്വന്തം നേട്ടമാക്കി ചിത്രീകരിക്കാന്‍ പലരും ശ്രമിക്കുന്നത് നാട് കണ്ടതാണല്ലോ. റോഡ്, പാലങ്ങള്‍, മലയോര തീരദേശ ഹൈവേകള്‍, ജലവിതരണ പദ്ധതികള്‍ തുടങ്ങി സമാനകളില്ലാത്ത വികസനപ്രവര്‍ത്തനങ്ങള്‍ ജനങ്ങള്‍ക്ക് മുന്നില്‍ നടന്നു. ഇപ്പോള്‍ പല ഏജന്‍സികളെയും ഇറക്കി വിരട്ടാനാണ് നോക്കുന്നത്. അന്നത്തെ ധനമന്ത്രിയായ തോമസ് ഐസക്കിനെതിരെ നോട്ടീസുകള്‍ അയക്കുകയാണ്. സ്വതന്ത്ര അംഗങ്ങള്‍ ഉള്‍പ്പെടെയുള്ള കിഫ്ബി ബോര്‍ഡാണ് സുതാര്യമായ തീരുമാനങ്ങള്‍ സാമ്പത്തിക കാര്യങ്ങളില്‍ കൈക്കൊള്ളുന്നത്. അല്ലാതെ തോമസ് ഐസക്കോ മറ്റേതെങ്കിലും വ്യക്തിയോ അല്ല ഇത്തരം തീരുമാനങ്ങള്‍ എടുക്കുന്നത്. പ്രൊഫഷണലുകളും സാമ്പത്തിക വിദഗ്ധരും അടങ്ങിയ കിഫ്ബി ബോര്‍ഡ് ആണ് അത്തരം തീരുമാനങ്ങള്‍ എടുക്കുന്നത്.

കിഫ്ബിയുടെ ധനകാര്യപ്രവര്‍ത്തനങ്ങള്‍ നിയന്ത്രിക്കുകയും നിരീക്ഷിക്കുകയും ചെയ്യുന്ന സുശക്തമായ സംവിധാനങ്ങള്‍ നിലവിലുണ്ട്. എല്ലാം എല്ലാവര്‍ക്കും അറിയാം. അപ്പോള്‍ അതല്ല കാര്യം. ഒരു കളി കളിച്ചു നോക്കുകയാണ്. എന്തോ ഉണ്ടെന്ന തെറ്റിദ്ധാരണ പൊതുസമൂഹത്തില്‍ പരത്താന്‍ ശ്രമിക്കുകയാണ്. കൃത്യമായ രാഷ്ട്രീയ ലക്ഷ്യം മാത്രമാണ് ഇതിനു പിന്നില്‍. പക്ഷേ ഇത്തരം പ്രവര്‍ത്തികള്‍ക്ക് പ്രതിപക്ഷം വലിയതോതില്‍ കേന്ദ്ര ഏജന്‍സികളെ സഹായിക്കുന്ന നിലപാടാണ് കൈക്കൊള്ളുന്നത്. ഇത് സംസ്ഥാനത്തെ ഒറ്റു കൊടുക്കലാണ്. എണ്‍പതിനായിരം കോടിയിലേറെ മൂല്യം വരുന്ന ആയിരത്തിലേറെ പദ്ധതികള്‍ അട്ടിമറിക്കാനുള്ള ഗൂഡാലോചനയുടെ ഭാഗമാവുകയാണ് പ്രതിപക്ഷം.

കേന്ദ്രം കേരളത്തോട് കാണിക്കുന്ന അവഗണനയും വിവേചനവും പ്രതികാര ബുദ്ധിയുമാണ് ഇന്ന് നേരിടുന്ന സാമ്പത്തിക പ്രശ്‌നങ്ങള്‍ക്ക് കാരണം. അത് പൂര്‍ണമായും മറച്ചു വെച്ച് കേരളമെന്തോ കടമെടുത്ത് മുടിയുകയാണെന്നാണ് യു ഡി എഫ് നേതൃത്വവും ബിജെപിയും പറയുന്നത്.

എല്ലാ സംസ്ഥാനങ്ങളും കടമെടുത്താണ് മുന്നോട്ടു പോകുന്നത്. 1957 മുതല്‍ കേരളത്തില്‍ നിലവില്‍ വന്ന സര്‍ക്കാരുകളൊക്കെ കടമെടുത്ത് തന്നെയാണ് ഈ സംസ്ഥാനത്തിന്റെ സാമ്പത്തികആവശ്യങ്ങള്‍ നിറവേറ്റിയിട്ടുള്ളത്. ഇന്നും ഏറ്റവും കൂടുതല്‍ കടമെടുക്കുന്ന ഇന്ത്യന്‍ സംസ്ഥാനങ്ങളുടെ പട്ടികയിലെ ആദ്യ സ്ഥാനങ്ങളില്‍ കേരളമില്ല. പലരും ചിത്രീകരിക്കാന്‍ ശ്രമിക്കുന്നത് പോലെ ഉള്ള കടക്കെണിയിലുമല്ല നമ്മുടെ സംസ്ഥാനം. വരവ് ചെലവുകളിലെപൊരുത്തക്കേടുകള്‍ പരിഹരിച്ച് സംസ്ഥാനങ്ങള്‍ സാമ്പത്തിക പ്രവര്‍ത്തനങ്ങള്‍ മുന്നോട്ട്‌കൊണ്ടുപോകുന്നത് കടമെടുപ്പ് വഴി തന്നെയാണ്. കേന്ദ്രസര്‍ക്കാരും ഇത് തന്നെയാണ് ചെയ്യുന്നത്.

ലോകമെങ്ങും അംഗീകാരം നേടിയ കേരള വികസനമാതൃക വഴി സാമൂഹ്യവികസന സൂചികയില്‍ കേരളം മുന്നിലെത്തിയപ്പോഴും ഇവിടെ കടമെടുപ്പുണ്ടായിരുന്നു. 'ധനകാര്യ മിസ്മാനേജ്‌മെന്റ് എന്ന് കേന്ദ്രം ആക്ഷേപിക്കുന്ന അതേ സമയത്താണ് കഴിഞ്ഞവര്‍ഷങ്ങളില്‍ കേന്ദ്രസര്‍ക്കാരിന്റെ നീതിആയോഗ് ഉള്‍പ്പെടെ 24 അവാര്‍ഡുകള്‍ കേരളത്തിന് സമ്മാനിച്ചത്. പൊതുവിദ്യാഭ്യാസം, പൊതുജനാരോഗ്യം, കുറഞ്ഞ മാതൃശിശു മരണനിരക്കുകള്‍, സുസ്ഥിര വികസനം, ക്രമസമാധാനം തുടങ്ങി നിരവധി മേഖലകളിലാണ് കേരളം സമ്മാനാര്‍ഹമായത്. അതേസമയം തന്നെ അടിസ്ഥാന സൗകര്യവികസനത്തിലെ പിന്നോക്ക അവസ്ഥ മാറ്റാനും ശക്തമായ ഇടപെടല്‍ സര്‍ക്കാര്‍ നടത്തി. കിഫ്ബിയെ ശാക്തീകരിച്ച് ഉപയോഗിച്ചതിലൂടെ ആ കുറവും വലിയൊരളവ് പരിഹരിക്കാന്‍ കഴിഞ്ഞ ഏഴുവര്‍ഷമായി കഴിഞ്ഞിട്ടുണ്ട്.

കോണ്‍ഗ്രസിനെതിരെ അന്വേഷണ ഏജന്‍സികള്‍ തിരിയുന്ന ഘട്ടത്തില്‍ കോണ്‍ഗ്രസ് അതിനെ എതിര്‍ക്കും. എന്നാല്‍ മറ്റ് കോണ്‍ഗ്രസ് ഇതര രാഷ്ട്രീയപാര്‍ട്ടികളുടെ നേരെ തിരിയുമ്പോള്‍ കേന്ദ്ര അന്വേഷണ ഏജന്‍സികളുടെ ഭാഗമായാണ് കോണ്‍ഗ്രസ് നില്‍ക്കുന്നത്. തോമസ് ഐസക്കിനെയോ മറ്റാരെയെങ്കിലുമോ ഒറ്റതിരിഞ്ഞ് ആക്രമിച്ച് വശം കെടുത്താമെന്നാണ് ചിന്തയെങ്കില്‍ അതുവേണ്ട എന്ന് അത്തരക്കാരോട് പറയുകയാണ്. അതിനെ ഒക്കെ കേരളം തിരിച്ചറിയും. കിഫ്ബിയില്‍ എല്ലാം സുതാര്യമാണ്. ആ സുതാര്യത നിലനിര്‍ത്തി അതുമുന്നോട്ട് പോകും. സര്‍ക്കാര്‍ ആ സ്ഥാപനത്തിനെ ഏല്‍പ്പിച്ചിരിക്കുന്ന ഉത്തരവാദിത്തങ്ങള്‍ നിറവേറ്റുന്ന സമീപനമാണ് സ്വീകരിച്ചു പോന്നത്.

ഇന്ന് സൂചിപ്പിക്കാനുള്ള മറ്റൊരു കാര്യം മാധ്യമ സ്വാതന്ത്ര്യവുമായി ബന്ധപ്പെട്ടതാണ്. ബിബിസിയുടെ ഇന്ത്യന്‍ ന്യൂസ് റൂം പ്രവര്‍ത്തനം നിര്‍ത്തിയ വാര്‍ത്ത കഴിഞ്ഞ ദിവസം നമ്മള്‍ കണ്ടു. ആദായനികുതി വകുപ്പിന്റെ തുടര്‍ച്ചയായ പകപോക്കല്‍ നടപടികള്‍ മൂലമാണ് ഇങ്ങനെയൊരു തീരുമാനമെടുക്കാന്‍ ബിബിസി നിര്‍ബന്ധിതരായത് എന്നാണ് വാര്‍ത്ത.

സ്വേച്ഛാധിപത്യ ഭരണകൂടങ്ങള്‍ മാധ്യമങ്ങളെ വരുതിയിലാക്കി വെക്കാന്‍ എക്കാലവും ശ്രമിക്കാറുണ്ട്. അടിയന്തരാവസ്ഥയില്‍ ഇന്ത്യ കണ്ട അതേ ലക്ഷണമാണ് ബി.ജെ പി ഭരണത്തില്‍ നിലവില്‍ കാണുന്നതും. അനുസരണയോടെ മുട്ടിലിഴയുന്ന മാധ്യമങ്ങളെയാണ് അവര്‍ക്കാവശ്യം. ഭീഷണിപ്പെടുത്തിയിട്ടും വരുതിയില്‍ വന്നില്ലെങ്കില്‍ അവയെ ഇല്ലാതാക്കുക എന്നതാണ് ഇത്തരം ഭരണകൂടങ്ങളുടെ പൊതുവായ നയം. ബിബിസി വിഷയത്തിലും അതാണ് കണ്ടത്.

അടിയന്തരാവസ്ഥയുടെ തുടക്കത്തില്‍ ബിബിസിയുടെ ഉത്തരവാദപ്പെട്ടവര്‍ക്ക് ദുരനുഭവങ്ങള്‍ ഉണ്ടായത് എല്ലാവര്‍ക്കും അറിയമല്ലോ. അന്നത്തെ വാര്‍ത്താ വിതരണ പ്രക്ഷേപണ മന്ത്രി ഐകെ ഗുജ്‌റാളിനെ മാറ്റിയതും ചരിത്രമാണ്. 2014ല്‍ ബി ജെ പി സര്‍ക്കാര്‍ അധികാരത്തില്‍ വന്ന ശേഷം വേള്‍ഡ് പ്രെസ്സ് ഫ്രീഡം ഇന്‍ഡക്‌സില്‍ ഇന്ത്യയുടെ റാങ്കിംഗ് തുടര്‍ച്ചയായി താഴുകയാണ്. പാരീസ് ആസ്ഥാനമായുള്ള റിപ്പോര്‍ട്ടേഴ്‌സ് വിത്തൗട്ട് ബോര്‍ഡേഴ്‌സിന്റെ 2023ലെ റിപ്പോര്‍ട്ട് അനുസരിച്ച്, മാധ്യമ സ്വാതന്ത്ര്യത്തില്‍ ഇന്ത്യയുടെ റാങ്ക് 180 രാജ്യങ്ങളില്‍ 150ല്‍ നിന്ന് 161ലേക്ക് ഇടിഞ്ഞു.

കുനിയാന്‍ പറഞ്ഞാല്‍ മുട്ടിലിഴയുന്ന മാധ്യമങ്ങളെ താലോലിച്ചു. നിര്‍ഭയത്തോടെ റിപ്പോര്‍ട്ട് ചെയ്യുന്ന മാധ്യമങ്ങളെ അടിച്ചമര്‍ത്തി. ആ നിലയാണ് രാജ്യത്ത് ഉണ്ടായത്. സംഘപരിവാറിന് അനുകൂലമല്ലാത്ത വാര്‍ത്തകള്‍ നല്‍കുന്ന മാധ്യമപ്രവര്‍ത്തകരെ കയ്യൂക്കുപയോഗിച്ച് വേട്ടയാടുന്നത് രാജ്യം കണ്ടുകൊണ്ടിരിക്കുന്ന കാര്യമാണ്.

കേരളത്തിലെ ചില മാധ്യമങ്ങള്‍ക്കും അത്തരം വേട്ടയാടല്‍ ഉണ്ടായിട്ടുണ്ട്. ഒരനുഭവംനോക്കാം. 2020 ജനുവരി മാസത്തില്‍ ഡല്‍ഹിയില്‍ നടന്ന മുസ്ലിം വിരുദ്ധ കലാപം റിപ്പോര്‍ട്ട് ചെയ്ത കുറ്റത്തിന് രണ്ട് ചാനലുകളുടെ ലൈസന്‍സ് എടുത്തു കളയുന്ന സ്ഥിതിയുണ്ടായി. ഇതില്‍ ഒരു ചാനല്‍ തങ്ങളുടെ ഡല്‍ഹി ബ്യൂറോയിലെ റിപ്പോര്‍ട്ടറെ ബലി കൊടുത്തുകൊണ്ട് കേന്ദ്ര ഭരണകൂടത്തിനും സംഘപരിവാറിനും മുന്നില്‍ നട്ടെല്ല് വളച്ചു മാപ്പു പറഞ്ഞു. രണ്ടാമത്തെ ചാനല്‍ സുപ്രീം കോടതി വരെ പൊരുതി. പിന്നീട് സുപ്രീം കോടതി ഇടപെട്ട് ലൈസന്‍സ് പുനസ്ഥാപിച്ചു. ഈ വിഷയത്തില്‍ കേരളത്തിലെ മാധ്യമങ്ങളില്‍ ആരൊക്കെ കേന്ദ്ര സര്‍ക്കാര്‍ നടപടിയെ വിമര്‍ശിച്ചു മുന്നോട്ടുവന്നു?

2022 ജൂലൈ 4 ന് കോഴിക്കോട്ട് കേന്ദ്ര വാര്‍ത്താ വിതരണ പ്രക്ഷേപണ മന്ത്രി അനുരാഗ് താക്കൂര്‍ ചില മലയാള മാധ്യമ സ്ഥാപന മേധാവികളുമായി കൂടിക്കാഴ്ച നടത്തിയത് വിമര്‍ശിക്കപ്പെട്ടപ്പോള്‍, 'മാധ്യമ വ്യവസായത്തിലെ പ്രതിസന്ധികള്‍ ചര്‍ച്ച ചെയ്യാനായിരുന്നു' യോഗം എന്നാണ് അതില്‍ പങ്കെടുത്ത മാധ്യമങ്ങള്‍ വാര്‍ത്ത നല്‍കിയത്. എന്നാല്‍ പാര്‍ലമെന്റില്‍ ചോദ്യം വവന്നപ്പോള്‍, 'വിവിധ കേന്ദ്ര സര്‍ക്കാര്‍ പദ്ധതികളെക്കുറിച്ച് മാധ്യമങ്ങള്‍ക്ക് അവബോധം നല്‍കാനാണ് യോഗം വിളിച്ച' തെന്നായിരുന്നു അനുരാഗ് താക്കൂറിന്റെ മറുപടി. ബിജെപി ഭരണത്തില്‍ മാധ്യമ സ്വാതന്ത്ര്യം ഇല്ലാതായി. സംഘപരിവാര്‍ ഭരണകൂടത്തിന്റെ സ്തുതിപാഠകരായി മാറാത്ത എല്ലാ മാധ്യമങ്ങളെയും വേട്ടയാടുന്നത് തുടരുകയാണ്. ഇത്തരം വിഷയങ്ങള്‍ കൂടി ചര്‍ച്ച ചെയ്ത് തീരുമാനമെടുക്കാനുള്ളതാണ് ഈതെരഞ്ഞെടുപ്പ് എന്നതാണ് ബിബി സിയുടെ അനുഭവം ഓര്‍മ്മപ്പെടുത്തുന്നത്.
 

കൂടുതൽ ലേഖനങ്ങൾ

മോദി- ഷാ ഭരണം ഇന്ത്യയിൽ നടത്തുന്ന ഏകാധിപത്യ നടപടികൾ ഓരോന്നായി ഇപ്പോൾ സുപ്രീംകോടതി ഇടപെടലോടെ തുറന്നുകാട്ടപ്പെടുകയാണ്

സ. എം ബി രാജേഷ് 

ഇതാ, മുഖമടച്ച മറ്റൊരു പ്രഹരം കൂടി മോദി ഭരണകൂടത്തിന് ലഭിച്ചിരിക്കുന്നു. സത്യത്തിന്റെ ധീരനായ പോരാളിയും ന്യൂസ്ക്ലിക്ക് സ്ഥാപകനുമായ പ്രബീർ പുർക്കായസ്ഥയെ മോചിപ്പിക്കാൻ സുപ്രീംകോടതി ഉത്തരവിട്ട വാർത്ത ഏറെ ആഹ്ലാദം ഉണ്ടാക്കുന്നതാണ്.

ആരെയും എത്രകാലം വേണമെങ്കിലും ജയിലിലിടാൻ സാധിക്കുമെന്ന യൂണിയൻ ഗവണ്മെൻ്റിൻ്റെ ധാർഷ്ട്യത്തിന് നിയമത്തിൻ്റെ പിന്തുണയോടെ തിരിച്ചടി നൽകാൻ പ്രബീർ പുർക്കയസ്തയ്ക്ക് സാധിച്ചു

സ. പി രാജീവ്

മാധ്യമപ്രവർത്തകനായ പ്രബീർ പുർക്കയസ്തയുടെ അറസ്റ്റ് അസാധുവാക്കിക്കൊണ്ടുള്ള സുപ്രീംകോടതി വിധി യൂണിയൻ ഗവണ്മെൻ്റിനേറ്റ ശക്തമായ തിരിച്ചടിയായി മാറുകയാണ്.

പ്രബീർ പുർകായസ്ഥയുടെ അറസ്റ്റ് റദ്ദാക്കിയ സുപ്രീംകോടതി നടപടി രാജ്യത്തെ കുറ്റാന്വേഷണ ഏജൻസികൾക്ക് ആകെയുള്ള അടി

സ. ടി എം തോമസ് ഐസക്

പ്രബീർ പുർകായസ്ഥയുടെ അറസ്റ്റ് റദ്ദാക്കിയ സുപ്രീംകോടതി നടപടി സത്യത്തിൽ ഡൽഹി പോലീസിന് മാത്രമല്ല, രാജ്യത്തെ കുറ്റാന്വേഷണ ഏജൻസികൾക്ക് ആകെയുള്ള അടിയാണ്.

പ്രബീർ പുർകായസ്ഥയുടെ അറസ്റ്റ് റദ്ദാക്കിയ സുപ്രീംകോടതി നടപടി പത്രസ്വാതന്ത്ര്യത്തിനും ആവിഷ്കാരസ്വാതന്ത്ര്യത്തിനുമെതിരെ മോദി സർക്കാർ നടപ്പാക്കിയ ഏകാധിപത്യ നടപടികളെ കൂടുതൽ ചോദ്യം ചെയ്യാനുള്ള അവസരം ഒരുക്കും

സ. എം എ ബേബി

ന്യൂസ്ക്ലിക്ക് എന്ന ഓൺലൈൻ വാർത്താ പോർട്ടൽ സ്ഥാപകനും എഡിറ്ററുമായ പ്രബീർ പുർകായസ്ഥയുടെ യുഎപിഎ പ്രകാരമുള്ള അറസ്റ്റും തടവും നിയമവിരുദ്ധമാണെന്നും അദ്ദേഹത്തെ ഉടൻ വിട്ടയക്കണമെന്നും സുപ്രീംകോടതി ഉത്തരവിട്ടു. കഴിഞ്ഞ ഒക്ടോബർ മുതൽ പ്രബീർ ദില്ലിയിലെ തിഹാർ ജയിലിൽ ആയിരുന്നു.